ഈരില...മൂവില

കൊടുങ്കാറ്റ് കടപുഴക്കിയ
വരിക്കപ്ലാവിലാണ്
എന്നെ കൊത്തിയത്
പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടല്‍
ഇപ്പോഴുമുണ്ടുള്ളില്‍

നിരക്കെ കൂര്‍ക്ക നട്ട
കുന്നിന്‍ ചെരിവില്‍
ഒറ്റയ്ക്ക് പാര്‍ത്തിരുന്ന
നാരായണിയുടേതാണ്
എന്റെ അളവും അഴകും

മൂവില വിരിഞ്ഞ
കൂര്‍ക്കത്തലപ്പുകള്‍ ചവിട്ടി
പാതിരാനേരത്ത്
നിന്റെ അച്ചാച്ഛന്‍
നാരായണിയുടെ
അളവെടുക്കുമ്പോള്‍
ഓലമേല്‍ക്കൂരമേല്‍
ചന്ദ്രന്റെ
പതിനാലാം നമ്പര്‍ വിളക്ക്

രാപ്പകല്‍ വിശ്രമിക്കാതെ
മഞ്ഞമരക്കാതലില്‍നിന്ന്
ഉണര്‍ത്തിയെടുക്കുമ്പോള്‍
ഉളിവായ് തട്ടി
എനിയ്ക്ക് ഇക്കിളിപ്പെട്ടു
കൂര്‍ക്കയിലയുടെ പച്ചമണമെന്ന്
ആശാരിയെന്നെ
ഇടയ്ക്കിടെ മണത്തുനോക്കി

കശുമാവിന്‍ കാട്ടില്‍
ഒളിച്ചുപാര്‍ത്തിരുന്ന
കമ്യൂണിസ്റ്റുകാരെത്തേടിയ
കൂലിത്തെരച്ചിലുകാര്‍
നാരായണിയുടെ വീടെരിച്ചു
രഹസ്യമായ് ഉടലുമുടച്ചു
അല്ലെങ്കിലും, പ്രതിമയായ്
എത്രയോ കാലം ജീവിക്കേണ്ടതുള്ള
ഒരാള്‍ക്ക്
എന്തിനാണൊരു ചെറ്റപ്പുര!

ഈരില മൂവില പച്ചവിരിച്ച
ആ കുന്നിന്‍ ചെരിവ്
മണലെടുത്തു തീര്‍ന്നിട്ടുണ്ടാവും
മണ്ണിനേയും തൊഴിലിനേയും
വിചാരപ്പെട്ടിരുന്നവര്‍
സമരതന്ത്രങ്ങള്‍ പണിത
കശുമാവിന്‍ കാടുകള്‍
ഇപ്പോള്‍ പൂക്കുന്നുണ്ടാവില്ല

കാലം ഒന്നിനെ അതല്ലാതാക്കുമെന്ന്
നിനക്കറിയുമോ?
പണ്ടു പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടലല്ലാതെ
മരത്തിന്റേതായ ഒന്നും
എന്നിലിപ്പോളില്ലെന്നിരിക്കേ
വെറുതെ നീ
തീ പെരുക്കുന്നതെന്തിന്?

33 comments:

അനിലന്‍ said...

പുതിയ കവിത

ആരോ ഒരാള്‍ said...
This comment has been removed by the author.
സുമേഷ് ചന്ദ്രന്‍ said...

“കാലമിനിയുമുരുളും.....”
:)

എന്നിരുന്നാലും
സിരകളില്‍ ഞാന്‍ കേറ്റിവച്ച
നിന്റെയാ മണം മാത്രം മതി
എനിയ്ക്കെന്നുമീ തീ പെരുക്കാന്‍!


(പതിന്നാലാം രാവുദിച്ഛത് മാനത്തോ
അതോ കൂര്‍ക്ക പ്പാടത്തോ.....??)

സനാതനന്‍ said...

ഒരു നിമിഷം കോണ്ട് ഞാന്‍ അനിലന്റെ പഴയ കവിതകള്‍ എല്ലാം മറന്നുപോയി.ഇനിയെല്ലാം ഒന്നൂടിവായിക്കണം.സൂര്യനുനേരെ നോക്കിയപോലെ ഒരു മങ്ങല്‍.

