വിരല്‍ത്തുമ്പുവിട്ടു പോകുന്നു

കൂടെ വന്നിട്ടുണ്ടാവില്ല
വഞ്ചിയില്‍
കൈപിടിച്ചു കയറ്റിയിട്ടില്ല
നടക്കുമ്പോള്‍ വഴിയിലെ
ചുമരെഴുത്തുകള്‍ വായിച്ചു കാണില്ല
ഇന്നലെ ചോദിച്ചപ്പോള്‍
ഞാനെങ്ങുമില്ലെന്ന് പറഞ്ഞതാണവള്‍

ഏതു ക്ലാസ്സില്‍ പഠിക്കുന്നു?
മൂന്നു പൂരങ്ങള്‍കൂടി കഴിഞ്ഞാല്‍
പ്രായമാവും, വേവലാതിയാരോ
ഊതിപ്പെരുക്കിയോ
കള്ള് കളിയാടും മുന്‍പേ
പിടിച്ചിറക്കിപ്പോന്നുവോ
ദൂരെ എഴുന്നെള്ളിപ്പിന്‍
ആദ്യകതിന മുഴങ്ങുമ്പോള്‍
വിരല്‍ കയറ്റി ചെവിയടച്ചുവോ
കൂടെയുണ്ടായിരുന്നുവോ?

ഉച്ചവെയിലില്‍
ഇരമ്പുന്നു പഞ്ചാരിക്കടല്‍
തിളങ്ങും ചമയങ്ങളില്‍
ചെവിയാട്ടം മറന്നു നില്പൂ
കാടു മറന്ന കൊമ്പന്മാര്‍
എനിയ്ക്കും ബലൂണ്‍ വേണം
പലനിറങ്ങളില്‍ പൂത്ത മരം
കൈ ചൂണ്ടി മോഹിച്ചുവോ
തിരക്കില്‍
ഞാന്‍ കേള്‍ക്കാതെയാവുമോ
കൈവിട്ടു പോയതാണോ
ഏയ്... ഞാന്‍ വന്നതൊറ്റയ്ക്കാണ്
വീട്ടില്‍, തുറന്ന പുസ്തകത്തിലവള്‍
ഉറങ്ങുകയാവും

കടും ചുവപ്പു റിബ്ബണ്‍ വാങ്ങാം
നീളന്‍ മുടി പകുത്തുകെട്ടി
ശലഭമാവട്ടെ
കുപ്പിവളകള്‍ പാകം തിരയുമ്പോള്‍
വിരല്‍ത്തുമ്പില്‍ ഉള്ളങ്കൈച്ചോപ്പ്!

ആവില്ല... അവളിപ്പോള്‍
ഇറയത്തെന്നെ കാത്തിരിപ്പുണ്ടാവും
ഞാന്‍ വന്നതൊറ്റയ്ക്കാണ്!

35 comments:

അനിലൻ said...

‘ഓരോന്ന് സ്വപ്നം കണ്ട് നടന്ന്ട്ട് കൂട്ടം തെറ്റര്‌ത്’
പൂരങ്ങള്‍ക്കുപോകുമ്പോള്‍ അമ്മ പറയും. എപ്പോഴും കൂട്ടം തെറ്റുകയും ചെയ്യും.
വലുതായപ്പോ, മക്കള്‍ ജനിക്കുന്നതിനും മുന്‍പേ ഇടവിട്ടു കാണാന്‍ തുടങ്ങിയ പേടിസ്വപ്നമാണ് ഒരു പൂരപ്പറമ്പില്‍ കൈവിട്ടുപോകുന്ന മകള്‍!
ഡിലീറ്റ് ചെയ്യാന്‍ ഏറെ ആഗ്രഹിക്കുന്ന പേടിസ്വപ്നം.

G.MANU said...

വീട്ടില്‍, തുറന്ന പുസ്തകത്തിലവള്‍
ഉറങ്ങുകയാവും

അനിലാ........... മാഷു വാക്കുകള്‍ കൊടുത്ത്‌ ഹൃദയം വാങ്ങുന്നവന്‍..

Pramod.KM said...

