ഇടിഞ്ഞുവീഴാത്ത വഴി

തുരുമ്പന്‍ സൈക്കിളില്‍
വായനശാലയിലെത്തും
കണ്ണുകളില്‍ കത്തും
തലേന്നു വായിച്ചതിന്‍ ലഹരി
മുഷിഞ്ഞ ഷര്‍ട്ടില്‍നിന്നും
സന്ധ്യ മാഞ്ഞുപോവില്ല

പതിവു കസേരയിലിരുന്ന്
ജനാലകള്‍ തുറക്കുമ്പോള്‍
അടച്ചിട്ട കവിതകള്‍
പഴങ്കടലാസുമണത്തിനൊപ്പം
ഇടവഴിയില്‍ നടക്കാനിറങ്ങും
പുറത്ത് വൈദ്യുതക്കമ്പിയില്‍
പൊന്മ കാത്തിരിപ്പുണ്ടാവും
മാനം മുക്കിയ കുപ്പായമിട്ട്

ഇരുട്ടില്‍ മടങ്ങുന്നേരം
ഉള്ളില്‍ കുരുത്തതെല്ലാം ചൊല്ലും
പാട്ടുനിര്‍ത്തി രാപ്രാണികള്‍
ചെവിയോര്‍ക്കും
നിന്നിലേയ്ക്കുള്ള വഴിയിലൂടെ
യാത്ര പോയിട്ടേറെയായ്
എവിടെയാണ് നീയിപ്പോള്‍
എഴുതാറുണ്ടോ വല്ലതും?

ഇടിച്ച കാറുകളുടെ
അസ്ഥി വില്‍ക്കും തെരുവില്‍
ഒറ്റയ്ക്കു നടക്കുമ്പോള്‍
തുരുമ്പന്‍ സൈക്കിളിലൊരു
ബംഗാളി പോകുന്നു
പിന്നിലെക്കൊട്ടയില്‍
പണിയിടങ്ങളിലേയ്ക്കുള്ള
റൊട്ടിയും മീനും

ധ്രിതിപ്പെടുമുടലിന്‍
തളര്‍ച്ചയകറ്റുവാന്‍
പാടുന്നത്
ആരെക്കുറിച്ചാവും?

തെരുവിലെ ആവിഷ്കാരം നോക്കി നില്‍ക്കുന്നു

നഗരവഴിയിലെ പീടികച്ചുമരില്‍
ചിത്രമെഴുതുന്നൊരാള്‍
ഉന്മാദി, അര്‍ദ്ധനഗ്നന്‍

ഭ്രാന്തു കൊത്തിയ വിരലുകളാല്‍
ചെങ്കല്ലുകൊണ്ട് പുലര്‍മാനം
കരിക്കട്ടകൊണ്ടിരുട്ട്
പച്ചില തേച്ച് കാട്

ചെങ്കല്‍ മാനത്തുകൂടെ
ചിത്രകാരനറിയാതെ
കിളിക്കൂട്ടം പറന്നുപോയി

നോക്കിനോക്കി നില്‍ക്കേ
ആകാശവും സൂര്യനും കവിഞ്ഞ്
കാടു വളര്‍ന്നു
എന്തോ നിലവിളിച്ചു

വെടികൊണ്ടതാവും!

ആരാലെങ്കിലും കണ്ടെടുക്കപ്പെടാന്‍
അടിക്കാട്ടില്‍ ഇലകള്‍ മൂടിക്കിടന്നു
പുണര്‍ന്ന നിലയില്‍
രണ്ടെല്ലിന്‍കൂടുകള്‍

എത്രയേകാന്തമീ കാടെന്ന്
ഒരു പാട്ടുയര്‍ന്നു

തോന്നിയതാവും!

മരങ്ങള്‍ സ്വയം വകഞ്ഞ്
വഴിയുണ്ടാക്കി വിളിച്ചു
കയറിക്കോളൂ!