ഞാന്‍ ഇരിങ്ങല്‍ said...

സമകാലിക രാഷ്ട്രീയം പ്രതിപാദിക്കുന്ന അനിലിന്‍റെ കവിതകള്‍ വളരെ കുറച്ചേ വായിച്ചിട്ടുള്ളൂ.

ഒരു സാധാരണക്കാരന്‍ റെ മാനസീക വ്യാപരത്തിലൂടെയാണ് കവിത നീങ്ങുന്നത്.
ഒരു പൊട്ടല്‍ സൃഷ്ടിക്കുന്നത് വെറുമൊരു ശാഖിയെ മാത്രമല്ല ഉടല്‍ മൊത്തമാണെന്ന് കവിത പറയുന്നു.
‘പുഴകുമ്പോള്‍’ എന്നവാക്ക് പ്രത്യേക ഒരു ചന്തവും കവിതയ്ക്ക് നല്‍കുന്നില്ലെന്ന് തന്നെ പറയാം. വായിക്കുമ്പോള്‍ പഴകുമ്പോള്‍ എന്ന് ഓര്‍മ്മവരികയും വായനക്കാരനില്‍ അശ്രദ്ധ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നും ഓര്‍മ്മപ്പെടുത്താന്‍ ഈ അവസരം ഉപയോഗിക്കുന്നു.

“ നിരക്കെ കൂര്‍ക്ക നട്ട കുന്നിന്‍ ചെരുവ്” എന്ന പ്രയോഗം നന്നായി. ആശയഭംഗി നല്‍കുന്നു. എന്നാല്‍ പഴയ അടിയന്തിരാവസ്ഥക്കാലവും അതു പോലെ വിപ്ലവരും ഒളിത്താമസവും ഓര്‍മ്മവരുന്ന വഴികള്‍ പിന്നെ കറുത്തു പോകുന്നതായി കവി പറയുന്നു.

“ മണ്ണിനേയും തൊഴിലിനേയും
വിചാരപ്പെട്ടിരുന്നവര്‍
സമരതന്ത്രങ്ങള്‍ പണിത
കശുമാവിന്‍ കാടുകള്‍
ഇപ്പോള്‍ പൂക്കുന്നുണ്ടാവില്ല”

കാലം സഞ്ചരിക്കുകയാണ്. ഓളങ്ങളോടെ തന്നെ. അല്ലാതെ ഒരു കുളം പോലെ നിശചലമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും. അതിന് ജനതയെ ചലിപ്പിച്ചേ മതിയാകൂ. ഒപ്പം ചലിക്കുകയും. അതു കൊണ്ട് കാളവണ്ടിയുഗത്തില്‍ നിന്നും സോഷിലിസത്തിന്‍ റെ പാതയിലേക്ക് മുന്നേറേണ്ടുന്ന കാലമിതാ സമാഗതമായിരിക്കുന്നു വെന്ന് ഇന്ത്യന്‍ കമ്യൂനിസം വിളിച്ചു പറയുന്നുവെങ്കില്‍ ആശ്വസിക്കുക തന്നെയാണ് വേണ്ടത്.

ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ് ജ്യോതിബാസുവിന്‍റെ പ്രസ്താവനയും അതിനു ശേഷമുണ്ടായ മാധ്യമ കള്ളക്കളികളും.

സോഷിലിസം നടപ്പിലാക്കുന്നതിന്‍റെ വഴികള്‍ നമ്മള്‍ ഇനിയും പഠിക്കേണ്ടിയ്രിരിക്കുന്നു. അല്ലാതെ മാണിയുടെ ഒറ്റപുസ്തകമല്ല സോഷിലിസം എന്നും ജനങ്ങള്‍ തിരിച്ചറിയേണ്ടിയിരിക്കുന്നു.

സോഷിലിസത്തിന്‍ റെ പാതയിലെ ഒരു തലം മാത്രമാണ് മുതലാളിത്തമെന്ന് പഠിപ്പിക്കാന്‍ ഇന്ത്യന്‍ മാര്‍ക്സിസ്റ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ തയ്യാറായെങ്കില്‍ അതിനെ സര്‍വ്വാത്മനാ സ്വാഗതം ചെയ്യേണ്ടതു തന്നെയാണ്.

