ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും?

ഒരിക്കല്‍
ഒരറബി നഗരത്തിന്റെ പിന്നാമ്പുറത്ത്‌
സ്ഥിരം വരവുകാരായ
കെട്ടിടം പണിക്കാര്‍ പഠിപ്പിച്ച
ഉറുദുവും പുഷ്‌തുവും തെലുങ്കും
തെറിയും മണക്കുന്ന
ഇംഗ്ലീഷുപോലുള്ളൊരു ഭാഷയില്‍
‍സോവിയറ്റ്‌ നാട്ടില്‍നിന്നു വന്ന ഒരു പെണ്ണ്
ഒരു മലയാളി യുവാവിനോട്‌
നിന്നെ എനിയ്ക്കിഷ്ടമായെന്ന് പറഞ്ഞു

അവളവന്‌ വോഡ്ക ഒഴിച്ചു കൊടുത്തു
ഉപ്പും പച്ചമുളകും ചെറുനാരങ്ങാനീരുമുള്ള
തീജലം കുടിക്കുമ്പോള്‍
തന്റെ അലമാരയിലുള്ള
പെട്ടിപ്പാറ്റകള്‍‍ പകുതിയോളം തിന്നു തീര്‍ത്ത
ഗോര്‍ക്കിയുടെ പുസ്തകം
അവനോര്‍മ്മ വന്നു
കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന
സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും
അതിലെ മഞ്ഞു മനുഷ്യന്റെ മുള്ളങ്കിമൂക്കും
ഓര്‍മ്മ വന്നു

അവളുടെ പ്രിയ വോള്‍ഗയെ
പേരാറെന്നും പെരിയാറെന്നുമൊക്കെ
ചെറുനദികളായി പരിഭാഷപ്പെടുത്താറുണ്ട്‌
തന്റെ നാട്ടിലെ ചിലരെന്ന്
അവന്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു
ലോക്കല്‍ സെക്രട്ടറി ഉസ്മാനിക്കയെ
ഉസ്മാനോവ്‌ എന്നാണ്‌
രഹസ്യമായി വിളിക്കുകയെന്നും

അവള്‍ക്കതൊന്നും മനസ്സിലായില്ല
അവള്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല
ചുവന്ന ചട്ടയുള്ള പാസ്പോര്‍ട്ടാണ്‌
അവളുടെ കൈയ്യിലുള്ള ഏക പുസ്തകം
അവളുടെ സാഹിത്യ-വേദപുസ്തകം

എന്തിനാണ്‌ നീ
ഇത്തരമൊരു തൊഴിലില്‍ എന്ന്
ധൃതിപ്പെട്ട്‌ നഗ്നനാകുമ്പോള്‍ അവന്‍ ചോദിച്ചു
തീ പിടിച്ച വയര്‍ കെടുത്താന്‍
മഞ്ഞുവാരിത്തിന്നു മരിച്ച
അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല
പകരം, പഴുത്ത ചെറുനാരങ്ങാമുലകള്‍
‍അവന്റെ ചുണ്ടില്‍ അമര്‍ത്തി

ജനിച്ചിട്ടിതേവരെ മുലകുടിച്ചിട്ടില്ലാത്ത
കുഞ്ഞിന്റെ ആര്‍ത്തിയോടെ
അവന്‍ മുട്ടിമുട്ടിക്കുടിക്കുമ്പോള്‍
മഞ്ഞുനദിപോലെ ഉറഞ്ഞുപോയെങ്കിലും
അലയിളക്കുന്നുവെന്ന് അവള്‍ ഭാവിച്ചു

ചരിത്രരചന അവസാനിപ്പിച്ച്‌
എലിക്കാട്ടവും ശുക്ലവും
പുകയിലയും മണക്കുന്ന
രതിപ്പുരയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍
‍ആത്മാവില്‍ ഇറ്റുപോലും തീജലമില്ലാഞ്ഞിട്ടും
അവന്‌ ഉറക്കെ കരയണമെന്ന് തോന്നി

44 comments:

അനിലൻ said...

എനിയ്ക്ക് തണുക്കുന്നു എന്ന് പറയും

തണല്‍ said...

