ശലഭങ്ങളുടെ ഉദ്യാനം

നേരത്തേ ഉണര്‍ന്ന ചിലര്‍
ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്‌
അവയുടെ ചിറകുകളില്‍ വെയില്‍തട്ടി
ആകാശത്ത്‌ നിറവില്ലു വിരിയുന്നു
മുഖത്തുനിന്ന്
സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്‌
ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ

ശലഭങ്ങളെ തൊടുകയോ
അവയോട്‌ മിണ്ടുകയോ ചെയ്യരുതെന്ന്
കാക്കിയിട്ട കാവല്‍ക്കാരന്റെ
പിരിച്ചു കയറ്റിയ കൊടും മീശ
മുന്നറിയിപ്പു തന്നു
അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
മീശയുടെ ഗൗരവത്തിനു ചേരാതെ
അയാളുടെ മൊബൈല്‍ഫോണില്‍
ഒരു കുഞ്ഞ്‌ നിര്‍ത്താതെ
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ
റിംഗ്‌ ടോണ്‍ കേട്ടു
പെന്‍ഷനായ പോലീസുകാരനെ
പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ
പറയുവാന്‍ വന്ന തെറിവാക്കുകള്‍
അതോടെ മറന്നുപോയ്‌

തേനും പൂമ്പൊടിയും നിറഞ്ഞ
പൂക്കളേന്തിനിന്ന് കൈകഴച്ച്‌
അവ താഴെ വച്ച്‌
ഒരു സിഗരറ്റ്‌ വലിച്ചാലോ
എന്നാലോചിക്കുന്നതുപോലെയാണ്‌
ചില ചെടികളുടെ നില്‍പ്പ്‌

അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും
ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ
എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു

തേനീച്ചകളെപ്പോലെ
ഉറുമ്പുകളെപ്പോലെ
ധൃതി പിടിച്ച്‌
പണിയിടങ്ങളില്‍ പോകാതെ
എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ
ശലഭങ്ങളൊക്കെയുമെന്ന്
നീ പരിഹസിക്കുകയാണല്ലേ
മുറ്റം കടന്ന്
പൂമുഖം കടന്ന്
നമ്മുടെ കിടപ്പുമുറിയില്‍പ്പോലും
വളര്‍ന്ന കാട്ടുചെടികള്‍
വെട്ടിക്കളയാന്‍ വയ്യാത്ത
മടിയനാണ്‌ ഞാനെന്ന്
പ്ലീസ്‌, ആരോടും പറയാതിരിക്കൂ

ഉയരമുള്ള കല്ലിന്മേല്‍ കയറിനിന്ന്
എന്തിനിങ്ങനെ കൈവീശുന്നു?
ഇനി നിന്റെ ഒരു കുറവേയുള്ളൂ!
നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!
ചിറകെന്നത്‌ പറക്കുന്നവയ്ക്കുപോലും
ഒരു സങ്കല്‍പം മാത്രമാണ്‌

നമ്മളൊരു മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍
‍അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്
ഒരേ സമയം
കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്
ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍
‍വെറുതെ കണ്ടുനില്‍ക്കാമായിരുന്നു
ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു

നല്ല മഴക്കാറുണ്ട്‌
ഇടിവെട്ടിപ്പെയ്യുമായിരിക്കും
ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല

14 comments:

അനിലൻ said...

ശലഭങ്ങളുടെ ഉദ്യാനം

ഗിരീഷ്‌ എ എസ്‌ said...

ശലഭങ്ങളെ തേടി
കടന്നുവരുന്നവരുടെ മനസ്സില്‍
പൂക്കളുടെ നിസ്സഹായത
പതിയില്ലെന്ന്‌
ഒരിക്കലൊരു കൂട്ടുകാരി
നോട്ടുബുക്കില്‍ കുറിച്ചുതന്നതാണ്‌
ഓര്‍മ്മ വന്നത്‌...
പക്ഷേ...
അവളെഴുതിയിട്ടതിന്റെ
അര്‍ത്ഥവ്യാപ്തി
തിരിച്ചറിയാന്‍
എനിക്ക്‌ വര്‍ഷങ്ങള്‍ വേണ്ടി വന്നു...
അപ്പോള്‍ ഞാനും അവളും
ദൂരങ്ങള്‍ക്കിടയില്‍
ആഴത്തില്‍ പതിഞ്ഞുപോയ
കരിങ്കല്ലുകളായിരുന്നു...


