അവസാനത്തെ വെള്ളിയാഴ്ച

അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്‍ക്കുന്നു
മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന
നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍
ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന
മീനുകളുടെ ഓര്‍മ്മകള്‍

ഞാന്‍ നോക്കി നില്‍ക്കെ
അക്വേറിയത്തില്‍ കിടന്ന്
അവനുറക്കെ നിലവിളിച്ചു

ചത്തുപോയ അക്വേറിയത്തിന്റെ
ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട്
അതു പെയ്യാന്‍ തുടങ്ങി
കറുത്തു പോയ അമ്പിളിക്കലകണക്കെ
ഒരു മീന്‍ വഞ്ചി അകലെ തെളിഞ്ഞുവന്നു
'കാണാപ്പൊന്നിനു പോണോരേ...'
എന്നൊരു പാട്ട് എപ്പോള്‍ വേണമെങ്കിലും
കരയിലുണരാമെന്നായപ്പോള്‍
പെട്ടെന്ന് മഴ നിന്നു
മഴയിലും കണ്ണീരിലും
നനഞ്ഞു കുതിര്‍ന്നവന്‍ പുറത്തു വന്നു

അവന്റെ, ചത്തുപോയ അക്വേറിയം
ഒരു മൃതനഗരത്തെ ഓര്‍മ്മിപ്പിക്കുന്നു
കൊടുങ്കാറ്റുകള്‍ തകര്‍ത്തിട്ട
കെട്ടിടങ്ങള്‍ക്കിടയില്‍
തുറന്നിരിക്കുന്ന മീന്‍കണ്ണുകള്‍

അടയാത്ത കണ്ണുകളില്‍
അപകടമരണങ്ങളുടെ ഓര്‍മ്മയുമായി
അവന്‍ പറഞ്ഞു
"ഈ ചില്ലുകൂടിപ്പോള്‍ പൊട്ടിത്തകരും
നമുക്കു രക്ഷപ്പെടാം"

പുറത്തിറങ്ങുമ്പോള്‍
വെപ്രാളത്തിനിടയിലും
പതിവുപോലെ മുറ്റത്തെ വേപ്പുമരത്തിനു
അവനൊരുമ്മ കൊടുത്തു

"എനിയ്ക്കു വല്ലാതെ കയ്ച്ചു"

കാലൊച്ച കേള്‍പ്പിക്കാതെ
പിന്നാലെ വന്ന വേപ്പുമരം
അവന്റെ ചെവിയില്‍ പറയുന്നതു കേട്ടു

21 comments:

അനിലൻ said...

അവസാനത്തെ വെള്ളിയാഴ്ച!

[ nardnahc hsemus ] said...

കാതിരമ്പിവരുന്ന സ്വാതന്ത്ര്യത്തിന്റെ നെടുനിശ്വാസം ഞങ്ങള്‍ക്ക് തരുന്നതും പ്രതീക്ഷയുടെ വലിയൊരാശ്വാസമാണ്, ചില്ലുകൂടുകള്‍ പൊട്ടിച്ച് പുറത്തിറങ്ങാന്‍ നിനക്കെങ്കിലുമായല്ലോ!

Anonymous said...

മൃതനഗരത്തെ ഓര്‍മ്മിപ്പിക്കുന്ന ചത്തുപോയ അക്വേറിയം...
വേപ്പുമരത്തിനെ ചവർപ്പിക്കുന്ന ഉമ്മ...
കൊള്ളാം അനിലാ, കവിത കേമായി.പിന്നെ ബ്ലോഗിന്റെ പുതിയ ലൂക്കും നന്ന്.അഭിനന്ദനങ്ങൾ:)

Kaithamullu said...

"എനിയ്ക്കു വല്ലാതെ കയ്ച്ചു"

t.a.sasi said...

രണ്ടു വേപ്പുമരങ്ങള്‍..

Pramod.KM said...

കവിത ഇഷ്ടപ്പെട്ടു.

Unknown said...

അവസാനത്തെ വെള്ളിയാഴ്ച
അവസാനത്തെ അത്തയാം പോലെ

"അവനൊരുമ്മ കൊടുത്തു
എനിയ്ക്കു വല്ലാതെ കയ്ച്ചു"

ഉമ്മകള്‍ വല്ലാതെ കയ്ച്ക്കുന്നു എന്ന് തോന്നുന്നു

പാര്‍ത്ഥന്‍ said...

"എനിയ്ക്കു വല്ലാതെ കയ്ച്ചു"

സ്നേഹം എന്ന സത്യത്തിന്റെ കയ്പ്. മധുരിച്ചിട്ട് തുപ്പാനും വയ്യ; .......

സരസ്വതീയാമം തൊട്ട് പുലരും വരെയുള്ള സൂര്യതേജസ്സിന് എന്തൊരു ശക്തി.

Kuzhur Wilson said...

"എനിയ്ക്കു വല്ലാതെ കയ്ച്ചു"
ആദ്യം കയ്ച്ചു, പിന്നീട് മധുരിച്ചു
എന്ന് ഒരാളെങ്കിലും പറയാൻ ഉണ്ടായിരിക്കേ
ഉമ്മകൾ തുടരും / പിന്നെ മരത്തെയല്ലേ തിരിച്ചു കടിക്കില്ല എന്ന് കരുതി തന്നെയാൺ എന്നും

അനിലൻ said...

പിന്നെ മരത്തെയല്ലേ തിരിച്ചു കടിക്കില്ല എന്ന് കരുതി തന്നെയാൺ എന്നും

മരം തിരിച്ചു കടിക്കില്ലെന്നാരു പറഞ്ഞു?
മരമേ മരമേ എന്നുള്ള നിന്റെ കവിതകളൊക്കെ തിരിച്ചു കടിക്കില്ലെന്നുള്ള വിശ്വാസത്തിലായിരുന്നോ? ഞാനെങ്കിലും അതു വിശ്വസിക്കില്ല!

അനില്‍ വേങ്കോട്‌ said...

ഗൌരവമായൊരു രാഷ്ട്രീയ കവിത

Ranjith chemmad / ചെമ്മാടൻ said...

"ഈ ചില്ലുകൂടിപ്പോള്‍ പൊട്ടിത്തകരും
നമുക്കു രക്ഷപ്പെടാം"
രക്ഷപ്പെടണം...

ഷാജി അമ്പലത്ത് said...

ഇഷ്ടപ്പെട്ടു

ഭാനു കളരിക്കല്‍ said...

ചില്ലുകൂടുകള്‍ തകര്‍ത്തു പുറത്ത് പോകണം. നന്നായി കവിത.

Sapna Anu B.George said...

അങ്ങനെ ഞാനും ഇവിടെ എത്തി

naakila said...

നന്നായി

എം പി.ഹാഷിം said...

വായനയുടെ പരിമിതിയാവാം ...
എഴുത്ത് സംവദിക്കപ്പെടാത്തപോലെ !

zahi. said...

അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്‍ക്കുന്നു

nice..

SASIKUMAR said...

മനസ്സുനിറയെ ആദ്യം കയ്പ്, പിന്നെ കിനിഞ്ഞിറങ്ങുന്ന മധുരം.

Karthika said...

അവസാനത്തെ വെള്ളിയാഴ്ചയിലേക്കു ഇനിയും ഒരുപാട് ചില്ലുകൂടുകൽ...

zahi. said...

zahi. said...

അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്‍ക്കുന്നു

nice..