കയിലുകുത്ത്‌

പകുതിയോളം തേഞ്ഞ്‌,
പിടി തകര്‍ന്നൊരുളിയുണ്ട്‌
മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ
കൊട്ടുവടിയുണ്ട്‌
കവുങ്ങിന്‍ മുഴക്കോലില്‍
‍തെറ്റാത്ത അളവുകളുണ്ട്‌
മടക്കിവച്ച്‌ ചോരയോടാതെ
മെലിഞ്ഞുപോയ കാലുകളുണ്ട്‌
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍

മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍
ഇണങ്ങിക്കുറുകും ചിരട്ടയുടെ
തൂവലൊതുക്കിച്ചന്തം വരുത്തുന്നു
ഇടയ്ക്ക്‌,
മുറ്റത്തു മുറുമുറുക്കുംനായയോട്‌,
അരിതിന്നതുപോരേ
നിനക്കാശാരിച്ചിയേം കടിക്കണോ
എന്നു ചിരിച്ചു നോക്കുന്നു
ഉടുക്കുപോലുണ്ടാക്കിയ
മരയുരലിലെ ഇടിച്ച മുറുക്കാന്‍
ചവച്ചു രസിക്കുന്നു

മകനിനി വിളിക്കുമ്പോള്‍
ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍
മറക്കാതെ പറയണം
എന്തിനിങ്ങനെപ്പണിയെടുക്കുന്നു
വിശ്രമിക്കേണ്ട കാലമായില്ലേ?

മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കുംപോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢഭാവത്തില്‍

‍വിശ്രമമോ?
പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

കയിലിനു കണയിടാനുഴിഞ്ഞ
മുളങ്കോലൊന്നെടുത്ത്‌
ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!

15 comments:

അനിലൻ said...

മാമന്റെ വീടിനടുത്തുള്ള വേലാമന്‍ അച്ചാച്ചന്റെ ഓര്‍മ്മകളില്‍.

പാര്‍ത്ഥന്‍ said...

ഉപയോഗിക്കാ നാളില്ലാതെ
വീട്ടില്‍ നിന്ന് പുറപ്പെട്ടു പോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചു വന്നിട്ടുണ്ട്‌............
തിരിച്ചെത്തേണ്ട പലതും
അനാഥപ്രേതം പോലെ
വഴിയിൽ അവിടവിടെ കിടപ്പുണ്ട്.
തിരിച്ചെത്തുമായിരിക്കും, എന്നെങ്കിലും.

സുല്‍ |Sul said...

പഴമയിലേക്കൊരു
എത്തിനോട്ടം.

പാമരന്‍ said...

പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

Anonymous said...

കവിത !

K.V Manikantan said...

വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!

:)

ഉപാസന || Upasana said...

വളരെ ഇഷ്ടമായിട്ടുണ്ട് ഭായി.
എന്റെ നാട്ടിലുള്ള ശിവരാമന്‍ ആശാരിയെ ഓര്‍ത്തു
:)
ഉപാസന

എതിരന്‍ കതിരവന്‍ said...

ആ മകന്റെ കഴുത്തേലാക്കാണോ പണ്ട് ഒരു ഉളി അറിയാതെ (?) വീണു പോയത്? അവനെവിടുന്നാ വിളിച്ചത്?

സെറീന said...

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍

...ആഴത്തെയും ഉയരത്തെയും തലതിരിച്ചു
കണ്ടു ശീലിച്ചതുകൊണ്ട്‌ സഹതാപത്തോടെ നോക്കിപ്പോയി,
എന്തിനായിങ്ങനെ കയിലുകുത്തി നടക്കുന്നെന്ന
ചോദ്യം ഒറ്റയടിക്ക് കാഴ്ച്ചയെ നേരെ നിര്‍ത്തി..
പണിതു മൂര്‍ച്ച കൂടിയ ഉളിയുടെ വായ്ത്തല പോലെ കവിത.

സമാന്തരന്‍ said...

പുതുമയിലെങ്ങും അവനവനെ തിരിച്ചരിയിന്നത് കാണാറില്ല...
പണിതുതീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

അനിലൻ said...

പാര്‍ത്ഥന്‍, സുല്‍, പാമരന്‍, അനോണി, സങ്കു, ഉപാസന, സമാന്തരന്‍, സെറീന - സന്തോഷം
എതിരന്‍ - എന്റെ ഉള്ളില്‍നിന്നാണോ?

പകല്‍കിനാവന്‍ | daYdreaMer said...

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍..

മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കുംപോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢഭാവത്തില്‍

എവിടെക്കെല്ലാം കൂട്ടികൊണ്ടുപോകാനാകുന്നു അനില്‍ നിന്റെ ഈ വരികള്‍ക്ക്.. ഒത്തിരി ഇഷ്ടമായി... നേരത്തെ മഞ്ഞയില്‍ വായിച്ചിരുന്നു.. ഒന്നും എഴുതാതെ പോകാന്‍ കഴിയുന്നില്ല.. ആശംസകള്‍..

[ nardnahc hsemus ] said...

വേലമാമേം കയിലുത്തണ്
ചങ്കരമാമേം കയിലുത്തണ്

ചയ്ക്കും ചങ്കീം ... ചയ്ക്കും ചങ്കീം ...

കണ്ടോണ്ട്നിന്ന ചെക്കന്‍പിന്നെ
ബ്ലോഗിലെഴുതി രസിയ്ക്കണ്-

ചയ്ക്കും ചങ്കീം ... ചയ്ക്കും ചങ്കീം ...

:)

-------------------------------
(കവിതയില്‍, നല്ല ബെസ്റ്റ് വരികള്‍.. ഇഷ്ടായി ട്ടാ)

Ziya said...

“മടക്കിവച്ച്‌ ചോരയോടാതെ
മെലിഞ്ഞുപോയ കാലുകളുണ്ട്‌
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌”

കൊച്ചുകുട്ടനാശാരി, വിജയനാശാരി, ശിവരാമനാശാരി...

എല്ലാരും എന്റെ കണ്മുന്നിലിരുന്നങ്ങനെ പണിയുകയാണ്. ആകാശംതൊടുമുയരത്തില്‍ ദന്തഗോപുരങ്ങള്‍ പണിതിട്ടും അവരുടെയൊക്കെ ജീവിതങ്ങള്‍ ഒരുമുഴം പോലും ഉയരാതെ പോയതെന്തേ? അവരുടെയൊക്കെ കൂരകള്‍ക്ക് നല്ലൊരു പലകവാതില്‍ പോലും ഇല്ലാതെ പോയത് ?!

അനിലൻ said...

പകലോന്‍, സുമേഷ്, സിയാ - സന്തോഷം