പൂരച്ചന്തത്തില്‍ സ്വയം മറക്കുന്നത് പുതുമയല്ലല്ലോ.പണ്ട് മൂത്താശാരി മോളെ മറന്നില്ലേ മേളം മുറുകുമ്പോള്‍?..
പൂരപ്പറമ്പില്‍ സ്വപ്നം കണ്ട് നിന്നാലും വീട്ടിലേക്ക് വരട്ടെ വിരല്‍ത്തുമ്പുവിട്ടു പോകുന്ന എല്ലാം:)

Sanal Kumar Sasidharan said...

അതെ അനിലന്‍ കവിത നിങ്ങളുടെ വിരല്‍ത്തുമ്പുവിട്ട് ഞങ്ങളുടെ ഹൃദയത്തിലേക്ക് പോരുന്നു.അഭിനന്ദനങ്ങള്‍

Gopan | ഗോപന്‍ said...

അനിലന്‍..കവിത നന്നായിരിക്കുന്നു..
പൂരത്തെക്കാളേറെ ബലൂണുകളും കളികോപ്പുകളും
ഇഷ്ടപെട്ടിരുന്ന നിഷ്‌കളങ്കതയുടെ ആകാലം ഓര്‍ത്തുപോയ്
തന്‍റെ മകളെ നഷ്ടപെട്ടു പോയോ
എന്ന് വ്യാകുല പെടുന്ന ഒരു മനസ്സിതില്‍ കാണാം
പുതുവത്സരാശംസകളോടെ

ദിലീപ് വിശ്വനാഥ് said...

നല്ല കവിത. വളരെ വ്യത്യസ്ഥമായ ഒരു വിഷയം.

അനിലൻ said...

മനു - സന്തോഷം
പ്രമോദ് - ഈ കവിതയുടെ രണ്ടാം ഭാഗമാണ് ഒരര്‍ത്ഥത്തില്‍ മരങ്കൊത്തി
സനാതനന്‍, ഗോപന്‍, വാല്‍മീകി - സന്തോഷം

അലി said...

പുതുവത്സരാശംസകള്‍

കണ്ണൂസ്‌ said...

പണ്ടാരം! അനിലന്റെ കവിത വായിച്ചാ ഒന്ന് അയഞ്ഞുകിട്ടണമെങ്കില്‍ ഇനി ഈ ഉച്ച വെയിലത്ത് നടക്കാന്‍ പോണം!

asdfasdf asfdasdf said...

അനിലേട്ടന്റെ കവിത വായിച്ചു. ഇതിനി കുറച്ചുദിവ്സം കൂടെ കാണും. വിട്ടുപോകാനൊരു മടി.

ഗുപ്തന്‍ said...

അച്ഛനു പൂരം.. മകള്‍ക്ക് കളിക്കോപ്പും കരിവളയും.... കവീ !!!

എത്രതവണ ഡിലീറ്റിയാലും ഈ സ്വപ്നം.......

കുറുമാന്‍ said...

അനിലാ,

വളരെ നന്നായിരിക്കുന്നു.

ചില വരികള്‍ അതിഗംഭീരം.

aneeshans said...

അനിലേട്ടാ !!!

സജീവ് കടവനാട് said...

മൂന്നു പൂരങ്ങള്‍കൂടി കഴിഞ്ഞാല്‍
പ്രായമാവും, വേവലാതിയാരോ
ഊതിപ്പെരുക്കിയോ

ആ വേവലാതി തന്നെയല്ലേ കവിതയുടെ മൊത്തം സത്ത.

മന:സ്നേഹ said...

വാക്മയ ചിത്രങള്‍ തന്നെയാണ്‌ ആനചന്തം

ഹരിശ്രീ said...

നന്നായിരിയ്കുന്നു ഭായ്

പുതുവത്സരാശംസകള്‍

അനിലൻ said...

കണ്ണൂസ് - എനിയ്ക്കുമതേ :)

കുട്ടന്‍ മേനോന്‍ - വിരല്‍ത്തുമ്പ് വിടല്ലേട്ടാ

ഗുപ്തന്‍ - തിരിച്ചു വരും അല്ലേ :)

നസ്രേത് - കാണാറില്ലല്ലോ ഈയിടെയായി

അലി, കുറു, അനീഷ്,കിനാവ്, ഹരിശ്രീ - സന്തോഷം

എല്ലാര്‍ക്കും പുതുവര്‍ഷാശംസകള്‍!

