ഭൂമിയിലെ അടയാളങ്ങള്‍

1
മുഷിഞ്ഞു കീറി
തെലുങ്കിലോ കന്നടയിലോ
സ്നേഹിച്ചും കലഹിച്ചും
വറുതിയുണക്കിയ ശരീരങ്ങളോടെ
അവര്‍ വരാറുണ്ട്
വെപ്പും തീനും ഭോഗവും പേറും കൊണ്ട്
വഴിയോരവും വെളിമ്പറമ്പുകളും
അക്കാലം അരാജകമായി ഒച്ചപ്പെടും

വിശപ്പടക്കാന്‍
മരക്കൊമ്പിലിരുന്നു കാറുന്ന കാക്കകളെ
നഞ്ചു വെച്ചു പിടിക്കുകയോ
തലകീഴായുറങ്ങുന്ന നരിച്ചീറുകളെ
മുളന്തോട്ടികൊണ്ട്
അടിച്ചു വീഴ്ത്തുകയോ ചെയ്യും

ആമയെ മലര്‍ത്തിയിട്ടു ചുടും
തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്നപോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേയ്ക്കു നീളും
വെന്ത ആമ
ചട്ടിയും തീറ്റപ്പണ്ടവുമാവും

2
തകര്‍ന്ന നഗരങ്ങളിലേയ്ക്ക്
തിരിച്ചുപോകുന്നവര്‍
പ്രാണനും കൊണ്ടു പാഞ്ഞവരാണ്,
ഊരുതെണ്ടികളല്ല

യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്‍
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?
അവിടേയ്ക്ക്
ചോരയും പൊടിയും തുടച്ചുമാറ്റി
മരിച്ചവര്‍ തിരിച്ചെത്തുമോ?

കൊതിയാവുന്നു
നിലവിളികളില്ലാത്ത തെരുവിലൂടെ
നിലാവില്‍ ഒറ്റയ്ക്ക് നടക്കുന്ന
ആരുടേയെങ്കിലും പാട്ട് കേള്‍ക്കുവാ‍ന്‍!

3
‘അരൂസ് ഡമാസ്കസ്’
വെങ്കലപ്പൂപ്പാത്രത്തിലടുക്കിയ
പച്ചിലകള്‍, തക്കാളി, മുളക്
സിറിയന്‍ ഭോജനശാലയില്‍
വിശപ്പിനെതിരേ ചാവേര്‍

ഉള്ളിത്തണ്ടെടുത്തു കടിച്ച്
ഒമര്‍ പത്രം നിവര്‍ത്തി
കത്തുന്ന പള്ളിക്കൂടങ്ങള്‍
പിടിച്ചു കയറ്റൂ എന്ന്
നിലവിളിക്കുന്ന കുഞ്ഞുവിരലുകള്‍

ഞാന്‍ പഠിച്ച സ്കൂളാണത്
ഉപ്പിലിട്ട ഒലിവുകായ് തിന്ന്
സെഡാര്‍മരത്തണലിലൂടെ
അവന്‍ തിരിച്ചു നടന്നു
സ്കൂള്‍ മൈതാനം നല്‍കിയ
മുറിവിന്റെ കല നെറ്റിയില്‍ വിങ്ങി

എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ ഏതു കുഞ്ഞിന്റേതാണിത്? ”

19 comments:

അനിലൻ said...

ഏതു കുഞ്ഞിന്റേതാണിത്?

ഒന്നു പറയുമോ ആരെങ്കിലും???

Kuzhur Wilson said...

ബൂലോകര് അറിഞ്ഞില്ലേ ? ചങ്ങാടം വേഷം മാറി പനിയായി വന്നതു. രാപ്പനിയായി

ദേവസേന said...

"നിലവിളികളില്ലാത്ത തെരുവിലൂടെ
നിലാവില്‍ ഒറ്റയ്ക്ക് നടക്കുന്ന
ആരുടേയെങ്കിലും പാട്ട്"
അങ്ങനെ ഒന്നിനു സാദ്ധ്യതയില്ല
ഈയിടെ നിന്നിലെ അച്ഛനെ മാത്രമേ കാണാന്‍ കഴീയുന്നുള്ളല്ലോ എന്നറിയുന്നതില്‍ സന്തോഷമുണ്ടു.
കാമുകഭാവങ്ങളെ മൊഴിചൊല്ലിയോ..

അനിലൻ said...

കാമുകന്‍ റിട്ടയര്‍ ചെയ്തു ദേവസേനേ, പ്രണയത്തിന്റെ പെന്‍ഷന്‍ കിട്ടുന്നുണ്ട്... പാതിരാത്രികളില്‍ രാപ്പനിയുടെ രൂപത്തില്‍.

ടി.പി.വിനോദ് said...

കരഞ്ഞുകൊണ്ടല്ലാതെ കണ്ണുമാറ്റാനാവാത്ത കാഴ്ച്ചപ്പെരുക്കങ്ങള്‍...

രാജ് said...

അരൂസ് ഡമാസ്കസ്, സഹിക്കുന്നില്ല അനില്‍.

വിശാഖ് ശങ്കര്‍ said...