വരച്ചവന്റെ കണ്ണുകളില്‍
കരുണയുടെ കടലിളകി
മഴ വന്നുമായ്ക്കും മുന്‍പ്
കയറണേ
കല്ലും മുള്ളും നോക്കണേ!


പിന്നിലേയ്ക്കാരോ
പിടിച്ചു വലിക്കുന്നല്ലോ!
മുള്ളുകളഞ്ഞ മീന്‍ വച്ചുരുട്ടിയ
ചോറുരുള ഓര്‍മ്മപ്പെടുന്നല്ലോ!

ചക്കയ്ക്കുപ്പുണ്ടോ...

ശിവകാശിയിലെ വര്‍ണചിത്രങ്ങള്‍ പതിച്ച കൂടുകളില്‍ കമ്പിത്തിരി, മേശാപ്പൂ, മത്താപ്പൂ, പെരിങ്ങോട്ടുകരയിലും കാട്ടൂരും പടക്കക്കമ്പനികളിലുണ്ടാക്കുന്ന വാലുനീണ്ട ഓലപ്പടക്കങ്ങള്‍, മുറ്റത്ത് മേടവെയിലില്‍ പൂത്തിരി കത്തിച്ചു നില്‍ക്കുന്ന കണിക്കൊന്ന...
ശബ്ദവും വെളിച്ചവുമായി വിഷു.

നാട്ടില്‍നിന്ന് അകന്നു താമസിക്കുന്നവര്‍ക്ക് തങ്ങളുടെ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകാനുള്ള റിവേഴ്സ് ഗിയര്‍ മാത്രമുള്ള വാഹനങ്ങളാണ് ആഘോഷങ്ങള്‍. ഓര്‍മ്മകളില്‍ നനയുകയില്ലെന്ന് ശാഠ്യം പിടിക്കുന്നവര്‍ പോലും ഇത്തരം അവസരങ്ങളില്‍ തങ്ങള്‍ കൂടെകൊണ്ടു നടക്കുന്ന ഇരുട്ടുമുറിയുടെ മൂലയില്‍നിന്നും ചിലത് കണ്ടെടുക്കും. അവയെ ഓമനിക്കും. ആരുമറിയാതെ അവ തിരിച്ചുവച്ച് മുഖപേശികള്‍ മുറുക്കി നടക്കും.

കസവുമുണ്ടുടുക്കലും കണികാണലും കൈനീട്ടവും ഞങ്ങളിലേറെപ്പേര്‍ക്കും തളിക്കുളം നാഷണല്‍ ടാക്കീസിന്റെ ഓലമേല്‍ക്കൂരയുണ്ടാക്കുന്ന പ്രകാശവലയിലിരുന്നു കണ്ട മാറ്റിനികളില്‍ പ്രേംനസീറും ജയഭാരതിയും കവിയൂര്‍ പൊന്നമ്മയും മാസ്റ്റര്‍ രഘുവുമൊക്കെ ഉടുക്കുകയും കാണുകയും സ്വീകരിക്കുകയും ചെയ്യുന്നത് കണ്ടിട്ടുള്ള അനുഭവം മാത്രമാണ്.

അമ്പലമുറ്റവും അരയാല്‍ത്തറയും കുളവുമായിരുന്നു കുട്ടിക്കാലത്തെ പ്രധാന വിനോദകേന്ദ്രങ്ങള്‍. മഴക്കാലത്തു മുഷിഞ്ഞു ചുളുങ്ങുന്ന മണല്‍ച്ചേല മീനവെയില്‍ അലക്കി വെളുപ്പിക്കും. വെണ്മണലിലേയ്ക്ക് കാറ്റ് ഞാവല്‍മരങ്ങളില്‍നിന്ന് ക്രിഷ്ണമണികള്‍ ഇളക്കി വീഴ്ത്തും. കാറ്റില്‍, അരയാലും കാവിലെ മരങ്ങളില്‍ പടര്‍ന്ന വള്ളികളും സംഗീതോപകരണങ്ങളായിമാറി മദ്ധ്യാഹ്ന നിശ്ശന്ബ്ദതയെ ഉണര്‍ത്തും. കാറ്റിന്റെ പാട്ടു കേള്‍ക്കാന്‍ കുളത്തിലെ പച്ചക്കുഴമ്പായി മാറിയ വെള്ളത്തില്‍ ബ്രാലുകള്‍ തല ഉയര്‍ത്തി തുഴഞ്ഞുനില്‍ക്കും.
ഞാന്‍ വെറുതേ കാഴ്ച കാണുകയാണെന്ന നാട്യത്തില്‍ കുളത്തിനു കുറുകേയുള്ള വൈദ്യുതക്കമ്പിയിലിരുന്ന് ഒരു പൊന്മ ഒളികണ്ണിട്ടു നോക്കും.

