അവസാനത്തെ വെള്ളിയാഴ്ച

അവന്റെ വീട്ടില്‍
ചത്തുപോയ ഒരു അക്വേറിയമുണ്ട്
അതില്‍ നിറയെ
ഓര്‍മ്മയുടെ ഉപ്പുതൂണുകള്‍
മുളച്ചു നില്‍ക്കുന്നു
മീനുകള്‍ ഒളിച്ചു കളിച്ചിരുന്ന
നീര്‍ച്ചെടികളുടെ ഓര്‍മ്മകള്‍
ചെടികള്‍ക്കിടയില്‍ നീന്തിയിരുന്ന
മീനുകളുടെ ഓര്‍മ്മകള്‍

ഞാന്‍ നോക്കി നില്‍ക്കെ
അക്വേറിയത്തില്‍ കിടന്ന്
അവനുറക്കെ നിലവിളിച്ചു

ചത്തുപോയ അക്വേറിയത്തിന്റെ
ചില്ലുചുമരുകളില്‍ കരിമേഘങ്ങളുണ്ട്
അതു പെയ്യാന്‍ തുടങ്ങി
കറുത്തു പോയ അമ്പിളിക്കലകണക്കെ
ഒരു മീന്‍ വഞ്ചി അകലെ തെളിഞ്ഞുവന്നു
'കാണാപ്പൊന്നിനു പോണോരേ...'
എന്നൊരു പാട്ട് എപ്പോള്‍ വേണമെങ്കിലും
കരയിലുണരാമെന്നായപ്പോള്‍
പെട്ടെന്ന് മഴ നിന്നു
മഴയിലും കണ്ണീരിലും
നനഞ്ഞു കുതിര്‍ന്നവന്‍ പുറത്തു വന്നു

അവന്റെ, ചത്തുപോയ അക്വേറിയം
ഒരു മൃതനഗരത്തെ ഓര്‍മ്മിപ്പിക്കുന്നു
കൊടുങ്കാറ്റുകള്‍ തകര്‍ത്തിട്ട
കെട്ടിടങ്ങള്‍ക്കിടയില്‍
തുറന്നിരിക്കുന്ന മീന്‍കണ്ണുകള്‍

അടയാത്ത കണ്ണുകളില്‍
അപകടമരണങ്ങളുടെ ഓര്‍മ്മയുമായി
അവന്‍ പറഞ്ഞു
"ഈ ചില്ലുകൂടിപ്പോള്‍ പൊട്ടിത്തകരും
നമുക്കു രക്ഷപ്പെടാം"

പുറത്തിറങ്ങുമ്പോള്‍
വെപ്രാളത്തിനിടയിലും
പതിവുപോലെ മുറ്റത്തെ വേപ്പുമരത്തിനു
അവനൊരുമ്മ കൊടുത്തു

"എനിയ്ക്കു വല്ലാതെ കയ്ച്ചു"

കാലൊച്ച കേള്‍പ്പിക്കാതെ
പിന്നാലെ വന്ന വേപ്പുമരം
അവന്റെ ചെവിയില്‍ പറയുന്നതു കേട്ടു

വെയില്‍ തിന്നു മരിച്ച പ്രിയകവിയ്ക്ക് വിട!

കവിതയുടെ തെരുവുജീവിതം മലയാളിക്കു പരിചയപ്പെടുത്തിയ കവി. അടുക്കില്ലാത്ത തിരകളിലെ കപ്പലോട്ടക്കാരന്‍. ഒരിടര്‍ച്ചയില്‍, ഇഷ്ടക്കാര്‍ ആരുമറിയാതെ, മുഖത്തു മണ്ണും ചോരയും പുരണ്ടവസാനിച്ച ജീവിതം. ജീവിതത്തിന്റെ ഉച്ച വെയിലില്‍ വിത്തു പൊട്ടിത്തുറന്ന് പറന്നു നടന്ന അപ്പൂപ്പന്‍ താടിജീവിതത്തിന്റെ സ്വാഭാവികാന്ത്യം. പ്രണാമം!

