തെരുവിലെ ആവിഷ്കാരം നോക്കി നില്‍ക്കുന്നു

നഗരവഴിയിലെ പീടികച്ചുമരില്‍
ചിത്രമെഴുതുന്നൊരാള്‍
ഉന്മാദി, അര്‍ദ്ധനഗ്നന്‍

ഭ്രാന്തു കൊത്തിയ വിരലുകളാല്‍
ചെങ്കല്ലുകൊണ്ട് പുലര്‍മാനം
കരിക്കട്ടകൊണ്ടിരുട്ട്
പച്ചില തേച്ച് കാട്

ചെങ്കല്‍ മാനത്തുകൂടെ
ചിത്രകാരനറിയാതെ
കിളിക്കൂട്ടം പറന്നുപോയി

നോക്കിനോക്കി നില്‍ക്കേ
ആകാശവും സൂര്യനും കവിഞ്ഞ്
കാടു വളര്‍ന്നു
എന്തോ നിലവിളിച്ചു

വെടികൊണ്ടതാവും!

ആരാലെങ്കിലും കണ്ടെടുക്കപ്പെടാന്‍
അടിക്കാട്ടില്‍ ഇലകള്‍ മൂടിക്കിടന്നു
പുണര്‍ന്ന നിലയില്‍
രണ്ടെല്ലിന്‍കൂടുകള്‍

എത്രയേകാന്തമീ കാടെന്ന്
ഒരു പാട്ടുയര്‍ന്നു

തോന്നിയതാവും!

മരങ്ങള്‍ സ്വയം വകഞ്ഞ്
വഴിയുണ്ടാക്കി വിളിച്ചു
കയറിക്കോളൂ!

വരച്ചവന്റെ കണ്ണുകളില്‍
കരുണയുടെ കടലിളകി
മഴ വന്നുമായ്ക്കും മുന്‍പ്
കയറണേ
കല്ലും മുള്ളും നോക്കണേ!


പിന്നിലേയ്ക്കാരോ
പിടിച്ചു വലിക്കുന്നല്ലോ!
മുള്ളുകളഞ്ഞ മീന്‍ വച്ചുരുട്ടിയ
ചോറുരുള ഓര്‍മ്മപ്പെടുന്നല്ലോ!

10 comments:

അനിലൻ said...

പരിചയമില്ലാത്ത നഗരമാണ് കോഴിക്കോട്. ത്രിശ്ശൂര്‍ക്ക് ബസ് പിടിക്കാനുള്ള തിരക്കിനിടയില്‍ ഒന്നു തൊണ്ട നനയ്ക്കാന്‍ പാപ്പിയോണ്‍ നൌഷാദിനെ പിടിച്ചു വലിച്ച് ബസ്സ്റ്റാന്റിനടുത്ത ബാറിലേയ്ക്കോടുമ്പോള്‍ പിടിച്ചുനിര്‍ത്തി, അല്പവസ്ത്രധാരിയായ ചിത്രകാരന്റെ ചോക്കും ചെങ്കല്ലും പച്ചിലകളും.

ചിത്രത്തിനു പുറത്ത് അപ്പോള്‍ സന്ധ്യയാവുന്നേ ഉണ്ടായിരുന്നുള്ളൂ.

വിഷ്ണു പ്രസാദ് said...

ഇളം പച്ചയില്‍ നീ തീര്‍ത്ത ഈ ആവിഷ്കാരങ്ങളൊന്നും മഴ മായ്ക്കുകില്ല.

ശെഫി said...

ഞാനും നോക്കി നിന്നിട്ടുണ്ട്‌ കോഴിക്കോട്ടെ ആ ചിത്രകാരനെ. കവിത നന്നായിരിക്കുന്നു.

പൊന്നപ്പന്‍ - the Alien said...

