മഷിയുണക്കുന്ന വെയില്‍

(ലതീഷ്‌ മോഹനുവേണ്ടി മാത്രം. വേണമെങ്കില്‍ എനിക്കു കാണാനാവാതെ തൃശൂരും തിരുവനന്തപുരത്തും വന്നു പോകുന്ന ചലച്ചിത്രോല്‍സവങ്ങള്‍ക്കും.)

ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണ്
ടെലിവിഷന്‌
അഭിമുഖത്തിനായിരിക്കുമ്പോള്‍
അവളുടെ മുലയിലായിരുന്നു
എന്റെ കണ്ണ്
എന്ന് പറയുന്നതിനു പകരം,
ചലച്ചിത്രോല്‍സവത്തിന്റെ
ഉത്സാഹികള്‍ക്കിടയില്‍നിന്ന്,
വെയില്‍തിന്ന പക്ഷി,
"കാറപകടത്തില്‍പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന
അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്" ***
എന്ന് പറയുന്നതു കണ്ടു.

കവിതയിലെ പുതിയ ദാലിയാകട്ടെ
അണ്ണാ, ഇതെന്തോന്ന് കമ്യൂണിസ്റ്റ്‌ പച്ച
പുഴ, ചുവപ്പ്‌, മുദ്രാവാക്യം
നിങ്ങളെന്തിന്‌ നിങ്ങളെത്തന്നെ അനുകരിക്കുന്നു
നിങ്ങളോര്‍ക്കുക..
എന്ന് ഒരുമാതിരി
കടമ്മനിട്ട വഴിയില്‍ എന്നോട്‌ ചോദിക്കുന്നു

ഞാനെന്തുചെയ്യാന്‍!
ചുള്ളിക്കാട്‌ തലയില്‍ നെരിപ്പോടുമേന്തി
നടന്ന കാലത്ത്‌
കുട്ടിക്കാലം കഴിഞ്ഞുപോയിട്ടില്ലാത്തവരുടെ
പില്‍ക്കാലത്തെ കാവ്യവിഷമങ്ങള്‍ ആരറിയാന്‍

‍എഴുതുവാന്‍ കരുതിവച്ച വരികളില്‍‍
ആദ്യത്തെ ചിലത്‌
ഷേവു ചെയ്യാന്‍ ചെന്നപ്പോള്‍
മുടിവെട്ടുകാരന്‍ ഉറക്കെച്ചൊല്ലി
വെളുക്കാന്‍ തുടങ്ങിയ ആദ്യത്തെ തലമുടി
പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ സിനിമയിലെ
ജയഭാരതിയും വിന്‍സെന്റുമായി
ആ വരികളിലുണ്ടായിരുന്നു
എത്ര വെട്ടിയാലും വളരുമെന്ന
കരുത്തോടെ
സ്നേഹത്തിന്റെ വള്ളിച്ചെടികളും

പെറ്റയുടനെ മക്കളെ തിന്നുന്ന
തള്ളമുയലുകളില്‍
ഒരാര്‍പ്പോടെ വന്ന്
കതിരെല്ലാം തിന്നുന്ന വെട്ടുക്കിളികളില്‍‍
‍പൂമരക്കൊമ്പുകളെപ്പുണര്‍ന്ന്
സിന്ദൂരം തൊട്ട പൂക്കളുമായ്‌ നില്‍ക്കുന്ന
ഇത്തിക്കണ്ണികളില്‍
‍വിറ്റുതീരാത്ത മീനും
ഉരുകിത്തീര്‍ന്ന ഐസും
എന്നെ പറ്റിച്ചെന്ന
മീന്‍കാരന്റെ നിലവിളിയില്‍പ്പോലുമുണ്ട്‌
അതിന്റെ ബാക്കി വരികളെന്ന്
എനിയ്ക്കു മാത്രമല്ലേ അറിയൂ

എന്തിനധികം
മഞ്ഞുകാലമെന്നു പറയപ്പെടുന്ന
ഈ വേനലില്‍
‍എന്റെ മഷിയുണങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

*** എ.അയ്യപ്പന്‍

7 comments:

അനിലൻ said...