മനോഹരമായ കവിത...
ആശംസകള്‍...

Anonymous said...

കുറെ അക്ഷരങ്ങള്‍ പെറുക്കിവച്ചൊരു ചിത്രമുണ്ടാക്കി അതിനു നിറവും മണവും കൊടുത്ത് ഒന്നു തൊടുന്നവനെ ഒന്നൊഴിയാതെ ആഗീരണം ചെയ്യുന്ന മാജിക്. അനിലന്റെ കവിതകള്‍ക്ക് മാത്രം അവകാശപ്പെടാവുന്ന് ഒന്ന്.

നിറവില്ല് വിരിയുന്ന ആകാശമൊന്ന് കാട്ടിത്തരുന്ന വെയിലിനു മുന്നേ പറന്ന് പോയവര്‍. കൊടും മീശക്കാ‍രന്റെ മീശയ്ക്കു മേല്‍ മുഴങ്ങുന്നുണ്ട് കുഞ്ഞിന്റെ കരച്ചില്‍ റിങ്ങ് ടോണ്‍.
ഇതിനു മുന്നേ എഴുതിയ കവിതകളില്‍ ‘തെറി’ പറഞ്ഞത് കൊണ്ടാണെന്ന് തോന്നുന്നു കവി ‘തെറി’ യൊന്നും വിളിക്കാഞ്ഞത് :)

എത്ര നേരം നോക്കി നില്‍ക്കും? ഒരു സിഗരറ്റ് വലിച്ചാലോ എന്ന് ആലോചിക്കുന്ന ചെടികള്‍, മരമായിരുന്നെങ്കില്‍ കുഴൂരായാനേ :).

വെറുതെ പറന്ന് നടക്കുന്ന ശലഭങ്ങളെ പോലെയെന്ന് പരിഹസിക്കുന്ന ആള്‍ക്കറിയാവുന്നത് ഇപ്പോളെനിക്കുമറിയാം.ഒന്നും ചെയ്യാതെ ഒന്നിനും പോരാതെ ചോര്‍ന്നു പോകുന്നതിനെ നോക്കിയിരിക്കുന്നൊരാളെ. സന്തോഷത്തിന്റെ ഒരാന്തല്‍ ഉണ്ടാക്കുന്നുണ്ട് അനിലന്റെ വരികളോരോന്നും. ഉത്സവപ്പറമ്പിലെ തൊട്ടിലാട്ടിയിലിരുന്ന് താഴേക്ക് വരുമ്പോള്‍ ഹൃദയം ഉയര്‍ന്ന് തുടിക്കുന്നത് പോലെ. കൊക്കൂണായിരം പൊട്ടി വിടര്‍ന്ന് പറക്കുന്ന ചിത്രശലഭങ്ങളെ ഒരൊറ്റ ഫ്രെയിമില്‍ ആകാശത്ത് കാണാമെനിക്ക്.

സന്തോഷമാകും
ഇടിവെട്ടിപ്പെയ്യും
ചിറകറ്റ ശലഭങ്ങളെ കൊണ്ട് ഭൂമി നിറയും.

അല്ലെങ്കിലുമെന്തുണ്ട് ബാക്കിയാവുന്നത് ജീവിച്ചുവെന്ന് നമുക്ക് തോന്നുന്ന ഒരിത്തിരി നിമിഷങ്ങളല്ലാതെ.

പകല്‍കിനാവന്‍ | daYdreaMer said...

കവിത പൂക്കുന്ന ഉദ്യാനമേ... !!
അഭിവാദ്യങ്ങള്‍..

എതിരന്‍ കതിരവന്‍ said...

