ചെങ്കണ്ണിന്റെ കാലത്ത്

കണ്ണീക്കേടു വന്ന്
കണ്ണു ചുവന്നതിനാലാണ്
മുറ്റത്തെ ചെമ്പരത്തിയില്‍
ചുവന്ന പൂക്കളെന്നു വിചാരിച്ചു
സൂര്യനാണെങ്കില്‍
പുലര്‍കാലത്തിന്റേയും
അന്തിയുടേയും മാത്രം നിറം

ചുറ്റും ചുവപ്പു മാത്രം കണ്ടപ്പോള്‍
തൊണ്ടയില്‍ തടവിലായിരുന്ന
മുദ്രാവാക്യങ്ങളൊക്കെയും
മുഷ്ടിചുരുട്ടി വന്നു
ഇരുവശവും ഇലകള്‍ തിങ്ങിയ
വഴിയിലൂടെ
അവയെന്നെ നടത്തി

എവിടെ...
അറിയുമോ...
എന്ന മട്ടിലുള്ള ചോദ്യങ്ങളായിരുന്നു
അധികവും

ഏകാംഗ ജാഥകണ്ട്
‘ഇവനാരെടാ’ എന്ന്
വഴിയില്‍നിന്നാരൊക്കെയോ
നോക്കുന്നുണ്ട്
ഇത്തരം മുദ്രാവാക്യങ്ങളൊന്നും
ഇപ്പോള്‍ നിലവിലില്ലെന്ന്
അവര്‍ പരിഹസിക്കുന്നുണ്ട്

ജാഥ ഒരു വളവു തിരിയുമ്പോള്‍
കണ്ടു
‘ഞങ്ങളിവിടെയുണ്ട്’ എന്നു പറഞ്ഞ്
രണ്ടു ചുവന്ന പൂക്കള്‍
തുരന്നെടുക്കപ്പെട്ട കണ്ണുകള്‍പോലെ
വേലിയില്‍ പൂത്തു നില്‍ക്കുന്നു

16 comments:

അനിലൻ said...

ദേശാഭിമാനിയില്‍

(കഴിഞ്ഞ അവധിക്കാലത്ത് ഒരാഴ്ച വീട്ടുതടങ്കലിലാക്കിയ കണ്ണീക്കേടിന്, മറന്നുപോയ മുദ്രാവാക്യങ്ങള്‍ക്ക്)

ചന്ദ്രകാന്തം said...

"തുരന്നെടുക്കപ്പെട്ട കണ്ണുകള്‍പോലെ..." !!!

ജ്യോനവന്‍ said...

നല്ല കവിത.
നല്ല തീവ്രത.

സു | Su said...

:) അത് ചുവന്നിട്ടാണെന്നാരു പറഞ്ഞു?

സാരംഗി said...

കണ്ണീക്കേട് വന്നപ്പോഴെങ്കിലും പഴയ മുദ്രാവാക്യങ്ങളൊക്കെ ഓര്‍‌ത്തല്ലൊ..
:) കവിത കിടിലന്‍.

aneeshans said...

അറിയുമോ എന്ന് ചോദിച്ചോ വേലിക്കല്‍ പൂത്ത പൂക്കള്‍ ?

ഓ ടോ : ഷാര്‍ജയില്‍ ജാഥയും, വേലിയും ഒക്കെ ഇല്ലാത്തതു നന്നായി :)

ദിലീപ് വിശ്വനാഥ് said...

നല്ല വരികള്‍.

നിലാവര്‍ നിസ said...

പൂക്കുന്നുണ്ട്..
ഓര്‍ക്കാപ്പുറത്ത് ചില ചെമ്പരത്തികള്‍..
നല്ല വായന

അനിലൻ said...

ചന്ദ്രകാന്തം, ജ്യോനവന്‍, സു, സാരംഗി, അനീഷ്, വാല്‍മീകി, നിലാവ് - സന്തോഷം

സജീവ് കടവനാട് said...

കവിത ഇഷ്ടായി. ഇത് ദേശാഭിമാനീലാ പ്രസിദ്ധീകരിച്ചേ...?

വിശാഖ് ശങ്കര്‍ said...

ഹും..!
രണ്ടെന്ന് ആരാ പറഞ്ഞത്?

അവ എണ്ണിയാലൊടുങ്ങാത്ത ഞങ്ങളുടെ കണ്ണുകളായിരുന്നു...

തുരന്നാല്‍ തീരാത്ത കാഴ്ച്ചയുടെ വസന്തമായിരുന്നു...

കൃഷ്ണപ്രിയ. said...

കണ്ണീക്കേട് വന്നാലും കവിത !രോഗങ്ങള്‍ ആശംസിക്കുന്നു.. :)

അനിലൻ said...

കിനാവ് - അതേ ദേശാഭിമാനിയില്‍ ഒന്നു രണ്ടു ലക്കം മുന്‍പ്.

വിശാഖ് - :)

കൃഷ്ണപ്രിയ - ചതിക്കല്ലേ... നാട്ടിലാണെങ്കില്‍ രോഗങ്ങള്‍ വന്നാല്‍ നോക്കാനാളുണ്ട്. ഇവിടെ കൃഷ്ണപ്രിയ വരേണ്ടി വരും :)

കൃഷ്ണപ്രിയ. said...

ബാലവേല നിരോധിച്ചത് അറിഞ്ഞില്ലേ അനിലേട്ടാ :)

ദേവസേന said...

ആ കണ്ണിക്കടിയില്‍ എനിക്കു സന്തോഷമാണുണ്ടായത്.
കമന്റുകളിലൊരെണ്ണം‍ വായിച്ച് എനിക്കുണ്ടായ പരമാനന്ദം എങ്ങനെ വിവരിക്കും അനിലാ‍ാ..

Seema said...

ഹമ്മേ ...ഇതു കലക്കി!