പണ്ടെന്നോ മറന്ന ഒരു ചെടി
ഇന്നു ഞാന്‍ കണ്ടു
പരിചയം തോന്നിയിട്ടാവും
കൊത്തുപണികളുള്ള
കള്ളിച്ചെടികള്‍ക്കിടയില്‍നിന്ന്
വിസയില്ലാത്ത പണിക്കാരനെപ്പോലെ
പരിഭ്രമത്തോടെ തലനീട്ടി
എന്തോ പറയുവാനാഞ്ഞു
അതിന്റെ നിറം പോയ പൂക്കളില്‍
കറുത്ത ചിറകുള്ള ഒരോണത്തുമ്പിയെ
സങ്കല്പ്പിക്കുവാന് തോന്നി
ഒരു സാധാരണ ചെടി അത്രയകലേയ്ക്ക്
നമ്മെ കൊണ്ടുപോകുന്നത്
നാട്ടുനടപ്പാണോ?
നാലു പതിറ്റാണ്ടായ്
മരുഭൂമിക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം
നാടേത് വീടേതെന്നറിയില്ല
എന്ന് ചിരിക്കുന്ന
പാക്കിസ്ഥാനി വൃദ്ധനോ
പുഴുത്ത കാലുമായ്
മുടന്തിപ്പോകുന്ന
തെലുങ്കന് തൊഴിലാളിയോ
ഇതുപോലെ എങ്ങോട്ടെങ്കിലും
നിന്നെ കൊണ്ടുപോകുന്നുണ്ടോ
എന്നു ചോദിച്ചാല്‍ എന്തു പറയും?
ഞാനതിനെ മൈന്റു ചെയ്തില്ല
പറമ്പുനിറയെ പൂക്കുന്ന
കൂട്ടുകാരെക്കുറിച്ചു ചോദിച്ചാലോ?
കൊങ്ങിണി മുക്കുറ്റി തൊട്ടാവാടി
വേട്ടാളന്‍ പച്ചത്തുള്ളന്‍ തുമ്പികള്‍...
അവരെക്കുറിച്ചൊക്കെ എന്തു പറയും?
അവരെയൊക്കെ ഞാന്‍ മറന്നു പോയല്ലോ
മഴയില്‍ തരിച്ച മണ്ണില്‍
പുലര്‍കാലത്ത്
ചെരിപ്പിടാതെ ചവിട്ടുംപോലെ
എന്റെ ഉടലൊന്നു കുളിര്‍ന്നു
നിലംതല്ലി വന്ന കാറ്റില്‍
തലയൊന്നു കുടഞ്ഞ്
തന്റെ ഉണക്കപ്പൂക്കളില്‍നിന്ന്
അത് കറുത്ത വിത്തുകള്‍ തെറിപ്പിച്ചു
വിത്തുകള്‍ പെറുക്കുമ്പോള്‍
എനിയ്ക്കു മനസ്സിലായി
എന്താണ് ആ ചെടിയ്ക്കു
പറയുവാനുണ്ടായിരുന്നതെന്ന്!
12 comments:
പറമ്പുനിറയെ പൂക്കുന്ന
കൂട്ടുകാരെക്കുറിച്ചു ചോദിച്ചാലോ?
കൊങ്ങിണി മുക്കുറ്റി തൊട്ടാവാടി
വേട്ടാളന്‍ പച്ചത്തുള്ളന്‍ തുമ്പികള്‍...
അവരെക്കുറിച്ചൊക്കെ എന്തു പറയും?
അവരെയൊക്കെ ഞാന്‍ മറന്നു പോയല്ലോ
ഇവിടെ കവിതയുടെ വിത്ത് പാകി മുളച്ച് വളറ്ന്നല്ലൊ!
സന്തോഷം:)
http://ashokkartha.blogspot.com/
ഈ ലിങ്ക് കൂടി ഒന്ന് നോക്കുമോ
അനില്‍....
ഉറക്കം വിട്ട് എഴുന്നേറ്റുന്ന് തോന്നുന്നു..
നന്നായി..
കവിത കൊള്ളാം.
ഇനിയും എഴുതൂ.. ധാരാളം..