മഞ്ഞുപോലെ ഉറഞ്ഞുപോയിട്ടും
അലകളിളകുന്നുവെന്ന് ഞാനും...

Pramod.KM said...

കരയണം!

കണ്ണൂസ്‌ said...

അനിലന്‍ സാധാരണ എന്നെ കരച്ചിലിന്റെ വക്കത്തെത്തിക്കാറുണ്ട്. ഇത്തവണ ഇല്ല.

അനില്‍@ബ്ലോഗ് // anil said...

തീ പിടിച്ച വയര്‍ കെടുത്താന്‍
മഞ്ഞുവാരിത്തിന്നു മരിച്ച
അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല


ആദ്യമായാണിവിടെ.
പഴയ പ്രതാപകാല‍ത്തിന്റെ ഒര്‍മ്മക്കായി സൂക്ഷിച്ചിട്ടുള്ള ഇപ്പോഴും ഒന്നൊ രണ്ടൊ സോവിയറ്റു നാടു കാണും പെട്ടിയില്‍ എവിടെയെങ്കിലും(ഉറപ്പില്ല).
ആ മഹാ ദേശത്തിന്റെ അന്നത്തെ അവസ്ഥയും, ഇന്നത്തെ അവസ്ഥയും ഒരിക്കല്‍കൂടി താരതമ്യം ചെയ്യപ്പെടുന്നു മനസ്സില്‍.

വാലാനി ജോബി said...

നല്ല കവിത.

aneeshans said...

പിന്നെ എപ്പോഴെങ്കിലും കണ്ടോ അവളെ !

സുല്‍ |Sul said...

"കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന
സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും"

-sul

Sharu (Ansha Muneer) said...

ആ രാജ്യത്തുനിന്ന് വന്ന് തെരുവുവേശ്യയാകേണ്ടി വരുന്ന ഓരോ സുന്ദരിമാര്‍ക്കും എന്തൊക്കെ ദുരന്തങ്ങളും നൊമ്പരങ്ങളും പറയാനുണ്ടാകും.... നല്ല കവിത

Anonymous said...

അനിലേട്ടാ..

നജൂസ്‌ said...

അനിലേട്ടാ...
മഞ്ഞുനദിപോലെ ഉറഞ്ഞുപോയി...

ഗുപ്തന്‍ said...

തണുപ്പിനിത്ര പൊള്ളലോ...

സജീവ് കടവനാട് said...

ഞാനൊന്നുമറിഞ്ഞില്ലേ, രാമനാരായണാന്ന്
പിക്നിക്കിനു പോകും...

മുസ്തഫ|musthapha said...

പൊള്ളുന്ന നിരീക്ഷണങ്ങള്‍!

ബഷീർ said...

ഇന്ന് സ്ഥിതി മാറിക്കൊണ്ടിരിക്കുന്നു..

പാര്‍ത്ഥന്‍ said...
This comment has been removed by the author.
un said...

“O, Mary, concieved without sin,
pray for us who turn to you. Amen”
എന്ന് eleven minutes-ന്റെ ആമുഖത്തില്‍ പൌലൊ കൊഹ് ലോ

പാര്‍ത്ഥന്‍ said...

ആത്മാവിന്‌ ഈയിടെയായി വരള്‍ച്ചയുടെ കാലമാണ്‌.

(പഴുത്ത ചെറുനാരങ്ങാമുലകള്‍)
ഒരു റഷ്യന്‍ ലുക്ക്‌ ഇല്ലാത്തപോലെ.

പാമരന്‍ said...

"ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും? "

ഉരലുകളുരച്ചു തീപൂട്ടി തണുക്കും വരെ കണ്ണടച്ചിരിക്കേണ്ടി വരും. സ്വയം ശ്വാസം മുട്ടിച്ചു മരിക്കാനറിയില്ലെങ്കില്‍..

അലകളുറഞ്ഞു പോയി, ശെരിക്കും.

Jayesh/ജയേഷ് said...

sarikkum aasvadichu ee kavitha..

അനിലൻ said...

