കാക്കനക്കന കൂക്കുനൂ...

അതിരിലെ മുളങ്കൂട്ടത്തില്‍
കിളി പറന്നിരുന്ന്
കൊക്കു പിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...

പണിക്കു പോരുന്നോ?
എന്റെ കൂടെ
പണിക്കു പോരുന്നോ?
എന്നാരോ ചോദിക്കുന്നെന്നു കരുതി
പണിയായുധങ്ങളെടുത്തു

പൈപ്പില്‍ വെള്ളം വന്നേ
പൈപ്പില്‍ വെള്ളം വന്നേ
എന്ന് കമലേച്ചി വിളിക്കുകയാണെന്ന്
അടുക്കളയില്‍ പെണ്ണു തിടുക്കപ്പെട്ടു

മുറ്റത്തു കളിച്ചിരുന്ന മകള്‍
വിളിച്ചു പറഞ്ഞു
തലേല് തീയ്ള്ള ഒരു കിളി
ദേ മൊളേമ്മല് ഇരിക്ക്ണ്!
എന്തൂട്ടാച്ഛാ അത് പറേണത്?

അതിനെ പിടിക്ക്യോ എന്ന്
അവളിപ്പോള്‍ ചോദിക്കും

ലാന്തിലാന്തി
മുളങ്കൂട്ടത്തിനടുത്തെത്തിയ
മകന്‍ പറഞ്ഞു
ദേ നോക്ക്യേ
ഒരു പാമ്പിന്റെ കുപ്പായം!

പാമ്പിന്റെ കുപ്പായത്തിന്
കീശയുണ്ടാകുമോ എന്ന്
അവനിപ്പോള്‍ ചോദിക്കും!

ഉടന്‍ എന്തെങ്കിലും സംഭവിക്കുമെന്ന്
കിളി പെട്ടെന്ന് നിശ്ശബ്ദമായി

മുളങ്കൂട്ടത്തില്‍നിന്ന്
പച്ച നിറത്തില്‍
നേര്‍ത്തൊരു ജലധാര ഉയരുംപോലെ
ഒരു മുളങ്കൂമ്പ്
പോളകളടര്‍ന്നടര്‍ന്ന്
ഉയരം വെയ്ക്കാന്‍ തുടങ്ങി

മാനത്തോളം വളരുമോ
മുളങ്കൂമ്പിന്റെ മുന തട്ടി
മേഘത്തിന് വേദനിക്കുമോ?
മഴപെയ്യുമോ?
എന്നൊക്കെ
അവരിപ്പോള്‍ ചോദിക്കും

കാറ്റില്‍
മുളകള്‍
ഉടലുകള്‍ പരസ്പരമുരച്ച്
തീകടഞ്ഞു കൊണ്ടിരുന്നത്
കത്തുന്ന ഒരോര്‍മ്മയെ കൊണ്ടുവന്നു
ദാഹം ദാഹമെന്ന്
തൊണ്ട വാവിടാന്‍ തുടങ്ങി

ഉള്ളിലെ കിളി കൊക്കുപിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...