അവനിപ്പോള്‍ വരാറില്ല

ഒരു കൈയ്യില്‍
പച്ചീര്‍ക്കിലില്‍ കോര്‍ത്ത പുഴമീന്‍
മറ്റേക്കൈയ്യില്‍ സിനിമാനോട്ടീസ്
ബീഡിമണം പോകുവാന്‍ ചവച്ച
മാവിലയുടെ പച്ചച്ചിരി

“ ഇതെനിയ്ക്ക് പുഴ തന്നതാണ് ”

ബീഡിക്കമ്പനിയില്‍ പോകുന്നവളെ
കശുമാവിന്‍ചോട്ടില്‍ വെച്ച്
ഉമ്മ വെച്ചത്
ആരും അറിഞ്ഞില്ലെന്നു ഭാവിക്കും
അവളുടെ മണം ഇടയ്ക്കിടെ
ഷര്‍ട്ടില്‍നിന്ന് കുടഞ്ഞു കളയും

കാലില്‍ എവിടേയെങ്കിലും
ഉങ്ങിന്‍ കായുടെ വട്ടത്തില്‍
ഒരു വ്രണം പഴുത്തിരിക്കും
അല്ലെങ്കില്‍
തള്ളവിരല്‍ കല്ലിലടിച്ച്
നഖം പോയിട്ടുണ്ടാവും

അവന്റെ കൈക്കോട്ടിനെപ്പേടിച്ച്
കമ്മ്യൂണിസ്റ്റ് പച്ചയും പൊന്നാന്തകരയും
സീതാര്‍മുടി പോലെ നിലത്തു പടര്‍ന്നു
തെങ്ങിന്റെ പൊല്ല മാന്തുമ്പോള്‍
ചെടിച്ചേമ്പും കോഴിവാലനും
കടയറ്റു വീണു
വാഴയ്ക്ക് തടമെടുക്കുകയല്ലാതെ
കുടപ്പനില്‍നിന്ന് തേന്‍ കുടിച്ചിട്ടില്ല
അവന്‍ പണി നിര്‍ത്തിക്കയറാതെ
നിഴലുകള്‍ നീണ്ടില്ല

ചായക്കടയില്‍
പ്രഭാതവായനയ്ക്കും
വര്‍ത്തമാനങ്ങള്‍ക്കും അകലെ
ദോശയും കടുപ്പം കൂടിയ ചായയും
ഒറ്റയ്ക്കിരുന്നു കുടിച്ചു

വെറുതേ ഇരിക്കുമ്പോള്‍ മാത്രം
വെറുതെ ആകാശം കണ്ടു
വെറുതെ ഭൂമി കണ്ടു
ഒരു കടവിലും അടുപ്പിക്കാതെ
തുഴഞ്ഞുകൊണ്ടിരുന്നു

ഇപ്പോള്‍ എവിടെയാണാവോ!

13 comments:

അനിലന്‍ said...

"വാഴയ്ക്ക് തടമെടുക്കുകയല്ലാതെ
കുടപ്പനില്‍നിന്ന് തേന്‍ കുടിച്ചിട്ടില്ല
അവന്‍ പണി നിര്‍ത്തിക്കയറാതെ
നിഴലുകള്‍ നീണ്ടില്ല"


തളിക്കുളത്തിന്റെ ഇടവഴികളില്‍ ഇപ്പോഴും നോക്കാറുണ്ട്, ചുണ്ടില്‍ ബീഡിയുമായി എപ്പോഴാണവന്‍ ഒരു വളവു തിരിഞ്ഞു വരികയെന്ന്!

Pramod.KM said...

അവന്‍ ഇവിടെ ഉണ്ട്.ഇവിടെ തന്നെ ഉണ്ട്:)

സാല്‍ജോҐsaljo said...

അധ്വാനിയായ അവന്‍ തുഴഞ്ഞകന്നുപോയി.
ഏത് എത്താ‍ത്തദൂരത്തേയ്ക്ക്?പ്രമോദ് സൂചിപ്പിച്ചതുപോലെ അവന്‍ തുഴയെറിഞ്ഞത് അറബിക്കടല്‍ ലക്ഷ്യമാക്കിയാണോ?

കവിത നന്നായി.

കുത്തിനോടും കോമയോടുമുള്ള ഈ അലര്‍ജി മാറിയിരുന്നെങ്കില്‍...
;)

അനിലന്‍ said...