ഒരു സാധാരണ ചെടി അത്രയകലേയ്ക്ക്
നമ്മെ കൊണ്ടുപോകുന്നത്
നാട്ടുനടപ്പാണോ?
അകലം എന്ന വാക്ക് കവി എഴുതുമ്പോള്‍ അതെന്നെ എത്ര അകലേയ്ക്ക് തെറിപ്പിക്കുന്നുവെന്നോ! ഇതെന്ത് നാട്ടുനടപ്പ്?
തുമ്പികള്‍ പോലെ ഇനിയും പറക്കട്ടെ സൌഹൃദം അതിലൂടെ, അനിലിന്റെ കവിതയും.
അനിലാ
പാഴ് ചെടികള്കിടയിലൂടെ ഒരു കാശി തുമ്പ ചെടി സൂപ്പര്‍ വൈറ്റ് മുക്കിയ പൂക്കളുമായി കറങ്ങി നടപ്പില്ലേ......
--------------------------
ഒരു സാധാരണ ചെടി അത്രയകലേയ്ക്ക്
നമ്മെ കൊണ്ടുപോകുന്നത്
നാട്ടുനടപ്പാണോ?
---------------------------
ഇഷ്ടപ്പെട്ടൂ, എഴുതി എഴുതി തകര്‍ക്കൂ... ആശംസകള്‍
അനീ....
നാലു പതിറ്റാണ്ടായ്
മരുഭൂമിക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം
നാടേത് വീടേതെന്നറിയില്ല
എന്ന് ചിരിക്കുന്ന
പാക്കിസ്ഥാനി വൃദ്ധനോ
പുഴുത്ത കാലുമായ്
മുടന്തിപ്പോകുന്ന
തെലുങ്കന് തൊഴിലാളിയോ
ഇതുപോലെ എങ്ങോട്ടെങ്കിലും
നിന്നെ കൊണ്ടുപോകുന്നുണ്ടോ
എന്നു ചോദിച്ചാല്‍ എന്തു പറയും?
--------------------------
ഈ വരികള്‍ ഞാന്‍ വായിച്ചിട്ടും വായിച്ചില്ലെന്ന് വെച്ചു, കണ്ടിട്ടും കണ്ടില്ലെന്ന് വെച്ചു.ഞാന്‍ താനെ നീങ്ങുന്ന ഗോവണീ പ്പടികളിലൂടെ , കണ്ണാടി നിലത്തൂടെ ..................................
ഒന്നും ആരും എങ്ങോട്ടും കൊണ്ടു പോകാതിരിക്കട്ടെ. “അവരെക്കുറിച്ചൊക്കെ എന്തു പറയും?
അവരെയൊക്കെ ഞാന്‍ മറന്നു പോയല്ലോ “
അവരെയൊക്കെ ഞാന്‍ ഓര്‍ത്തു പോയല്ലോ എന്നതിന്റെ മലയാളം അങ്ങനെയാണോ ?
എനിക്കറിയില്ല പരിഭാഷ
ചെടിപ്പുരാണം അവിടെ നില്ക്കട്ടെ.
എവിടെ എന്റെ പ്രിയപ്പെട്ട കവിത???
എപ്പോഴും നല്ലതു പാത്തുവെക്കണം എന്ന ദുഷ്ട്ടത്തരം ഇവിടെ കാണിക്കുന്നതെന്തിനു?
വീഞ്ഞുകഥ ഇവിടെ പാട്ടാക്കണോ?
ഒരല്‍പ്പം കാച്ചിക്കുറുക്കിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നു...എന്നു തോന്നിപ്പൊകുന്നു
പ്രമോദ്,അശോക്,കിച്ചു,പെരിങ്സ്,സപ്ന,
നന്ദി..സത്യമായിട്ടും ചിലത് കണ്ടില്ലെന്നു കരുതുന്നതാണ് നല്ലത് വിനയാ..
ദേവലോകത്തുനിന്നും വീഞ്ഞു കൊണ്ടുവരുന്ന കാര്യമാണോ ഉദ്ദേശിച്ചത്?
നന്ദി സനാതനന്... ശ്രദ്ധിക്കാം.
വിവര്‍ത്തനത്തിന് വെറുതേ ഒരു വിഫലശ്രമം വിത്സ്..
Post a Comment