മഷിയുണക്കുന്ന വെയില്‍
(ലതീഷ്‌ മോഹനുവേണ്ടി മാത്രം. വേണമെങ്കില്‍ എനിക്കു കാണാനാവാതെ തൃശൂരും തിരുവനന്തപുരത്തും വന്നു പോകുന്ന ചലച്ചിത്രോല്‍സവങ്ങള്‍ക്കും.)

ഗുപ്തന്‍ said...

ഇദെന്തോന്ന് ‘ദലീ’ക്ക് മാത്രം ഒരു സമര്‍പ്പണം? ലവനല്ലാതെ ഞങ്ങളാരും വായിച്ചാ വായൂല്ലേ ?

പഴയ ജീവിതത്തിന്റെ ക്രിയാത്മകവേരുകളും പുതിയ ഭാവുകത്വവും തമ്മിലുള്ള പ്രോബ്ലമാറ്റിക് ഡിങ്കോളിഫിക്കേഷനെക്കുറിച്ച് ട്രെയിനും മഴയും സമാസമം കൂട്ടിക്കുഴച്ച് അവന്‍ തന്നെ എഴുതീട്ടുണ്ടല്ലോ അനിലേട്ടാ ദാ ഇവിടെ


മീന്‍‌കാരന്റെ നിലവിളി മീന്‍‌കാരന്റെ നിലവിളിയായിത്തന്നെ കവിതയാക്കാന്‍ പറ്റില്ലേ.. മീന്‍‌കാരന്റെ നിലവിളിയുടെ കവിതയെ എന്തിന് ശീലിച്ച കാവ്യഭാഷകൊണ്ട് നിരാകരിക്കണം എന്നായിരിക്കും അവന്‍ ചോദിച്ചത്..

ചില ചോദ്യങ്ങളും ഉത്തരങ്ങളും അവനു വഴങ്ങുന്നതുപോലെ എന്തോ .... അധികമാര്‍ക്കും വഴങ്ങാറില്ല. :)

അവന്റെ ചോദ്യത്തില്‍ നിന്ന് കവിത വന്നത് പക്ഷെ പുതുമയായി. നൊസ്റ്റാള്‍ജിയ(യില്ലായ്മ)യെ തന്നെ പ്രശ്നവല്‍ക്കരിക്കാനാവുന്നത് മുന്നോട്ടുള്ള ചുവടാണ്. :)

Ranjith chemmad / ചെമ്മാടൻ said...

കവിതകളുടെ നിലവിളി...
കാലത്തിന്റെയും...

Latheesh Mohan said...

കത്തുകിട്ടി. കാര്യങ്ങള്‍ അറിഞ്ഞതില്‍ സന്തോഷം :) :)

പകല്‍കിനാവന്‍ | daYdreaMer said...

പെറ്റയുടനെ മക്കളെ തിന്നുന്ന
തള്ളമുയലുകളില്‍
ഒരാര്‍പ്പോടെ വന്ന്
കതിരെല്ലാം തിന്നുന്ന വെട്ടുക്കിളികളില്‍‍
‍പൂമരക്കൊമ്പുകളെപ്പുണര്‍ന്ന്
സിന്ദൂരം തൊട്ട പൂക്കളുമായ്‌ നില്‍ക്കുന്ന
ഇത്തിക്കണ്ണികളില്‍
‍വിറ്റുതീരാത്ത മീനും
ഉരുകിത്തീര്‍ന്ന ഐസും
എന്നെ പറ്റിച്ചെന്ന
മീന്‍കാരന്റെ നിലവിളിയില്‍പ്പോലുമുണ്ട്‌
അതിന്റെ ബാക്കി വരികളെന്ന്
എനിയ്ക്കു മാത്രമല്ലേ അറിയൂ

:)
ആശംസകള്‍...

Anonymous said...

എന്തിനിങ്ങനെ എഴുതുന്നു? ലതീഷ് എഴുതുന്നുണ്ടല്ലോ കവിത പോലെ ഇങ്ങനെയൊക്കെ

സജീവ് കടവനാട് said...

പൂമരക്കൊമ്പുകളെപ്പുണര്‍ന്ന്
സിന്ദൂരം തൊട്ട പൂക്കളുമായ്‌ നില്‍ക്കുന്ന
ഇത്തിക്കണ്ണികളില്‍....

????!!!!

ഞങ്ങള്‍ക്കുവേണ്ടിയുള്ളതെവിടെ?