തൃശൂരുനിന്ന് പുറപ്പെട്ട മഴ!

ചുണ്ടിനടിയിൽ ഹാൻസ് തിരുകി
ഡ്രൈവർ ഗിയർ മാറ്റുമ്പോൾ
ഓടിക്കയറിയതാണ്‌ രണ്ടുപേരും
അവർ കയറിയെന്നുറപ്പു വരുത്തി
കാറ്റിനൊപ്പം മഴ തുടങ്ങി

രണ്ടുപേർക്കു തിങ്ങിയിരിക്കാവുന്ന
സീറ്റിൽ ചേർന്നിരുന്ന്
മഴയ്ക്കൊപ്പമിടയ്ക്കിടെ അവർ
നെടുവീർപ്പുകൾ പെയ്തു

അവരിപ്പോളൊരു പീടികത്തിണ്ണയിലാണ്‌
അല്ലെങ്കിലൊരു പാലത്തിന്റെ ചോട്ടിൽ
അതുമല്ലെങ്കിൽ
വീടു പൊട്ടിയൊലിച്ചു പോയവർ
ചേക്കേറുന്ന മറ്റെവിടെയെങ്കിലും
നനഞ്ഞു കുതിർന്ന്!

ഒരാണും മറ്റേതു പെണ്ണുമായതിനാലും
രണ്ടുപേരുടെയും രൂപവും പ്രായവും
കാണികളുടെ അളവുകളിലല്ലാത്തതിനാലും
മഴയെ കൊണ്ടുവന്ന കാറ്റടിച്ചിട്ടും പോകാത്ത
ഒരശ്ളീലം ബസ്സിൽ നിറഞ്ഞു കുമ്മി

അവരുടെ പിൻസീറ്റിൽ മുന്നോട്ടു ചാഞ്ഞ്
കപ്പലണ്ടി തിന്നുന്നയാൾ
പുലയനാർ മണിയമ്മ... പൂമുല്ലക്കാവിലമ്മ...
എന്ന് സാധകം തുടങ്ങി
നല്ലോണം കുടിച്ചിട്ടുണ്ട്... ശവി!

എപ്പോൾ വേണമെങ്കിലും സീറ്റിനടിയിലൂടെ
അയാളുടെ കാലുകൾ വളർന്നുപോകാം
വെള്ളത്തിലേക്ക് വേരെന്നപോലെ എന്നാണോ
അതിനു പറയുക?
ഒളിച്ചു പ്രയോഗിക്കുന്ന ആയുധമെന്നാണ്‌!
അയാളങ്ങനെ ചെയ്യുമെന്ന്
അടുത്തിരിക്കുന്നവൻ ഉത്സാഹിക്കുന്നുണ്ട്

മനക്കൊടി വളവെത്തിയപ്പോൾ
വടക്കുപടിഞ്ഞാറൻ മാനത്ത് ആഞ്ഞൊരിടി വെട്ടി
പാട്ടുകാരനൊന്നു പിൻവാങ്ങി
അടുത്തിരുന്ന നിരാശൻ ഇനിയെന്തെന്ന്
ബസ്സ്റ്റാന്റിൽനിന്നു വാങ്ങിയ ലോട്ടറിയിലെ
അക്കങ്ങൾ വെറുതേ കൂട്ടിക്കിഴിച്ചു

കപ്പൽപള്ളി സ്റ്റോപ്പിൽ ഒറ്റയ്ക്ക് പെണ്ണിറങ്ങുമ്പോൾ
മഴ കഴിഞ്ഞു
ഞാനിറങ്ങിയിട്ടില്ല നിന്റടുത്തുണ്ട്
ഞാനിറങ്ങിയിട്ടില്ല നിന്റടുത്തുണ്ടെന്ന്
നൂറ്റൊന്നാവർത്തിക്കുന്നതുപോലെ
ഇറങ്ങുന്നേരം
അവളവനെ കണ്ണുകൾ പിടഞ്ഞു നോക്കി

ഭൂമിയുടെ മറ്റേയറ്റത്തേയ്ക്ക്, ഒറ്റയ്ക്ക്
ഡ്രൈവറില്ലാത്തൊരു ബസ്സിൽ
കൊടും മഴയിൽ ഇടിമിന്നലിനിടയിലൂടെ
യാത്ര പോകുന്നതുപോലെ വിവശനാകുന്നുണ്ടവൻ

സായിബാബയെന്നു വിളിപ്പേരുള്ള
വൈക്കോൽ ലോറിയ്ക്കു പിന്നിൽ
അമർത്തി ബ്രേയ്ക്കിട്ടപ്പോൾ
കവിതയെഴുതിത്തോറ്റവന്റെ കടലാസുകൾപോലെ
പെരുമ്പുഴപ്പാടത്തുനിന്ന്
കൊക്കുകളെമ്പാടും പറന്നു

പച്ചച്ചു നില്പ്പുണ്ട് പെരുമ്പുഴപ്പാടം
പാടം പച്ചച്ച പാവാടയിട്ടപ്പോൾ
എന്നാർക്കും ഏതു നേരത്തും
പാടാൻ തോന്നുന്നത്ര പച്ചച്ച്

“എനിക്കിവിടെയിറങ്ങണം”

പീച്ചിയിൽനിന്ന് പെരുമ്പാമ്പുകൾ
വിരുന്നു വരാറുള്ള ജലഞരമ്പിനടുത്ത്
നിർത്തിയ ബസ്സിൽനിന്നു പുറപ്പെട്ടു
പെയ്യാറായൊരു മേഘം