സര്‍പ്പശാപം

തായമ്പക പഠിപ്പിക്കുന്നത് കാണാന്‍
ശേഖരേട്ടന്റെ വീട്ടില്‍ പോകുമ്പോഴാണ്
കണ്ടത്
വൈകുന്നേരത്തിന്റെ വെളിച്ചത്തില്‍
കശുമാവിന്‍വേരുകളെന്നു തോന്നി

കാവിനരികിലെ ഇടവഴിയില്‍
വളര്‍ന്ന പൂവാംകുരുന്നിലയ്ക്കും
കുറുന്തോട്ടിപ്പടര്‍പ്പിനുമിടയില്‍
പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍

കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു

ഉരഗംപോല്‍ ഉടല്‍ വഴക്കമുള്ള പെണ്ണുങ്ങള്‍
പിന്നീട് ആ ഓര്‍മ്മ കൊണ്ടുവന്നിട്ടുണ്ട്
അരയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
ബെല്‍റ്റ് ഇണയെത്തിരയുന്നുവെന്ന്
തോന്നിയിട്ടുണ്ട്

കാലനക്കം കേട്ടാവണം
രതിയുടെ പകുതിയില്‍
ഇഴപിരിയും ഊഞ്ഞാല്‍ പോലെ
ഇണപിരിഞ്ഞ്
അവ രണ്ടു വഴിയ്ക്ക് ഇഴഞ്ഞുപോയി
വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?

പത്തി വിടര്‍ത്തി രോഷത്തോടെ ചീറ്റി
മഞ്ഞളും പൂവുമണിഞ്ഞ
ചിത്രകൂടക്കല്ലുകള്‍‍ക്കിടയില്‍
അത് മറഞ്ഞു

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?


(പെയിന്റിംഗ് : ഷംസുദ്ദീന്‍ മൂസ)

25 comments:

അനിലന്‍ said...

സര്‍പ്പരതി കണ്ട് തരിച്ചു നില്‍ക്കുമ്പോള്‍ പടിഞ്ഞാറേലെ ബാലേട്ടന്‍ വഴക്കു പറഞ്ഞു.
“ എന്തൂട്ടാ നോക്കി നിക്കണത്? അത് പിരിഞ്ഞാല്‍ ഓടി വന്ന് കൊത്തും. അന്തോം കുന്തോം ഉണ്ടാവണ്ടേ പിള്ളേരായാല്‍!”
ബാലേട്ടനാണ് ശരി!

Manu said...

"വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?"

പകുതിയായ കൌമാര രതിബിംബങ്ങളുടെ /കാഴ്ചകളുടെ വിഹ്വലതകള്‍ ബാക്കിയാവുന്ന നമ്മുടെയൊക്കെ തലമുറയില്‍ നിന്ന് രതി പൂര്‍ണ്ണമായും കേവലം വഴിയോരക്കാഴ്ചയാകുന്ന ഇന്നത്തെ തലമുറയിലേക്കുള്ള പരിണാമത്തെക്കുറിച്ച് ഓര്‍ത്തുപോകുന്നു. പുരോഗതിയെന്നോ അധോഗതിയെന്നോ നിര്‍വചിക്കാനാകാത്ത ചരിത്രഗതി....

നല്ലകവിത മാഷേ..കുറേ നേരം ഇവിടെ കുരുങ്ങിയിരുന്നു പോയി ....

Pramod.KM said...

പ്രാകുകയായിരുന്നിരിക്കില്ല.വിധിയില്‍ പരിതപിക്കുകയായിരുന്നിരിക്കും.;)
നന്നായി.

ഇടങ്ങള്‍|idangal said...

ഞാനും കണ്ടിട്ടുണ്ട് ചേരകളുടെ,

ശപിച്ചിട്ടുണ്ടോന്ന് കണ്ടറിയണം :)

പിന്നേയും ബലേട്ടനാണ് ശരി

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
ദേവസേന said...

“പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍
കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു“

ഭൂലോകത്തിലെ എല്ലാ പെണ്ണുങ്ങളെയും represent ചെയ്ത് ഞാന്‍ പറയട്ടെ, എനിക്ക് പ്രിയപ്പെട്ട കവിത.

ഇനി “നമ്മള്‍“ പോസ്റ്റ് ചെയ്യണം.

