പലതരം വഴികള്‍

രതിനിര്‍വേദം കണ്ടതിന്‍ ‍ശേഷം
നോട്ടവും ചിന്തയും
തയ്യല്‍ മെഷീനുകള്‍ക്കടിയില്‍
വെളിപ്പെട്ട
ചെറുരോമങ്ങളുള്ള കാലുകളിലേയ്ക്കായി
അതു കാണാന്‍ വേണ്ടി മാത്രം
മൈലാഞ്ചിപൂത്ത വേലികളുള്ള
ഇടവഴിയിലൂടെ
കമലേച്ചിയുടെ വീട്ടിലേയ്ക്കു നടന്നു
ഇടവഴിയിലെ കല്ലുകളില്‍
വിരലുകള്‍ തല്ലിപ്പൊട്ടി
മഴയുള്ള രാത്രികളില്‍
കാവിലെ കരിങ്കല്‍ സര്‍പ്പങ്ങള്‍
ഉറക്കത്തില്‍ വന്നു കൊത്തി

ആദ്യമായ് ബീഡി വലിച്ചത്
കുളിക്കാതെ നടന്നത്
എം. മുകുന്ദനെ വായിച്ചിട്ടായിരുന്നു
പല തവണ വീടുവിട്ടു പോയി
വൈകുന്നേരമാകുമ്പോള്‍
അമ്മയെക്കാണാതെ വയ്യെന്ന്
തിരിച്ചു നടന്നു
പൂച്ചപ്പഴം വിളഞ്ഞ കുറ്റിക്കാടുകളുടെ
മറവില്‍
ആരെങ്കിലും വരുന്നതും കാത്തിരുന്നു
സ്വപ്നങ്ങളില്‍ എപ്പോഴൊക്കെയോ
പൊട്ടിയ കുപ്പിവളകളാല്‍
കൈത്തണ്ട മുറിഞ്ഞു

ഒച്ചയാല്‍ മാറിമറിയുമെല്ലാമെന്ന്
എവിടെയോ തെറ്റി വായിച്ചു
പൊതുവഴികളിലൂടെ
തൊണ്ട പൊട്ടിച്ചു നടന്നു
എഴുതുന്നതെല്ലാം മുദ്രാവാക്യങ്ങളായി
ശബ്ദം കൂടുവിട്ടു പറന്നപ്പോള്‍
ഊമകള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന്
മനസ്സിലായി

കൊടുംവെയിലില്‍
ദേരയില്‍നിന്ന് ബര്‍ദുബായിലേയ്ക്ക്
ചെറിയൊരു ബോട്ടില്‍ പോകുമ്പോള്‍
പാപ്പിയോണിന്റെ
ജയില്‍ചാട്ടങ്ങളോര്‍മ്മ വരുന്നു
ചെറിയൊരു കനാലിനപ്പുറമിപ്പുറം
വന്‍‍കരകളാണെന്നുറപ്പിക്കുന്നു

14 comments:

അനിലന്‍ said...

അതാണിത് അതാണിത് അതാണിതെന്ന്
തോന്നുന്നുണ്ടിടയ്ക്കിടെ!

sandoz said...

ആദ്യം തല്ലണ്ടത് കാള്‍ മാക്സിനെ...
പിന്നെ പത്മരാജഭരതനവര്‍കളെ...
മുകുന്ദനെ വെറുതെ വിട്..
അല്ലേല്‍ അങ്ങേര് ഇനീം കരയും..
ഞാന്‍ അക്കാദമി തലപ്പത്ത് വന്നപ്പോള്‍ ആര്‍ക്കും പിടിക്കണില്ലേ എന്നും പറഞ്ഞ്...
ഫ്രാന്‍സിലായിരുന്നേ മറിച്ചേനേ എന്നും പറയും..
ഒതുങ്ങി കിട്ടിയാല്‍ ചുള്ളിക്കാടിനേം പൂശണം...
അനിലോ...
തോന്നും...തോന്നാം..തോന്നണം...
[എന്റെ ജയഭാരതീ...]

കുറുമാന്‍ said...

ആ പാപ്പിലോണ്‍ ഒന്നു കിട്ടാനെന്താ വഴി അനിലേ? ഒരിക്കല്‍ കൂടി കാണണം (സിനിമ,നോവലല്ല)....ഇവിടെ മൊത്തം തപ്പി ഒരു ലൈബ്രറിയിലും കിട്ടിയില്ല.