കണ്ണൂസ്- :(
നൊമാദ്- അവരും നൊമാദുകളെപ്പോലെയാണ്. പിന്നെ കണ്ടെന്നു വരില്ല
പാര്‍ത്ഥന്‍ - അത് അത്രേ ഉണ്ടായിരുന്നുള്ളൂ :)

എല്ലാവര്‍ക്കും നന്ദി, സന്തോഷം.

Sanal Kumar Sasidharan said...

ആവര്‍ത്തിച്ച തീജലം എന്നവാക്കാണോ പഴുത്ത ചെറുനാരങ്ങാമുലകള്‍ ആണോ ഏറ്റവും അലോസരപ്പെടുത്തിയതെന്നറിയില്ല,എന്തായാലും ഒരു നല്ലകവിതയില്‍ അവ എന്തു ചെയ്യുകയായിരുന്നു എന്ന് എനിക്ക് സങ്കടം തോന്നി

അനിലൻ said...

തീജലം രണ്ടിടത്ത് രണ്ടുതരത്തിലായിരുന്നു സനലേ ഉദ്ദേശിച്ചത്. ശരിയായില്ലല്ലേ? :(

[ nardnahc hsemus ] said...

ചുവപ്പുചട്ടയുള്ള ആ ഒരു പുസ്തകത്തിനെങ്കിലും മറുനാട്ടിലെങ്കിലും ആരെയെങ്കിലും ഇങ്ങനെയെങ്കിലും പോറ്റാനാവുന്നുണ്ട് അല്ലെ...!

വെറിപൂണ്ട് ശരീരത്തെ പ്രാപിയ്ക്കുന്നവനോട് അതിന്റെ വിങ്ങുന്ന വേദനകള്‍ പറഞ്ഞിട്ടെന്തുകാര്യമെന്ന് അവളെ അനുഭവങ്ങള്‍ പഠിപ്പിച്ചിട്ടുണ്ടാവണം..

കരയണമെന്നൊക്കെ തോന്നുമെങ്കിലും അതങ്ങനെ തോന്നലായി തന്നെ തീര്‍ന്നുപൊകും.. നാളെ, പാക്കിസ്ഥാനിയോടൊ, ജര്‍മ്മന്‍കാരിയോടൊ, വിയറ്റ്നാംകാരിയോടൊ ചരിത്രപാഠം തുടങ്ങുന്നതുവരെ!

Sarija NS said...

അനിലന്‍‌ജീ
ആധികാരികമായി കവിതയെക്കുറിച്ച് സംസാരിക്കാനുള്ള അറിവില്ല. എങ്കിലും എനിക്കു തോന്നിയ ഒരു ചേരായ്മ ചൂണ്ടിക്കാണിച്ചോട്ടെ?
കവിത പ്രസരിപ്പിക്കുന്ന വികാരത്തില്‍ നിന്ന് മാറിനില്‍ക്കുന്ന ഉപമയല്ലെ “പഴുത്ത ചെറുനാരങ്ങ”

ആ “പഴുത്ത” ഒഴിവാക്കാമായിരുന്നു. അവിടെ ഒരു വഴുവഴുക്കല്‍ അനുഭവപ്പെടുന്നു

Rare Rose said...

ആദ്യമായാണിവിടെ....എന്തു പറയണമെന്നറിയില്ല....മഞ്ഞു പോലെ ഉറഞ്ഞു പോയവള്‍ക്കിത്രക്കും പൊള്ളിക്കാനാവുമോ...നന്നായിരിക്കുന്നു...

അനിലൻ said...

സുമേഷ്- സത്യമാണത് :(
സരിജ- പോരായ്മകള്‍ ചൂണ്ടിക്കാണിക്കുക എന്നത് വായിക്കുന്നവരുടെ അവകാശമാണ് :) നന്ദി.
റോസ്- സ്വാഗതം... സന്തോഷം.

Rajeeve Chelanat said...

