മരങ്കൊത്തി

മൂത്താശാരി പണിക്കിരുന്നാല്‍
ഉണക്കമരങ്ങള്‍പോലും
എണ്ണ കിനിഞ്ഞ് മലര്‍ന്നു കിടക്കും
ഇമകളടയുംപോല്‍
‍പഴുതില്ലാതെ ചേരും
കട്ടിളക്കാലും പടികളും

വാതിലില്‍ കൊത്തിയ
മുന്തിരിക്കുലകളില്‍
മധുരം നിറയും
നിദ്രയില്‍ വീടു വിട്ടിറങ്ങും
തരുണരാം മരപ്രതിമകള്‍

ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം

പണിക്കു വരാത്തെതെന്തേ?
എന്റെ മാവിന്‍ പലകകള്‍
വെയിലേറ്റു വളയുന്നു
ഓലവാതില്‍ മാറ്റണം
ഉറക്കം വരുന്നില്ല രാത്രിയില്‍
ഇരട്ടപ്പെണ്മക്കളെയേല്‍പ്പിച്ച്
ഒറ്റയ്ക്കു തൂങ്ങിയ
രാഘവന്റെ പെണ്ണ് ചോദിച്ചു

കല്‍പ്പൊടിയാലുളി തേച്ച്
തച്ചിനിറങ്ങി സൂര്യന്‍
മഴ ചോരും മാനത്തിന്‍
മേല്‍പ്പുര പുതുക്കുവാന്‍

അരിയും മുളകും തീര്‍ന്നു
മോള്‍ടെ പനി വിട്ടില്ല
ഇന്നെങ്കിലും വല്ലതും
വീട്ടിലെത്തിക്കണേ
ചട്ടിയും കലവും കലമ്പി

പനിമകളേ പനിമതീ
മധുരമുള്ള മരുന്ന്
വാങ്ങിവരാമച്ഛന്‍

മോന്തിയോളം മേടിയിട്ടെന്തിനാ
മരങ്കൊത്തീ...
ഇപ്പൊപ്പുറപ്പെട്ടാലെത്താം
ചെണ്ടയില്‍ കോലുവെയ്ക്കും മുന്‍പ്
വിളിച്ചു ചങ്ങാതി

വെയിലേറ്റു മുതുകു വളഞ്ഞ
മാമ്പലകകള്‍ മഞ്ഞു കൊണ്ടു
ഓലവാതില്‍ കയറിട്ടു കെട്ടി
പ്രാകിക്കിടന്നു
തൂങ്ങിച്ചത്തവന്റെ പെണ്ണ്

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍
പന്തങ്ങളെരിയും പൂരപ്പറമ്പില്‍
തിടമ്പേറ്റി നില്‍ക്കുമാനയുടെ
ചന്തം കണ്ടു നിന്നു മൂത്താശാരി
ഉള്ളില്‍ മധുരക്കള്ള് നുരഞ്ഞപ്പോള്‍
ഓര്‍മ്മവന്നു പനിമതിയെ‍

28 comments:

അനിലന്‍ said...

“ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം”

അച്ഛനെ ഓര്‍മ്മവരുന്നു
ഒറ്റയ്ക്കു നടന്നു കണ്ട പൂരങ്ങളും

വിഷ്ണു പ്രസാദ് said...

കവിതയുടെ മധുരക്കള്ള്...
അനില്‍ ,കവിതയുടെ തച്ചാ...ഒന്നാന്തരം.
നന്ദി

അചിന്ത്യ said...

നന്നായിട്ടുണ്ട് അനില്‍ .ഉളിയിലൂടെ ഉയിര്‍ കൈകൊണ്ട സാലഭഞ്ജിക , കണ്ണിലേക്കൊരു നോട്ടം മാത്രമെറിഞ്ഞ് എങ്ങോ പോയ തന്‍റെ ശില്പിയെ കാത്ത് കാത്തിരുന്ന കഥ പറയണ ഒരു നൃ്ത്തം കണ്ടതോര്‍മ്മവന്നു.നന്ദി.
കളിയും മേളവും ഉള്ളില്‍‍ത്തിമര്‍ക്കുമ്പോള്‍ ജീവിതത്തിന്‍റെ കണക്കുകള്‍ തെറ്റിയ തച്ചന്മാരും അച്ഛന്മാരും എത്രയെത്ര.
അല്ലെങ്കിലും ഈ വേലേം പൂരോം ഒക്കേം അച്ഛന്മാരടേം ഏട്ടന്മാരടേം മാത്രമാവാനെന്തേ? കുന്തം!

vimathan said...

ജീവിതത്തിന്റെ കണക്ക് തെറ്റിയ തച്ചന്മാരുടെ, അച്ഛന്മാരുടെ കഥയ്ക്ക് നന്ദി, അനില്‍.

ശ്രീ said...

അനിലേട്ടാ...
നന്നായിട്ടുണ്ട്!

Manu said...

അനിലേട്ടാ വളരെ നന്നായി.. ഈ പനിമതി എങ്ങനെയോ എന്റെ മനസ്സിലുണ്ടായിരുന്നു എന്നതാണ് സത്യം. കഥയിലെ ആശാരി എന്റെ അച്ഛനല്ല മറ്റൊരച്ഛന്‍. നോവിച്ചു.

കിനാവ്‌ said...

...ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം...
പുറം ലോകത്തെ വീ‍ക്ഷിക്കുന്ന കവി മന‍സിന് അഭിനന്ദനങ്ങള്‍. വീട്ടുകാരിയെ ചട്ടിയ്യും കലവുമെന്ന് വിളിച്ചതിന് പെണ്‍പക്ഷം അടങ്ങിയിരിക്കുമെന്നു തോന്നുന്നില്ല.

