അമീബ

മനം പറയുന്നത്
ഉടല്‍ അനുസരിക്കുന്നു
എന്നേ കരുതിയുള്ളൂ
ഏക കോശത്തില്‍
ഒരു തല
ഒരു ഹൃദയം
ഇരു കണ്ണുകള്‍
ഒറ്റ നാവുമാത്രം

പറയുന്നത് തിരിയാതായപ്പോള്‍
മനസ്സിലായി
ഉള്ളില്‍
രണ്ടുപേര്‍ ചിന്തിക്കുന്നുണ്ട്
രണ്ട് ഹൃദയങ്ങള്‍ സ്പന്ദിക്കുന്നുണ്ട്
രണ്ടു ജോടി കണ്ണുകള്‍ കാണുന്നുണ്ട്
രണ്ടു നാവുകള്‍ രുചിക്കുന്നുണ്ട്

മുറിഞ്ഞു മാറുമ്പോള്‍
തലകള്‍ രണ്ടറ്റത്തായതിനാല്‍
ഭാഗ്യം
ഒന്നിനു മറ്റൊന്നിന്റെ
കണ്ണീരു കാണാതെ കഴിഞ്ഞു

12 comments:

അനിലന്‍ said...

മുറിഞ്ഞു മാറുമ്പോള്‍
തലകള്‍ രണ്ടറ്റത്തായതിനാല്‍
ഭാഗ്യം
ഒന്നിനു മറ്റൊന്നിന്റെ
കണ്ണീരു കാണാതെ കഴിഞ്ഞു

കണ്ണൂസ്‌ said...

കണ്ണീര്‍ രണ്ട്‌ തലയിലും കാണില്ലേ? അപ്പോള്‍ കുഴപ്പമില്ല.

അനിലന്‍ said...

എന്നാലും സങ്കടമല്ലേ കണ്ണൂസ്!

ലാപുട said...

പതിവില്ലാത്തതുപോലെ പറച്ചിലിലെ ട്വിസ്റ്റിന് കൂടുതല്‍ ഊന്നല്‍ കൊടുത്തതായി തോന്നി. വഴങ്ങുന്നു ഇതും വളരെ നന്നായി...:)

ദ്രൗപതി said...

നന്നായിട്ടുണ്ട്‌...
അഭിനന്ദനങ്ങള്‍

Dinkan-ഡിങ്കന്‍ said...

സയാമീസ് വിഭജനം‍ ആണോ? അതോ ദ്വന്ദവ്യക്തിത്വമോ? കവിത കൊള്ളാട്ടോ :)

ഇത്തിരിവെട്ടം said...

നന്നായിട്ടുണ്ട്

Pramod.KM said...

വിഭജനങ്ങള്‍ക്ക് എന്നും പറയാനുള്ളത് കണ്ണീരിന്റെ കഥകള്‍ തന്നെ.
നന്നായി ഈ കവിത.:)

അനിലന്‍ said...

എല്ലാര്‍ക്കും നന്ദി

കുഴൂര്‍ വില്‍‌സണ്‍ said...

എല്ലാം ഭാഗ്യം തന്നെ.
മുസാഫിറിനെപ്പോലെ
മനമറിഞ്ഞ് എഴുതുന്ന കൂട്ടുകാര്‍ ഉണ്ടാകുന്നതും.

ഇതാ ഈ കവിയുടെ
ആദ്യ പുസ്തകത്തെപ്പറ്റി വി. മുസഫര്‍ അഹമ്മദ്‌

കുടിയേറ്റക്കാരന്റെ നഗരത്തില്‍ പാര്‍ക്കുന്ന നാട്ടിന്‍പുറങ്ങള്‍

പുതു കവിത said...

എത്ര നല്ല നിരീക്ഷണം.

മനോജ് കാട്ടാമ്പള്ളി said...

അനിലേട്ടാ
സുഖമാണെല്ലോ?
പുതിയ വിശേഷങ്ങള്‍ എന്താണ്...