അയിനിമരച്ചുവട്ടില്‍ ചന്ദനത്തിരിയുടെ ജൈവരൂപംപോലെ അയിനിത്തിരികള്‍ കൊഴിഞ്ഞു കിടപ്പുണ്ടാവും. പടക്കത്തിനു തീ കൊടുക്കുവാന്‍ വേണ്ടി ഉണ്ടാക്കപ്പെട്ടതാണ് അയിനിത്തിരി എന്നു കരുതിയിരുന്നു പണ്ട്. കൂട്ടമായി വന്ന് അയിനിത്തിരികള്‍ ശേഖരിക്കാന്‍ തുടങ്ങുന്നതോടെ ഞങ്ങള്‍ക്ക് വിഷു തുടങ്ങുകയായി. കശുവണ്ടി, പുന്നക്കുരു കുംഭകോണം നടത്തിയും സാധനങ്ങള്‍ വാങ്ങാന്‍ അമ്മ തന്നു വിടുന്ന കാശില്‍ അഴിമതി കാണിച്ചും കൂട്ടിവെച്ചതുമായി പോകുന്നതു കുണ്ടായിയുടെ മരുന്നു പീടികയിലേക്കാണ്. കര്‍പ്പൂരവും എണ്ണയും കുഴമ്പും മണക്കുന്ന കുണ്ടായില്‍ ഫാര്‍മസിയിലെ നീളന്‍മേശ വര്‍ണക്കടലാസു പൊതിഞ്ഞ പടക്കങ്ങളും കമ്പിത്തിരിയും കൊണ്ടു നിറഞ്ഞിരിക്കും.

( ദീപാവലിക്ക് ഷാര്‍ജ്ജയിലെ ഉത്തരേന്ത്യന്‍ മധുരപലഹാരക്കടകളില്‍ നിരത്തിവച്ചു വില്‍ക്കുന്ന പലഹാരങ്ങളുടെ കാഴ്ചയേക്കാള്‍ മധുരമുണ്ട് ആ ഓര്‍മ്മയ്ക്ക്.)

പടക്ക വില്പന തുടങ്ങിയാല്‍, തൈലവും കുഴമ്പും വില്‍ക്കുന്ന ശാന്തമായ വൈദ്യപ്രക്രിതിയില്‍നിന്നും കുണ്ടായി ( പേരെന്താണാവോ! ) ഒരു സ്ഫോടകവസ്തു വിദഗ്ദ്ധന്റെ ഗൌരവത്തിലേയ്ക്കു പകര്‍ന്നാടിയിട്ടുണ്ടാവും. ഞങ്ങള്‍ ആധികാരികതയോടെ ആയുധപരിശോധന തുടങ്ങും.

ഓര്‍ക്കാപ്പുറത്തു വീണുകിട്ടിയ ഒരു വിഷുക്കൈനീട്ടമുണ്ട്.

