കയിലുകുത്ത്‌

പകുതിയോളം തേഞ്ഞ്‌,
പിടി തകര്‍ന്നൊരുളിയുണ്ട്‌
മേടിമേടി ഒച്ചയും കൈപ്പാങ്ങും പോയ
കൊട്ടുവടിയുണ്ട്‌
കവുങ്ങിന്‍ മുഴക്കോലില്‍
‍തെറ്റാത്ത അളവുകളുണ്ട്‌
മടക്കിവച്ച്‌ ചോരയോടാതെ
മെലിഞ്ഞുപോയ കാലുകളുണ്ട്‌
നിവരാത്തൊരുടലും തിമിരക്കണ്ണുകളും
ചെവിമേല്‍ കുറ്റിപ്പെന്‍സിലുമുണ്ട്‌

കുനിഞ്ഞിരുന്ന്
ചിരട്ടക്കയിലുണ്ടാക്കുന്നു
ആകാശംതൊടുമുയരത്തില്‍
ദാരുഗോപുരങ്ങള്‍ പണിതയാള്‍

മാന്ത്രികന്റെ കയ്യിലെ പ്രാവിനെപ്പോല്‍
ഇണങ്ങിക്കുറുകും ചിരട്ടയുടെ
തൂവലൊതുക്കിച്ചന്തം വരുത്തുന്നു
ഇടയ്ക്ക്‌,
മുറ്റത്തു മുറുമുറുക്കുംനായയോട്‌,
അരിതിന്നതുപോരേ
നിനക്കാശാരിച്ചിയേം കടിക്കണോ
എന്നു ചിരിച്ചു നോക്കുന്നു
ഉടുക്കുപോലുണ്ടാക്കിയ
മരയുരലിലെ ഇടിച്ച മുറുക്കാന്‍
ചവച്ചു രസിക്കുന്നു

മകനിനി വിളിക്കുമ്പോള്‍
ഒരിന്‍ഷുറന്‍സ്‌ പ്രീമിയമെടുക്കാന്‍
മറക്കാതെ പറയണം
എന്തിനിങ്ങനെപ്പണിയെടുക്കുന്നു
വിശ്രമിക്കേണ്ട കാലമായില്ലേ?

മുറിക്കാനുള്ള മരത്തിന്റെ
വളവും കേടും നോക്കുംപോലെ
ചുഴിഞ്ഞു നോക്കുന്നു
ഉണങ്ങിയ പുളിങ്കാതലിനേക്കാള്‍
ദൃഢഭാവത്തില്‍

‍വിശ്രമമോ?
പണിതു തീര്‍ന്നതാണല്ലാതെ
ഇരുന്നു തേഞ്ഞതല്ലെന്റെ
പണിയായുധങ്ങളും ഞാനും

കയിലിനു കണയിടാനുഴിഞ്ഞ
മുളങ്കോലൊന്നെടുത്ത്‌
ചുമ്മാ വളവു നോക്കിയിരിക്കുമ്പോള്‍
ചിരിച്ചു ചോദിച്ചു
കയിലു കുത്താന്‍ പഠിക്കണോ?

വിഷു വരുന്നു
ഉപയോഗിക്കാനാളില്ലാതെ
വീട്ടില്‍നിന്ന് പുറപ്പെട്ടുപോയ
ചിരട്ടക്കയിലും മണ്‍പാത്രങ്ങളും
തിരിച്ചുവന്നിട്ടുണ്ട്‌ അടുക്കളകളില്‍
‍വെറുതെയെന്തിനാ കുഞ്ഞേ
ഇന്‍ഷുറന്‍സു പറഞ്ഞിങ്ങനെ
എരിയും വെയിലത്ത്‌
കയിലും കുത്തി നടക്കണ്‌!