അനിലന്‍ said...

സാന്ഡോസ്- കുറേ നാളായല്ലോ കണ്ടിട്ട്. സന്തോഷം :)

കുറൂ- ഞാനും അതന്വേഷിക്കുകയാണ്. റോബിയോട് ചോദിച്ചിരുന്നു. അവന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ തുറക്കാത്തൊരു ലിങ്ക് തന്നു. മറ്റേത് നോവല്ലാട്ടോ, അനുഭവമാണ്.

lakshmy said...

തീരുന്നില്ലല്ലോ! ഇനിയുമെത്രയോ വഴികൾ താണ്ടിയാലാണ്.....

ബിനീഷ്‌തവനൂര്‍ said...

ഒരു യാത്രക്കിടെ തോന്നിയതാണെങ്കിലും, കഴിഞ്ഞുപോയ ജീവിതകാലങ്ങളുടെ ഒരു ട്രാന്‍സിഷന്‍ വരച്ചിരിക്കുന്നു എന്നു കരുതുകയാണ്‍. അത് വളരെ വ്യക്തമായ ഒരു ചിത്രമെഴുത്തുതന്നെ ആയിരിക്കുന്നു. പക്ഷെ വിപ്ലവം തന്നിലൊതുങ്ങിയ, വന്‍‌കരകള്‍ക്കിടയിലായിപ്പോയ കുറെകാലം വിട്ടുപോയോ അതൊ ഈയൊരു മുറിച്ചുകടക്കലില്‍ മാത്രം കുടുങ്ങി എന്നാണോ. ആയിരിക്കാം ഒരുപക്ഷെ. എന്റെ വായന അപൂര്‍ണമായിരുന്നിരിക്കണം.

lekhavijay said...

പലതരം വഴികള്‍?
എത്ര നടന്നാലും മതിവരാത്ത ഗൃഹാതുരതയുടെ ഒറ്റവഴിമാത്രം..


ആശംസകള്‍!

Sarija N S said...

അനിലാ,
നിന്‍റെ കാഴ്ച്ചയും വായനയും അനുഭവും നീ ഞങ്ങള്‍ക്കായ് തരുന്നു. ഒടുവില്‍ നിന്നെത്തന്നെയും... ? :)

അനിലന്‍ said...

ലക്ഷ്മി, ബിനീഷ് - സന്തോഷം
ലേഖ- ഗൃഹാതുരത മാത്രമാണോ? ഞാന്‍ അറിഞ്ഞില്ല.
സരിജ- എന്റെ കാഴ്ചയും വായനയും അനുഭവവും തന്നെയാണോ ഞാന്‍? :)

nardnahc hsemus said...

അതെ. ‘വൈശാലി‘ കണ്ടതിനുശേഷം ടീച്ചര്‍മാരുടെ പൊക്കിള്‍കുഴി നോക്കാന്‍ കിട്ടുന്ന ഒറ്റ ചാന്‍സും ഞാന്‍ കളഞ്ഞിട്ടില്ല..
:)

ചെറിയൊരു കനാലിനപ്പുറമിപ്പുറം
വന്‍‍കരകളാണെന്നുറപ്പിക്കുന്നു..
അതിനപ്പുറം കടലുകളും..

Mahi said...

വളഞ്ഞവഴികളിലൊക്കയുമിക്കവി നീണ്ടു നിവര്‍ന്നു കിടക്കുന്നു എന്നു പറഞ്ഞതെത്ര ശരി

പാമരന്‍ said...

ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്രീനിവാസന്‍റെ കണ്‍ക്ളൂഡിംഗ്‌ ഡയലോഗ്‌ ഓര്‍മ്മ വന്നു..

അനിലന്‍ said...

സുമേഷ്, മഹി- സന്തോഷം

പാമരന്‍- എന്തായിരുന്നു അത്?

Anonymous said...

അതാണിത് അതാണിത് അതാണിതെന്ന്
തോന്നുന്നുണ്ടിടയ്ക്കിടെ!

എഴുത്തൊഴിച്ച് വേറെ നല്ലതൊന്നും ചെയ്യുന്നില്ലല്ലോ അതുകൊണ്ടാനിത്