അനിലാ..,
നിന്റെ ചങ്ങാടത്തില്‍ രാപ്പനി ചേക്കേറിയത് അനുഭവിച്ചു.പഴയ ഇഷ്ടങ്ങളെ ഉപേക്ഷിക്കാന്‍ വയ്യാത്ത ഒരു പഴഞ്ചന്‍ ഞാന്‍ കുറേ നാള്‍ കൂടി ചങ്ങാടം വന്നെങ്കിലെന്ന് ഓര്‍ക്കും.പിന്നെ രാപ്പനിയില്‍ തിളയ്ക്കും..

നല്ല ഒരുകവിതയെങ്കിലും എഴുതിയിരുന്നെങ്കില്‍ നിന്റേതു വായിച്ച് ഈ പണി നിര്‍ത്താമായിരുന്നു.അസൂയയാണ് അനിലാ..അസൂയ മാത്രം!

Kuzhur Wilson said...

അതു ശരി. എല്ലാവരും എത്തിയല്ലോ ?
അപ്പോള്‍ ശശി ആരായി ?

vimathan said...

നന്ദി, അനിലന്‍,‘അരൂസ് ഡമാസ്കസ്’ വല്ലാത്ത ഒരു violence ഉള്ള കീറി മുറിക്കുന്ന ഒന്നായി.

കുറുമാന്‍ said...

ഉള്ളിത്തണ്ടെടുത്തു കടിച്ച്
ഒമര്‍ പത്രം നിവര്‍ത്തി
കത്തുന്ന പള്ളിക്കൂടങ്ങള്‍
പിടിച്ചു കയറ്റൂ എന്ന്
നിലവിളിക്കുന്ന കുഞ്ഞുവിരലുകള്‍

അനില്‍ ഞാനെന്തെഴുതാന്‍

Sapna Anu B.George said...

കണ്ണീരിന്റെ എരിച്ചിലിനാണോ,
മനസ്സിന്റെ നീറ്റലിലാണൊ,
കൂടുതല്‍ നോവ്,അറിയില്ല!!!

Panikkoorkka said...

nee anilan alla, 'analan' aanu.

K.V Manikantan said...

അനിലന്തിന് ചങ്ങാടം മുക്കി?

എന്റെ അടുത്ത പോസ്റ്റിന്റെ ഹെഡ്ഡിംഗ്!
ഒരു ഷെലഖോംസ് മോഡല്‍ കഥ!!

;);)

അഭയാര്‍ത്ഥി said...

ക്വയാമത്തിന്റെ അടയാളങ്ങള്‍ ഈ നരകകാലത്തിന്റെ കവികള്‍ ദര്‍ശിക്കുന്നു.

ആകാശത്ത്‌ നിന്ന്‌ തീമഴയും, ഭൂമിയിലെങ്ങും
പല്ലുകടിയും കര്‍ച്ചിലും കേള്‍ക്കും.

ഭൂമ്മി ചെകുത്താന്മാരാല്‍ പംകുവക്കപ്പെട്ടിരിക്കുന്നു.

അനിലെന്ന കവി തനിക്കുമുന്നിലെ കദനാന്ധകാരത്തില്‍ , ഹതാശയനായി കരിപിടിച്ച നന്മയുടെ വിളക്ക്‌ തെളിക്കാന്‍ ശ്രമിച്ചുകൊണ്ടേ ഇരിക്കുന്നു.

ബെന്യാമിന്‍ said...

പ്രിയ ചങ്ങാതി... ഈ കവിതയ്‌ക്ക് എന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല.

ചില നേരത്ത്.. said...

kaviyile manushyane maanikkunnu.

പരാജിതന്‍ said...

അനിലന്റെ കവിതകള്‍ക്ക്‌ കമന്റെഴുതാന്‍ കഴിയാറില്ല, പലപ്പോഴും. ഇതും അങ്ങനെ തന്നെ. ഇടയ്ക്കിടെ ഇങ്ങനെ മനുഷ്യനാക്കി മാറ്റിത്തരുന്നതിന്‌ ഒരു നന്ദി മാത്രം പറയുന്നു.

വിഷ്ണു പ്രസാദ് said...

അനില്‍,ഈ കവിതയ്ക് പതിവില്ലാത്ത ഒരു തീവ്രതയുണ്ട്;പതിവുള്ള അനില്‍ക്കവിതയുടെ ഭംഗിയും.ഒന്നാമത്തെ ഖണ്ഡം ഞാന്‍ എത്രയോ വട്ടം കണ്ട കാഴ്ച്ചകള്‍.നന്നായി വരച്ചു വെച്ചിരിക്കുന്നു.
രണ്ടാമത്തെ ഖണ്ഡം ജാക്സന്റെ ഒരു പാട്ടിന്റെ വിഷ്വലൈസേഷന്‍ ഓര്‍മിപ്പിച്ചു.നന്മകള്‍ തിരിച്ചു വരുമോ...?
യുദ്ധം ഒരു നന്മയും അവശേഷിപ്പിക്കില്ലെന്ന് നീ.
അനില്‍,ലോകത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാവുന്ന ഒരു കവിതയാണിത്.ആരെങ്കിലും പരിഭാഷ ചെയ്ത്
കൂടുതല്‍ വായനക്കാര്‍ക്ക് നല്‍കണം ഈ കവിത.


നല്ല കവിതകള്‍ മാത്രം എഴുതുന്ന കവിക്ക് അഭിനന്ദനങ്ങള്‍...

Unknown said...

തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?