1
പൂരങ്ങളൊക്കെക്കഴിഞ്ഞ്
ചെണ്ടകള്‍ മിണ്ടാത്ത കാലത്ത്
നാഥന് ഏനക്കേടു തുടങ്ങും
വഴിയരികിലോ ചായക്കടയിലോ
പുഴക്കടവിലോ
ആരെയും പിടിച്ചു നിര്‍ത്തും
വിമോചന സമരം കഴിഞ്ഞോ?
സ്വദേശാഭിമാനിയെ നാടുകടത്തിയോ?
ചേറ്റുവായില്‍ അടുത്തെങ്ങാനും
പാലം വരുമോ?
ഹിമാലയത്തില്‍ പോയിട്ടുണ്ടെന്നു
പറയാറുള്ള ദിവാകരസ്വാമി,
മീനച്ചൂട് നെറുക കത്തിച്ച
ഒരു ദിവസം
അവനെ ഉപദേശിക്കാന്‍ നോക്കി
മകനേ,
ധ്യാനിക്കുക, അവനവനെ അറിയുക!
പിന്നെ അസ്വസ്ഥതകളില്ല...
സങ്കടങ്ങളില്ല... ആഗ്രഹങ്ങളില്ല...
കണ്ണുകള്‍ പാതിയടച്ച്
ശ്വാസം നിയന്ത്രിച്ച്
പത്മാസനത്തിലിരുന്ന് നാഥന്‍ ചോദിച്ചു
സ്വാമീ, നിങ്ങടെ മലമൂത്രത്തിന്റെയോ
മറ്റേ സാധനത്തിന്റെയോ ഉപ്പു നോക്കിയിട്ടുണ്ടോ
നിങ്ങളൊരിക്കലെങ്കിലും?
നാരായണ നാരായണ!
പിന്നെ നിങ്ങള്‍ നിങ്ങളെയറിഞ്ഞതെങ്ങനെ?
ചോദ്യങ്ങള്‍ക്കു മറുപടി കിട്ടാതാകുമ്പോള്‍
പൊട്ടിയ കണ്ണാടിയില്‍നോക്കി പിറുപിറുക്കും
പിന്നെ മിണ്ടാതാകും
കാട്ടുവള്ളികള്‍ ചുറ്റിക്കെട്ടിയ കിരീടം വച്ച്
കരികൊണ്ട് മുഖമെഴുതി
അവന്‍ ചമഞ്ഞു നടക്കും
വിശക്കുമ്പോള്‍ വയറില്‍ തൊട്ടുകാണിച്ച്
നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍
അയയിലുണക്കാനിട്ട
പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങള്‍
ആരും കാണാതെ എടുത്തു മണത്ത്
നിശ്ശബ്ദനായി, അന്തര്‍മുഖനായി
ഇടവഴികളിലൂടെ തെരഞ്ഞു നടക്കും
നട്ടുച്ചകളില്‍,
കാവിനു പിന്നിലെ
അയിനിമരത്തിനു മാത്രം കേള്‍ക്കുന്ന ഒച്ചയില്‍
അച്ഛാ... കണ്ണാടിപ്പറമ്പിലെ ദാമോദരാ
എന്നു കരയുമ്പോള്‍
ദാമോദരന്‍ തൂങ്ങിയ അയിനിക്കൊമ്പ്
നാഥനെ നോക്കി കാറ്റിലൊന്നാടുകപോലുമില്ല
2
ഷേവിംഗ്‌സോപ്പിന്റെ മണം
മുഖത്തേക്കു വെള്ളം പീച്ചുന്ന കുപ്പി
മഴ നനഞ്ഞു നില്‍ക്കുന്ന ഭാനുപ്രിയയുടെ
കലണ്ടര്‍
ബാര്‍ബര്‍ ബാലേട്ടന്റെ വായ്‌നാറ്റം
സ്വപ്നത്തിലിവ പൊറുതി കെടുത്തുമ്പോള്‍
വളര്‍ന്ന താടിയും മുടിയും ചൊറിഞ്ഞു ചൊറിഞ്ഞ്
കാടാറുമാസം കഴിഞ്ഞെന്ന് അവനു തോന്നും
ഏനക്കേടു മാറാന്‍ തുടങ്ങും
പുഴയില്‍ വെയിലു മുങ്ങുന്ന നേരം
ഇളംചൂടുവെള്ളമവനെ
വാത്സല്യത്തോടെ പുണരും
മീനുകള്‍, തലോടുന്ന വിരലുകളായ് മാറും
ചെളിയടിഞ്ഞ ശരീരത്തിലെ
ആറുമാസങ്ങള്‍ കഴുകിക്കളഞ്ഞ്
വേറൊരു നാഥന്‍ കരകയറും
അന്നാക്കടവില്‍ മറ്റാരുമിറങ്ങില്ല
ആറുമാസത്തെ അബോധം മാറിയവന്‍
നാടിന്റെ ധമനിയിലേക്കിറങ്ങി നീന്തുമ്പോള്‍
ഭയന്നു മാറി നടന്ന കുട്ടികള്‍
ഇടവഴികളില്‍ ആഹ്ളാദത്തോടെ കാത്തു നില്‍ക്കും
പറമ്പു കിളയ്ക്കുന്നവനാണ്
മഴയിലുറച്ച മണ്ണ്
പേരു ചൊല്ലി വിളിക്കും
മരം കയറുന്നവനാണ്
തെങ്ങായ തെങ്ങൊക്കെ മാവായ മാവൊക്കെ
പേരു ചൊല്ലി വിളിക്കും
പുര മേയുന്നവനാണ്
മെടഞ്ഞുണക്കി അട്ടിയിട്ട മേച്ചിലോലകള്‍
പേരു ചൊല്ലി വിളിക്കും
കറവക്കാരനാണ്
തൊഴുത്തുകളവനെക്കണ്ടാല്‍
നാഥാ എന്നു പേരു ചൊല്ലി വിളിക്കും
ഞാന്‍ വന്നല്ലോ എന്ന്,
ആറുമാസം ഒളിച്ചു താമസിച്ച ശബ്ദം
ഉത്സാഹത്തോടെ സ്നേഹത്തോടെ
സന്തോഷത്തോടെ അപ്പോള്‍ പുറത്തുവരും