എന്റെ വീട്ടിലേയ്ക്ക്
പിച്ചകത്തിന്റെ അതിരുകളുള്ള
വഴിയുണ്ടായിരുന്നെന്നും
നട്ടുച്ചയ്ക്കതിലൂടെ
പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,
തണ്ണിമത്തനോ പഴമാങ്ങയോ
അമ്മാന്റെ കടയിലെ കപ്പലണ്ടിയോ
കലാകൗമുദിയോ വാങ്ങി
അച്ഛന്‍ വരാറുണ്ടെന്നതും
നേരായിരിക്കുമോ?
അങ്ങനെയെങ്കില്‍
കാവിലെ വള്ളികളില്‍നിന്ന്
മാനത്തേയ്ക്ക് വിരുന്നുപോകുന്ന
ഊമന്താടികള്‍
കമ്മ്യൂണിസ്റ്റ് പച്ചയ്ക്കിടയില്‍
പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍
പണ്ട് അമ്പലനടയില്‍
ഞങ്ങള്‍ നട്ട ചുവന്ന കൊടികള്‍
പാട്ടമ്പലത്തിനുപിന്നില്‍
കരികൊണ്ടെഴുതിയ പേരുകള്‍
എനിയ്ക്ക് ഓര്‍മ്മ വരേണ്ടതല്ലേ
അയല്‍ വീട്ടിലെ പെണ്‍കുട്ടികള്‍
കണ്ണെഴുതി പൊട്ടു തൊടുവിച്ച
ഉറക്കെ കുരയ്ക്കാനറിയാത്ത
ടൈഗറിനെ മറക്കുമോ?
കളിമണ്‍ ചുമരുകളും
നീലച്ചായമടിച്ച
ഒറ്റജനാലകളുമുണ്ടായിരുന്ന
എന്റെ പഴയ വീടെങ്കിലും മറക്കുമോ?
നിങ്ങള്‍ നുണ പറയുകയാണ്
ഞാനിവിടത്തുകാരനല്ല
ഞാന്‍ കണ്ടതും തൊട്ടതും
അതൊന്നുമല്ല
എനിയ്ക്കറിയാവുന്ന ചുവപ്പ്
ചെമ്പരത്തിപ്പൂവിന്റേതല്ല
എന്റെ ഉള്ളിലെ കാവി
മുളയത്തെ വല്യമ്മയുടെ
വീട്ടില്‍ പോകുമ്പോള്‍ കണ്ട
ചരല്‍ക്കുന്നുകളുടേതല്ല
പുഴക്കരയില്‍
മീനുകളൊളിച്ചു കളിക്കുന്ന
കണ്ടല്‍ച്ചെടികളുടെ ഇലകളില്‍
എന്റെ പച്ചയില്ല
നിങ്ങള്‍ എന്നെ വിളിക്കുന്നതല്ല
എന്റെ പേര്
തലയ്ക്കുപിന്നില്‍ ഒരടികൊണ്ട്
ഞാനിപ്പോള്‍
തീവ്രപരിശീലന വിഭാഗത്തിലാണ്