ഇടിഞ്ഞുവീഴാത്ത വഴി

തുരുമ്പന്‍ സൈക്കിളില്‍
വായനശാലയിലെത്തും
കണ്ണുകളില്‍ കത്തും
തലേന്നു വായിച്ചതിന്‍ ലഹരി
മുഷിഞ്ഞ ഷര്‍ട്ടില്‍നിന്നും
സന്ധ്യ മാഞ്ഞുപോവില്ല

പതിവു കസേരയിലിരുന്ന്
ജനാലകള്‍ തുറക്കുമ്പോള്‍
അടച്ചിട്ട കവിതകള്‍
പഴങ്കടലാസുമണത്തിനൊപ്പം
ഇടവഴിയില്‍ നടക്കാനിറങ്ങും
പുറത്ത് വൈദ്യുതക്കമ്പിയില്‍
പൊന്മ കാത്തിരിപ്പുണ്ടാവും
മാനം മുക്കിയ കുപ്പായമിട്ട്

ഇരുട്ടില്‍ മടങ്ങുന്നേരം
ഉള്ളില്‍ കുരുത്തതെല്ലാം ചൊല്ലും
പാട്ടുനിര്‍ത്തി രാപ്രാണികള്‍
ചെവിയോര്‍ക്കും
നിന്നിലേയ്ക്കുള്ള വഴിയിലൂടെ
യാത്ര പോയിട്ടേറെയായ്
എവിടെയാണ് നീയിപ്പോള്‍
എഴുതാറുണ്ടോ വല്ലതും?

ഇടിച്ച കാറുകളുടെ
അസ്ഥി വില്‍ക്കും തെരുവില്‍
ഒറ്റയ്ക്കു നടക്കുമ്പോള്‍
തുരുമ്പന്‍ സൈക്കിളിലൊരു
ബംഗാളി പോകുന്നു
പിന്നിലെക്കൊട്ടയില്‍
പണിയിടങ്ങളിലേയ്ക്കുള്ള
റൊട്ടിയും മീനും

ധ്രിതിപ്പെടുമുടലിന്‍
തളര്‍ച്ചയകറ്റുവാന്‍
പാടുന്നത്
ആരെക്കുറിച്ചാവും?

7 comments:

ജ്യോതീബായ്‌ പരിയാടത്ത്‌ said...

ധ്രിതിപ്പെടുമുടലിന്‍
തളര്‍ച്ചയകറ്റുവാന്‍
പാടുന്നത്
ആരെക്കുറിച്ചാവും?
..
predegree ക്ളാസ്സിലാണെന്നു തോന്നുന്നു solitary reaper പഠിച്ചത്‌.ഓര്‍മ്മ വന്നു പോയി.ഒപ്പം അറിയാ മൊഴിയിലെ അനേകം പാട്ടുകളുടെ അറ്‍ഥമാരായുന്ന ഏതെല്ലാമോ കവിതകളെയും . നല്ല കവിത അനില്‍

കെ.പി said...

നല്ല പരിചയം തോന്നുന്ന കാഴ്ചകള്‍,തോന്നലുകള്‍..ആവിഷ്കാരം നന്നായിട്ടുണ്ട്‌.

Sapna Anu B.George said...

മനുഷ്യന്റെ വേദനകളാകുന്ന അസ്ഥികൂടങ്ങളുടെ, നടുവില്‍,ജീവിതമാകുന്ന കുട്ടയില്‍,കൊണ്ടു പോകുന്ന മീനും റൊട്ടിയുമാകുന്ന ആശ്വാസം, ആര്‍ ‍ക്കെങ്കിലും ഉപകാരമാകുമല്ലോ എന്ന പാട്ടായിരിക്കും ബെംഗാളി പാടിയത്!! അല്ലെ!

Abdu said...

സാധരണ തിരിച്ചാണ് അനിലന്‍ പറയാറ്, ഇവിടന്ന് തുടങ്ങി അവിടേക്ക്..

പ്രവാസ കവിതകളുടെ ദാരിദ്രത്തെക്കുറിച്ച് ആരോ വേവലാതിപ്പെടുന്നത് കണ്ടു ഈയടുത്ത്, മറുപടികളിലൊന്നിത്,

Pramod.KM said...

അനിലേട്ടാ
ഇടിഞ്ഞുവീഴാത്ത വഴികളിലൂടെ എത്തിയ കവിത നന്നായി.
‘എവിടെയാണ് നീയിപ്പോള്‍
എഴുതാറുണ്ടോ വല്ലതും?‘
പലപ്പോഴും ഈ ചോദ്യത്തെ എന്റെ കേള്‍വിയും അഭിമുഖീകരിക്കാറുണ്ട്.

വിഷ്ണു പ്രസാദ് said...

ആവിഷ്കരണ ശൈലിക്ക് ഒരു മാറ്റമുണ്ട്.കവിത നന്നായിട്ടുണ്ട്.പക്ഷേ മുന്‍ കവിതകളുടെ അത്ര തിളക്കമില്ല.കവിതകള്‍ നടക്കാനിറങ്ങുന്നത്...എന്ന ഭാഗം ഒരു മുന്‍പരിചയം കാണിക്കുന്നു.

മാനം മുക്കിയ കുപ്പായമിട്ട മൈന..
കാറുകളുടെ അസ്ഥി വില്‍ക്കുന്ന തെരുവ്..

കിടിലന്‍ പ്രയോഗങ്ങള്‍...

dhr^thi ennu maatuka

വിശാഖ് ശങ്കര്‍ said...

സ്ഥിരമായി നല്ല കവിതകളെഴുതിയാലുള്ള കുഴപ്പമിതാണ്.വായനക്കാരന്‍ ഇതിലും നല്ലത് പ്രതീക്ഷിക്കും!
നീ നല്ല കവിതകള്‍ എഴുതിയാല്‍ പോരാ..അതിലും നല്ലവ എഴുതണം..

അസാധ്യമായതു നല്‍കുവാനായി
നിനക്കു നിന്നെ
പിഴിഞ്ഞെടുക്കുവാനാകും.