അംഗഭംഗം വന്ന കാറ്റുകള്‍

ഇടയ്ക്കു കാണാറുണ്ടയാളെ
റോളാസ്ക്വയറില്‍
മുഷിഞ്ഞ മൈലാഞ്ചിത്താടി
ഉഴിഞ്ഞുഴിഞ്ഞ്
ആര്‍ക്കോ ഫോണ്‍ ചെയ്യുന്നത്

ഒറ്റയ്ക്കായതുകൊണ്ടാവും
വരിയായി നില്‍ക്കുന്ന
പേരാലുകളിലൊന്ന് വരിമുറിച്ച്
അയാളോടു ചേര്‍ന്നു നില്‍ക്കുന്നതും
ധാന്യം കൊറിക്കുന്ന പ്രാവുകളില്‍ ചിലത്
എന്തായി എന്തായെന്ന്
ഇടയ്ക്കയാളുടെ അരികിലേയ്ക്കു
പറന്നു ചെല്ലുന്നതും

നവാസ് ഖാന്‍ എന്നായിരിക്കും
അയാളുടെ പേര്‌
മുനവര്‍ ഇക് ബാല്‍ എന്നുമാവാം
കുറേ നേരം സംസാരിച്ചു കഴിഞ്ഞ്
വിവശനായി അയാള്‍,
പേരാലിന്റെ കാലുകളില്‍ ചായും

ഒരേ മുഖവും ഒരുപോലെ സങ്കടങ്ങളുമുള്ള
ഒരുപാടുപേരുണ്ടാവുന്നത്
സങ്കടങ്ങളെല്ലായിടത്തും
ഒരുപോലെയായതുകൊണ്ടാവും

പാക്കിസ്ഥാനില്‍നിന്ന്
നവാസ് ഖാന്റെ ഫാക്സ് വന്നിരുന്നു
ഒരു കൊടും പ്രളയത്തില്‍ നനഞ്ഞു കുതിര്‍ന്ന്
അതിലെ വരികള്‍
അവധി കൂട്ടിക്കിട്ടാനപേക്ഷിച്ചു

എന്തിനാണു ഞാന്‍
എനിയ്ക്കറിയാവുന്ന ചിലരില്‍
ഇയാളെ ആരോപിക്കുന്നതാവോ!
ഹുണ്ടിയില്‍ കാശയച്ചത് കിട്ടിയോ
എന്നായിക്കൂടെ അയാള്‍ വിവശനാവുന്നത്!

ഇന്നയാള്‍ ശാന്തനായി
മൊബൈല്‍ ഫോണ്‍ കൈയ്യിലില്ലാതെ
പേരാല്‍ ചാരിയിരിക്കുന്നു
എനിയ്ക്കിപ്പോള്‍
ലഹളത്തെരുവില്‍ ഇടതു കൈ നഷ്ടപ്പെട്ട
മുനവര്‍ ഇക് ബാലിനെ ഓര്‍മ്മവരുന്നു
അവധി കഴിഞ്ഞെത്തുന്ന
അയാളെ കാത്തിരിക്കുന്ന
പണിയായുധങ്ങള്‍ ഓര്‍മ്മ വരുന്നു

നേരം പുലര്‍ന്നതേയുള്ളൂ
രാത്രിയിലെന്തോ കണ്ടു ഭയന്ന്
അമര്‍ന്നിരിക്കുന്ന കാറ്റുകള്‍
പേരാലുകളില്‍നിന്ന്
പുറപ്പെട്ടു തുടങ്ങുന്നതേയുള്ളൂ

തൊടാന്‍ വയ്യെന്ന് തൊട്ടുതൊട്ട് മഴ!

മഴ പെയ്യുന്നു
കൂട്ടില്‍ക്കിടന്ന്
കോഴികള്‍ കലമ്പുന്നു
ഇറയിലൊരു മടിയന്‍ തേരട്ട
ചുരുണ്ടുമിടയ്ക്കിടെ നിവര്‍ന്നും
കോട്ടുവായിടുന്നു

മുറ്റത്തൂടൊഴുകും ചെറുചാലില്‍
രണ്ടു കട്ടുറുമ്പുകള്‍ പുണര്‍ന്ന്
പിടഞ്ഞു മുങ്ങുന്നു
പിടികൊടുക്കാതെ
ഒരു വൈക്കോല്‍ത്തുരുമ്പ്
തന്റെ ഗതി മാറ്റുന്നു

ചൂണ്ടക്കൊളുത്തിലേറാന്‍
തലപൊക്കും മണ്ണിരകള്‍
മണ്ണിരക്കൊളുത്തിലേറാന്‍
ധൃതിപ്പെടും മീനുകള്‍

