നനഞ്ഞ ആകാശം

ഏകാന്തത വിശപ്പ് കാമം
പ്രണയം തിരസ്കാരം രോഗം
ഇരുന്നൂറ് പേജു തികഞ്ഞാല്‍
ആര്‍ക്കു ഞാന്‍ സമര്‍പ്പിക്കും
എന്റെ പുസ്തകം?

കാറ്റും മഴയുമില്ലാതെ
ജനിപ്പിച്ച
തുലാമാസരാത്രിക്ക്

പച്ച മഞ്ഞ നീല വയലറ്റ്...
നിറങ്ങള്‍ തന്ന്
വീട്ടുമുറ്റത്തെ വഴിയിലൂടെ
ബീഡി തെറുക്കാന്‍ പോയിരുന്ന
പരുത്തിപ്പാവാടകള്‍ക്ക്

ഓരോ രാത്രിയിലും വന്ന്
കുഴഞ്ഞുവീഴുംവരെ
മണലിലൂടെ ഓടിക്കുന്ന
ദു:സ്വപ്നങ്ങളുടെ കൊമ്പനാനകള്‍ക്ക്

കൊമ്പിലേയ്ക്ക് കേറി
കുരുക്കഴിച്ചെടുത്ത്
പരിക്കുകളൊട്ടിച്ച്
നൂലിന്റെ തുമ്പു ഭദ്രമാക്കിപ്പിടിച്ച്
മാനത്തേയ്ക്ക് തിരിച്ചയച്ച
നിനക്ക്!

(രണ്ട് അധ്യായങ്ങളുള്ള നഗരം എന്ന കവിതാസമാഹാരത്തിന്റെ ആമുഖകവിത)

14 comments:

അനിലന്‍ said...

കഴിഞ്ഞ മഴക്കാലത്ത് കടലെടുത്തുപോയ
പ്രണയത്തിന്.
മഴയ്ക്കൊപ്പം നിലത്തിറങ്ങി വെട്ടിയ വെള്ളിടികള്‍ക്ക്.

ആരോ ഒരാള്‍ said...

ഇതു മുഴുവന്‍ എനിക്ക്. ഞാന്‍ എടുത്തു.

vadavosky said...

കവിത നന്നായി അനില്‍.
പിന്നെ ആനകളെ സ്വപ്നം കണ്ടാല്‍ ധാരാളം കാശു വരും. പക്ഷെ ഇത്‌ ദു:സ്വപ്നങ്ങളുടെ കൊമ്പനാന ആയിപ്പോയി.

വിശാഖ് ശങ്കര്‍ said...
This comment has been removed by the author.
ജ്യോനവന്‍ said...

നല്ലത് ഈ ആമുഖ കവിത.
തിളങ്ങട്ടെ
പുസ്തകവും കവിയും.
ഭാവുകങ്ങള്‍

ഞാന്‍ ഇരിങ്ങല്‍ said...

നനഞ്ഞ ആകാശം ഇന്നലെത്തെ മഴയോടൊപ്പം വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം

“വീട്ടുമുറ്റത്തെ വഴിയിലൂടെ
ബീഡി തെറുക്കാന്‍ പോയിരുന്ന
പരുത്തിപ്പാവാടകള്‍ക്ക്“

പ്രയോഗം നന്നായി ഇഷ്ടപ്പെട്ടു.

സ്നേഹപൂര്‍വ്വം
ഇരിങ്ങല്‍

പ്രിയ ഉണ്ണികൃഷ്ണന്‍ said...

നല്ല വരികള്‍

വാല്‍മീകി said...

നല്ല വരികള്‍.

സനാതനന്‍ said...

കൊമ്പിലേയ്ക്ക് കേറി
കുരുക്കഴിച്ചെടുത്ത്
പരിക്കുകളൊട്ടിച്ച്
നൂലിന്റെ തുമ്പു ഭദ്രമാക്കിപ്പിടിച്ച്
മാനത്തേയ്ക്ക് തിരിച്ചയച്ച
നിനക്ക്!

Simply great!

aham said...

എനിക്ക്‌... എനിക്ക്‌ ... പ്ലീസ്‌...

latheesh mohan said...

നിനക്ക് നിനക്ക് എന്ന് കുടിയൊഴിപ്പിച്ചു
വിടുമ്പോള്‍
എനിക്ക് എനിക്ക് എന്ന്
ആരൊക്കെയോ വരുന്നുണ്ട്

രക്ഷയില്ല അനിലന്‍ :)

റോബി said...

ഒരു ഓഫ് കവിത കെടക്കെട്ടെ...

ഏതാണ് ആദ്യം ലിഖിതമാകേണ്ടത്...?
പാ‍ളയിലിരുത്തി ചരലുകള്‍ക്കു മീതെ വലിക്കപ്പെട്ടതോ
തോണിയിലുരുന്ന് വെള്ളത്തിലിട്ട കൈപ്പത്തിയോ
നാനൂറു പേര്‍ക്ക് ശല്യമാകുമ്പോഴും
നാലു പേര്‍ക്ക് ഉപകാരമാകാത്ത ഈ ജന്മമോ...?

(ലാപൂടയുടെ ഒരു ഡയറിക്കവിത...പണ്ടൂ വായിച്ചത്...അല്ലാതെ ഇങ്ങനെ ഒരു കവിതയ്ക്ക് സ്വന്തം കയ്യില്‍ നിന്നു കമന്റിടാനുള്ള ആസ്തിയെനിക്കില്ല.)

കൃഷ്ണപ്രിയ. said...

സമര്‍പ്പണം അവള്‍ക്കുമാത്രം മതി.കുരുക്കുകളഴിച്ച് ,പരിക്കുകളൊട്ടിച്ച് ആകാശത്തേക്കവള്‍ പറത്തിവിട്ടില്ലായിരുന്നെങ്കിലോ..?
പഞ്ചാരയിട്ട് കത്തിച്ചതും ഇവളെത്തന്നെയോ ..?

അനിലന്‍ said...

അനീഷ്- എടുത്തോ
vadavosky- ആനകളെ സ്വപ്നം കണ്ടാല്‍ കാശുവരുമെങ്കില്‍ ഞാനിന്ന് ആരായേനേ!

ജ്യോനവന്‍, രാജു,പ്രിയ, വാല്‍മീകി,സനാതനന്‍,
- സന്തോഷം
അഹം - സമ്മതിച്ചു :)

ലതീഷ്- എവിടെയൊക്കെയോ, എങ്ങനെയൊക്കെയോ കൂട്ടിമുട്ടുന്നല്ലോ!

റോബി - ഏതായിരുന്നു ലാപുടയുടെ ആ കവിത?

കൃഷ്ണപ്രിയ- അതേ അവള്‍ക്കു മാത്രം. അവള്‍ ചായം പുരട്ടി ചുണ്ടൊപ്പിട്ട് പ്രകാശിപ്പിച്ച പുസ്തകമാണെ സത്യം. കത്തിച്ചു കളഞ്ഞത് അവളെത്തന്നെ. പെണ്ണായി ജനിക്കുന്നതും അവളുടെ കൂടെ ജീവിക്കാന്‍!