ഓണാശംസകള്‍

"ശേഖരേട്ടന്‍ മരിച്ച്‌ ആണ്ടെത്താത്തതോണ്ട്‌ ഇക്കുറി നമ്മള്‌ പൂക്കളട്ടില്ല. മുറ്റത്ത്‌ കളിച്ചോണ്ടിരിക്കുമ്പൊ മോനുണ്ട്‌ എവടന്നോ കൊറച്ച്‌ മുക്കുറ്റിപ്പൂ പൊട്ടിച്ച്‌ കൊണ്ടന്നിരിക്കണ്‌. അവന്‍ മുറ്റത്ത് നിന്ന് കേറില്യ. കെഴക്കേല്‌ പൂക്കളട്ടത്‌ കണ്ടിട്ടാവും. മോളാണെങ്കില്‌ മണ്ണ് നനഞ്ഞിട്ടുണ്ടെങ്കില്‌ മുറ്റത്തിയ്ക്കെറങ്ങൂല്യ. മടിച്ചിയാ."

ഫോണിലൂടെ ആഹ്ലാദത്തോടെ അവള്‍ അത്‌ പറയുമ്പോള്‍ സുഗന്ധവാഹിയായ ഒരു ചെറുകാറ്റ്‌ ഉള്ളില്‍തൊട്ട്‌ പതികാലത്തില്‍ വീശിപ്പോയി.നന്ത്യാര്‍വട്ടത്തിനും ചെണ്ടുമല്ലികള്‍ക്കും കനകാംബരത്തിനുമൊക്കെ ഇടയില്‍ ഒളിച്ചു നിന്ന് മുക്കുറ്റിപ്പൂക്കള്‍ അവനെ അടുത്തേയ്ക്ക്‌ വിളിച്ചതാകുമോ?
കുഞ്ഞുങ്ങളുടെ മനസ്സിലൂടെത്തന്നെയാണ്‌ ആഘോഷങ്ങള്‍ കടന്നു വരുന്ന വഴി.
ഓണം!
കര്‍ക്കിടകം കഴുകിയെടുത്ത പ്രകൃതിയെ വെയിലിന്റെ സുവര്‍ണ വിരലുകള്‍ തുവര്‍ത്തിയെടുക്കുന്ന കാലം.
പറമ്പിന്റെ മൂലയില്‍ ഒച്ചയുണ്ടാക്കാതെ വളരുന്ന പേരറിയാച്ചെടികള്‍ പോലും 'എന്നെ ഇപ്പോഴെങ്കിലും ഓര്‍ത്തല്ലോ, എന്നെക്കൊണ്ടൊരു ആവശ്യം വന്നല്ലോ' എന്ന ഗമയില്‍ പട്ടുടുത്തു നില്‍ക്കുന്ന കാലം.

തിരിഞ്ഞു നോക്കി ആഹ്ലാദിക്കാന്‍ ഒരോണക്കാലവും ഓര്‍മ്മയിലൊന്നും പച്ചകുത്തി വെച്ചിട്ടില്ലെങ്കിലും....

എല്ലാവര്‍ക്കും ഓണാശംസകള്‍.

8 comments:

അനിലന്‍ said...

കര്‍ക്കിടകം കഴുകിയെടുത്ത പ്രകൃതിയെ വെയിലിന്റെ സുവര്‍ണ വിരലുകള്‍ തുവര്‍ത്തിയെടുക്കുന്ന കാലം.

എല്ലാവര്‍ക്കും ഓണാശംസകള്‍.

Sul | സുല്‍ said...

ഓണാശംസകള്‍!
-സുല്‍

മനു said...

കാണാമറയത്തെ നിഴലുകളെ കവിതയുടെ മഴയില്‍ ഈറനുടുപ്പിച്ച് നിര്‍ത്തി ഒരേസമയം നോവിക്കുകയും മോഹിപ്പിക്കുകയും ചെയ്യുന്ന കവിക്കും...

ഓണാശംസകള്‍.

ഏറനാടന്‍ said...

ഒരുകണക്കിനു നോക്കിയാല്‌ കൊല്ലം തോറും നാടുകാണാന്‍ വരുന്ന മാവേലിയും പ്രവാസിയാണല്ലോ! പ്രവാസിപ്രതിനിധിയായ മാവേലിയുടെ സ്മരണയില്‍ ഓണാശംസകള്‍ നേരുന്നു താങ്കള്‍ക്കും കുടുംബത്തിനും...

വിഷ്ണു പ്രസാദ് said...

ഗൃഹാതുരനായ കവിക്ക് ഓണാശംസകള്‍...

ഏ.ആര്‍. നജീം said...

അനിലന്‍,
ഓണാശംസകള്‍..

ശിവന്‍ said...

അനിലേ...അനിലേ....

പൊതുവാള് said...

ആശംസകള്‍....