നമുക്കറിയാത്ത ചിലത്

രാജാവിന് പ്രണയിനിയുടെ
ഓര്‍മ്മപ്പുരയുണ്ടാക്കുന്ന
പണിക്കാരെന്നു തോന്നും
ചുമ്മാടും ചോറ്റുപാത്രവുമായി
തലേരാത്രിയെപ്പറ്റി നിശ്ശബ്ദം പറഞ്ഞ്
വരിമുറിയാതെ അച്ചടക്കത്തോടെ
പോകുന്ന ഉറുമ്പുകള്‍

അവയുടെ കരിമരുന്നിന്‍ചാലിനു കുറുകെ
അമര്‍ത്തി ഒന്നു വരയ്ക്കുക
ആശയവിനിമയത്തിന്റെ
ജലഗന്ധം നഷ്ടമായി
രണ്ടു ദേശങ്ങളിലേയ്ക്ക് വിഭജിക്കപ്പെട്ട്
അവര്‍ ചരിത്രമാകും

വിഭജിക്കപ്പെട്ടാലും അവര്‍
സ്വന്തം നിലപാടുതറകള്‍ പണിയാതെ
മുന്നില്‍ നടന്നവന്റെ വിയര്‍പ്പ്
തെരഞ്ഞു കണ്ടെത്തും
എങ്ങോട്ടു ചിതറപ്പെട്ടാലും
കരുതി വയ്ക്കുവാനുള്ള ഇടം
ഒന്നു മാത്രമാണെന്ന് അവര്‍ക്കറിയാം
വരച്ച് വഴിമുറിക്കുന്ന വിരലുകള്‍
ഇനിയുമുണ്ടെന്നും

അവര്‍ക്ക് മറ്റു ചിലതുമറിയാം

മുളകള്‍ ഒരിക്കല്‍ മാത്രമാണ് പൂക്കുകയെന്ന്
കതിരുകളില്‍ പാലുറച്ചു ധാന്യമാകുന്ന സമയം
മേഘങ്ങള്‍ ഉലയിലെ ലോഹനിറം വിട്ട്
ശ്യാമമാകുന്ന കാലം

ധാന്യമൊളിപ്പിച്ച അറകളിലേയ്ക്ക്
രഹസ്യ വഴികളുണ്ടെന്നും
ഒരുമിച്ചു കടിച്ചാല്‍ പിന്മാറാത്ത
കാലുകളില്ലെന്നും അവര്‍ക്കറിയാം

12 comments:

അനിലന്‍ said...

നാലു കൊല്ലം മുന്‍പ് ദേശാഭിമാനിയില്‍ വന്നതാണ്

സു | Su said...

കവിത ഇഷ്ടമായി. എന്തെങ്കിലും തടസ്സം വന്നാല്‍, അല്പമൊന്ന്, ചിന്തിച്ച്, വേറൊരു വഴിയില്‍ക്കൂടെ വീണ്ടും, ജാഥയായി പോകുന്ന ഉറുമ്പുകള്‍ക്ക് പലതുമറിയാം.

മുമ്പ് വായിച്ചിട്ടില്ല. ഇപ്പോള്‍ വായിക്കാന്‍ പറ്റിയതില്‍ സന്തോഷം. നന്ദി.

പുള്ളി said...

'നമുക്കറിയാത്ത ചിലത്' ഇഷ്ടപ്പെട്ടു.

ഓ.ടോ വിത്ത് മാപ്പ്: ആന മാത്രമാണ് ഉറുമ്പിന്റെ യഥാര്‍ത്ത സുഹൃത്തെന്ന് നമുക്കറിയാം...

അപ്പൂസ് said...

ഇഷ്ടമായി

രാജു ഇരിങ്ങല്‍ said...

പതിവ് ശക്തി ഇല്ലെങ്കിലും
“ധാന്യമൊളിപ്പിച്ച അറകളിലേയ്ക്ക്
രഹസ്യ വഴികളുണ്ടെന്നും
ഒരുമിച്ചു കടിച്ചാല്‍ പിന്മാറാത്ത
കാലുകളില്ലെന്നും അവര്‍ക്കറിയാം“

മനോഹരം

വിഷ്ണു പ്രസാദ് said...

ഇതാണ് കവിത,ഇത് മാത്രമാണ് കവിത ...എന്നൊക്കെ പലപ്പോഴും അനിലിന്റെ കവിതകള്‍ വായിക്കുമ്പോള്‍‍ തോന്നുന്നതിനെ തടുക്കാനാവില്ല.

അനിലന്‍ said...

സു,പുള്ളി,അപ്പൂസ്,രാജു
നന്ദി

jyothi.p said...

really nice anil. നല്ലൊരു കവിത വായിച്ച സന്തോഷം :)

അരീക്കോടന്‍ said...

ഇഷ്ടപ്പെട്ടു.

ചില നേരത്ത്.. said...

അനിലിന്റെ ഏറ്റവും മനോഹരമായ കവിത!!

അജിത്ത് പോളക്കുളത്ത് said...

"""എങ്ങോട്ടു ചിതറപ്പെട്ടാലും
കരുതി വയ്ക്കുവാനുള്ള ഇടം
ഒന്നു മാത്രമാണെന്ന് അവര്‍ക്കറിയാം
വരച്ച് വഴിമുറിക്കുന്ന വിരലുകള്‍
ഇനിയുമുണ്ടെന്നും"""

വരികള്‍ ശ്രേഷ്ഠം!!!!!!!!

..::വഴിപോക്കന്‍[Vazhipokkan] said...

oru sukhonde vayikan..