പുതിയ താമസസ്ഥലത്തിനടുത്ത്
ഒരു മുരിങ്ങമരമുണ്ട്
നിറയേ പൂത്ത്,
ഗോള്‍ഡ് സൂഖിനടുത്ത്
പുല്‍ത്തകിടിയില്‍
കടല്‍ക്കാക്കകളിറങ്ങിയതിന്റെ
ദൂരക്കാഴ്ച പോലെ
കീഴെ, പ്ലാസ്റ്റിക് കസേരകളില്‍
കാല് മടക്കിവെച്ച്
വര്‍ത്തമാനം പറയുന്ന പാക്കിസ്ഥാനികള്‍
പെഷവാറിലോ കറാച്ചിയിലോ
ഉള്‍നാടുകളിലെ മരച്ചുവടുകളില്‍
അവര്‍ ബസ്സ് കാത്തിരിക്കുകയാണെന്ന് തോന്നും
പീടികകളില്‍ വന്നു പോകുന്ന സ്ത്രീകളെ
പച്ച നിറമുള്ള പുകയിലക്കുഴമ്പിന്റെ
ലഹരിയില്‍
പുഷ്തുവിലും ഉറുദുവിലും
തുറിച്ചു നോക്കും
ചിലര്‍ നീണ്ട ഒരു തരം കമ്പുകൊണ്ട്
പല്ലുകള്‍ വെടിപ്പാക്കും
മടക്കിയ കാല് ഇടയ്ക്കിടെ നിവര്‍ത്തി
ഒരു യുദ്ധത്തിലും നഷ്ടപ്പെട്ടിട്ടില്ലെന്ന്
ഉറപ്പു വരുത്തും
ഓര്‍ക്കാപ്പുറത്തു പെയ്ത മഴയില്‍
കുതിര്‍ന്നു പോയ
പരുത്തികൃഷിയെപ്പറ്റിയാവും
അവര്‍ പറയുന്നത്
എത്ര പെട്ടെന്നാണവര്‍
പറഞ്ഞു പറഞ്ഞ് അടിപിടി കൂടുന്നത്
അതേ വേഗത്തില്‍
ഒരാള്‍ മറ്റൊരാള്‍ക്ക്
റസാക്കിന്റെ കഫ്റ്റേരിയയില്‍നിന്ന്
ചായ വാങ്ങിക്കൊടുക്കും
വീട്ടുമുറ്റത്ത് ഇല വന്നു വീണതിന്
ഉണ്ടായ വഴക്കിനിടയില്‍
മഴുത്തായകൊണ്ട് അടിയേറ്റു ചത്ത
പരമേശ്വരനെ ഓര്‍മ്മവരും
വേണ്ട വേണ്ട എന്നെത്ര വിചാരിച്ചാലും
മുരിങ്ങമരം എന്നെ
വീട്ടുമുറ്റത്തേയ്ക്കുതന്നെയാണല്ലോ
എത്തിക്കുന്നത്!
20 comments:
നല്ലോണം പച്ചച്ച് നില്ക്കുന്നു
ഇന്നതില്നിന്ന് കുറച്ച് ഇലയൊടിക്കണം.
Onnu karakkikkalanjallo anileattaa..., orikkalum kandittillenkilum pakistaanile oru ulnaadau vere, pinne athilappuiram.
ഗൃഹാതുരതയില്ലാതെന്ത് പ്രവാസം.
മുരിങ്ങമരം, വീട്ടുമുറ്റത്തേക്ക് എത്തിക്കുന്നുണ്ടല്ലോ. ഭാഗ്യം!
നല്ല കവിത
മുന്‍പും വായിച്ചിരുന്നു.
മരങ്കൊത്തിയൊക്കെ......
ഇപ്പോള്‍ വീണ്ടും
ആശംസകള്‍.
മുരിങ്ങമരം കൊള്ളാം.
വീടിനടുത്ത് ഒരു ചാമ്പമരമുണ്ടായിരുന്നു... സ്ക്കൂള് കുട്ടികള്‍ എപ്പോഴും നോക്കി കൊതി വച്ചു പോയിരുന്ന ഒരു മരം. ഓര്‍മ്മകളില്‍ കണ്ണ് നിറയ്ക്കാന്‍ ഇതൊക്കെത്തന്നെ നമുക്ക് ധാരാളമാണല്ലേ?
വളരെ നല്ല വരികള്‍.
ഫസല്‍ - ഞാന്‍ പാക്കിസ്ഥാനില്‍ പോയിട്ടില്ല ട്ടാ :)
കിനാവേ ഗൃഹാതുരതയെന്നൊന്നും പറഞ്ഞുപോകരുത്!