Anonymous said...

Gostei muito desse post e seu blog é muito interessante, vou passar por aqui sempre =) Depois dá uma passada lá no meu site, que é sobre o CresceNet, espero que goste. O endereço dele é http://www.provedorcrescenet.com . Um abraço.

നിലാവര്‍ നിസ said...

വളരെ ഹൃദ്യമായ അന്തരീക്ഷം.. കവിതക്ക്.. നന്നായി..

ഡാലി said...

ചിലതരം പേടികള്‍ എത്ര ശ്രമിച്ചാലും വിട്ട് പോവില്ല. ഒരിക്കലും സംഭവിക്കില്ല എന്ന് എത്ര സ്വയം വിശ്വസിപ്പിച്ചാലും അസമയത്ത് അവ ചുറ്റി പറ്റി വരാറുണ്ട്.അതിലൊന്നാണ് ദൂരെയാത്രയില്‍ കൂട്ടം തെറ്റി പോകുന്ന അവസ്ഥ. മകളെ വിട്ടുകളഞ്ഞ അച്ഛന്റെ വീക്ഷണത്തില്‍ കേട്ടപ്പോള്‍ പിന്നെയും പേടിയാവുന്നു.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

വ്യത്യസ്തത പുലര്‍ത്തുന്നൂ നയിസ്.!!

അനിലൻ said...

നിലാവ്- :)

ഡാലി - മകളെ വിട്ടുകളഞ്ഞതാവില്ല.. കവിട്ടുപോയതാവും..തിരക്കില്‍.. അല്ലേ?

സജി - സന്തോഷം

Anonymous said...

അങ്ങനെ വിരല്‍ത്തുമ്പു വിട്ടവള്‍ പോവാമോ അനിലാ? അതു വിട്ടു കളയല്‍ തന്ന്യല്ലേ.വിടരുത് . അവളെത്ര പേടിക്കും, അവളെ എന്തൊക്കെ പേടിപ്പിക്കും!
അരുന്ധത്യേമ്മയ്ക്ക് ബുക്കര്‍ കിട്ട്യേ കൊല്ലം മക് ഇവാന്‍ -നെ വെറും നോമിന്യാക്കി തള്ളിയതിനു ഇപ്പഴും പൊറുക്കാന്‍ കഴിഞിട്ടില്ല്യ. വായിച്ചിട്ടുണ്ടോ അദ്ദേഹത്തിന്റെ "ചൈല്‍ഡ് ഇന്‍ റ്റൈം"? വിരല്‍ത്തുമ്പു വിട്ടു പോയവള്‍ടെ കഥ?അവള്‍ടച്ഛന്‍ തച്ചന്റെ കഥ? ഇല്ല്യെങ്കി വായിക്കു ഉറക്കം പോയിട്ട് മരണം പോലും നമ്മളെ കൈവിടും.

Kumar Neelakandan © (Kumar NM) said...

വളരെ മനോഹരമായി എഴുതിയിരിക്കുന്നു അനിലന്‍.

എഴുതാനുള്ള വിഷയം തെരഞ്ഞെടുത്തതിനാണ് എന്റെ മുഴുവന്‍ മാര്‍ക്ക്. തികച്ചും വ്യത്യസ്തം. വായിക്കുമ്പോള്‍ വേഗതകൂട്ടി അടുത്തവരിയിലേക്ക് കണ്ണിനേയും അവളെവിടെ എന്ന് തിരക്കുന്ന വായനക്കാരന്റെ മനസിനേയും കൊണ്ടുപോകാന്‍ കഴിഞ്ഞത് ക്രാഫ്റ്റ്.

ഇങ്ങനെ ലളിതമായി പറഞ്ഞുപോകാനുള്ള തോന്നലിനു നന്ദി.
ആദ്യമായാണ് ഇവിടെ. ഇനി ഈ വിരല്‍ത്തുമ്പുവിട്ടുപോകാതെ സൂക്ഷിച്ചോളാം.

Mubarak Merchant said...

wonderful craft..
congrats.

Ziya said...

ഉച്ചവെയിലില്‍
ഇരമ്പുന്ന പഞ്ചാരിക്കടലില്‍ ഒറ്റപ്പെട്ടു പോയി എന്റെ ഹൃദയം!

