തെക്കേപ്പറമ്പില്‍
അതിരുകെട്ടുന്നു
കുഞ്ഞുബൈദാപ്ല
പട്ടാളത്തിലായിരുന്നിട്ടും
ചെത്തിക്കൂര്‍പ്പിച്ച
മീശപോലുമില്ല
വേലികെട്ടുമോ ഭടന്
വെടിവെയ്ക്കുമോ
സന്ദേഹിക്കു നേരെ
നിറയൊഴിയുന്നു പൊട്ടിച്ചിരി
യുദ്ധമുന്നണിയില്‍ തകര്‍ന്നതോ
മുന്‍വരിയിലെ പല്ലുകള്‍
മണ്ണിടിഞ്ഞിരിക്കുന്നോ
കണ്ണിന് ഒളിയിടങ്ങളില്‍?
കന്നിമാസത്തില്
ഇണനായ്ക്കള്‍ നുഴയും
വഴിയടയ്ക്കുന്നു
ചിങ്ങം നിറം കുടയും
ചെടികള്‍ നടുന്നു
ഒന്നു ചെറുതാവാന്‍,
കിലുക്ക തൂങ്ങിയാടും
കടലാവണക്കിന് പശ
പോളയായ് ഊതുവാന്‍
എന്തുവഴി?
സര്‍ക്കീട്ട് പോയില്ലേ
കൈയ്യിലെക്കാശ് തീര്‍ന്നോ
വേലിയില്‍ ഓട്ടയുണ്ടാക്കി
ഇരിയ്ക്കുമോരോരുത്തര്‍
കെണിയില്‍ കണ്ണെത്തില്ല
നൂണിറങ്ങുമ്പോള്‍
ഊരാന്‍ കൂട്ട്യാക്കൂടില്ല!
ഉണ്ടയില്ലാച്ചിരിക്കിടയില്‍
ട്രഞ്ചില്‍നിന്നെത്തി നോക്കി
വേലി കെട്ടാതെ
തുറന്നു കിടന്ന ജീവിതം
മേഞ്ഞു നടന്നു
നാല്ക്കാലികള് പകല്‍
തേങ്ങയുമിളനീരും യാത്രപോയ്
രാത്രിവഴികളില്‍
വാതിലിന് പിച്ചളക്കെട്ടും
അകത്തെക്കോളാമ്പിയും
കോളാമ്പിയില്‍ മൂത്രമൊഴിച്ച
പെണ്ണും കവര്ന്നുപോയ്
അറിഞ്ഞതേയില്ല
ആരാന്റെ വേലികെട്ടി
അലഞ്ഞു നടക്കുമ്പോള്‍
വെയിലിന് വീരശൃംഖല
തിളങ്ങുമുടല്‍ കുനിച്ച്
കുഴിമാന്തുകയാണ്
കുഞ്ഞുബൈദാപ്ല
അതിരു കാക്കുമ്പോള്‍
ആശിച്ചിരുന്നാവോ
വേലിയില്ലാക്കാലം!
12 comments:
വേലികെട്ടുമോ ഭടന്
വെടിവെയ്ക്കുമോ
സന്ദേഹിക്കു നേരെ
നിറയൊഴിയുന്നു പൊട്ടിച്ചിരി
എപ്പഴാ വന്നേ എന്നൊരു ചോദ്യം നാട്ടുവഴികളിലൂടെ നടക്കുമ്പോള്‍ വന്നു വീഴാറുണ്ട്. വേലികെട്ടുകയോ തെങ്ങിനു തടമെടുക്കുകയോ ആവും. കുറേക്കാലമായി കേള്‍ക്കാറില്ല.
അതിരുകളില്‍ വിശ്വാസമില്ലാഞ്ഞിട്ടല്ല, അവയുടെ സ്ഥാനം മതിലുകള്‍ കൈവശപ്പെടുത്തിയതുകൊണ്ടാണല്ലോ കൊങ്ങിണിയും ശീമക്കൊന്നയും മൈലാഞ്ചിയും ചെമ്പരത്തിയും പൂത്ത വേലികള്‍ നാട്ടിലില്ലാതായത്.
വേലിക്കപ്പുറം ചോദ്യങ്ങള്‍ ആകാമായിരുന്നു...മതിലുകള്‍ മറകളാകുന്നു..ചോദ്യങ്ങള്‍ കടന്നു പോകാത്തവ.
