പിന്നെയാവഴി പോയതേയില്ല

തിരക്കൊഴിഞ്ഞ വഴിയേ
സവാരിക്കിറങ്ങിയപ്പോള്‍
ഈന്തപ്പനയില്‍നിന്നും
പൂവാകയിലേയ്ക്കു വലിച്ചുകെട്ടിയ
ചരടിലൂടെ
ഒരാള്‍ കൈവിട്ടു നടക്കുന്നതു കണ്ടു

എന്തില്‍നിന്നും ആരിലേയ്ക്കാണാവോ
ഈ പോക്ക്!
നോക്കിനോക്കി നടന്ന്
കല്ലില്‍ തട്ടി വീണു
(മാനത്തു നോക്കി നടക്കല്ലേ എന്ന്
എത്ര ശാസിച്ചാലും കേള്‍ക്കില്ല!)

എണീറ്റു നോക്കുമ്പോള്‍
ചൊറിയില്‍ ഈച്ചയാര്‍ക്കുന്ന കുഞ്ഞിനെ
വീശി വീശി
ഇരക്കുവാന്‍ കൈനീട്ടുന്നു
വെയിലേറ്റു ചുളിഞ്ഞ ഒരു പെണ്ണ്
കുഞ്ഞാണെങ്കില്‍
കരയാതിരിക്കാന്‍ പഠിച്ചിട്ടില്ലാത്ത മട്ട്

ഇത്ര കാലമായിട്ടും
അറബിയറിയാത്തതിനാല്‍
‘വിശക്കുന്നു വല്ലതും തരണേ’
എന്നാണു പറയുന്നതെന്ന്
മനസ്സിലായില്ല
കീശയിലെ നാണയങ്ങള്‍
അവര്‍ക്കു മുന്നില്‍ കിലുങ്ങരുതേ
എന്ന് പ്രാര്‍ത്ഥിച്ചു നടന്നു

പൊട്ടിത്തെറിയില്‍ പൊള്ളിയ
ഒരമ്മയും മകളും മാത്രം
ഭൂമിയില്‍ ശേഷിക്കുന്നത്
അന്നുരാത്രി സ്വപ്നം കണ്ടു

ഫൈബറില്‍ പണിത്
അലങ്കാരത്തിനു വച്ച ഒട്ടകം
മരുഭൂമി കാണാന്‍ ക്ഷണിച്ചു
പിന്നൊരിക്കല്‍

കാറ്റ് കിതയ്ക്കുന്നതുപോലുള്ള
ബദൂവിയന്‍ തുകല്‍വാദ്യം കേള്‍ക്കാം
നുണ പറയുകയല്ല,
ഒലീവും ഈന്തപ്പഴവും
അറബിക്കഥകളും നിറച്ച്
പായക്കപ്പലുകള്‍ മണലിലൂടെ
യാത്രപോകുന്നത് കാണിച്ചുതരാം

ഒട്ടകഭാഷ മനസ്സിലാവില്ലെന്ന്
മുദ്രകാണിച്ചു നടന്നു
അതിരില്ലാപ്പരപ്പുകളില്‍
ദിക്കുതെറ്റിയലയാന്‍ വയ്യ
(ഉടല്‍ സദാ പുതുക്കിക്കൊണ്ടിരിക്കുന്ന
ഒരു ചെമ്മണല്‍പ്പെണ്ണ്
അത്രയല്ലേയുള്ളൂ!
മരുഭൂമിയുടെ അരികുകള്‍
മറ്റു പലതിന്റേയുമെന്നപോലെ
ഞാന്‍ കണ്ടിട്ടുണ്ട്)

ഉറക്കത്തില്‍
ഒട്ടകപ്പുറത്തുനിന്ന് വീണ്
കാലൊടിഞ്ഞു

പിന്നെയാവഴി പോയതേയില്ല ഞാന്‍

കൊടുങ്കാറ്റിന്റെ കൂടെപ്പോയ വീട്

തിരിച്ചു വന്നു,
കുട്ടികള്‍ നാലുമൂല കളിക്കാന്‍
ചതുരം വരച്ചപോലുള്ള പറമ്പില്‍
കിഴക്കേപ്പുറത്തെ പ്ലാവും
പുളിയുറുമ്പുകള്‍ പൊതിഞ്ഞ മാവും
കളിയാക്കിയാലോ, ചീത്തപറഞ്ഞാലോ
എന്നു പേടിച്ച്
പടിഞ്ഞാറോട്ട് മുഖം തിരിച്ച്
പട്ടിയെപ്പോലെ കിതച്ചു കിടന്നു

