എല്ലാരുമുറങ്ങുന്ന
നേരമെന്നുറപ്പിക്കാന്‍
അവസാനത്തെ തെരുവുബള്‍ബും
എറിഞ്ഞുടയ്ക്കുമ്പോള്‍
വിളക്കുകാലിനരികില്‍
ചവറ്റുകുട്ടയുടെ പിന്നില്‍
കറുത്തും വെളുത്തും
രണ്ടു പൂച്ചകള്‍
രാപ്പകലുകളേ
എന്ന് ഉപമിക്കാനോങ്ങിയപ്പോള്‍
ഈര്‍ഷ്യയോടെ നോക്കി
മുറുമുറുത്ത് വാലുപൊക്കി
ഒന്നു മറ്റൊന്നിനെ
ഇരുട്ടിലേയ്ക്കു കൊണ്ടുപോയ്
ഇരുട്ടിലെ പൂച്ചകള്‍ക്ക്
ഇരുട്ടിലെ മനുഷ്യരുടെ ശബ്ദം
ഇരുട്ടിലെ മനുഷ്യരുടെ ചലനവേഗങ്ങള്‍
പെട്ടെന്ന്
വിളക്കുകാലുകളിലെ, ഉടഞ്ഞ
ബള്‍ബുകളത്രയും പൂത്തു
തണുത്തു വിറച്ച്
കടത്തിണ്ണയിലുറങ്ങിയ ഡിസംബര്‍
പുതപ്പിലൂടെ തല പുറത്തേയ്ക്കിട്ടു
ഹോ.. ഇത്ര നേരമായോ എന്ന്
ധൃതിപ്പെട്ടു നടന്നു
മഞ്ഞുമാസമേ
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്നെ ഒറ്റയ്ക്കാക്കിയതെന്ത്
എന്ന് നിലവിളിക്കാനായുമ്പോള്‍
ഒച്ചയുണ്ടാക്കരുതെന്ന്
മുറുമുറുപ്പോടെ
വെറുപ്പോടെ
കറുത്തും വെളുത്തും പൂച്ചകള്‍
അവര്‍ക്കു മാത്രം
വഴി കാണിക്കുവാന്‍
തെളിഞ്ഞ നക്ഷത്രങ്ങള്‍