വിഷ്ണു പ്രസാദ് said...

സര്‍പ്പശാപം കിട്ടിയാലും ഇല്ലെങ്കിലും പ്രവാസിയാണെങ്കിലും അല്ലെങ്കിലും സ്വാസ്ഥ്യമായ രതിയില്ലാത്ത ഒരു കാലത്തെയാകമാനം പ്രതിനിധീകരിക്കുന്നുണ്ട് ഈ കവിത.ചുഴറ്റിയെറിയപ്പെടുന്ന ഇണകളെ/ഇണകൂടലുകളെ നിറയ്ക്കുന്ന ലോകം തീര്‍ച്ചയായും ഇങ്ങനെയൊരു സന്ദേഹത്തില്‍ പെട്ടു പോയിട്ടുണ്ടാവും.ഒരു മിത്തെങ്കിലും നമുക്ക് ആശ്വാസം തരട്ടെ...

എന്നിട്ട് തായമ്പക പഠിച്ചോ...:)

kuzhoor wilson said...

പാമ്പാവുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നതു കവിക്ക് അറിയാത്ത കാര്യമല്ല. പാവം പാമ്പുകള്

ദേവസേന said...

objection !!! objection !!!!!
പാമ്പാവുക വളരെ എളുപ്പമുള്ള കാര്യമാണെന്ന്, വെളുപ്പിനു 2 മണിമുതല്‍ 7 വരെ ദുബായില്‍ ആകമാനം ഇഴഞ്ഞു നടന്ന് ഒരാള്‍ തെളിയിച്ചിട്ടുണ്ട്.
yeah പാവം പാമ്പുകള്‍. ആരാണു ഉപമകള്‍ കണ്ടുപിടിക്കുന്നത്?? ‍

വിഷ്ണു പ്രസാദ് said...

നഹുഷനായിത്തീര്‍ന്നോ കവി...
അവിടെ പാമ്പായി നടക്കാനുള്ള(സോറി ഇഴയാനുള്ള)സൌകര്യമൊക്കെയുണ്ടല്ലേ...

വിഷ്ണു പ്രസാദ് said...
This comment has been removed by the author.
അനിലന്‍ said...

vishnu,
not me... i dont want to tell his name.
njaan ee nattukaaranalla!!!

ലാപുട said...

ഇഷ്ടമായി ഇതും...:)

vishak sankar said...

അസ്തിത്വന്വേഷണങ്ങളേക്കാള്‍ തീവ്രമാണ് ലൈംഗീകാന്വേഷണങ്ങള്‍.അല്ലെങ്കില്‍ അവ രണ്ടും ഒന്നാണ്.അതുമല്ലെങ്കില്‍ ആളിയൊടുങ്ങിയ തീ തെറിപ്പിച്ച തുള്ളികള്‍ ഉടലിലും ഉയിരിലുമൊരാലസ്യമായ് ഉരുണ്ടുകൂടവേ മലര്‍ന്ന് കിടന്ന് മനുഷ്യന്‍ ഓര്‍ക്കുന്നതാവും,ആരായിരുന്നു താന്‍?ആരാണ് താന്‍?ഏതു നേര്‍ച്ചയ്ക്കായാണീ കനലാട്ടം എന്നൊക്കെ...

ശാസ്ത്രത്തിന്റെ ആണികള്‍ യക്ഷികളെക്കൊണ്ടുപോയ് മിത്തുകളില്‍ തറച്ചുകളഞ്ഞല്ലോ അനിലാ..,ഇല്ലായിരുന്നുവെങ്കില്‍ പ്രാണനവര്‍ക്ക് പകരം കൊടുത്തെങ്കിലും അറിയാമായിരുന്നു നമ്മളീ തീക്കളം ചുമക്കുന്നത് സാക്ഷാത്കാരത്തിന്റെ ഏത് സുരമുഹൂര്‍ത്തങ്ങള്‍ക്കായാണെന്ന്..!

പൊന്നപ്പന്‍ - the Alien said...

