രണ്ട് അധ്യായങ്ങളുള്ള നഗരം

രാവിലെ നോക്കുമ്പോഴുണ്ട്
മഴ നനച്ചു തുടച്ച
മാളികക്കണ്ണാടിയില്‍ നോക്കി
മുഖം മിനുക്കി മുടിചീകുന്നു
പ്രാവുകള്‍

ആകെ ഒരു തെളിച്ചം
പ്രഭാതത്തിന്

വാഹങ്ങളേ
തെന്നാതെ പോകൂ എന്ന്
വഴികളെല്ലാം മിന്നുന്നുണ്ട്
ആകാശത്തെ താങ്ങുന്ന കെട്ടിടങ്ങള്‍ക്ക്
എന്തൊരു ഭംഗിയും വൃത്തിയും
വെട്ടി നിര്‍ത്തിയ ചെടികള്‍
പലനിറങ്ങളില്‍ പൂക്കള്‍
ജലധാര

കാഴ്ചകളില്‍ ഭ്രമിക്കുന്നതെന്തിന്?
തെല്ലു മാറിയിരുന്ന്
ചായം പൂശിയ ചവറ്റുകൊട്ട
ചോദിച്ചു
ഈ മണിക്കൊട്ടാരങ്ങള്‍ക്കു പിന്നില്‍
വേറൊരു ചവറ്റുകുട്ടയുണ്ട്
എന്നെപ്പോലെ ചെറുതല്ലാത്ത
ഒരു മുത്തന്‍ രാജ്യം

അവിടെ
പട്ടികള്‍ കടിപിടി കൂടുന്നുണ്ട്
വലിച്ചു കെട്ടിയ പ്ലാസ്റ്റിക് കയറില്‍
തുന്നലുകളുടെ പഴുതാരകളിഴയുന്ന
തുണികള്‍ ഉണങ്ങുന്നു
സ്വയം വെള്ളം പിടിച്ചുവച്ച്
അരിയും മുളകും കാത്തിരിക്കുകയാണ്
വസൂരിക്കുഴികളുള്ള കലങ്ങള്‍

മരക്കൊമ്പില്‍ തൂങ്ങുന്ന
തുണിത്തൊട്ടില്‍
നനഞ്ഞുവോ എന്നു നോക്കുമോ?

ചുവന്ന സാരിയുടുത്ത്
കണ്ണെഴുതി കനകാംബരം ചൂടി
കുടയെടുക്കാതെ പോയവള്‍
മഴയില്‍ അലിഞ്ഞു പോയെന്നു തോന്നുന്നു

അമീബ

മനം പറയുന്നത്
ഉടല്‍ അനുസരിക്കുന്നു
എന്നേ കരുതിയുള്ളൂ
ഏക കോശത്തില്‍
ഒരു തല
ഒരു ഹൃദയം
ഇരു കണ്ണുകള്‍
ഒറ്റ നാവുമാത്രം

പറയുന്നത് തിരിയാതായപ്പോള്‍
മനസ്സിലായി
ഉള്ളില്‍
രണ്ടുപേര്‍ ചിന്തിക്കുന്നുണ്ട്
രണ്ട് ഹൃദയങ്ങള്‍ സ്പന്ദിക്കുന്നുണ്ട്
രണ്ടു ജോടി കണ്ണുകള്‍ കാണുന്നുണ്ട്
രണ്ടു നാവുകള്‍ രുചിക്കുന്നുണ്ട്

മുറിഞ്ഞു മാറുമ്പോള്‍
തലകള്‍ രണ്ടറ്റത്തായതിനാല്‍
ഭാഗ്യം
ഒന്നിനു മറ്റൊന്നിന്റെ
കണ്ണീരു കാണാതെ കഴിഞ്ഞു