ഇനിയിപ്പോൾ അതൊന്നും പറഞ്ഞിട്ട് കാര്യമില്ലെ? ഉണ്ടല്ലൊ. പോലീസുകാരന്റെ മൊബൈലിലും കുഞ്ഞിന്റെ പൊട്ടിച്ചിരിയാണു റിങ് ടോൺ.
കാട്ടുചെടിയാണെങ്കിലും കിടപ്പുമുറി വരെ എത്തിയല്ലൊ. അതൊന്നും വെട്ടിക്കളയാൻ മിനക്കെടേണ്ട. ആകാശത്തിലെ പറവകൾ വിതയ്ക്കുന്നില്ല, കൊയ്യുന്നില്ല.

Kaithamullu said...

അനോണിച്ചേട്ടന്റെ കമെന്റിന് താഴെ ‘പാഡില്‍’ തള്ള വിരലമര്‍ത്തി നീല മഷിയില്‍ ഒരു ‘കൈയൊപ്പ്‘!!

ലേഖാവിജയ് said...

ചെടികള്‍ എല്ലാം പുരുഷന്മാരാണോ സിഗരറ്റ് വലിക്കാന്‍?

അനിലൻ said...

ഗിരീഷ്, അനോണി, പകല്‍ക്കിനാവന്‍- സന്തോഷം
എതിരന്‍ - കുറേ നാളായി കണ്ടിട്ട് :)
പൂക്കൈത - :)
ലേഖ - ആരു പറഞ്ഞു പുരുഷന്മാര്‍ മാത്രമേ പുകവലിക്കൂന്ന്?

kichu / കിച്ചു said...

അനിലേ..
ഇഷ്ടപ്പെട്ടു, ഒരുപാടൊരുപാട്
കസ്തൂരി മണക്കുന്ന ഈ കവിതക്കാറ്റും, ഇതിലെ ശലഭങ്ങളും.

:)

അരങ്ങ്‌ said...

ശലഭങ്ങള്‍ക്കു കാവല്‍ നില്‍ക്കുന്ന മീശക്കാരന്റെ റിംഗ്‌ റ്റോണില്‍ കുഞ്ഞു കരയുന്നത എന്നെ ഏറെ ആകര്‍ഷിച്ചു. ആരുടെ ഹൃദയത്തിലാണ്‌ ഒരു ശലഭത്തിനു കൂടൊരുക്കാന്‍ ഇത്തിരി ഇടമില്ലാത്തത്‌? വളരെ സൗന്ദര്യമുള്ള കവിത

നസീര്‍ കടിക്കാട്‌ said...

നിന്നെ ഉമ്മ വെക്കാനെനിക്കറിയില്ല.
തെറി വിളിക്കാനേ അറിയൂ...
നാവിലൊളിപ്പിച്ച തെറിയൊന്നും മതിയാവുന്നില്ലല്ലോടാ!

കവിത ചിലപ്പോള്‍ മാത്രം
ടാ
പട്ടീ
തെണ്ടീ
പന്നീ...എന്നൊക്കെ പരസ്പരമത്രമേലാകുന്നു.

കവിത തൊട്ടു നിര്‍‌ത്തുന്നു
തൊട്ടുകൊണ്ടേയിരിക്കുന്നു...

അനിലൻ said...

കിച്ചു, അരങ്ങ് - സന്തോഷം
നസീര്‍ - എന്നെ അങ്ങനെത്തന്നെ വിളിക്കണം...അത്ര കുറുമ്പ് പാടില്ലല്ലോ അല്ലേ!

[ nardnahc hsemus ] said...

ഉദ്യാനപാലകന്റെ കൊടും മീശയും
പൊട്ടിച്ചിരിയുടെ റിംഗ് ടോണും!

:) കൊള്ളാം!


കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്
ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍

ആയിരം ഒരിടത്ത് മതിയായിരുന്നു? (ചിലപ്പോ ഓഡിറ്റിംഗില്‍ കൊയപ്പായാലോ ല്ലെ?)

പാര്‍ത്ഥന്‍ said...

ഇടിവെട്ടിപ്പെയ്യുമായിരിക്കും.
പ്രകൃതിയുടെ
കനിവിൽ തന്നെ
ജീവിതവും മരണവും.

ദ്വന്ദ്വാത്മകം.