മോന്തായം ഒടിഞ്ഞിരുന്നു
ഓടുകളും ജനാലച്ചില്ലുകളും പൊട്ടി
വാതിലുകളുടെ വിജാഗിരികളടര്‍ന്ന്
ചുമരുകള്‍ ചോരപുരണ്ട്

ഒന്നും ചോദിച്ചു വിഷമിപ്പിച്ചില്ല
ചോദിച്ചിട്ടെന്തിനാ!
പോകേണ്ടതു പോകും
വരേണ്ടതു വഴിയില്‍ തങ്ങില്ല!

ഇറയിലെ പൂഴിയില്‍ തപസ്സിലായിരുന്ന
തവളകള്‍ തിരിച്ചു വന്നു
ഏറ്റവും പുതിയ പാട്ടുകള്‍ മൂളി
കൊതുകുകള്‍ പറന്നു
അടുക്കള വാതില്‍ക്കല്‍ പൂച്ചകള്‍
അമ്മിത്തറയില്‍ കാക്ക

പുറത്ത് കാത്തുനിന്നു മുഷിഞ്ഞപ്പോള്‍
വൈകുന്നേരത്തിന്റെ വെളിച്ചം
ഉമ്മറത്തും അകങ്ങളിലും പരതി
എവിടെ?
തിണ്ണയിലിരുന്ന് ജനയുഗം വായിക്കുന്ന
കട്ടിക്കണ്ണട
അടുക്കളയിലെ ഒഴിഞ്ഞ പാത്രങ്ങള്‍
വ്യസനത്തോടെ തുറന്നടയുന്ന
ഒച്ചകള്‍
ചരുമുറിയിരുട്ടിലെ
ധന്വന്തരം തൈലവും മുറുക്കാനും കലര്‍ന്ന
നാമം ചൊല്ലലുകള്‍
വണ്ടിനോടും കളിപ്പാട്ടങ്ങളോടുമുള്ള
പറക്കമുറ്റാത്ത ചോദ്യങ്ങള്‍

അവരൊന്നും തിരിച്ചു വന്നില്ലേ?

NOKIA 3210

പാര്‍ക്കുബെഞ്ചിന്‍ മരയഴികളില്‍
അനാഥമാക്കപ്പെട്ട്
നിശ്ശബ്ദമായ്

പണ്ടൊരു പ്രണയിനി
പ്രിയനോട് ചോദിച്ചതുപോലെ
നിന്റെ വിരലുകളില്ലെങ്കില്‍
എനിയ്ക്കെന്തിനീ കീ പാഡ്?

ആരോ വിളിക്കുന്നുണ്ട്
ആരാകും?
ഞാന്‍, ‘കോളറാക്കാലത്തെ പ്രണയം’ വായിക്കുന്നു
നീയടുത്തുണ്ടായിരുന്നെങ്കില്‍
ഈ മകരമെന്നെ തണുപ്പിക്കുന്നു
നീയെന്റെ പുതപ്പായെങ്കില്‍
എന്നാവാം

മോനെ...
ഭക്ഷണത്തിലെണ്ണ കുറയ്ക്കണേ
എണ്ണ തേച്ചു കുളിക്കണേ
എന്തുണ്ടെങ്കിലുമെഴുതണേ
നിന്നെക്കാണാതെ അമ്മയ്ക്ക്...
എന്നാവാം

രാത്രി കടയടച്ചു വരുമ്പോള്‍,
നിങ്ങളിരിക്കാറുള്ള
ആല്‍ത്തറയ്ക്കരികില്‍‍
ആനന്ദനെ അവര്‍...
എന്നുമാവാം

ദൈവമേ!
എനിയ്ക്കു മിണ്ടുവാനാകുന്നില്ലല്ലോ
ആരെങ്കിലും ഒന്നു വന്നിരുന്നെങ്കില്‍
ഏകാന്തതയുടെ കടലില്‍ നഷ്ടപ്പെട്ട എന്നെ
വീണ്ടെടുത്തിരുന്നെങ്കില്‍
ചിപ്പിന്റേയും ബാറ്ററിയുടേയും
ഭാരത്തില്‍നിന്ന്
മോചിപ്പിച്ചിരുന്നെങ്കില്‍!