നാട്ടില്‍ പണികള്‍ വളരെ കുറവുള്ള കാലം. മരക്കഷണം വീണ് പഴുത്ത കാലുമായി പണിക്കുപോകാനാവാതെ വീട്ടിലിരിക്കുകയാണ് അച്ഛന്‍. ധനസ്ഥിതി വളരെ മോശം. ഒരു മാറ്റിനി, കൂട്ടുകാരുമൊത്ത് കടല്‍ കാണുവാന്‍ പോക്ക്, വിഷുപ്പൂരം നടക്കുന്നിടത്ത് കറക്കം... ഒന്നും നടക്കുമെന്നു തോന്നുന്നില്ല. അച്ഛനോട് ചോദിക്കുവാന്‍ ഭയമായിരുന്നു. അമ്മ അന്ന് ഇന്നത്തേതുപോലെ സ്നേഹമയി ആയിരുന്നില്ല. ദേഷ്യം, ഇടതുകൈ ഓങ്ങിയുള്ള അടി. ഏങ്ങണ്ടിയൂരെ അമ്മായിയുടെ വീട്ടില്‍നിന്ന് ഇറക്കുമതി ചെയ്ത അമ്പിളി അമ്മാവന്റെ പഴയ കോപ്പികള്‍ വായിച്ച് ആഘോഷിക്കേണ്ടി വരും. ഉള്ളിലാകെ ഒരു വിമ്മിട്ടം.

വിഷു പുലര്‍ന്നു. പടിഞ്ഞാപ്പുറത്തെ പട്ട്ലിന്‍ കൂട്ടിലിരുന്ന് വിഷുക്കിളികള്‍ പാട്ടു പഠിക്കുന്നുണ്ടായിരുന്നു. തലേന്നു കത്തിച്ചെറിഞ്ഞ പടക്കങ്ങളില്‍ പൊട്ടാത്തവ വല്ലതുമുണ്ടോ എന്ന് തിരയുവാന്‍ കണ്ണു തിരുമ്മി മുറ്റത്തേയ്ക്കിറങ്ങി. കണ്ടത് വിശ്വസിക്കുവാനായില്ല. മുറ്റത്ത് കോഴിവാലന്‍ ചെടികള്‍ക്കരികിലായി നനഞ്ഞു കിടക്കുന്നു മഞ്ഞള്‍‍പ്പൊടി പുരണ്ട കുറേ നോട്ടുകളും നാണയങ്ങളും.

വിഷുക്കണി!

പണം കളഞ്ഞു കിട്ടുന്നത് പണ്ടൊക്കെ എപ്പോഴും ആവര്‍ത്തിക്കപ്പെടുന്ന ഒരു സ്വപ്നമായിരുന്നു. സ്കൂള്‍ വിട്ടു വരുമ്പോള്‍ വഴിയരികില്‍ കിടപ്പുണ്ടാകും മണ്ണില്‍ പുതഞ്ഞ് നാണയങ്ങള്‍. എടുക്കുന്തോറും പൂഴിയില്‍നിന്ന് വീണ്ടും തെളിഞ്ഞുവരും. സന്തോഷംകൊണ്ട് വീര്‍പ്പുമുട്ടുവാന്‍ തുടങ്ങുമ്പോള്‍ അകലെ നിന്നും ചങ്ങല പൊട്ടിച്ച് ഒരു നായ ഓടിവരികയായി. ഓടുവാനാകാതെ പൂഴിമണ്ണില്‍ കാല്‍ പുതഞ്ഞ്, തളര്‍ന്നു വിയര്‍ത്ത്... അങ്ങനെ സ്വപ്നമവസാനിക്കും. ഇതും സ്വപ്നമായിരിക്കും. ഉറക്കം മാറിയിട്ടുണ്ടാവില്ല.

ഞാന്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്നു.