ശലഭങ്ങളുടെ ഉദ്യാനം

നേരത്തേ ഉണര്‍ന്ന ചിലര്‍
ചിറകു കോതി വെയിലിലേയ്ക്കിറങ്ങിയിട്ടുണ്ട്‌
അവയുടെ ചിറകുകളില്‍ വെയില്‍തട്ടി
ആകാശത്ത്‌ നിറവില്ലു വിരിയുന്നു
മുഖത്തുനിന്ന്
സ്വപ്നത്തിന്റെ പൂമ്പൊടി തുടച്ച്‌
ചിലരുണരാന്‍ തുടങ്ങുന്നതേയുള്ളൂ

ശലഭങ്ങളെ തൊടുകയോ
അവയോട്‌ മിണ്ടുകയോ ചെയ്യരുതെന്ന്
കാക്കിയിട്ട കാവല്‍ക്കാരന്റെ
പിരിച്ചു കയറ്റിയ കൊടും മീശ
മുന്നറിയിപ്പു തന്നു
അതു പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍
മീശയുടെ ഗൗരവത്തിനു ചേരാതെ
അയാളുടെ മൊബൈല്‍ഫോണില്‍
ഒരു കുഞ്ഞ്‌ നിര്‍ത്താതെ
പൊട്ടിപ്പൊട്ടിച്ചിരിക്കുന്നതിന്റെ
റിംഗ്‌ ടോണ്‍ കേട്ടു
പെന്‍ഷനായ പോലീസുകാരനെ
പൂമ്പാറ്റകളുടെ കാവല്‍ക്കാരനാക്കിയവരെ
പറയുവാന്‍ വന്ന തെറിവാക്കുകള്‍
അതോടെ മറന്നുപോയ്‌

തേനും പൂമ്പൊടിയും നിറഞ്ഞ
പൂക്കളേന്തിനിന്ന് കൈകഴച്ച്‌
അവ താഴെ വച്ച്‌
ഒരു സിഗരറ്റ്‌ വലിച്ചാലോ
എന്നാലോചിക്കുന്നതുപോലെയാണ്‌
ചില ചെടികളുടെ നില്‍പ്പ്‌

അയ്യോ! പൂമ്പാറ്റകളുണരുമ്പോഴേയ്ക്കും
ഇവരെങ്ങോട്ടെങ്കിലും കടന്നു കളയുമോ
എന്നാരോ വേവലാതിപ്പെടുന്നതു കേട്ടു

തേനീച്ചകളെപ്പോലെ
ഉറുമ്പുകളെപ്പോലെ
ധൃതി പിടിച്ച്‌
പണിയിടങ്ങളില്‍ പോകാതെ
എന്നെപ്പോലെ വെറുതേ പറന്നു നടക്കുകയാണല്ലോ
ശലഭങ്ങളൊക്കെയുമെന്ന്
നീ പരിഹസിക്കുകയാണല്ലേ
മുറ്റം കടന്ന്
പൂമുഖം കടന്ന്
നമ്മുടെ കിടപ്പുമുറിയില്‍പ്പോലും
വളര്‍ന്ന കാട്ടുചെടികള്‍
വെട്ടിക്കളയാന്‍ വയ്യാത്ത
മടിയനാണ്‌ ഞാനെന്ന്
പ്ലീസ്‌, ആരോടും പറയാതിരിക്കൂ

ഉയരമുള്ള കല്ലിന്മേല്‍ കയറിനിന്ന്
എന്തിനിങ്ങനെ കൈവീശുന്നു?
ഇനി നിന്റെ ഒരു കുറവേയുള്ളൂ!
നീയൊരു ശലഭമോ പക്ഷിയോ അല്ലല്ലോ!
ചിറകെന്നത്‌ പറക്കുന്നവയ്ക്കുപോലും
ഒരു സങ്കല്‍പം മാത്രമാണ്‌

നമ്മളൊരു മരച്ചുവട്ടില്‍ നില്‍ക്കുമ്പോള്‍
‍അതിന്റെ ഇലകള്‍ക്കടിയില്‍നിന്ന്
ഒരേ സമയം
കൊക്കൂണുകളായിരം പൊട്ടിത്തുറന്ന്
ശലഭങ്ങളായിരം പറന്നുയര്‍ന്നിരുന്നെങ്കില്‍
‍വെറുതെ കണ്ടുനില്‍ക്കാമായിരുന്നു
ഒരു പക്ഷേ നിനക്കൊരു സന്തോഷം തോന്നുമായിരുന്നു

നല്ല മഴക്കാറുണ്ട്‌
ഇടിവെട്ടിപ്പെയ്യുമായിരിക്കും
ഇനിയിപ്പോള്‍ അതൊന്നും പറഞ്ഞിട്ട്‌ കാര്യമില്ല