ദൈവത്തിന്റെ ചിരി

ഒരാള്‍ക്കുമാത്രം നടക്കാവുന്ന
വരമ്പിലൂടെ
എതിരെ വരികയാണെങ്കില്‍,
അവളെ എന്തുകൊണ്ട്
മുമ്പേ വെളിപ്പെടുത്തിയില്ല
എന്നു ചോദിച്ച്
ദൈവമേ
തീര്‍ച്ചയായും നിന്നെ ഞാന്‍
ചെളിയിലേക്ക് താഴ്ത്തും

സീബ്രാവരയില്‍
എന്നെ തൊട്ടുതൊട്ടില്ലെന്ന്
ദൈവം വാഹനം കുതിപ്പിച്ചു

വള കിലുങ്ങാത്ത
എന്റെ അടുക്കളയില്‍ എത്തിനോക്കരുത്
നല്ലൊരു ഇരയെ മോഹിക്കുന്നു
എന്റെ കത്തി

വെയിലുകൊണ്ട് ജനലില്‍
ദൈവം
സൌമ്യമായി പീലിയുഴിഞ്ഞു

മഴയും വെയിലും കുടിച്ച്
പുളച്ചു നടന്ന എന്നെ
ഈ തുറസ്സിലേയ്ക്ക്
ഇല്ലം കടത്തിയതെന്തിന്?
അസ്തമയവും
തിരിച്ചു പറക്കുന്ന പക്ഷികളും
കാണിച്ച്
മോഹിപ്പിക്കുന്നതെന്തിന്?

“കണ്ണിലെ കരടെടുത്തു തരാനും
കാലില്‍ കുഴമ്പിടുവാനും പോയിട്ട്
ഒന്ന് പരാതി പറയുവാനെങ്കിലും
എനിയ്ക്കാരുണ്ട്?”
തികച്ചും ഏകാന്തനായി
ദൈവം ചിരിച്ചു ചോദിച്ചു

20 comments:

അനിലൻ said...

:):):)
:):):)

ചന്ദ്രകാന്തം said...

“കണ്ണിലെ കരടെടുത്തു തരാനും
കാലില്‍ കുഴമ്പിടുവാനും പോയിട്ട്
ഒന്ന് പരാതി പറയുവാനെങ്കിലും
എനിയ്ക്കാരുണ്ട്?”

പാവം ദൈവം !!!
(സഹ 'താപ' വോട്ടു മാത്രം പങ്കുവയ്ക്കാം..)

Latheesh Mohan said...

വെയിലുകൊണ്ട് ജനലില്‍
ദൈവം
സൌമ്യമായി പീലിയുഴിഞ്ഞു

ദൈവത്തിന്റെ പീലി :)

aneeshans said...

ഇങ്ങനെയൊക്കെ എഴുതി മനുഷ്യനെ കൊതിപ്പിച്ചൊളൂട്ടാ,

umbachy said...

ദൈവമേ,
എന്തിനിവനെ കൂടെക്കൂട്ടി,
നിനക്കിട്ട് പണിയുന്നത് കണ്ടില്ലേ..

asdfasdf asfdasdf said...

വെയിലുകൊണ്ട് ജനലില്‍
ദൈവം
സൌമ്യമായി പീലിയുഴിഞ്ഞു

.. ഓരോരോ പ്രശ്നങ്ങളേയ്..

കൈയൊപ്പ്‌ said...

ഏകാകിയായ ദൈവം ഇണകളായി എല്ലാം സ്രിഷ്ടിക്കുന്നത് എന്തിനാണെന്നു ഇപ്പോഴാണു ആലോചിച്ചത്- ദൈവത്തിന്റെ പായ്യാരങ്ങള്‍, മടുപ്പുകള്‍... അവനു ഏകാന്തത തോന്നുമ്പോഴാവും ഭൂമിയില്‍ ശൈത്യം ഉണ്ടാവുന്നത്.

സാരംഗി said...

ഭണ്ഡാരപ്പെട്ടി നോക്കി
അഴിയിട്ട കൂട്ടില്‍
തലകുനിച്ചിരിയ്ക്കാന്‍
വിധിക്കപ്പെട്ട
പാവം ദൈവം

:)
കവിത ഇഷ്ടമായി.

Pramod.KM said...

നന്നായിരിക്കുന്നു സംവാദം:)
അവസാനത്തെ വരികള്‍ ഏറെ രസിച്ചു.

വാളൂരാന്‍ said...

നീ ദൈവത്തിന്റെ ഏകാന്തതകളില്‍ അവനു കൂട്ടിരിക്കുക

സു | Su said...

:)

മയൂര said...

:)

ടി.പി.വിനോദ് said...

ചിരിയും കരച്ചിലും കണ്ടു ഇതില്‍.

അനിലൻ said...

കവിത വായിച്ചവരോടെല്ലാം
സ്നേഹം, സന്തോഷം

എം.കെ.ഹരികുമാര്‍ said...

അക്ഷരജാലകം.ബ്ലൊഗ്സ്പോട്.കോം എന്ന പേരില്‍ ഞാന്‍ പുതിയ കോളം ആരംഭിക്കുകയാണ്. ബ്ലോഗ് സാഹിത്യത്തേയും അച്ചടി സാഹിത്യത്തേയും വിലയിരുത്തുന്ന പ്രതിവാര പംക്തിയാണ്. എല്ലാവര്‍ക്കും ലിന്‍ക് നല്കി സഹായിക്കണം.
ഇതൊരു ടെസ്റ്റ് പബ്ലിഷിങാണ്.
ആഗോള മലയാള സാഹിത്യത്തിന്‍റ്റെ അവസ്ഥകളെ മുന്‍വിധികളില്ലാതെ പിന്‍തുടരാന്‍ ശ്രമിക്കും.
എം.കെ.ഹരികുമാര്‍

[ nardnahc hsemus ] said...

വേണ്ട സമയത്തുകിട്ടുന്ന സന്തോഷവും സാന്ത്വനവും സ്നേഹവുമാണ് ദൈവം.. അതാരുടെയൊക്കെയോ വേഷം കെട്ടി നമ്മുടെയൊപ്പം നിഴലായി നില്‍ക്കുന്നു.

എന്നും കൂടെയുള്ളതുകൊണ്ട് കൂടുതല്‍ “ഫ്രീഡമാകാം”.

:)ദൈവം കൂടെയുള്ള ഭാഗ്യവാന്‍..

ധ്വനി | Dhwani said...

അസ്തമയവും തിരിച്ചു പറക്കുന്ന പക്ഷികളും കണ്ടു മോഹം!!

വല്ലാത്ത വശ്യതയുള്ള കവിത!

ഉപാസന || Upasana said...

ഒരാള്‍ വരും അനിലന്‍
വെയ്റ്റ് ചെയ്യൂ
കവിത നല്ലത്
:)
ഉപാസന

കുറുമാന്‍ said...

ഏകാന്തതയുടെ തോടിനുള്ളില്‍ തനിച്ചിരുന്ന് മടുത്ത് തന്നോട് തന്നെ സല്ലപിച്ച് സമയം കൊല്ലുന്ന പാവം ദൈവം.

കൃഷ്ണപ്രിയ. said...

വെയിലുകൊണ്ട് സൌമ്യമായി പീലിയുഴിഞ്ഞതു കൃഷ്ണനാണോ ?മൂപ്പര്‍ വരാന്‍ വഴിയില്ല.ചിക്കുന്‍ ഗുനിയയുടെ ക്ഷീണം ഇതുവരെ മാറീട്ടില്ല. :)