അതു കൊണ്ടാവണം നാരായണ പണിക്കരോട് പിണറായി വിജയന്‍ പറഞ്ഞത്

“ എല്ലാ ഭാഷയും ഞങ്ങള്‍ക്കറിയാം“ എന്ന്

ഒരു പക്ഷെ കെ. എം. പ്രമോദ് ആണ് ബ്ലോഗില്‍ രാഷ്ട്രീയ കവിതകള്‍ എഴുതുന്നതില്‍ ഏറെ ശ്രദ്ധേയം എന്നെനിക്ക് തോന്നുന്നു. അതു കൊണ്ട് തന്നെ ഈ കവിതയും പുതിയ തരംഗം ഉയര്‍ത്തും എന്നതില്‍ തര്‍ക്കമില്ല.
അഭിനന്ദങ്ങള്‍

ദേവസേന said...

അളവുകളെടുക്കുന്നതിലും, ഉളി ഓടിക്കുന്നതിലുമുള്ള കൃത്യത അസലായിട്ടുണ്ടു അനിലാ‍ാ‍ാ..

ഒരിക്കലും കാണ്ടിട്ടില്ലാത്ത കൂര്‍ക്കച്ചെടിയുടെ ഇലകള്‍ മുന്നില്‍ വിരിഞ്ഞു-

കശുമാവ് അത്ര നിസാരക്കാരനല്ലന്ന് എനിക്കു മനസിലായത് ഈയിടെയാണ്‍.
20 വര്‍ഷങ്ങള്‍ക്കു ശേഷമാണു പൂത്തുനില്‍ക്കുന്ന ഒരു കശുമാവിനെ ഈയിടെ കണ്ടത്. മൂട് അയല്‍ക്കാരന്റെ പറമ്പിലെങ്കിലും ഉടല്‍ ആകെമാനം എന്റെ പറമ്പിലേക്കിട്ട് അടിമുടി പൂത്തുലഞ്ഞ്..
അപ്പോള്‍ ഞാന്‍ നിന്നെയോര്‍ത്തു..നിന്റെ കവിതകളെയോര്‍ത്തു..
ഒരു മരം എങ്ങനെയാണു ഹൃദയത്തിലേക്കു വളരുന്നതെന്നു മനസിലായി!! വെറുതെയല്ല നിന്റെ പല കവിതകളിലും കശുമാവിന്റെ തണല്‍ പടരുന്നതെന്നും മനസിലായി!!

അനിലന്‍ said...

അനീഷ്,സുമേഷ്, സനാതനന്‍, രാജു - സല്യൂട്ട്

ദേവസേന - ഞാന്‍ ഒന്നും പറയില്ല.

Pramod.KM said...

ആകെ പെരുത്തുപോയി.
പെരുത്ത് ഇഷ്ടവുമായി.

G.manu said...

അനിലാ

‘മരംകൊത്തി‘യുടെ അറക്കപ്പൊടിച്ചൂര് നെഞ്ചില്‍ നിന്നും മായുന്നതിനു മുമ്പേ മൂവിലയുമായി എത്തിയല്ലോ..

കരളിലുടക്കുന്ന കവിത

ഉമ്പാച്ചി said...

മുമ്പ് വായിച്ചതിന്റെ
രസക്കേട് മുന്നേക്കൂട്ടിയാണ് വായന തുടങ്ങിയത്.
കോരിത്തരിച്ചു പോയി...അനിലാ...
നിലം തൊടാന്‍ സമയം വേണം.
പൂര്‍വ രൂപം കൂടി വായിക്കട്ടെ ഒന്നു കൂടി,
കൊണ്ടു നടന്നാല്‍ കവിത
പിന്നെയും പിന്നെയും മനോഹരമാകുന്നു.

സുല്‍ |Sul said...

ഒരു മരകഷ്ണം പറഞ്ഞ ഈ കഥ ഇഷ്ടപ്പെട്ടു മാഷെ. നന്നായിരിക്കുന്നു.

