ഉച്ചനേരങ്ങൾ

ആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ
ഇലനിഴലിലൊളിച്ചു കളിക്കുന്നത്
നോക്കി നിൽക്കുമ്പോൾ
കൈകെട്ടിനിന്ന ചെടികളെല്ലാം
കൈ ഉയർത്തിയെന്തോ പറയാൻ നോക്കി.

കുട്ടികൾ മുറ്റത്തു കുന്നാരം കൂട്ടി
പൂഴിമണ്ണിൽ കുത്തിയ
തെങ്ങിൻപൂക്കുലകൾ
ദേഷ്യത്തോടെ തട്ടിയിട്ടു കാറ്റ്

മഴമണം വിട്ടിട്ടില്ലാത്ത മതിലിനപ്പുറം
പല്ലൊഴിവുകളുള്ളൊരു കുഞ്ഞിച്ചിരി
വിരിഞ്ഞു
വിടർന്നു ചാഞ്ഞ മല്ലിപ്പൂങ്കുലയിറുത്ത്
മതിലിനു മുകളിൽ മാഞ്ഞു


സ്കൂൾ മൈതാനത്തിൽ,
ലീലടീച്ചറുടെ
“അറ്റൻഷൻ” കേൾക്കുന്ന
കുട്ടികളെന്നപോലെ
ചെടികൾ വീണ്ടും നിശ്ശബ്ദരായ്,
അടുത്ത കാറ്റിനു വേണ്ടി
വരി തെറ്റാതെ നിൽക്കുമ്പോൾ
ഹൈവേയിലൂടെ പായുന്ന
ഒരാംബുലൻസിന്റെ ഒച്ചയിൽ
നട്ടുച്ച പൊട്ടിത്തകർന്നു

കോഴിവാലൻ ചെടിക്കും
കുറ്റിമുല്ലയ്ക്കുമിടയിലുള്ള
നനവു മാറാത്ത തടത്തിൽ
ഇളം ചില്ലകളുടെയും
ഇലകളുടേയുമൊരൊഴിവുണ്ട്!
ഇന്നലെവരെ
ഞാനിവിടെയുണ്ടായിരുന്നെന്ന്
പൊട്ടിയ ചില വേരുകളുമുണ്ട്!

ഒന്നു തൊട്ടു നോക്കണമെന്നുണ്ട്
കുഞ്ഞുങ്ങളുടെ നിറമുള്ള
വേരുകളിലൂടെ
ഒഴുകിക്കയറിയ
പ്രാണജലത്തിന്റെ നനവിൽ
ഒന്നു തൊട്ടു നോക്കണമെന്നുണ്ട്!

ഇതിങ്ങനെ പറയരുത്
ഇതു പറയേണ്ടതിങ്ങനെയല്ലെന്ന്
ഒച്ചയുണ്ടാക്കുവാൻ
കാറ്റിനെ കാത്തു നിൽക്കുകയാണ്
ചെടികളൊക്കെയുമെന്നു തോന്നി

മാനത്തുനിന്നപ്പോൾ,
കാരുണ്യം ഭാവിച്ച്
അകന്നുപോയ മഴ,
ആയുധമെടുത്തു വരുന്നതിന്റെ
ആരവം കേട്ടു.

13 comments:

അനിലൻ said...

ഉച്ചനേരങ്ങളിൽ

മനോജ് കെ.ഭാസ്കര്‍ said...

കുഞ്ഞുങ്ങളുടെ നിറമുള്ള
വേരുകളിലൂടെ
ഒഴുകിക്കയറിയ
പ്രാണജലത്തിന്റെ നനവിൽ...
നന്നായിട്ടുണ്ട്.

reghunathmenon said...

Kavitha neyumbol dhaivathinte kayukkalanu TP anilkumarine..sukshmathakale pichiparikatha athinekal sukahsmavum,mridulavum aya kayyakul...

t.a.sasi said...

നാട്ടുനേരങ്ങളുടെ കവിത..

Rajeeve Chelanat said...

നിന്റെ ഉച്ചച്ചൂടിനെ അകറ്റാന്‍, ആ പ്രാണജലത്തിന്റെ നനവില്ലേ അനിലാ, നിന്റെ ഓരോ കവിതകളിലും? അതുതന്നെ പോരേ ധാരാളം? പിന്നെയെന്തിന്?

അഭിവാദ്യങ്ങളോടെ

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ മനോഹരമായൊരു ആകാശക്കാഴ്ച്ച.വളരെ നല്ല വരികള്‍ .

വര്‍ഷിണി* വിനോദിനി said...

തോന്നലുകള്‍ തൂലികയില്‍ മനോഹരമായിരിയ്ക്കുന്നു...ആശംസകള്‍ ട്ടൊ.

എം പി.ഹാഷിം said...

ആശംസകള്‍

ans said...

ഇഷ്ടം

പകല്‍കിനാവന്‍ | daYdreaMer said...

<3

നജൂസ്‌ said...

ഉമ്മ!!

naakila said...

അനിലേട്ടാ മരംകൊത്തി വായിച്ചു
ഉച്ചനേരങ്ങളും

Karthika said...

അടുത്ത കാറ്റിനു വേണ്ടി
വരി തെറ്റാതെ നിൽക്കുമ്പോൾ
ഹൈവേയിലൂടെ പായുന്ന
ഒരാംബുലൻസിന്റെ ഒച്ചയിൽ
നട്ടുച്ച പൊട്ടിത്തകർന്നു...