ഹാ!

ഞാനിനിയിങ്ങനെ കുറേ അലയട്ടെ...

മുസ്തഫ|musthapha said...

യാത്രയിലെപ്പോഴും അവളുടെ വിരലുകള്‍ എന്‍റെ കൈകളില്‍ മുറുകാറുണ്ട്... ഉപ്പാ കൈ വേദനിക്കുന്നു എന്ന് പറയുന്നത്രയ്ക്കും... എന്നിട്ടും ഈ കവിത വായിച്ചപ്പോള്‍ ഇതുവരെയില്ലാതിരുന്ന ഒരു പേടി എന്‍റെ മനസ്സിലേക്ക് കടന്നു വന്നിരിക്കുന്നു...!

അനിലൻ said...

അചിന്ത്യ - ഭൂമിയിലെ ഏറ്റവും സ്വാര്‍ത്ഥന്മാരായ പിതാക്കന്മാരുടെ കൂട്ടത്തിലായതുകൊണ്ട് പേടിക്കാനും പേടിപ്പിക്കാനുമുള്ള ഒരു ചാന്‍സും ഞാന്‍ അവള്‍ക്ക് കൊടുക്കില്ല :)
ആ പുസ്തകം വായിച്ചിട്ടില്ല, എവിടെ കിട്ടും? ഓണ്‍ലൈനില്‍ വാങ്ങാനാവുമോ? ഒന്നു പറയുമോ?

കുമാര്‍ - ഇടയ്ക്കിവിടെ വന്നു പോകണേ

ഇക്കസോട്ടോ, സിയ - സന്തോഷം

അഗ്രജന്‍ - അചിന്ത്യ പറഞ്ഞത് കേട്ടില്ലേ

Sharu (Ansha Muneer) said...

നല്ല കവിത.... മകളോടുള്ള സ്നേഹം വ്യത്യസ്തമായ ഒരു വിഷയത്തിലൂടെ വളരെ മനോഹരമായി വരച്ചുകാട്ടിയിരിക്കുന്നു... ഭാവുകങ്ങള്‍

കാവലാന്‍ said...

സ്നേഹത്തിന്‍ വര്‍ണ്ണനൂലുകളാല്‍ രചിക്കപ്പെട്ട നല്ല കവിത. ഭാവുകങ്ങള്‍.

Teena C George said...

സൂര്യനായ് തഴുകി ഉറക്കമുണര്‍ത്തുമെന്‍ അച്ഛനെയാനെനിക്കിഷ്ടം...
ഞാനൊന്നു കരയുമ്പോളറിയാതെ ഉരുകുമെന്‍ അച്ഛനെയാണെനിക്കിഷ്ടം...

അനിലൻ said...

ഷാരു, കാവലാന്‍, ടീന - :)

ആഗ്നേയ said...

അനിലേ നാട്ടിലേക്കുമടങ്ങുമ്പോ ആകെയുന്ടായിരുന്ന പേടി അതാരുന്നു..ഇപ്പോഴുമുണ്ട് ഇത്തരം പേടിസ്വപ്നങ്ങൾ രാത്രികളിൽ കൂടെ.. :( വായിക്കുമ്പോ വീണ്ടും വീണ്ടും വല്ലാത്ത പേടിതോന്നുന്നു

അനിലൻ said...

sathyam :(

Anonymous said...

മനസ്സിലെ ഞെട്ടല്‍ ഇപ്പോഴും മാറിയിട്ടില്ല.... ഒരു ജന്മം കരയെണ്ടിയിരുന്നത് .... ദൈവത്തിനെ കാരുണ്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ചു കിട്ടിയിരിക്കുന്നു....ഇനി എന്നേക്കും ഉള്ള ഒരു പാഠം ഒരു വാണിംഗ്...മന്സിലെന്നും ഒരു കനലെരിച്ചു കൊണ്ട്...... ഇനി അവളുടെ കുഞ്ഞു കരം വേദനിച്ചാലും എന്നും വിടാതെ പിടിക്കണം...പൂമ്പട്ടയെ പോലെ തുള്ളി കളിക്കുന്നത് കാണാന്‍ കൊതിയനെങ്കിലും ഓമനേ നിന്നെ തടഞ്ഞു നിര്‍ത്തണം....