കവിതയുടെ ആദ്യ വരികളില്‍ ഒരു ‘പുഴകല്‍‘ ഉള്ളതുകൊണ്ട് ‘ഞാന്‍ ഇരിങ്ങല്‍‘ പറഞ്ഞതു പോലെ ‘പുഴകല്‍‘ എന്ന പദം അവിടെ ദുരര്‍ത്ഥങ്ങളൊന്നും തരുന്നതായി കണ്ടില്ല.
‘കാലം ഒന്നിനെ അതല്ലാതാക്കുന്നു‘ എന്നല്ലേ :)

-സുല്‍

വിശാഖ്ശങ്കര്‍ said...

കാലം ഒന്ന് അതല്ലെന്ന് തോന്നിപ്പിക്കും.പുഴകുമ്പോള്‍ ഉണ്ടായ നെടുനീളന്‍ പൊട്ടലിലൂടെ പ്രാണന്‍ ഊതികയറ്റുവാന്‍ ഒരാള്‍ എത്തുംവരെ.അന്ന് പ്രതിമയുടെ കണ്ണില്‍നിന്ന് തീ പാറുന്നത് നാം കാണും.

കട്ടങ്കാപ്പിയിട്ട് ബീഡിയും വലിച്ചിരിക്കുന്ന രാത്രികളെ ജനം പുച്ഛം കൊണ്ട് അഭിഷേകം ചെയ്താലും അങ്ങനെ ഒന്നു നമുക്കു വേണം,”ഈരില..മൂവില” ഉറക്കെ ചൊല്ലാന്‍..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓലമേല്‍ക്കൂരമേല്‍
ചന്ദ്രന്റെ
പതിനാലാം നമ്പര്‍ വിളക്ക്

ഇതെന്താ?

വിഷ്ണു പ്രസാദ് said...

അനിലാ കവിതയുടെ അവസാനഭാഗം കവിതയെ ഒന്നാകെ മനോഹരമാക്കി.(അവസാനഭാഗമില്ലാതെ ഒരിക്കല്‍ വായിച്ചുവല്ലോ ഞാന്‍)
നാട്ടുപദങ്ങളുടെ സ്നിഗ്ദ്ധത കവിതയ്ക്കുണ്ടാക്കുന്ന മനുഷ്യപ്പറ്റിന്റെ മുഖം(ലാപുടയുടെ ഒരു പഴയ കമന്റ് ഓര്‍മയില്‍)എങ്ങനെ കാണാതെ പോവും.

കൃഷ്ണപ്രിയ. said...

വായിച്ചുമടങ്ങുമ്പോള്‍ കശുമാവു പൂത്ത ഗന്ധം പിന്നാലെ വരുന്നു...

അനിലന്‍ said...

പ്രമോദ്,മനു,ഉമ്പാച്ചി,സുല്‍, വിശാഖ്, വിഷ്ണു, കൃഷ്ണ - സന്തോഷം

പ്രിയ - ഇതൊക്കെ എങ്ങനെയാ പറഞ്ഞു തരിക?

കിനാവ് said...

വലതുകമ്മിണിസ്റ്റാണോന്നൊരു ശങ്കേണ്ടാര്‍ന്നു. ഇപ്പൊ മാറികിട്ടി. ഇങ്ങള് മാവോന്റെ ആള് തന്നെ. സൂക്ഷിച്ച് നടന്നില്ലേല്‍ വേട്ടയ്ക്കിരയാകേണ്ടി വന്നേക്കാന്‍ സാധ്യതയുണ്ടത്രേ...

പിളര്‍ന്നപ്പോഴുണ്ടായ വിള്ളലുകളെ ശരിക്കും ഉള്‍ക്കൊള്ളുന്നുണ്ട് ആ ‘പുഴകുമ്പോഴുണ്ടായ നെടുനീളന്‍ പൊട്ടല്‍’ പ്രയോഗം. അത് കവിതയ്ക്കൊരു ഭംഗികേടുമുണ്ടാക്കുന്നില്ല.

വിശാഖ്ശങ്കരേട്ടനൊരു ‘റെഡ്സല്യൂട്ട്’.
നന്നായി കൊത്തിയെടുത്ത കവിത.

വിശാഖ് ശങ്കര്‍ said...

പ്രിയെ,
പതിനാലാം രാവുദിച്ചത് മാനത്തൊ
കല്ലായികടവത്തൊ..
എന്ന സിനിമാപാട്ട് കേട്ടിട്ടില്ലേ..:)

അനിലന്‍ said...