അനിലന്‍

ഉറുദുവും പുഷ്‌‌തുവും തെലുങ്കും..ഒടുവില്‍ മലയാളവും പഠിപ്പിക്കുമ്പോഴും, പഴുത്ത ചെറു നാരങ്ങാമുലകളില്‍ മുട്ടിമുട്ടി കുടിക്കുമ്പോഴും ഉണ്ടാകാതിരുന്ന കരച്ചില്‍, പിന്നെ എവിടെനിന്നാണ് ഒടുവില്‍ എത്തിയത്? ഒരു സ്വയം സമാധാനത്തിന്?

അഭിവാദ്യങ്ങളോടെ

അനിലൻ said...

ഉറുദുവും പുഷ്‌‌തുവും തെലുങ്കും..ഒടുവില്‍ മലയാളവും പഠിപ്പിക്കുമ്പോഴും...

വായന ഒന്ന് പിശകിയോ രാജീവ്?

സ്വയം സമാധാനത്തിനുള്ള നെട്ടോട്ടങ്ങളിലൊന്നാണ് പലപ്പോഴും ഈ എഴുത്ത്! ഹിപ്പോക്രസിയെന്നൊക്കെ വേണമെങ്കില്‍ വിളിക്കാവുന്ന ഒന്ന്.

Rajeeve Chelanat said...

അനിലാ

ഇല്ല. വായന പിശകിയിട്ടില്ല എന്നു തന്നെയാണ് തോന്നുന്നത്.

ഉറുദുവും പുഷ്‌തുവും തെലുങ്കും മറ്റു പലരും, നമ്മുടെ സ്വന്തം ചരിത്രരചനകൊണ്ട് നമ്മളെക്കൊണ്ടാവും വിധത്തില്‍ മലയാളവും..

എഴുത്ത്, ചിലര്‍ക്ക്, സ്വയം സമാധാനത്തിനുള്ള മാര്‍ഗ്ഗമാണെന്നുവരാം. (അങ്ങിനെ ആകരുത് എന്നാണ് വ്യക്തിപരമായ അഭിപ്രായമെങ്കിലും). ഇവിടെ പക്ഷേ, ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം, ആത്മാവ് ഒഴുക്കുന്ന മുതലക്കണ്ണീരല്ലേ അത്, എന്ന് വെറുതെയൊരു സംശയം. അതുകൊണ്ടായിരിക്കുമോ കണ്ണൂസിന് ആ കരച്ചില്‍ ഇത്തവണ വരാതിരുന്നതെന്നും...

അഭിവാദ്യങ്ങളോടെ

അനിലൻ said...

ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം, ആത്മാവ് ഒഴുക്കുന്ന മുതലക്കണ്ണീരല്ലേ അത്..

ആയിരിക്കാം രാജീവ്.. അതാണ് ഹിപ്പോക്രസിയെന്ന് പറഞ്ഞത്. അതിനെ ആഘോഷിക്കാനല്ല മറിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. അതിനുവേണ്ടികൂടിയാണ് എഴുതുമ്പോള്‍ ഒരാള്‍ തന്നിലേയ്ക്കുതന്നെ വിരല്‍ ചൂണ്ടുന്നത്, ആത്മരതി എന്ന് മുദ്ര കുത്തപ്പെടുമെങ്കിലും!

എഴുത്ത്, ചിലര്‍ക്ക്, സ്വയം സമാധാനത്തിനുള്ള മാര്‍ഗ്ഗമാണെന്നുവരാം.
അതു മാത്രമാണെന്നല്ല പറഞ്ഞത്. ‘പലപ്പോഴും ഈ എഴുത്ത്’ എന്ന് ഒരു രക്ഷാമാര്‍ഗ്ഗം ഇട്ടിരുന്നു. കണ്ടില്ലേ?

Rajeeve Chelanat said...

മുതലക്കണ്ണീരുകൊണ്ട് (സ്വയം വിരല്‍ചൂണ്ടി)ഹിപ്പോക്രസിയെ ഇല്ലാതാക്കുന്ന സാങ്കേതികവിദ്യ പറഞ്ഞുതന്നതിനു നന്‍‌ട്രി.