രുചിയുടെ അവസാന ചിരിയും വീഴും വരെ
വിശക്കുന്ന മനസ്സും
നിഴലിന്റെ അവസാന വെളിച്ചവും ഒപ്പിയെടുക്കുന്ന
കാഴ്ചയുടെ പഴന്തുണിയും
തുമ്മലിന്റെ ഓരോ വിങ്ങലിലും, പിന്നത്തെയോര്‍മ്മയിലും
തെറിച്ചു പോകുന്ന മൂക്കും
വിഷത്തിന്റെ അവസാന പകിടയ്ക്കും ഉയിരുരുട്ടി
തുടിക്കുന്ന ഹൃദയവും
കൊണ്ടു വന്നിട്ടുണ്ട്.
എന്നാ വില തരും?

Sapna Anu B. George said...

“ഉരഗം പോലെ മെയ്‌വഴക്കം ഉള്ള സ്ത്രീ“ ഞങ്ങളെ സ്ത്രീ സമൂഹത്തെ‍, ഒന്നടങ്കം പ്രശംസിച്ചതിനു നന്ദി.

അനാഗതശ്മശ്രു said...

മുറിഞ്ഞ രതിയുടെ സര്‍പ്പ ചിത്രം... അസ്സലായി..
സപ്ന പറഞ്ഞതു ...
Sapna Anu B. George said...
“ഉരഗം പോലെ മെയ്‌വഴക്കം ഉള്ള സ്ത്രീ“ ഞങ്ങളെ സ്ത്രീ സമൂഹത്തെ‍, ഒന്നടങ്കം പ്രശംസിച്ചതിനു നന്ദി.

അനാഗതശ്മശ്രു said...
This comment has been removed by the author.
അനാഗതശ്മശ്രു said...

Sapna Anu B. George said...
“ഉരഗം പോലെ മെയ്‌വഴക്കം ഉള്ള സ്ത്രീ“ ഞങ്ങളെ സ്ത്രീ സമൂഹത്തെ‍, ഒന്നടങ്കം പ്രശംസിച്ചതിനു നന്ദി.
ഒന്നടങ്കം എന്നു വേണോ സപ്നേ?

അനിലന്‍ said...

ഉടലല്‍ വഴക്കമുള്ള കാപ്പിരിപ്പെണ്ണുങ്ങള്‍
എന്നതാണ്‍് ശരി, കാപ്പിരി ടൈപ്പ് ചെയ്തപ്പോള്‍ വിട്ടുപോയതാണ്.

വിനയന്‍ said...

അണ്ണാ എന്നാ ലാങ്കേജ് ......കലക്കി...ക്കി ഇഷ്ടായി.

kaithamullu : കൈതമുള്ള് said...

“ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?“
-അത്ര വേണോ?
നന്നായിരിക്കുന്നു, അനില്‍.

ദേവസേനേ,
-ഈ വിവരം ആരാ ചോര്‍ത്തിത്തന്നത്?
വിത്സന്‍ ഇണയെത്തേടിയലയുകയല്ലായിരുന്നോ?

അനിലന്‍ said...

കൈതമുള്ളിന്റെ, അല്ല കൈതപ്പൊന്തയിലായിരുന്നു അന്ന് വിത്സന്‍ അല്ലേ, വരാനൊത്തില്ല അന്ന്, അതുകൊണ്ട് ആ ഇഴച്ചില്‍ ജസ്റ്റ് മിസ്സായി.

ഞാനൊരു ദരിദ്രനാണ് പൊന്നപ്പാ, ഹൃദയം വാങ്ങാനുള്ള കോപ്പൊന്നും ഇപ്പോഴില്ല, ഒക്കെ ധൂര്‍ത്തടിച്ചു കളഞ്ഞു.

നന്ദി മനൂ

വിഷ്ണൂ, തായമ്പക പഠിച്ചില്ല, താളങ്ങളൊക്കെ തെറ്റിക്കിടക്കുകയാണ്.

jyothi.p said...

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ? :)

ചില നേരത്ത്.. said...

എത്രായിരം പേര്‍ ഇണചേരുന്ന പാമ്പുകള്‍ക്ക് അലോസരമായിട്ടുണ്ടാവുമെന്നും അവരില്‍ മിക്കവരും മദ്ധ്യപൌരസ്ത്യ ദേശത്ത് പ്രവാസികളായി തീരുമെന്നായിരിക്കുമെന്നായിരുന്നു ശാപമെങ്കില്‍ എന്തായിരിക്കണം ശാപമോക്ഷം?
നല്ല പാചകക്കാരനാണ് അനില്‍, ഈ കവിത രുചികരമായൊരു അത്താഴമാണ്. നന്ദി