കിനാവേ
എന്തായാലും വലതല്ല
മാവോ പ്ലാവോ എന്ന് മനസ്സിലായല്ലോ :)

അചിന്ത്യ said...

പെരുകുന്ന തീയ്ക്കൊപ്പം പിടയ്ക്കുന്ന തരുമനസ്സ് അച്ചാച്ചന്റെ കുഞുമോനെങ്ങനെ അറിയാന്‍.
നാരായണിയ്ക്ക് അവന്‍ തന്നെ ചിതയൊരുക്കട്ടെ.

കാലം മണ്ണിനേം തൊഴിലിനേം കുറിച്ച് വിചാരപ്പെട്ടിരുന്നവരെപ്പോലും അവരല്ലാണ്ടാക്കീല്ല്യെ.

ഭൂമിപുത്രി said...

രാഷ്ട്രിയതലങ്ങളിലേയ്ക്ക് കടക്കുന്നില്ല അനില്‍.
എനിയ്ക്കിഷ്ടടമുള്ള
മറ്റൊരുകവിതയാക്കി
ഞാനിതിനെ മാറ്റുന്നു.
നന്ദി!

latheesh mohan said...

മണ്ണിന്റെ മണം എന്നൊക്കെ കേട്ടിട്ടേയുള്ളൂ..കണ്ടു..

ഉഗ്രന്‍ കവിത

raj neettiyath said...

അവര്‍ക്കു വേണ്ടി പ്രതിമകള്‍ക്കു പോലും ഉരിയാ‍ടേണ്ടി വരുന്ന കാലം.

വളരെ പ്രത്യക്ഷമായ പ്രകൃതി-സ്ത്രീ ദ്വന്ദങ്ങളുടെ രാഷ്ട്രീ‍യത്തെ വായിക്കാന്‍ മറന്നു പോയിട്ടാണോ കവിതയെ ഇരിങ്ങല്‍ സ്വത്വബോധമില്ലാത്ത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെ വിടുവായത്തത്തില്‍ തളച്ചിട്ടത്? അതിശയം.

N O M A D | നൊമാദ്. said...

ഇരിങ്ങല്‍ ഒരൊറ്റ വായനയില്‍ കണ്ട നാലഞ്ച് വാക്കുകള്‍ കൊണ്ട് ഇങ്ങനെ “വായന“ എഴുതരുത്. ഒരു അഭ്യര്‍ഥനയാണ്. അനിലന്റെ ഈ കവിത വെറും 2D ആയിപ്പോവാതിര്‍ക്കാനാണ്. ബ്ലോഗ് വായനക്കാരില്‍ ഏറിയ പങ്കും കവിത വായിക്കാന്‍ കമന്റുകളെ ആശ്രയിക്കുന്നവരാണ്. അവരെ കണ്ണു കെട്ടി നടത്താനേ ഈ വക വായനകള്‍ ഉപകരിക്കൂ,

രാഷ്ടീയത്തിനപ്പുറം അനിലന്റെ കവിത സംസാരിക്കുന്നുണ്ട്. പശ്ചാലാത്തമായി വരുന്ന രാഷ്ടീയമല്ലാതെ ഈ വരികളൊന്നും ഇരിങ്ങല്‍ കണ്ടില്ലേ

“കാലം ഒന്നിനെ അതല്ലാതാക്കുമെന്ന്
നിനക്കറിയുമോ?
പണ്ടു പുഴകുമ്പോളുണ്ടായ
നെടുനീളന്‍ പൊട്ടലല്ലാതെ
മരത്തിന്റേതായ ഒന്നും
എന്നിലിപ്പോളില്ലെന്നിരിക്കേ
വെറുതെ നീ
തീ പെരുക്കുന്നതെന്തിന്?“

ഈ വരികളുടെ ആഴം കാണാതെ എന്ത് വായന. :)

ജ്യോനവന്‍ said...

മുറുകിമുറുകിയതിലാണ് പൊട്ടുന്നത്.
പൊട്ടിയതിലാണ് തീ പെരുക്കുന്നത്.
കവിതയിലും....
ഇഷ്ടം ചൂടുകോരുന്ന വായന!

ലേഖ വിജയ് said...

