പൊത്തുകള്‍

മറന്നുവോ?
പൊട്ടനെപ്പോല്‍ നോക്കുന്നല്ലോ
നീ നിത്യം നടന്ന വഴിയിത്
കടപ്ലാവ് ചിരിച്ചു
കത്തും പച്ചത്തിരികള്‍
അണയാതെ നോക്കീ ഇലകള്‍
കൊമ്പില്‍, ഊരു തെണ്ടി മടങ്ങിയ കാക്ക
യാത്രയില്‍ കണ്ടതെല്ലാം കുടഞ്ഞെറിഞ്ഞു
കണ്ണിലുണ്ടപ്പൊഴും ഭയമതിന്

ഏറെ മാറിയിട്ടുണ്ടോ എന്റെ മണം?
കശുമാവ് പൂങ്കുല പുറത്തിട്ടു
പഴയ ചങ്ങാതിയെക്കണ്ട മോദത്താല്‍
തളിരുകള്‍ ചുവന്നു

ആരും വരാനില്ലാനകളിക്കാന്‍
ചോട്ടിലിരുന്ന് കളി പറയാന്‍
കൊമ്പിലാരോ കുരുക്കിയ കയര്‍ത്തുമ്പ്
അറ്റ താലിച്ചരടുപോല്‍ ദ്രവിച്ചു
ഇലകളില്‍ കുരുങ്ങിക്കിടന്നു കരച്ചില്‍

മീനൊക്കെ വറ്റി
നീര്‍ക്കിളികളും പോയ്
നെടുവീര്‍പ്പിട്ടു തെങ്ങിന്‍പാലം
തോട്ടിന്‍ കരയില്‍ മുടന്തി
കുരുടന്‍ ചൂണ്ടക്കാരന്‍

വഴിയെല്ലാം പുല്ലു മൂടിപ്പോയ്
പൊത്തുകള്‍ക്കുള്ളിലാണു ജീവിതം
ആര്‍ക്കും വേണ്ടെങ്കില്‍
ഞങ്ങളെന്തിനീ വേഷം കെട്ടണം?
സങ്കടപ്പെട്ടൂ ചെടികള്‍
പൂക്കള്‍ ചുരുങ്ങി
തണ്ടിലേയ്ക്കു തിരിച്ചു പോയ്

ഉറങ്ങാന്‍ കിടന്നപ്പോള്‍
ഉത്തരത്തിലെ പല്ലി പറഞ്ഞു
പുറത്തെടുക്കേണ്ട നിന്റെ
ചെണ്ടയും ഇലത്താളവും ആരവങ്ങളും
പുലര്‍കാലമെത്തും മുമ്പുണര്‍ത്താം
കെട്ടും കിടക്കയുമായ് പുഴ കടന്നോളൂ!

പലതരം വഴികള്‍

രതിനിര്‍വേദം കണ്ടതിന്‍ ‍ശേഷം
നോട്ടവും ചിന്തയും
തയ്യല്‍ മെഷീനുകള്‍ക്കടിയില്‍
വെളിപ്പെട്ട
ചെറുരോമങ്ങളുള്ള കാലുകളിലേയ്ക്കായി
അതു കാണാന്‍ വേണ്ടി മാത്രം
മൈലാഞ്ചിപൂത്ത വേലികളുള്ള
ഇടവഴിയിലൂടെ
കമലേച്ചിയുടെ വീട്ടിലേയ്ക്കു നടന്നു
ഇടവഴിയിലെ കല്ലുകളില്‍
വിരലുകള്‍ തല്ലിപ്പൊട്ടി
മഴയുള്ള രാത്രികളില്‍
കാവിലെ കരിങ്കല്‍ സര്‍പ്പങ്ങള്‍
ഉറക്കത്തില്‍ വന്നു കൊത്തി

ആദ്യമായ് ബീഡി വലിച്ചത്
കുളിക്കാതെ നടന്നത്
എം. മുകുന്ദനെ വായിച്ചിട്ടായിരുന്നു
പല തവണ വീടുവിട്ടു പോയി
വൈകുന്നേരമാകുമ്പോള്‍
അമ്മയെക്കാണാതെ വയ്യെന്ന്
തിരിച്ചു നടന്നു
പൂച്ചപ്പഴം വിളഞ്ഞ കുറ്റിക്കാടുകളുടെ
മറവില്‍
ആരെങ്കിലും വരുന്നതും കാത്തിരുന്നു
സ്വപ്നങ്ങളില്‍ എപ്പോഴൊക്കെയോ
പൊട്ടിയ കുപ്പിവളകളാല്‍
കൈത്തണ്ട മുറിഞ്ഞു

