കൊടുങ്കാറ്റിന്റെ കൂടെപ്പോയ വീട്

തിരിച്ചു വന്നു,
കുട്ടികള്‍ നാലുമൂല കളിക്കാന്‍
ചതുരം വരച്ചപോലുള്ള പറമ്പില്‍
കിഴക്കേപ്പുറത്തെ പ്ലാവും
പുളിയുറുമ്പുകള്‍ പൊതിഞ്ഞ മാവും
കളിയാക്കിയാലോ, ചീത്തപറഞ്ഞാലോ
എന്നു പേടിച്ച്
പടിഞ്ഞാറോട്ട് മുഖം തിരിച്ച്
പട്ടിയെപ്പോലെ കിതച്ചു കിടന്നു

മോന്തായം ഒടിഞ്ഞിരുന്നു
ഓടുകളും ജനാലച്ചില്ലുകളും പൊട്ടി
വാതിലുകളുടെ വിജാഗിരികളടര്‍ന്ന്
ചുമരുകള്‍ ചോരപുരണ്ട്

ഒന്നും ചോദിച്ചു വിഷമിപ്പിച്ചില്ല
ചോദിച്ചിട്ടെന്തിനാ!
പോകേണ്ടതു പോകും
വരേണ്ടതു വഴിയില്‍ തങ്ങില്ല!

ഇറയിലെ പൂഴിയില്‍ തപസ്സിലായിരുന്ന
തവളകള്‍ തിരിച്ചു വന്നു
ഏറ്റവും പുതിയ പാട്ടുകള്‍ മൂളി
കൊതുകുകള്‍ പറന്നു
അടുക്കള വാതില്‍ക്കല്‍ പൂച്ചകള്‍
അമ്മിത്തറയില്‍ കാക്ക

പുറത്ത് കാത്തുനിന്നു മുഷിഞ്ഞപ്പോള്‍
വൈകുന്നേരത്തിന്റെ വെളിച്ചം
ഉമ്മറത്തും അകങ്ങളിലും പരതി
എവിടെ?
തിണ്ണയിലിരുന്ന് ജനയുഗം വായിക്കുന്ന
കട്ടിക്കണ്ണട
അടുക്കളയിലെ ഒഴിഞ്ഞ പാത്രങ്ങള്‍
വ്യസനത്തോടെ തുറന്നടയുന്ന
ഒച്ചകള്‍
ചരുമുറിയിരുട്ടിലെ
ധന്വന്തരം തൈലവും മുറുക്കാനും കലര്‍ന്ന
നാമം ചൊല്ലലുകള്‍
വണ്ടിനോടും കളിപ്പാട്ടങ്ങളോടുമുള്ള
പറക്കമുറ്റാത്ത ചോദ്യങ്ങള്‍

അവരൊന്നും തിരിച്ചു വന്നില്ലേ?

12 comments:

അനിലന്‍ said...

അവരൊന്നും തിരിച്ചു വന്നില്ലേ?

Pramod.KM said...

ഒരു കൊടുങ്കാറ്റിന്റെ ചെയ്തികളെ മൊത്തമായും സന്നിവേശിപ്പിച്ചിരിക്കുന്നു ഇവിടെ:)

കുഞ്ഞന്‍ said...

നന്നായി,ഓര്‍മ്മകളെങ്കിലും കൂട്ടിനുണ്ടല്ലോ!

ശ്രീ said...

വരേണ്ടതു വഴിയില്‍ തങ്ങില്ല!
:)

വിഷ്ണു പ്രസാദ് said...

പെര്‍ഫെക്ക്ഷന്‍ തന്നെയാണ് അനിലന്റെ കവിതയുടെ മുഖമുദ്ര.ഇതിലും അതുണ്ട്.
‘നിന്നെ അടിമുടി മധുരിക്കുന്നു’ എന്ന് ഓരോ കവിതയും പറയിപ്പിക്കും.ചിലപ്പോള്‍ എനിക്ക് ഈ മധുരം എന്തോ....

സനാതനന്‍ said...

ha !

അനിലന്‍ said...

പ്രമോദ്, കുഞ്ഞന്‍, ശ്രീ, വിഷ്ണൂ, സനാതനന്‍
സന്തോഷം

nazreth_sahar said...

മാനം മുട്ടേ വളര്‍ന്നു കയറിയവരെല്ലാം സുല്ലിട്ടു മണ്ണിലേക്കു തന്നെ തിരിചു വന്നിട്ടും, തിണ്ണയിലിരുന്നു ജനയുഗം വായിചിരുന്ന കട്ടികണ്ണടയും ചരുമുറിയുടെ ഇരുട്ടില്‍ നിന്നും കേള്‍ക്കാറുള്ള നാമ ജപവും ഇതു വരെയും തിരിചു വന്നിലേ എന്നു തന്റെ കളിപ്പട്ടങളോടു ചൊതിക്കുന്ന ബാല്യ കൌതുകത്തിലൂടെ കൊടുങ്കാറ്റു വിഴുങിയ വീടീന്റെ രേഖാചിത്രം കവി വരചു കാണിക്കുന്നു. ആ നേര്‍കാഴ്ച് അനുവാചകന്റെ മനസ്സില്‍ നോവു പടര്‍ത്തുന്നു..... മനോഹരമായ കവിത.
തന്റെ ഒച്ച വേറിട്ടു കേള്‍പ്പിച്ച കന്നിക്കൊയ്തുക്കാരന്റെ നാട്ടില്‍ നിന്നും മറ്റൊരു കവിക്കൂടി, വേറിട്ട മറ്റൊരു ശബ്ദത്തില്‍..
ആശംസകള്‍

കിനാവ് said...

നന്നായിരിക്കുന്നു...

തീക്കൊള്ളി said...

അനില്‍,
ആ അവസാനവരി ചങ്കിലേയ്ക്ക് ചാട്ടുളിയായി കയറുന്നു.


മോശമായി ധരിയ്ക്കരുത്,
സത്യത്തില്‍, തലക്കെട്ട് കവിത വായിച്ചതിനുശേഷമാണ് കണ്ടത്.
ഒരു ജീവപര്യന്തതടവുകഴിഞ് വീട്ടില്‍ തിരിച്ചെത്തിയ ഒരാളുടെ മുഖമായിരുന്നു മനസ്സിലതുവരെ.

മുസിരിസ് said...

ശ്ശൊ.. എന്താ ഞാന്‍ പറയേണ്ടത്..

ഈ കവിത വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞു..
എന്താ കാരണം എന്നറിയീലാ.. വിടിനെയും..മാവിനെയും അമ്മയെയും അച്ഛന്റെ കട്ടിക്കണ്ണടയും ഓര്‍ത്തു പോയി..

വാല്‍മീകി said...

നല്ല വരികള്‍.