ശ്രീ.ഇരിങ്ങലിന്റെ കമെന്റ് വായിച്ചതിന്റെ അമ്പരപ്പ് ഇനിയും മാറിയിട്ടില്ല.ഇത്തരം വായനകള്‍ എന്നെപ്പോലെയുള്ള ശരാശരി വായനക്കാരെ വഴി തെറ്റിക്കുകയേയുള്ളൂ.കാലം ഒന്നിനെ അതല്ലാതാക്കുമെന്നു കവിതയില്‍ പറയുന്നതുപോലെ,ശ്രീ.ഇരിങ്ങല്‍ ഈ കമെന്റു കൊണ്ട് കവിതയെ അതല്ലാതാക്കി കളഞ്ഞു.

അഭയാര്‍ത്ഥി said...

ഏതോ ശില്‍പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരി ചേതോഹരാംഗിതന്‍ രൂപം.

വരിക്കപ്ലാവിന്റെ കാതലില്‍ അനിലന്‍ നിര്‍മ്മിച്ച ഈ മോഹിനി ശില്‍പ്പം എന്നെ മോഹിപ്പിക്കുന്നു.
ഞാന്‍ ഇവളുടെ പുറകെ വഴി നടക്കുന്നു. കാരണം ഞാനല്ലല്ലൊ ഇവളെ വഴിനടത്തേണ്ടത്‌.
ഈരില മൂവീലയില്‍ അനിലനുളവാക്കുന്നു ദലമര്‍മ്മരം

അഭയാര്‍ത്ഥി said...

ഏതോ ശില്‍പ്പി ഒരിക്കല്‍ നിര്‍മ്മിച്ചൊരി ചേതോഹരാംഗിതന്‍ രൂപം.

വരിക്കപ്ലാവിന്റെ കാതലില്‍ അനിലന്‍ നിര്‍മ്മിച്ച ഈ മോഹിനി ശില്‍പ്പം എന്നെ മോഹിപ്പിക്കുന്നു.
ഞാന്‍ ഇവളുടെ പുറകെ വഴി നടക്കുന്നു. കാരണം ഞാനല്ലല്ലൊ ഇവളെ വഴിനടത്തേണ്ടത്‌.
ഈരില മൂവീലയില്‍ അനിലനുളവാക്കുന്നു ദലമര്‍മ്മരം

anamika said...

നല്ല തീക്ഷ്ണതയുള്ള കവിത...മനസ്സില്‍ തട്ടി ട്ടോ...

ഞാന്‍ ഇരിങ്ങല്‍ said...

ഈരില മൂവില വായിച്ച് കഴിഞ്ഞ് കമന്‍റിട്ട് തിരിച്ച് പോയി വന്നത് ഇന്നാണ്. മറ്റുള്ള കമന്‍റുകളൊക്കെ ഇന്നാണ് വായിക്കാന്‍ പറ്റിയത്.

ഞാനെഴുതിയ കമന്റ് കവിതയെ പുറകോട്ട് നടത്തിക്കുന്നുവെന്നും വായനയെ ശല്യപ്പെടുത്തുന്നുവെന്നും പലരും എഴുതിക്കണ്ടു.

പലരും പുതിയ (ഞാന്‍ മുമ്പ് വായിക്കാത്തവര്)ബ്ലോഗേഴ്സ് ആണെന്ന് തോന്നുന്നു. അവര്‍ക്കെല്ലാം ഒരു നല്ല നമസ്കാരം.
പരിചയപ്പെടാന്‍ സാധിച്ചതില്‍ സന്തോഷവും കവിതയുടെ ആഴങ്ങളിറങ്ങാന്‍ തയാറാവുന്നതില്‍ സ്നേഹവും.

പെരിങ്ങോടരേ...ഇവിടെ കാണാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. ഒരു പാടായി കണ്ടിട്ട്. കമന്‍റിനുള്ള മറുപടിയും കവിതയിലെ കൂടുതല്‍ വായനയും ഒരു പോസ്റ്റാക്കാം എന്നു തന്നെ കരുതുന്നു. താങ്കള്‍ പറഞ്ഞ പ്രകൃതി സ്ത്രീ ദ്വന്ത്വങ്ങളെ വായിക്കാന് ഈ കവിത സാധിക്കുന്നുണ്ട്. വിശദമാക്കാന്‍ ശ്രമിക്കാം. കവിതയ്ക്ക് പല വായന സാധ്യമാണല്ലോ ഓരോ വായാനയിലും വിവിധമുഖങ്ങളും കിട്ടിയേക്കാം.