വെയിലിന്റെ വീരശൃംഖലയണിഞ്ഞ കുഞ്ഞുബൈദാപ്ല നന്നായി.
പ്രവാസത്തിന്റെ ഒറ്റപ്പെടലിന്റെ വാര്‍ദ്ധക്യത്തിന്റെ ചാരുതയാര്‍ന്ന ഒരു ദൃശ്യം വരക്കുന്നു അനില്‍.
വയസ്സനായ കുഞ്ഞുബൈദിന്റെ ചെറുപ്പം രാജ്യാതിര്‍ത്തിയിലെ വേലികെട്ടാന്‍
മിനക്കെട്ട സമയത്തില്‍ സ്വന്തം ഭവനത്തിന്റെ പിച്ചള താഴുകള്‍
തകര്‍ന്ന് കിണ്ടിയും കിണ്ടിയില്‍ മുള്ളിയിരുന്ന പെണ്ണും അന്യാധീനപ്പെടുന്നു.
വേലികളില്ലാത്ത രാജ്യങ്ങളായിരുന്നു നല്ലത് എന്ന് തകര്‍ന്ന പല്ലുകളിലെ വേദനിക്കുന്ന ചിരിയില്‍ നമ്മെ ഓര്‍മിപ്പിക്കുന്നു ഇയാള്‍.
ശപിക്കപ്പട്ടതാകുന്നു ആയിരങ്ങള്‍ക്ക് പ്രവാസം.
ആരാന്നതിര് കെട്ടുന്നു
കാവല്‍ നില്ക്കുന്നു-
സ്വന്തം വസ്തു അന്യാധീനപ്പെടുത്തി മച്ചകവാതില്‍ മലര്‍ക്കെ തുറന്നിട്ട്.
നഷ്ടങ്ങള്‍ക്ക് വേലികെട്ടി നില്ക്കുന്ന "കുഞ്ഞുബൈദാപ്ല" യെ ഇഷ്ടമായി.ഒരു എന്‍.വി ടച്ച്.
കെ.പി, ഗന്ധര്വന്, വിഷ്ണൂ.. കുഞ്ഞുബൈദാപ്ലയ്ക്കൊപ്പം നടന്നതിനു നന്ദി.
നന്നായിരിക്കുന്നു, നിറഞ്ഞിരിക്കുന്നു പതിവുപോലെ ഇതും..
ഓര്‍മ്മകളെ നിങ്ങള്‍ എഴുതുമ്പോള്‍ ഞാനതില്‍ എന്റെ ഓര്മ്മക്കുറവുകളെ വായിക്കുന്നു. അതുകൊണ്ട് മനുഷ്യപ്പറ്റിന്റെ പെരുക്കപ്പട്ടികകള്‍ എന്ന് നിങ്ങളുടെ കവിതകളെ വിളിക്കാന്‍ എനിക്കിഷ്ടമാണ്...:)
ഓര്‍മ്മകളെ നിങ്ങള്‍ എഴുതുമ്പോള്‍ ഞാനതില്‍ എന്റെ ഓര്മ്മക്കുറവുകളെ വായിക്കുന്നു.
good nireekshanam laapuda!
“അതിരു കാക്കുമ്പോള്‍
ആശിച്ചിരുന്നാവോ
വേലിയില്ലാക്കാലം!“
കുഞ്ഞുബൈദാപ്ലയല്ലാതെ മറ്റാരുണ്ട് അങ്ങനെ ആശിക്കാന്‍ അറ്ഹതയില്ലാത്തവരായി.!
വേലിയില്ലാത്ത ഒരു കാലം വരിക തന്നെ ചെയ്യും.;)
നന്നായി വരികള്‍.
എന്റെ അനില്‍ജി
എനിക്ക് ഇഷ്ടായി.“നിറയൊഴിയുന്നു പൊട്ടിച്ചിരി“
--------------------------------
എന്നെവെറുതെ ഫീലിംഗ്സ് ആക്കും അല്ലെ.
പരീക്ഷണം
അതിരു കാക്കുമ്പോള്‍
ആശിച്ചിരുന്നാവോ
വേലിയില്ലാക്കാലം!
manassinte..?
Post a Comment