സാല്‍ജോҐsaljo said...

ഇഷ്ടമായി ഈ പാറി നടക്കുന്ന മരങ്കൊത്തിയെ,

കുഴൂര്‍ വില്‍‌സണ്‍ said...

ന്റെ ആശേരിചെക്കാ

KuttanMenon said...

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍
..
അനിലേട്ടാ, നന്നായി വരികള്‍.

ദേവസേന said...

ഞനപനകഎപപ

ഇതു വായിച്ചിട്ട് ഞാനും നിന്റെ മകളെപ്പോലെ ആയെന്ന് തോന്നുന്നു അനിലാ‍.

അസൂയ, അത്ര തന്നെ.

വേണു venu said...

അനില്‍ജീ ഈ കവിത ഒരൊന്നര തച്ചിന്‍റെ കവിത തന്നെ.:)

അനിലന്‍ said...

നന്ദി
എല്ലാവര്‍ക്കും

ദ്രൗപതി said...

നന്നായിട്ടുണ്ട്‌
അഭിനന്ദനങ്ങള്‍

കണ്ണൂസ്‌ said...

കവിതയെഴുതുകയാണെങ്കില്‍ ഇങ്ങനെ എഴുതണം. :-)

ആനച്ചൂരിലും, കരിമരുന്നിന്റെ ലഹരി പിടിപ്പിക്കുന്ന ഗന്ധത്തിലും പനങ്കള്ള് തിളപ്പിച്ച ഒരുപാട് ജന്മങ്ങളെ അറിയാം. പലരും കല്ല്യാണം പോലും കഴിക്കാന്‍ മറന്നവര്‍ ആയിരുന്നു. അതോണ്ട്, ചട്ടീടെം കലത്തിന്റേം തട്ടല്‍ മുട്ടലിന്റെ അലോസരം പോലുമില്ലാതെ ജീവിതം രാകിത്തീര്‍ത്തു.

അനിലന്‍ said...

അവരൊക്കെയാണു കണ്ണൂസ് കളിച്ചവര്‍. നമ്മള്‍ ഗ്യാലറിയിലാണ്, എപ്പോഴും.

Pramod.KM said...

നന്നായിരിക്കുന്നു,ഈ തച്ചന്റെ പണിത്തരം.
:)

മുസാഫിര്‍ said...

നല്ല പരിചയം തോന്നുന്നു ഈ തച്ചനെ.അതുകൊണ്ട് തന്നെ കവിത നല്ല ഇഷ്ടമായി.

chithrakaran ചിത്രകാരന്‍ said...

അനിലന്‍,
നന്നായിരിക്കുന്നു...കവിത.
നാടിന്റെ വിയര്‍പ്പുള്ള മണമുള്ള
വരികള്‍.

അനിലന്‍ said...

പ്രമോദ്, മുസാഫിര്‍, ചിത്രകാരന്‍
നന്ദി

ഏറനാടന്‍ said...

:)

G.manu said...

vayichu venthu keeri.. palakapole..

nandi :)

അനിലന്‍ said...

ഏറനാടന്‍, മനു
സന്തോഷം

ധ്വനി said...

ജീവിതം മാത്രം
നീളവും വീതിയും
തെറ്റിമുറിച്ച പണിത്തരം

മനസ്സു നിറച്ച വേരുള്ള ചിന്തകള്‍!!
അഭിനന്ദനങ്ങള്‍!!

ആദ്യമായി എന്നെ ഇവിടെയെത്തിച്ചത് ഇരിങ്ങലിന്റെ പോസ്റ്റ്!! നന്ദി ഇരിങ്ങല്‍!!

നിഷ്ക്കളങ്കന്‍ said...

അനില‌ന്‍,
ഇരിങ്ങലിന്റെ ആസ്വാദത്തിലൂടെ ഇവിടെയെത്തി. വായിച്ചു.
വ‌ളരെ ന‌ന്നായി കവിത.ഭാഗ്യം വായിയ്ക്കാന്‍ കഴിഞ്ഞത്.
ആധുനികകവിത എങ്ങിനെ വായിയ്ക്കണ‌ം എന്നുള്ളതിന് ഉള്ള ഒരു സൂചിക കൂടിയായി ഇരിങ്ങലിന്റെ പഠനത്തെ കാണുന്നു (കുറഞ്ഞപക്ഷം എന്റെ ട്യൂബ് ലൈറ്റ് ബുദ്ധിയ്ക്കെങ്കിലും).

...പകല്‍കിനാവന്‍...daYdreamEr... said...

പാണന്റെ വിരലും കോലും
ചെണ്ടയില്‍ ചെത്തിപ്പണിതു
മേളഗോപുരങ്ങള്‍
പന്തങ്ങളെരിയും പൂരപ്പറമ്പില്‍
തിടമ്പേറ്റി നില്‍ക്കുമാനയുടെ
ചന്തം കണ്ടു നിന്നു മൂത്താശാരി
ഉള്ളില്‍ മധുരക്കള്ള് നുരഞ്ഞപ്പോള്‍
ഓര്‍മ്മവന്നു പനിമതിയെ‍ ...

...വളരെ ശക്തമാണ് വരികള്‍ക്കിടയിലൂടെയുള്ള ഈ നടത്തം...
മരംകൊത്തി അസാധാരണം...
നന്ദി ... ആശംസകള്‍...

Sureshkumar Punjhayil said...

Mattoru perumthachan...!

Manoharam... Ashamsakal...!!!

സുല്‍ |Sul said...

കവിതയുടെ മേളക്കൊഴുപ്പ് അറിഞ്ഞു ഇവിടെ.

-സുല്‍