സൂ - ഇന്നലെ ആ മുരിങ്ങയില്‍ നിന്നും ഒടിച്ചായിരുന്നു സൂവിന്റെ കറിവേപ്പില ട്രൈ ചെയ്തത്!
ജ്യോനവന്, പ്രിയ - സന്തോഷം
സുനീഷ് - ഞാനും മുറ്റത്തൊരു ചാമ്പ നട്ടിട്ടുണ്ട്, കുട്ടിക്കാലത്ത് പാത്തുമ്മയുടെ ആട് വായിച്ചിട്ട് ചെയ്തതാ. രണ്ടു വയസ്സുള്ള മക്കള്‍ അതിലേയ്ക്ക് വിരല്‍ചൂണ്ടി മാങ്ങ പൊട്ടിക്ക് എന്ന് അവരുടെ അമ്മയോടാജ്ഞാപിക്കുന്നതു കണ്ടു അവധിക്ക് നാട്ടില്‍ പോയപ്പൊ.
വാല്മീകി - സന്തോഷം
ഈന്തപ്പനയില്‍നിന്നും, പൂവാകവഴി, മുരിങ്ങമരത്തിലൂടെ....
മുറ്റത്തെ പൂഴിമണ്ണില് കാല് തൊട്ടു.
ചന്ദ്രകാന്തം - ഒരു മരപ്പാലം അല്ലേ :)
ഏതു ദുര്‍വിധിയുടെ മരുഭൂമിയിലും നീരുറവപോലെ എന്റെ ശാന്ത കാത്തിരിപ്പുണ്ട് എന്ന കടമ്മനിട്ട വരികള്‍ ഓര്‍മ്മവരുന്നു..
അതിലെ ‘ശാന്ത‘ ഈ കവിതയില്‍ ’ഗൃഹാതുരതയുടെ ഓര്‍മ്മകളായി’ ഗോള്‍ഡ് സൂഖിനടുത്തുനിന്നും, പെഷവാറില്‍നിന്നും കറാച്ചിയില്‍നിന്നും തരംതാണ വര്ത്തമാനങളില്നിന്നുമൊക്കെ വീട്ടിലേയ്ക്ക് വലിച്ചിഴക്കുന്നത് ഏതൊരു പ്രവാസിയുടെയും ബലഹീനതയാകാം...അല്ലെ? :)
“ മടക്കിയ കാല് ഇടയ്ക്കിടെ നിവര്‍ത്തി
ഒരു യുദ്ധത്തിലും നഷ്ടപ്പെട്ടിട്ടില്ലെന്ന്
ഉറപ്പു വരുത്തും“
ആ വരികള്‍ കൂടുതലിഷ്ടമായി... :)
12 കൊല്ലം ധാരാളം. ഇങ്ങട്ട് പോരെ. അടുത്ത ട്രെയിന്‍ പിടിച്ചൊ. നുമ്മക്ക് ഡൈലി പോയി വരാം. :)
നല്ലോണം പച്ചച്ച് നില്ക്കുന്നു. ഇന്നതില്‍ നിന്ന് കുറച്ച് ഇലയൊടിക്കണം:))
നല്ല വരികള്‍..
പുതുവത്സരാശംസകള്‍!
കിനാവേ ഗൃഹാതുരതയെന്നൊന്നും പറഞ്ഞുപോകരുത്!
എന്താ ഈ ഗൃഹാതുരത അത്ര മോശം കാര്യാണോ?അതോ ഇനി വല്ല മനോരോഗവുമാണോ?വായനക്കാരെ മുഴുവന്‍ ഗൃഹാതുരതയില്‍ മുക്കിക്കൊല്ലാം ല്ലേ?എന്നിട്ട് എന്നെ കണ്ടാല്‍ കിണ്ണം കട്ടതാണെന്നു പറയുമോ എന്ന ഭാവവും.
ഇങ്ങനേയും മുരിങ്ങയോ ഹെന്റമ്മൊ...........
കൊള്ളാം നയിസ്.
കൃഷ്ണപ്രിയേ,
ഗൃഹാതുരത മോശമായിട്ടല്ല. പോത്ത് വെള്ളത്തിലിറങ്ങിക്കിടക്കുന്നതുപോലെയാണ് എന്റെ എഴുത്ത് ഗൃഹാതുരതയില്‍ മുങ്ങിക്കിടക്കുന്നതെന്ന് അറിയാവുന്നതുകൊണ്ടാണ്.
ഗൃഹാതുരതയെക്കുറിച്ച് മിണ്ടിപ്പോകരുതെന്നതാണ് പുതിയ എഴുത്തിന്റെ മൂലക്കല്ല് പോലും!
:)
maadhyamam kavitha vaayichathinu pinnale veentum nalla varikal..
Post a Comment