നടക്കാന്‍ ‍പോകുന്ന കാര്യങ്ങളല്ലെങ്കിലും

ദിനവും വ്യാജസങ്കടങ്ങളോടേറ്റുമുട്ടി
കൊല്ലപ്പെടുന്ന
ഒരു ചങ്ങാതിയുണ്ടെനിക്ക്‌
അവനുണരുന്നതിനു മുന്‍പ്‌
സൂര്യനുണര്‍ന്നതിന്‌
കാറ്റ്‌ ഈന്തപ്പനയില്‍നിന്ന്‌
ഈന്തപ്പഴം തട്ടിയിട്ടതിന്‌
പൊരിവെയിലില്‍ വേപ്പുമരങ്ങള്‍
പച്ചച്ചു നില്‍ക്കുന്നതിന്
വെള്ളിയാഴ്ചപ്പിറ്റേന്ന്
ജോലിയ്ക്കു പോകേണ്ടതിന്
മകളപ്പിയിടാന്‍ വൈകിയതിന്‌
ഭാര്യ വഴക്കുണ്ടാക്കുന്നതിന്‌
വഴക്കുണ്ടാക്കാത്തതിന്‌
അവനിങ്ങനെ കുടിച്ചുകൊണ്ടിരിക്കും
മരിച്ചുകൊണ്ടിരിക്കും

മാസത്തില്‍ രണ്ടു തവണ
കാണാന്‍ ചെല്ലുമ്പോള്‍
എന്നെക്കാത്തിരിപ്പുണ്ടാകും
അവന്റെ
പതിനാലോ പതിനഞ്ചോ ശവങ്ങള്‍

ഈ ശവിയെക്കൊണ്ട്‌ തോറ്റല്ലോ
എന്നു പറയാതെ
ഓരോന്നായി ഞാന്‍ കുഴിച്ചിടും
അവന്റെ ശവം ചുമന്ന്‌
എനിയ്ക്കും ശവത്തിന്റെ മണമാണെന്ന്‌
പലരും പറയുന്നുണ്ട്‌

വ്യാജമെന്നോ അസ്സലെന്നോ
ഒരാളുടെ സങ്കടങ്ങളെ
മറ്റൊരാള്‍ പറയുമ്പോള്‍
സങ്കടമെങ്കിലും ഒരാള്‍ക്ക് സ്വന്തമാകേണ്ടതില്ലേ?
വ്യാജമെന്ന വാക്കിന്റെ അസ്സല്‍ അര്‍ത്ഥമെന്താണ്‌?
എന്നൊക്കെ അയാള്‍ തിരിച്ചു ചോദിച്ചാല്‍
എന്റെ സമാധാനത്തിന്റെ മേല്‍ക്കൂരകള്‍
പലതും പൊളിഞ്ഞുവീഴും
എന്നറിയാഞ്ഞിട്ടല്ല

ഇന്നു രാവിലെ വിളിച്ചപ്പോള്‍
എന്താണാവോ എനിയ്ക്ക്‌
നല്ല സന്തോഷം തോന്നുന്നു
എന്നവന്‍ സങ്കടപ്പെട്ടു
കണ്ടിട്ടെത്ര നാളായി
ഇന്നൊന്നു വരുമോ
എന്നു ചോദിച്ചു പൊട്ടിക്കരഞ്ഞു

അവന്‍ സങ്കടങ്ങളോടേറ്റുമുട്ടുന്ന
ഏതെങ്കിലും നേരത്ത്‌
ഏതെങ്കിലും യുദ്ധപ്രദേശത്തുനിന്ന്‌
നെറ്റിയില്‍ വെടിയുണ്ടയുടെ തുളയുള്ള
ഒരു കുഞ്ഞാത്മാവ്‌
അല്ലെങ്കില്‍
ഗര്‍ഭപാത്രം കളവുപോയ ഒരു പെണ്ണ്‌
അതുമല്ലെങ്കില്‍
സ്വപ്നം കണ്ടുറങ്ങുമ്പോള്‍
കണ്ണുകള്‍ കാക്ക കൊത്തിയെടുത്ത ഒരാള്‍
അങ്ങനെ ആരെങ്കിലും വന്ന്‌
എന്തൊക്കെയുണ്ട്‌ വിശേഷം എന്നു ചോദിച്ച്‌
അവന്റെ മുണ്ടിന്‍ തലയ്ക്കല്‍
പിടിയ്ക്കാതിരിക്കില്ല

അതിന്റെ പിറ്റേന്ന്‌
ഞാനവനെക്കാണാന്‍ പോകുമ്പോള്‍
മധുരനാരങ്ങ, കപ്പലണ്ടി മിഠായി,
മഞ്ഞ ബലൂണ്‍, പമ്പരം... അങ്ങനെ
അവനിഷ്ടമില്ലാത്ത സാധനങ്ങള്‍ വാങ്ങും
എത്ര മദ്യപിച്ചിട്ടും
എത്ര പുകവലിച്ചിട്ടും
വലുതാകാത്ത അവന്റെ കുട്ടിത്തം
'ഒക്കെ ഭയങ്കര പ്രോബ്ളാണ്‌'
എന്നപ്പോള്‍ എന്നോട് പറയില്ലായിരിക്കും
അവനപ്പോള്‍ മരിച്ചു വീഴില്ലായിരിക്കും

(ഇത് നിന്നെക്കുറിച്ചാണെങ്കിലും ഒന്നു തിരിച്ചിട്ടാല്‍ എന്നെക്കുറിച്ചുമാണ്‌.)

വിട!