‘പലപ്പൊഴും‘ എന്നേ കാണാന്‍ കഴിഞ്ഞുള്ളു.അനിലന്റെ കാര്യമാണോ, പൊതുവായ ഒരു കാര്യമാണോ എന്ന് എവിടെയും വ്യക്തമല്ല. അതുകൊണ്ടാണ് ‘എന്റെ’ വ്യക്തിപരമായ അഭിപ്രായം പറഞ്ഞതും. :-)

അഭിവാദ്യങ്ങളോടെ

അനിലൻ said...

മുതലക്കണ്ണീരുകൊണ്ട്..
എനിയ്ക്ക് ഉറപ്പുണ്ടായിരുന്നില്ല. രാജീവാണ് അതുറപ്പിച്ചു തന്നത്. പല കാര്യങ്ങളിലും രാജീവിന് ഉള്ള അത്ര ഉറപ്പ് ഇല്ലാത്തതായിരിക്കും കുഴപ്പം.

സ്വയം സമാധാനത്തിനുള്ള നെട്ടോട്ടങ്ങളിലൊന്നാണ് പലപ്പോഴും ഈ എഴുത്ത്!

‘ഈ എഴുത്ത്’ എന്നത് തീര്‍ച്ചയായും എന്റെ എഴുത്തുതന്നെയല്ലേ? ഇത് കണ്ടിട്ടും രാജീവിന് വ്യക്തമായില്ലെന്നത് അത്ഭുതമുണ്ടാക്കുന്നു.

സാമാന്യവത്ക്കരിച്ച് പറയാന്‍ എനിയ്ക്കെന്തവകാശം?

Rajeeve Chelanat said...

കവിക്കും വായനക്കാരനും ഒരിക്കലും പൂര്‍ണ്ണമായി പരസ്പരം തിരിച്ചറിയാന്‍ കഴിഞ്ഞെന്നു വരില്ല. ഉറപ്പ് ,എനിക്കും പല കാര്യത്തിലുമില്ല.

ഈ എഴുത്ത് എന്നതുകൊണ്ട് അവനവന്റെ എഴുത്ത് എന്ന് ശരിക്കും അര്‍ത്ഥമുണ്ടോ?

ഒരു കാര്യം. കവിതയിലും (കൃതിയിലും)കവിയെയും (എഴുത്തുകാരനെയും) ഒരിക്കലും ഞാന്‍ തിരയാറില്ല. ഇവിടെയും.

കണ്ണൂസ്‌ said...

ആത്മാവിനേക്കാല്‍ ഉടല്ലിനെ സ്നേഹിക്കുന്ന ആത്മാക്കളെ പരിചയപ്പെടുത്തിയതും ഈ നഗരം തന്നെ. എന്നും കാണുന്നതും അവരെത്തന്നെ.

അനിലന്റെ കവിതയും തുളസിയുടെ ചിത്രവും പലപ്പോഴും ഒരു ഷോക്ക് തരാറുണ്ട്. സൂരജ് പറഞ്ഞ പോലെ ഒരു ഡെയ്ഷാ വൂ ഷോക്ക്. അതിവിടെ കിട്ടിയില്ല. എന്നും കാണുന്നവരെ വീണ്ടും കാണുന്നതും, കണ്ടു മറന്നവര്‍ ഒരു ചെകിട്ടത്തടി തന്ന് ഓര്‍മ്മിപ്പിക്കുന്നതും തമ്മിലുള്ള വ്യത്യാസം. :)

അനിലൻ said...

കണ്ണൂസ്- :)

Kuzhur Wilson said...

തീരെ ഇ ഷ്ടമായില്ല.

ഈ വിഷയം എത്ര രീതിയില്‍ പലരും പറഞ്ഞിരിക്കുന്നു. ഇനി അവള്‍ക്കെങ്ങാന്‍ വാക്ക് കൊടുത്തിരുന്നോ . അവളെക്കുറിച്ച് കവിത എഴുതാമെന്ന്


ഓഫ് :

ഞാന്‍ പറഞ്ഞ് കൊടുക്കും (ഇത്തവണ എന്നോടല്ല)

ഇതാണല്ലേ ദുബായില്‍ തെണ്ടി നടപ്പ് ?

(അല്ലെങ്കില്‍ എഴുതിയാല്‍ ഇരിക്കപ്പൊറുതിയില്ലാതെ വിളിച്ച് കേള്പ്പിക്കുന്ന ആളാ/ ഇത് നഹി നഹി)

Anonymous said...