മിക്കവാറുമൊക്കെ എല്ലാ ചിത്രങ്ങളില്‍ നിന്നുമിറങ്ങിപ്പോകാന്‍ വരകള്‍ക്കൊക്കെ കൊതിയാകും.
പാവങ്ങള്‍! കൂട്ടിലാക്കിയ വേട്ടക്കാരന്റെ ഭ്രാന്തില്ലെന്ന ഭ്രാന്തിനെ പേടിച്ച്, നെഞ്ചെരിഞ്ഞ് വെട്ടം കൂട്ടി മിണ്ടാണ്ടു നില്‍ക്കും.
ഭ്രാന്തില്ലെന്നോര്‍ക്കാന്‍, കണ്ടിട്ടും കാണാതെ, കണ്ണിലെ ചോര-കണ്ണീര്‍-കലാപങ്ങളെ കഴുകിക്കളഞ്ഞ് കയ്യും കാലും കൂടെക്കഴുകി മീന്‍കൂട്ടാന്‍ തൊട്ടു കൂട്ടി രാമനാമം ജപിച്ചു നമ്മളും പോകും..
ഇന്നലെ പറന്നു പോയൊരു കിളിയുടെ ചിറകില്‍ പണ്ടെന്റെ കറുത്ത സ്ലേറ്റില്‍ വരഞ്ഞു പോയൊരു വരയൊളിച്ചിരുന്നോയെന്ന് ഇന്നുംകൂടെ ഓര്‍ത്തതേയുള്ളൂ !

അത്തിക്കുര്‍ശി said...

അനില്‍,

വളരെ ഇഷ്ടമായി..

അവസാനം മുള്ളുകളഞ്ഞ ചോറുരുളകള്‍ പിടിച്ചു വലിച്ചപ്പോള്‍!.

എന്തൊ റൊബെര്‍ട്‌ ഫ്രൊസ്റ്റിന്റെ പ്രശസ്ത വരികള്‍ ഓടിയെത്തി:

" മനോഹരം മഹാവനം ഇരുണ്ടഗാധമെങ്കിലും
അനേകമുണ്ടു കാത്തിടേണ്ട മാമക പ്രതിജ്ഞകള്‍
അനക്കമറ്റ നിദ്രയില്‍ ലയിപ്പതിന്നു മുന്നെയായ്‌
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാന്‍
എനിക്കതീവദൂരമുണ്ടവിശ്രമം നടക്കുവാന്‍"

Kuzhur Wilson said...

“ചിത്രത്തിനു പുറത്ത് അപ്പോള്‍ സന്ധ്യയാവുന്നേ ഉണ്ടായിരുന്നുള്ളൂ.“

ഓ , വലിയ കാര്യമായിപ്പോയി

വിശാഖ് ശങ്കര്‍ said...

ചങ്ങാടത്തില്‍ നീ കടത്തുകാരനായിരുന്നു.വായനക്കാരനെ അനുഭവങ്ങളുടെ പച്ചത്തുരുത്തില്‍ മേയാന്‍ വിട്ട് മാറിയിരുന്നു ബീടിവലിക്കുന്ന കടത്തുകാരന്‍.

ഇവിടെ രാപ്പനിയില്‍ നീ തിളയ്ക്കുന്നു.വായിക്കുന്നവനെ തിളപ്പിക്കുന്നു...

ഉന്മാദത്തിന്റെ കടുംനിറങ്ങളില്‍ കലഹിക്കുന്ന നിന്റെ വരികള്‍ ഉത്തരാധുനിക സമരസങ്ങളില്‍നിന്നും പിണങ്ങി മാറിനില്‍ക്കുന്നു.അതുകൊണ്ടാണ് അവ എനിക്ക് ഇത്രയ്ക്ക് പ്രിയപ്പെട്ടവ ആകുന്നത്.

Pramod.KM said...

വായിച്ചതിനു ശേഷവും നൊമ്പരങ്ങള്‍ ബാക്കി.
കിടയറ്റ വരികള്‍.

കെ.പി said...

കവിത ബ്ലോഗര്‍ നല്‍കുന്ന നാലുചതുരങ്ങളുടെ പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി...

കെ.പി.

പാതിരാമഴ said...

നോമ്പരമുണര്‍ത്തുന്ന കവിത.. നോവുകള്‍ ബാക്കി വായിച്ചു കഴിഞ്ഞപ്പോള്‍.. നന്നായി..