സിഗ്നലിന് ചുവപ്പു കടന്ന്
അലമുറയിടും ആംബുലന്‍സ്
മസാല തേയ്ക്കാതെ
വേനലില്‍ വെന്ത ദേഹം
നെഞ്ചിലപ്പൊഴും
പൂര്‍ത്തിയാകാത്ത വീടിന്
ഇഷ്ടികക്കൂട്ടം
അകമൊരുക്കുവാന്‍ കണ്ടുവെച്ച
ഇറാനിമാര്‍ക്കറ്റിലെ പരവതാനി
ഇരുട്ടിന് ഗലിയില്‍ പതുങ്ങി
ചൈനാക്കാരി വില്‍ക്കും ലോഹമണി
വീട്ടുപകരണങ്ങള്‍ പ്രതിമകള്‍
മഴ തുടങ്ങി
നമ്മുടെ ഇഷ്ടികക്കൂട്ടം പച്ചപുതച്ചു
ബാബുവും ഗീതയും
അവിടെയാണെപ്പൊഴും കളി
പൊത്തിലെങ്ങാനും
വിഷജാതികളെന്തെങ്കിലും...
കുറിക്കാരന് തമിഴന്റെ ചിരി
നാള്‍ക്കുനാള്‍ വഷളാകുന്നു
പരദേശവാസം
വിയര്‍പ്പ് ഭസ്മമാടിയ ദേഹം
തിരണ്ടിവാല് വീശി
കാറ്റ് തൊലിയിളക്കുമ്പോള്‍
മനസ്സില്‍ മഴയൊഴിയും പാടം
വരമ്പില്‍ ഒറ്റക്കാലില്‍ ഏകാഗ്രമായ്
വെള്ളക്കൊടിക്കൂറ
പുതുവെള്ളത്തില്‍
എണ്ണ തേച്ചു വെയില് കായും വരാലുകള്‍
വെള്ളി പൂശിയ സുന്ദരിപ്പരലുകള്‍
അത്താഴവും കഴിഞ്ഞ്
ഉള്‍വാതിലുകള്‍ തുറന്നുറങ്ങും
അര്‍ദ്ധരാത്രികള്‍
സ്വപ്നം തീരും മുന്‍പേ
തോണ്ടിയുണര്‍ത്തും
വാഹനത്തിന് വിളികള്‍
എത്ര ക്രൌര്യത്തോടെ നിന്നെ
ചുറ്റിവരിഞ്ഞു കാലം
തളര്ച്ചയാല് കാല്‍മുട്ടുകള്‍
ഉലഞ്ഞതോ
ഉണര്‍ച്ചയുടെ പരുക്കന്‍ പിടി
അയഞ്ഞതോ
ഒരിടര്‍ച്ചയില്‍ നീ...
10 comments:
തളര്ച്ചയാല് കാല്‍മുട്ടുകള്‍
ഉലഞ്ഞതോ
ഉണര്‍ച്ചയുടെ പരുക്കന്‍ പിടി
അയഞ്ഞതോ
ഒരിടര്‍ച്ചയില്‍ നീ...
അനിലേട്ടാ,
വേദനിപ്പിക്കുന്ന വരികള്‍.
good, anil
അനിലേ, അപാര ഫോമിലാണല്ലോ ഈയിടെയായി. നല്ല രചന.
എത്ര ക്രൌര്യത്തോടെ നിന്നെ
ചുറ്റിവരിഞ്ഞു കാലം
ഈ വരികള്‍ വേണ്ടായിരുന്നു.
അനിലന്‍, കവിത ഇഷ്ടമായി.
അനില്‍ജി
വീണ്ടും വേദനിപ്പിക്കുന്നു.
“മനസ്സില്‍ മഴയൊഴിയും പാടം
വരമ്പില്‍ ഒറ്റക്കാലില്‍ ഏകാഗ്രമായ് “
നൊള്സ്റ്റാള്ജിയയല്ല വല്ലാത്ത നഷ്ടബോധം..
കവിത നന്നായി അനിലേ. നാളെ മൂന്നാമിടത്തിനൊപ്പം കാണുമല്ലോ അല്ലേ?
"നെഞ്ചിലപ്പൊഴും
പൂര്‍ത്തിയാകാത്ത വീടിന്
ഇഷ്ടികക്കൂട്ടം"
ഒരു വീട് പൂര്‍ണ്ണമാകുന്നത് അകലങ്ങളില്‍ നിന്ന് അതിനെച്ചൊല്ലിയുള്ള ആകുലതകളും കൂടിയാവുമ്പോഴായിരിക്കും, ഒരു പക്ഷേ..
ഇങ്ങനെയൊന്നുമല്ലാതെ എങ്ങനെയാണ് മനുഷ്യാ നിങ്ങളെഴുതുന്ന സങ്കടത്തില്‍ നിന്ന് പുറത്ത് കടക്കുക?
"സിഗ്നലിന് ചുവപ്പു കടന്ന്
അലമുറയിടും ആംബുലന്‍സ്
മസാല തേയ്ക്കാതെ
വേനലില്‍ വെന്ത ദേഹം
നെഞ്ചിലപ്പൊഴും
പൂര്‍ത്തിയാകാത്ത വീടിന്
ഇഷ്ടികക്കൂട്ടം
അകമൊരുക്കുവാന്‍ കണ്ടുവെച്ച
ഇറാനിമാര്‍ക്കറ്റിലെ പരവതാനി
ഇരുട്ടിന് ഗലിയില്‍ പതുങ്ങി
ചൈനാക്കാരി വില്‍ക്കും ലോഹമണി
വീട്ടുപകരണങ്ങള്‍ പ്രതിമകള്‍"
ഈ വരികളില്‍ ഒരു പ്രവാസിയുടെ വേദന തളം കെട്ടി നില്ക്കുന്നു...
നല്ല കവിത.
മസാല തേയ്ക്കാതെ
വേനലില്‍ വെന്ത ദേഹം
ഇതിലുമേറെ
ശക്തിയായ് എങ്ങിനേ?
Post a Comment