ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു

സ്കൂളില്‍ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്‌
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്‌
സുഗന്ധവും സുവര്‍ണവുമുള്ള
മുല്ലയും പനിനീരുമാണ്‌
കുറ്റിച്ചെടികള്‍ക്കിടയില്‍
‍ആരെങ്കിലുമുണ്ടോ?

പെണ്ണെന്നു പറയുമ്പോള്‍
‍അയയില്‍ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും

അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌

നാരായണന്മാഷ്‌
പെന്‍ഷന്‍ വാങ്ങിവരികയാവും
നബീസുമ്മ
മോളെക്കാണാന്‍ പോയി വരികയാവും
വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍
കഴുത്തിലെ പൊന്മാല
വെയിലില്‍ തിളങ്ങുന്നുണ്ടാവും

16 comments:

riyaz ahamed said...

:( :(

ചന്ദ്രകാന്തം said...

മനസ്സ്‌ മുരടിച്ച കുറ്റിച്ചെടികള്‍ക്കിടയില്‍ ഒന്നല്ല, അനേകരുണ്ട്‌. കൂട്ടിന്‌, ഒരു കൈ പിന്നില്‍ മറച്ച്‌ ചുളിവീഴാത്ത കുപ്പായങ്ങളും...

aneeshans said...

നീ, ഞാന്‍, നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തില്‍ നിന്ന് മനുഷ്യത്വം എന്ന വാക്ക് അകന്നു പോയിക്കേണ്ടിയിരിക്കുന്നു.അനിലേട്ടാ മധുരമില്ലെങ്കിലും ഇഷ്ടമായി ഇപ്പോള്‍

ലേഖാവിജയ് said...
This comment has been removed by the author.
Ranjith chemmad / ചെമ്മാടൻ said...

"അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി"

കലിപ്പുള്ള സ്വപ്നങ്ങള്‍;എന്റെ നാടിന്റെ ചിന്തകള്‍!.............

ഫസല്‍ ബിനാലി.. said...

വായനയുടെ അന്ത്യത്തില്‍ ചിന്തകളെ അസ്ത്രം കണക്കെ അങ്ങോട്ടും ഇങ്ങോട്ടും പായിക്കുന്ന വരികള്‍...
ആശംസകള്‍

Sanal Kumar Sasidharan said...

“അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി“

കൊല്ലാതെ കൊല്ലുന്ന വരികള്‍

കാസിം തങ്ങള്‍ said...

നന്നായിരിക്കുന്നു അനിലേട്ടാ ഈ വരികള്‍

നജൂസ്‌ said...

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌...

അനിലേട്ടാ... താങ്കള്‍ ഭയപ്പെടുത്തുകയല്ല. അറ്റുപോവുന്ന മനുഷ്യഗുണങളെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാവാം. എത്രത്തോളം കരുതിയിരിക്കും... അറിയില്ല എനിക്കൊന്നും അറിയില്ല.

പാമരന്‍ said...

"അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി"

:(

അനിലൻ said...

സ്വപ്നം കണ്ടവര്‍ക്കൊക്കെ നന്ദി

കണ്ണൂസ്‌ said...

:(

Kaithamullu said...

".......ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും"
-
കൈയ്ക്കുന്ന സത്യങ്ങള്‍ മധുരിക്കുന്ന സ്വപ്നങ്ങളായി പരിണമിക്കാന്‍‍‍ ഇനിയും എത്ര നാള്‍ തപസ്സിരിക്കണം, മനസ്സേ?

ലേഖാവിജയ് said...

സ്വപ്നമോ,ദു:സ്വപ്നമോ...?

Mahi said...

പുതിയ കാലഘട്ടത്തിന്റെ മനുഷ്യത്വരഹിതമായ വഴികളെ താങ്കള്‍ ലളിതമായ്‌ പറഞ്ഞിരിക്കുന്നു കവിതയില്‍.അല്ലെങ്കിലും വേറൊരാള്‍ മുമ്പേ പറഞ്ഞു വെച്ചിട്ടുണ്ട്‌ നാം നാളെയുടെ നാണക്കേടുകളെന്ന്‌

അനിലൻ said...

കണ്ണൂസ്, പൂക്കൈത - :(
ലേഖ - സ്വപ്നത്തിന് പ്രതീക്ഷ എന്നര്‍ത്ഥമില്ലെങ്കില്‍ അത്.
മഹി - ശരിയാണ്