നൊമാദ്.. (പേര് ഇഷ്ടമായി)... നമുകൊരു 3ഡി വായന തന്നെയോ അതില്‍ കൂടുതലോ വായിക്കാം.

താങ്കള്‍ വായിച്ച വായന കൂടി പറയാതെ “ ഈ വരിയിലെ ആഴം കാണാതെ എന്ത് വായന” എന്ന് പറഞ്ഞു വയ്ക്കുന്നതിലെ പൊള്ളത്തരം തിരിച്ചറിയുകയും ചെയ്യുന്നു.

ലേഖാ വിജയ്... അമ്പരപ്പ് മാറിക്കാണുമെന്ന് വിചാരിക്കുന്നു. അമ്പരക്കേണ്ട കാര്യമുണ്ടായിരുന്നില്ല. ഇങ്ങനേയും കവിത വായിക്കാവുന്നതാണ്. എന്നാല്‍ ഇങ്ങനെയേ വായിക്കാവൂന്ന് ഞാന്‍ പറഞ്ഞില്ല. എങ്കിലും എന്‍റെ വായനയെ വിലമതിക്കുന്നു അതിനെ മുഖവിലക്കെടുക്കുന്നു എന്നറിയുമ്പോള്‍ എനിക്ക് ഉത്തരവാദിത്വം കൂടുന്നു. തീര്‍ച്ചയായും കൂടുതല് ശ്രദ്ധിക്കാവുന്നതാണത്. പുതുവായനകളെ വഴിതെറ്റിക്കുകയല്ല വഴിനടത്തുകയാണ് ഉദ്ദേശം. കൂടുതല്‍ ഉത്തരവാദിത്തത്തോടെ അത് നിര്‍വ്വഹിക്കാന്‍ ശ്രമിക്കാം.

വിശദാമായ വായന ഒരു പോസ്റ്റായി അടുത്ത ദിവസമോ ഇന്നു തന്നെയൊ പ്രതീക്ഷിക്കാം

ഓഫ്: അനിലന്:) ഇത്രയും വല്യയൊരു വിശദീകരണകുറിപ്പ് ഇടേണ്ടിവന്നതില് സന്തോഷമുണ്ട്. കവിത വായനക്കാര്‍ ഏറ്റെടുത്തല്ലോ..

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

N O M A D | നൊമാദ്. said...

ഇരിങ്ങലേ ഇത് കഴിഞ്ഞ ദിവസം ഇട്ട പേരാ. അതിനു മുന്‍പ് ആരോ ഒരാള്‍ എന്നായിരുന്നു :).
പേര് ഇഷ്ടമായി എന്ന് പറഞ്ഞതിനു നന്ദി.

വേറെ ഒന്നുമില്ല. :)

ഞാന്‍ ഇരിങ്ങല്‍ said...

ആരോ ഒരാള്‍ ആണൊ ഈ നൊമാദ്.. എന്താ മാഷേ പേരൊക്കെ മാറ്റിയേ...

വിശദമായി പിന്നീട് പരിചയപ്പെടാം.

ഓഫ്: അനിലേട്ടാ.. ബ്ലോഗ് കൊണ്ട് ഇതൊക്കെ തന്നെ പ്രയോജനം. പരസ്യമൊന്നുമല്ല. ഒരു സൌഹൃദം:):):)

Siji said...

കവിതയിലുപയോഗിക്കൗന്ന ബിംബങ്ങള്‍ക്ക്‌ അസാമാന്യമായ ഭംഗി .. ഒരേ നാട്ടില്‍ നിന്നും വന്നവര്‍ എന്ന നിലക്കാകണം വളരെ നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്നതാണ്‌ എനിക്ക്‌ അനിലിന്റെ കവിതകള്‍..ഒക്കെ കണ്ടു മറന്നത്‌, പക്ഷെ എനിക്ക്‌ എഴുതാന്‍ പറ്റാത്തത്‌.. :)