പ്രമോദ്.. :)

സാല്‍ജോ,
വാക്കുകള്‍ പരമാവധി നഗ്നമായി കിടക്കട്ടെ. കുത്തും കോമകളുമൊക്കെ വായിക്കുന്നവരുടെ മനസ്സിലുണ്ടാവുന്നത് കവിതയ്ക്ക് നല്ലതാണെന്നു തോന്നുന്നു.അല്ലേ??
(ആളെ എനീയ്ക്കു മനസ്സിലായോ സാല്‍ജോ?)

Red said...

വരികളുടെ ഇടവഴികളില്‍ ഇവന്‍ സുപരിചിതന്‍,
നന്ദി, പലതും ഓര്‍മപ്പെടുത്തിയതിന്

ആരോ ഒരാള്‍ said...

അനിലേട്ടാ എവിടേക്കെന്നില്ലാതെ തുഴഞ്ഞ് നീങ്ങുന്ന ഒരാളെ , മഴയില്‍ നനഞ്ഞ് പോയവളെ, ചാരമായ് പോയവളെ

എനിക്കെന്തോ ഓര്‍മ്മ വരുന്നു.
അതോ തോന്നലാണോ !

vishak sankar said...

ചങ്ങാടത്തില്‍ കണ്ടിരുന്നു.അനിലനെ കാണിച്ചുതന്ന രചനകളിലൊന്ന്.

തീക്കൊള്ളി said...

ബീഡിമണം പോകുവാന്‍ പച്ചമാവില ചവച്ചത്‌ ബീഡിക്കമ്പനിയില്‍ (ബീഡിമണം പോകുവാന്‍ അവള്‍ മാവില താളിയാക്കിതേയ്ക്കാറille?)!, പോകുന്നവളെ ചുംബിയ്ക്കാന്‍.
പിന്നെ ഇടയ്ക്കിടെ കുടഞ്ഞുകളഞ്ഞു അവളുടെ '(ബീഡി) മണം'! :)

വെറുതേ ഇരിക്കുമ്പോള്‍ മാത്രം
വെറുതെ ആകാശം കണ്ടു
വെറുതെ ഭൂമി കണ്ടു
ഇപ്പോള്‍ എവിടെയാണാവോ!


beautiful and meaningful lines..
it is like 'slogan' for a pravasi..

കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി said...

അനിലന്‍ ...കവിത വായിച്ചു , ആസ്വദിച്ചു !
കവിതകളെ ആസ്വദിക്കാനേ എനിക്കറിയൂ , അഭിപ്രായം പറയാനറിയില്ല . കവിയും ആസ്വാദകനും തമ്മിലുള്ള ഒരു മൌനസംവാദമാണെന്ന് തോന്നുന്നു കവിത .....!!

കിനാവ്‌ said...

ഒരു കരയിലുമടുപ്പിക്കാത്തവനല്ലേ, എവിടെയെങ്കിലും കാണും. ഞാന്‍ നാട്ടില്‍നിന്ന് വരുമ്പോള്‍ അവിടെയുണ്ടായിരുന്നു. ഇവിടെ പച്ചീര്‍ക്കിലിയും കശുമാവും കമ്മ്യൂണിസ്റ്റുപച്ചയും പൊന്നാന്തകരയും ചെടിച്ചേമ്പും കോഴിവാലനുമൊന്നുമില്ലാത്തതിനാല്‍ ഇവിടെയുണ്ടാകാന്‍ തരമില്ല. അല്ല, ചിലപ്പോള്‍ ഉണ്ടായിരിക്കും ഇവിടത്തെ ശീലങ്ങളുമായി പൊരുത്തപ്പെട്ട അവന്‍...

പടിപ്പുര said...

ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല!

(നന്നായിരിക്കുന്നു)

മയൂര said...

നന്നായിരിക്കുന്നു.....

ദ്രൗപതി said...

കവിത...
നാട്ടുവഴിയിലെ
ചെമ്മണ്‍പാതയിലൂടെ
എന്നെ സഞ്ചരിപ്പിക്കുന്നു....

നിര്‍വൃതിയിലലിയാന്‍
മറന്നുപോയവര്‍ക്ക്‌
നിസംഗതയിലേക്കുള്ള
വഴികാട്ടിയായി തോന്നി ഇതിലെവരികള്‍....

നന്നായിട്ടുണ്ട്‌...
ഭാവുകങ്ങള്‍...