ഒച്ചയാല്‍ മാറിമറിയുമെല്ലാമെന്ന്
എവിടെയോ തെറ്റി വായിച്ചു
പൊതുവഴികളിലൂടെ
തൊണ്ട പൊട്ടിച്ചു നടന്നു
എഴുതുന്നതെല്ലാം മുദ്രാവാക്യങ്ങളായി
ശബ്ദം കൂടുവിട്ടു പറന്നപ്പോള്‍
ഊമകള്‍ ഉണ്ടാകുന്നതെങ്ങനെയെന്ന്
മനസ്സിലായി

കൊടുംവെയിലില്‍
ദേരയില്‍നിന്ന് ബര്‍ദുബായിലേയ്ക്ക്
ചെറിയൊരു ബോട്ടില്‍ പോകുമ്പോള്‍
പാപ്പിയോണിന്റെ
ജയില്‍ചാട്ടങ്ങളോര്‍മ്മ വരുന്നു
ചെറിയൊരു കനാലിനപ്പുറമിപ്പുറം
വന്‍‍കരകളാണെന്നുറപ്പിക്കുന്നു

ഉടലുകളാല്‍ വളയപ്പെടുന്ന ദിവസം ആത്മാവ്‌ എന്തു ചെയ്യും?

ഒരിക്കല്‍
ഒരറബി നഗരത്തിന്റെ പിന്നാമ്പുറത്ത്‌
സ്ഥിരം വരവുകാരായ
കെട്ടിടം പണിക്കാര്‍ പഠിപ്പിച്ച
ഉറുദുവും പുഷ്‌തുവും തെലുങ്കും
തെറിയും മണക്കുന്ന
ഇംഗ്ലീഷുപോലുള്ളൊരു ഭാഷയില്‍
‍സോവിയറ്റ്‌ നാട്ടില്‍നിന്നു വന്ന ഒരു പെണ്ണ്
ഒരു മലയാളി യുവാവിനോട്‌
നിന്നെ എനിയ്ക്കിഷ്ടമായെന്ന് പറഞ്ഞു

അവളവന്‌ വോഡ്ക ഒഴിച്ചു കൊടുത്തു
ഉപ്പും പച്ചമുളകും ചെറുനാരങ്ങാനീരുമുള്ള
തീജലം കുടിക്കുമ്പോള്‍
തന്റെ അലമാരയിലുള്ള
പെട്ടിപ്പാറ്റകള്‍‍ പകുതിയോളം തിന്നു തീര്‍ത്ത
ഗോര്‍ക്കിയുടെ പുസ്തകം
അവനോര്‍മ്മ വന്നു
കുട്ടിക്കാലത്ത്‌ പാഠപുസ്തകം പൊതിഞ്ഞിരുന്ന
സോവിയറ്റ്‌ നാടിന്റെ മിനുസക്കടലാസും
അതിലെ മഞ്ഞു മനുഷ്യന്റെ മുള്ളങ്കിമൂക്കും
ഓര്‍മ്മ വന്നു

അവളുടെ പ്രിയ വോള്‍ഗയെ
പേരാറെന്നും പെരിയാറെന്നുമൊക്കെ
ചെറുനദികളായി പരിഭാഷപ്പെടുത്താറുണ്ട്‌
തന്റെ നാട്ടിലെ ചിലരെന്ന്
അവന്‍ അവള്‍ക്ക്‌ പറഞ്ഞു കൊടുത്തു
ലോക്കല്‍ സെക്രട്ടറി ഉസ്മാനിക്കയെ
ഉസ്മാനോവ്‌ എന്നാണ്‌
രഹസ്യമായി വിളിക്കുകയെന്നും