ഈ കവിത വായിച്ചപ്പോള്‍ നിരാശ തോന്നി.ഇതില്‍ ആത്മാവില്ല;ഉടലുകള്‍ മാത്രമേ ഉള്ളൂ എന്നും. :(



രാപ്പനിയിലെ പല കവിതകളും മന:പാഠമാക്കിയൊരാള്‍.

വിശാഖ് ശങ്കര്‍ said...

വേശ്യയാണെന്നറിഞ്ഞിട്ടും,ടോക്കണ്‍ എടുത്താണ് അകത്ത് കയറിയത് എന്നത് ഓര്‍മ്മയില്‍ നില്‍ക്കുമ്പൊഴും, ചില വ്യഭിചാരികള്‍ക്ക് വ്യഭിചരിക്കുന്ന പെണ്ണുങ്ങളോട് പ്രണയം തോന്നും.(തോന്നിയിട്ടുണ്ട്)യുക്തിയും, ബുദ്ധിയും മരവിക്കുന്ന കുളിരില്‍ ഒരു സ്പര്‍ശം കൊണ്ട്, ഒരു വാക്കുകൊണ്ട് മനുഷ്യനായ് സ്വയം വീണ്ടെടുക്കാനുള്ള വെമ്പലില്‍ അറിയാതെ പറഞ്ഞുപോകും,“എന്തിനാണ്‌ നീഇത്തരമൊരു തൊഴിലില്‍ “ എന്ന്(ചോദിച്ചിട്ടുണ്ട്).പിന്നീട് തിരിച്ചിറങ്ങുമ്പോള്‍ അവസരം പാര്‍ത്തിരുന്ന യുക്തി ചോദിക്കും കേവലമൊരു സ്ഖലനത്തിനപ്പുറം നിനക്ക് അവളോട് ഉണ്ടായിരുന്നു എന്ന് കുറച്ചു നേരത്തേയ്ക്കെങ്കിലും നീ സ്വയം വിശ്വസിപ്പിച്ച ആ പ്രണയം എന്ത് മയിരായിരുന്നുവെന്ന്.തീവെള്ളം പോഒലെ ആ ചോദ്യം ഉടലിലൂടെ സഞ്ചരിക്കും.ഒരുത്തരവുമില്ലെന്ന് ആത്മപുച്ഛം കൊണ്ട് വീര്‍പ്പുമുട്ടിക്കും.അപ്പോഴവന് കരയണമെന്ന് തോന്നും.(തോന്നിയിട്ടുണ്ട്)ഞാനീ കവിതയില്‍ കേട്ടത് അത്തരമൊരു കരച്ചിലായിരുന്നു.
“ചരിത്രരചന അവസാനിപ്പിച്ച്‌“ എന്ന് തുടങ്ങുന്ന അവസാന ഭാഗം തീര്‍ശ്ചയായും മേല്‍പ്പറഞ്ഞതില്‍നിന്നും വ്യത്യസ്ഥമായി കവിതയ്ക്ക് വേറൊരുവായന സാധ്യമാക്കുന്നുണ്ട്.സോവീയറ്റ് നാട്ടില്‍ നിന്ന് വരുന്ന ഒരു വേശ്യ തന്റെ അതിഥിയെ“പെട്ടിപ്പാറ്റകള്‍ പകുതിയോളം തിന്നു തീര്‍ത്തഗോര്‍ക്കിയുടെ പുസ്തക”ത്തിനെ കുറിച്ചും, നാട്ടില്‍ “പേരാറെന്നും, പെരിയാറെന്നുമൊക്കെ”പരിഭാഷപ്പെടുന്ന “പ്രിയ വോള്‍ഗ” യെ കുറിച്ചും ഒക്കെ ഓര്‍മ്മപ്പെടുത്തുന്നത് അവന്‍ അവളുമായി പങ്കുവയ്ക്കുന്നു എന്ന് അവന്‍ വിശ്വസിക്കുന്ന ചരിത്രബോധത്തിന്റെ ചില സൂക്ഷ്മമായ പ്രതിപ്രവര്‍ത്തനങ്ങളിലൂടെയാണ്.ആ ബോധം നമ്മിലെയ്ക്ക് പണ്ട് എത്തിച്ചു തന്നിരുന്ന സ്ഥാപനം ഇന്ന്“എലിക്കാട്ടവും, ശൂക്ലവുംപുകയിലയും മണക്കുന്നരതിപ്പുര” ആയി മാറിയിരിക്കുന്നു.അവിടെനിന്ന് ചില ഉദ്ധൃത നിമിഷങ്ങളുടെ മൂര്‍ച്ഛയില്‍ എല്ലാം തിരുത്തുവാന്‍ ആഗ്രഹിക്കയും, ഞരമ്പുകളുടെ ഹൃസ്വമായ സംഭരണശേഷി കഴിയുമ്പോള്‍ സ്ഖലനം കഴിഞ്ഞ ലിംഗത്തെപ്പോലെ  എനിക്ക് ഒന്നിനുമാവില്ലെന്ന് പിന്വാങ്ങുകയും ചെയ്യുന്ന മനസ്സ്“ ചരിത്ര രചന കഴിയുമ്പോള്‍ “തന്റെ നേര്‍ക്ക് തന്നെ ചൂണ്ടുന്ന ഒരു വിരലായി മാറുന്നു.അപ്പോള്‍ ഉയരുന്ന കരച്ചിലിലും തീര്‍ച്ചയാ‍യും ഒരു രാഷ്ട്രീയമുണ്ട്.പക്ഷെ അതിന്റെ അളവുകോല്‍ അതുള്‍ക്കൊള്ളുന്ന നൊമ്പരത്തിന്റേതാണെന്നു മാത്രം.