ആരാണ് വിഷു ആഘോഷിക്കാന്‍ എനിക്ക് ആകാശത്തുനിന്ന് പണമെറിഞ്ഞു തന്നത്? തലയ്ക്കു മുകളില്‍ ചാഞ്ഞു നില്‍ക്കുന്ന കണിക്കൊന്നക്കൊമ്പില്‍ കാറ്റില്‍ കിലുങ്ങുന്ന പൊന്നാണയങ്ങള്‍

സിനിമ, കടല്‍, വിഷുപ്പൂരം... മാറ്റിവെച്ചതെല്ലാം മനസ്സിലേക്ക് തിരിച്ചു വരാന്‍ തുടങ്ങി. അമ്മയെ വിളിച്ച് വിവരം പറഞ്ഞു.
ഇന്നലെ രാത്രി വിഷുക്കണി കൊണ്ടുനടന്നവരുടെ തട്ടില്‍നിന്നും വീണതാവും. അമ്മ പറഞ്ഞു.
ഒരു പൈസ എടുത്തു പോകരുത്. അവര്‍ അന്വേഷിച്ചു വരുമ്പൊ കൊടുക്കാം.
അമ്മയ്ക്ക് തീരെ വിവരമില്ലല്ലോ എന്നാലോചിച്ച് വിഷമമായി. അവിചാരിതമായി വീണു കിട്ടിയ ഭാഗ്യം തിരിച്ചു കൊടുക്കണമല്ലോ എന്ന് ഖിന്നനായി, ആരും അന്വേഷിച്ചു വരല്ലേ എന്ന പ്രാര്‍ത്ഥനയോടെ ഒന്നിലും ശ്രദ്ധിക്കുവാനാവാതെ അമ്മയെ ചുറ്റിപ്പറ്റി നടപ്പായി പിന്നെ. ജീരകവും തേങ്ങയും ചേര്‍ത്ത വിഷുച്ചോറ്‌ കഴിക്കുമ്പോഴാണ് പുറത്ത് ആളനക്കം.

ശാരദേച്ച്യേ... മുറ്റത്ത് നിന്ന് കാശെന്തെങ്കിലും കിട്ട്യോ?

അമ്മ പുറത്തേക്ക് ചെന്നു.

വിഷുക്കണിത്തട്ട് പിടിച്ചിരുന്ന ശശിയുടെ ഉത്തരവാദിത്തമല്ലായ്മയെക്കുറിച്ചും പോഴത്തരങ്ങളെപ്പറ്റിയും അമ്മയ്ക്ക് ഒരു ലഘു വിവരണം നല്‍കിയ ശേഷം ആരോ തന്നെ പേരെടുത്തു വിളിച്ചു. എത്രയോ നേരമായി ആ വിളിയും കാത്തു നില്‍ക്കുകയായിരുന്നു ഞാന്‍. അമ്മയുടെ ശാസന നിറഞ്ഞ മുഖത്തേയ്ക്കു നോക്കില്ലെന്ന തീരുമാനത്തോടെ ഞാന്‍ മുറ്റത്തേയ്ക്കു ചെന്നു. പ്രദീപേട്ടനോ തിലകേട്ടനോ ആരായിരുന്നാവോ, ചേര്‍ത്തു നിര്‍ത്തി എന്റെ വലംകൈ നിവര്‍ത്തി. കൈയ്യിലേക്ക് ഒരു കിലുക്കത്തോടെ നാണയങ്ങള്‍ വീണു. ഒന്നു മടക്കിയ ശേഷം ഞാന്‍ കൈ നിവര്‍ത്തി. ഉള്ളങ്കൈയ്യില്‍ വെയില്‍തട്ടി തിളങ്ങുന്ന അഞ്ചു ഒറ്റരൂപാ നാണയങ്ങള്‍.

എന്റെ വിഷുവിനെ പ്രകാശപൂര്‍ണമാക്കിയ അഞ്ചു സൂര്യന്മാര്‍!