അവള്‍ക്കതൊന്നും മനസ്സിലായില്ല
അവള്‍ പുസ്തകങ്ങള്‍ വായിച്ചിട്ടില്ല
ചുവന്ന ചട്ടയുള്ള പാസ്പോര്‍ട്ടാണ്‌
അവളുടെ കൈയ്യിലുള്ള ഏക പുസ്തകം
അവളുടെ സാഹിത്യ-വേദപുസ്തകം

എന്തിനാണ്‌ നീ
ഇത്തരമൊരു തൊഴിലില്‍ എന്ന്
ധൃതിപ്പെട്ട്‌ നഗ്നനാകുമ്പോള്‍ അവന്‍ ചോദിച്ചു
തീ പിടിച്ച വയര്‍ കെടുത്താന്‍
മഞ്ഞുവാരിത്തിന്നു മരിച്ച
അമ്മയെക്കുറിച്ച്‌ അവള്‍ പറഞ്ഞില്ല
പകരം, പഴുത്ത ചെറുനാരങ്ങാമുലകള്‍
‍അവന്റെ ചുണ്ടില്‍ അമര്‍ത്തി

ജനിച്ചിട്ടിതേവരെ മുലകുടിച്ചിട്ടില്ലാത്ത
കുഞ്ഞിന്റെ ആര്‍ത്തിയോടെ
അവന്‍ മുട്ടിമുട്ടിക്കുടിക്കുമ്പോള്‍
മഞ്ഞുനദിപോലെ ഉറഞ്ഞുപോയെങ്കിലും
അലയിളക്കുന്നുവെന്ന് അവള്‍ ഭാവിച്ചു

ചരിത്രരചന അവസാനിപ്പിച്ച്‌
എലിക്കാട്ടവും ശുക്ലവും
പുകയിലയും മണക്കുന്ന
രതിപ്പുരയില്‍നിന്ന് പുറത്തിറങ്ങുമ്പോള്‍
‍ആത്മാവില്‍ ഇറ്റുപോലും തീജലമില്ലാഞ്ഞിട്ടും
അവന്‌ ഉറക്കെ കരയണമെന്ന് തോന്നി

ഒരു നാടു മുഴുവന്‍ ഒരേ സ്വപ്നം കാണുന്നു

സ്കൂളില്‍ പോകുന്ന കുട്ടികളെ
കൊതിയോടെ വിളിക്കുന്നത്‌
പുളിയും മധുരവും വിളഞ്ഞ
പേരയും ചാമ്പമരങ്ങളുമാണ്‌
സുഗന്ധവും സുവര്‍ണവുമുള്ള
മുല്ലയും പനിനീരുമാണ്‌
കുറ്റിച്ചെടികള്‍ക്കിടയില്‍
‍ആരെങ്കിലുമുണ്ടോ?

പെണ്ണെന്നു പറയുമ്പോള്‍
‍അയയില്‍ തൂങ്ങുന്ന തുണി
കുരുക്കായി പിരിഞ്ഞുതരും
ആത്മാവുപേക്ഷിച്ച ജീര്‍ണവസ്ത്രം
കീറിമുറിക്കാന്‍
വിറകുപുരയ്ക്കുള്ളിലെ
ആയുധം കിതയ്ക്കും

അയല്‍ക്കാരന്റെ മാംസത്തിലേയ്ക്ക്‌
എളുപ്പം കയറിപ്പോകാമെന്ന്
അരയിലെ കത്തി
പലവട്ടമായി ഉറപ്പു തരുന്നു
അവന്റെ അടുക്കളയില്‍നിന്ന്
കൊണ്ടുവരാറുള്ള പകര്‍ച്ചകള്‍ക്ക്‌
ദു:സ്വാദായിരുന്നെന്ന് വിചാരിച്ചാല്‍ മതി

നട്ടുച്ചയ്ക്ക്‌
വിജനമായ വഴിയിലൂടെ
വളവ്‌ തിരിഞ്ഞ്‌
ആരോ വരുന്നുണ്ട്‌

നാരായണന്മാഷ്‌
പെന്‍ഷന്‍ വാങ്ങിവരികയാവും
നബീസുമ്മ
മോളെക്കാണാന്‍ പോയി വരികയാവും
വലിച്ചുപൊട്ടിക്കാന്‍ പാകത്തില്‍
കഴുത്തിലെ പൊന്മാല
വെയിലില്‍ തിളങ്ങുന്നുണ്ടാവും