അനിലൻ said...

കുഴൂര്‍ വിത്സണ്‍ ഇപ്പോഴും സൌദിയിലാണോ? ഭാര്യ റോസമ്മയും മകനും സുഖമായിരിക്കുന്നല്ലോ? കുവൈറ്റില്‍ എപ്പോഴെങ്കിലും വരുന്നുണ്ടെങ്കില്‍ എന്നെ വിളിക്കണേ!
അനോണീ- :( ക്ഷമിക്ക്

വിശാഖ്- :)
ഒളിച്ചു വച്ച് എഴുതാന്‍ ശ്രമിച്ചത് പഴുത്ത ചെറുനാരങ്ങയില്‍ അവസാനിച്ചുപോയതിന്റെ ഖേദത്തിലായിരുന്നു ഞാന്‍.
സന്തോഷം.

Mahi said...

തീ ജലം കുടിപ്പിക്കുന്ന ഈ കവിത ഒരുപാട്‌ തീ പിടിച്ച ഓര്‍മകളെ തിരിച്ചു വിളിക്കുന്നു. റസ്ക്കാള്‍ നിക്കോഫ് സോഫിയയുടെ കാലടികള്‍ ചുംബിക്കുന്ന ഒരു രംഗമുണ്ടല്ലൊ കുറ്റവു ശിക്ഷയിലും ലോകത്തിലെ വേദന അനുഭവിക്കുന്ന എല്ലാവരേയും ദൈവത്തിന്റെ സ്പര്‍ശം അനുഭവിപ്പിക്കുന്ന ആ എഴുത്തിനെ
പിന്നെ റെനെയുടെ ഹിരോഷിമ മോണ്‍ അമോറില്‍ ഒരു രതി സീനില്‍ വിയര്‍പ്പു തുള്ളികളെ സൂം ചെയ്ത്‌ അണുക്കളാക്കി മറ്റി ഹിരോഷിമയുടെ ഓര്‍മകളെ നമ്മില്‍ ഉണര്‍ത്തുന്നില്ലെ അങ്ങനെ എന്തൊക്കയൊ ഇതു വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുന്നു

അനിലൻ said...

മഹി- സന്തോഷം

Anonymous said...

"A great artist can paint a great picture on a small canvas...."
Dinesanvarikkoli

bobby said...

bhayankaran kavitha sir: enikkorupaadishtamaayi.