ആഴങ്ങളിലെ മണ്ണ്

സഞ്ജീവ് വന്നിരുന്നു
ഞാനിവിടെയൊക്കെ ഉണ്ട്
എന്ന് ചിരിച്ച്

നിന്റെ ചിരിയെന്താണ്
ഇങ്ങനെ കറുത്ത്
കണ്ണുകള്‍ പുകഞ്ഞ്
ആഴങ്ങളിലെ മണ്ണ് മണക്കുന്നല്ലോ
അടിമുടി?
ഞാന്‍ ചോദിച്ചു
അവന്‍ ചിരിച്ചു

ദാഹിക്കുന്നുവെന്ന്
മൃഗംപോലെ കിതച്ച്
ഒഴിച്ചുവച്ച
വോഡ്ക മുഴുവനും കുടിച്ചു

നീ പോയതിനു ശേഷം,
തെരുവുകളില്‍
രാത്രി സഞ്ചാരത്തിനിറങ്ങുന്ന
സുഖവാഹിനിക്കപ്പലുകളില്‍
ഞാന്‍ യാത്ര ചെയ്തിട്ടില്ല

അവനതു കേട്ട്
ശബ്ദമില്ലാതെ ചിരിച്ചു
ചിരിയില്‍
എനിയ്ക്കു പരിചയമില്ലാത്ത
ചിലത് ഉണങ്ങിപ്പിടിച്ച്
വേറെ ആരോ ആണെന്നു തോന്നി

പിറകിലെ ആളൊഴിഞ്ഞ കെട്ടിടവും
മരങ്ങളും
ജനലരികില്‍ ചെവിയോര്‍ക്കുന്നുവെന്ന്
പെട്ടെന്ന് ഉരുള്‍പൊട്ടിയ പേടിയില്‍
ഞാന്‍ മുങ്ങിമരിച്ചപ്പോളാവണം
അവന്‍ പോയത്

ഉണര്‍ന്നപ്പോള്‍
കസേരയില്‍
അവനില്‍ പാര്‍ത്തിരുന്ന
പ്രാണികള്‍ ഇഴയുന്നുണ്ടായിരുന്നു

17 comments:

അനിലന്‍ said...

സഞ്ജീവ്.
ഏഴിലംപാല പൂത്തു.. എന്ന പാട്ട് അവന്‍ പാടണമായിരുന്നു.

ഷാര്‍ജ്ജയിലെ ഒരു സ്വിമ്മിംഗ്പൂളില്‍ അവന്റെ പാട്ടും തമാശകളും മുങ്ങിപ്പോയിട്ടും ഉറക്കത്തിലിപ്പോഴും വരും.

അഭയാര്‍ത്ഥി said...

മൃതസജ്ഞീവനിച്ചെടികള്‍ക്കിടയിലൊ സഞ്ജീവിന്റെ ഉറക്കം.?

Sumesh Chandran said...

ഇടയിലിതുപോലെ നഷ്ടപ്പെട്ട ഒരു സ്നേഹിതനുണ്ടായിരുന്നു, ഓര്‍ക്കുമ്പോള്‍ എപ്പോഴും ഒരു വിങലാണ്.. കഴുത്തോളം ജീവിതത്തില്‍ ആഴ്ന്നു മുങ്ങാനിരുന്നവരുടെ വിലാപങള്‍ വകഞുമാറ്റി വരാറുണ്ടവന്‍ രാത്രിപകല്‍ഭേദമില്ലാതെ!അവന്‍ ചിരിക്കാറില്ല, ആളിക്കത്തുന്ന ആ ഒറ്റനോട്ടം മതി സൂര്യോദയദര്‍ശനത്തിന്!

അനിലന്‍,കയത്തിലേയ്ക്കെടുത്തെറിയുന്നു ഈ കവിത.

അതുല്യ said...

സഞ്ജീവ് - ഭാഗ്യവാനവന്‍. മത്സരങ്ങളും മാ‍ലിന്യങ്ങളും ഇനി വേണ്ടല്ലോ.

അനിലന്‍ said...

അഭയാര്‍ത്ഥി - അതേന്നു തോന്നുന്നു, അതല്ലേ ഇപ്പോഴും ഉറക്കമുണര്‍ന്നു വരുന്നത്.

സുമേഷ്- നഷ്ടപ്പെട്ട സ്നേഹിതന്‍ (നഷ്ടപ്പെട്ട സ്നേഹം!!!)

അതുല്യ- സത്യം. (സ്ഥലത്തില്ലായിരുന്നോ?)

ലാപുട said...

സുഭാഷ് ചന്ദ്രന്റെ ഒരു കഥയിലാണെന്ന് തോന്നുന്നു പേടി അതിന്റെ തീക്കട്ട പോലുള്ള നാവുകൊണ്ട് ഒരാളിന്റെ നട്ടെല്ലില്‍ നക്കി എന്ന് എഴുതിയിരുന്നത്. ആ വാചകം ഓര്‍മ്മവന്നു....ഉള്ളിലെമ്പാടും സങ്കടത്തിന്റെ മൈനുകള്‍ പൊട്ടുന്നുമുണ്ടായിരുന്നു ഈ കവിത എന്നിലൂടെ നടന്നപ്പോള്‍..

latheesh mohan said...
This comment has been removed by the author.
latheesh mohan said...

കൂടയില്ലാത്തവരെക്കുറിച്ച്/ഇല്ലാത്തവയെക്കുറിച്ച് എഴുതുമ്പോഴായിരിക്കണം കവിത ഏറ്റവും മനോഹരമാകുക എന്നു തോന്നുന്നു..

ഒരുപാടു പേര്‍ കൂടയില്ലാത്തതു കൊണ്ടാവണം ഈ കവിത ശരിക്കും ഫീല്‍ ചെയ്തു..

കിനാവ് said...

സുന്ദരാനായിട്ടാണല്ലോ വന്നിരുന്നത്. എത്ര സ്വിമ്മിംഗ്പൂളുകളില്‍ കുളിച്ചതായിരുന്നു.എന്നിട്ടും മണ്ണും അഴുക്കും കണ്ടുപിടിച്ചു അല്ലേ?...

ആരോ ഒരാള്‍ said...

:-S , ശരിക്കും കേട്ടോ ആ ചിരി ?
രാത്രി നേരത്തെ കിടന്ന് ഉറങ്ങണം.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല കവിത

വാല്‍മീകി said...

വായിച്ചപ്പോള്‍ ഒരു ഭയം..
ഭയങ്കരമായ വരികള്‍.

ഗോപന്‍ said...

:-)

ദ്രൗപദി said...

നല്ല കവിത
ലളിതമായ അഖ്യാനശൈലി ഒരുപാടിഷ്ടപ്പെട്ടു...

ആശംസകള്‍

സാരംഗി said...

വായിച്ചു, വളരെ ഇഷ്ടപ്പെട്ടു.

സനാതനന്‍ said...

വൈകിവായിച്ച ലഹരി.അനിലാ ഈ കവിതക്ക് എന്തോ പ്രത്യേകതയുണ്ട്.ആത്മാര്‍ഥതയാവാം.

ഹരിശ്രീ said...

നന്നായിരിയ്കുന്നുഭായ്,

ആശംസകള്‍...

:)

ഹരിശ്രീ