ഭൂമിയിലെ അടയാളങ്ങള്‍

1
മുഷിഞ്ഞു കീറി
തെലുങ്കിലോ കന്നടയിലോ
സ്നേഹിച്ചും കലഹിച്ചും
വറുതിയുണക്കിയ ശരീരങ്ങളോടെ
അവര്‍ വരാറുണ്ട്
വെപ്പും തീനും ഭോഗവും പേറും കൊണ്ട്
വഴിയോരവും വെളിമ്പറമ്പുകളും
അക്കാലം അരാജകമായി ഒച്ചപ്പെടും

വിശപ്പടക്കാന്‍
മരക്കൊമ്പിലിരുന്നു കാറുന്ന കാക്കകളെ
നഞ്ചു വെച്ചു പിടിക്കുകയോ
തലകീഴായുറങ്ങുന്ന നരിച്ചീറുകളെ
മുളന്തോട്ടികൊണ്ട്
അടിച്ചു വീഴ്ത്തുകയോ ചെയ്യും

ആമയെ മലര്‍ത്തിയിട്ടു ചുടും
തോടു പഴുക്കുമ്പോള്‍
യുദ്ധപ്രദേശങ്ങളിലെ
അഭയാര്‍ത്ഥികളെന്നപോലെ
ഒളിച്ചിരുന്ന അവയവങ്ങള്‍
ജാലകങ്ങളിലൂടെ പുറത്തേയ്ക്കു നീളും
വെന്ത ആമ
ചട്ടിയും തീറ്റപ്പണ്ടവുമാവും

2
തകര്‍ന്ന നഗരങ്ങളിലേയ്ക്ക്
തിരിച്ചുപോകുന്നവര്‍
പ്രാണനും കൊണ്ടു പാഞ്ഞവരാണ്,
ഊരുതെണ്ടികളല്ല

യുദ്ധഭൂമിയില്‍നിന്ന്
സൈനികര്‍ പിന്മാറുമ്പോള്‍
തോക്കിലേയ്ക്ക് വെടിയുണ്ടയും
ഗര്‍ഭപാത്രങ്ങളില്‍നിന്ന് ബീജവും
തിരിച്ചെടുക്കുമോ?
തകര്‍ന്ന മേല്‍ക്കൂരകളും
ഇടിഞ്ഞ ചുമരുകളും
വീടുകളായി പുനര്‍ജ്ജനിക്കുമോ?
അവിടേയ്ക്ക്
ചോരയും പൊടിയും തുടച്ചുമാറ്റി
മരിച്ചവര്‍ തിരിച്ചെത്തുമോ?

കൊതിയാവുന്നു
നിലവിളികളില്ലാത്ത തെരുവിലൂടെ
നിലാവില്‍ ഒറ്റയ്ക്ക് നടക്കുന്ന
ആരുടേയെങ്കിലും പാട്ട് കേള്‍ക്കുവാ‍ന്‍!

3
‘അരൂസ് ഡമാസ്കസ്’
വെങ്കലപ്പൂപ്പാത്രത്തിലടുക്കിയ
പച്ചിലകള്‍, തക്കാളി, മുളക്
സിറിയന്‍ ഭോജനശാലയില്‍
വിശപ്പിനെതിരേ ചാവേര്‍

ഉള്ളിത്തണ്ടെടുത്തു കടിച്ച്
ഒമര്‍ പത്രം നിവര്‍ത്തി
കത്തുന്ന പള്ളിക്കൂടങ്ങള്‍
പിടിച്ചു കയറ്റൂ എന്ന്
നിലവിളിക്കുന്ന കുഞ്ഞുവിരലുകള്‍

ഞാന്‍ പഠിച്ച സ്കൂളാണത്
ഉപ്പിലിട്ട ഒലിവുകായ് തിന്ന്
സെഡാര്‍മരത്തണലിലൂടെ
അവന്‍ തിരിച്ചു നടന്നു
സ്കൂള്‍ മൈതാനം നല്‍കിയ
മുറിവിന്റെ കല നെറ്റിയില്‍ വിങ്ങി

എനിയ്ക്ക് വിശക്കുന്നുണ്ടായിരുന്നു
പുതുരുചികളോട് ആസക്തിയും
ചുട്ടെടുത്ത ആട്ടിന്‍തുട നോക്കി
ഓക്കാനമടക്കാനാവാതെ
ഒമര്‍ ചോദിച്ചു
“ ഏതു കുഞ്ഞിന്റേതാണിത്? ”