പുതുവെള്ളം നീന്തി വന്ന
കുഞ്ഞിത്തവളയ്ക്ക്
ആലീസിന്റെ അത്ഭുതലോകം
തുറന്നു കൊടുത്തു മയങ്ങുന്നു
മഴ കൊള്ളാതെ
പൊന്തകള്‍ കടന്നെത്തിയ പാമ്പ്

വൈകിയിട്ടും വീടണയാത്ത
എന്റെ കുഞ്ഞിത്തവളേ
എന്റെ പൊന്നുങ്കുടമേയെന്ന്
ഇരുട്ടു കതിരിട്ട പാടത്ത്
അമ്മത്തവള കരയുമ്പോള്‍
വരമ്പില്‍, ഞവണിമുട്ടകളുടെ
കുഞ്ഞു പിരമിഡുകളില്‍
തൊടാന്‍ വയ്യെന്ന്
തൊട്ടുതൊട്ട് മഴ!

നാഥന്റെ കഥ

1

പൂരങ്ങളൊക്കെക്കഴിഞ്ഞ്‌
ചെണ്ടകള്‍ മിണ്ടാത്ത കാലത്ത്‌
നാഥന്‌ ഏനക്കേടു തുടങ്ങും
വഴിയരികിലോ ചായക്കടയിലോ
പുഴക്കടവിലോ
ആരെയും പിടിച്ചു നിര്‍ത്തും
വിമോചന സമരം കഴിഞ്ഞോ?
സ്വദേശാഭിമാനിയെ നാടുകടത്തിയോ?
ചേറ്റുവായില്‍ അടുത്തെങ്ങാനും
പാലം വരുമോ?

ഹിമാലയത്തില്‍ പോയിട്ടുണ്ടെന്നു
പറയാറുള്ള ദിവാകരസ്വാമി,
മീനച്ചൂട്‌ നെറുക കത്തിച്ച
ഒരു ദിവസം
അവനെ ഉപദേശിക്കാന്‍ നോക്കി

മകനേ,
ധ്യാനിക്കുക, അവനവനെ അറിയുക!
പിന്നെ അസ്വസ്ഥതകളില്ല...
സങ്കടങ്ങളില്ല... ആഗ്രഹങ്ങളില്ല...

കണ്ണുകള്‍ പാതിയടച്ച്‌
ശ്വാസം നിയന്ത്രിച്ച്‌
പത്മാസനത്തിലിരുന്ന്‌ നാഥന്‍ ചോദിച്ചു
സ്വാമീ, നിങ്ങടെ മലമൂത്രത്തിന്റെയോ
മറ്റേ സാധനത്തിന്റെയോ ഉപ്പു നോക്കിയിട്ടുണ്ടോ
നിങ്ങളൊരിക്കലെങ്കിലും?

നാരായണ നാരായണ!

പിന്നെ നിങ്ങള്‍ നിങ്ങളെയറിഞ്ഞതെങ്ങനെ?

ചോദ്യങ്ങള്‍ക്കു മറുപടി കിട്ടാതാകുമ്പോള്‍
പൊട്ടിയ കണ്ണാടിയില്‍നോക്കി പിറുപിറുക്കും
പിന്നെ മിണ്ടാതാകും

കാട്ടുവള്ളികള്‍ ചുറ്റിക്കെട്ടിയ കിരീടം വച്ച്‌
കരികൊണ്ട്‌ മുഖമെഴുതി
അവന്‍ ചമഞ്ഞു നടക്കും
വിശക്കുമ്പോള്‍ വയറില്‍ തൊട്ടുകാണിച്ച്‌
നില്‍ക്കക്കള്ളിയില്ലാതാകുമ്പോള്‍
അയയിലുണക്കാനിട്ട
പെണ്ണുങ്ങളുടെ അടിവസ്ത്രങ്ങള്‍
ആരും കാണാതെ എടുത്തു മണത്ത്‌
നിശ്ശബ്ദനായി, അന്തര്‍മുഖനായി
ഇടവഴികളിലൂടെ തെരഞ്ഞു നടക്കും

നട്ടുച്ചകളില്‍,
കാവിനു പിന്നിലെ
അയിനിമരത്തിനു മാത്രം കേള്‍ക്കുന്ന ഒച്ചയില്‍
അച്ഛാ... കണ്ണാടിപ്പറമ്പിലെ ദാമോദരാ
എന്നു കരയുമ്പോള്‍
ദാമോദരന്‍ തൂങ്ങിയ അയിനിക്കൊമ്പ്‌
നാഥനെ നോക്കി കാറ്റിലൊന്നാടുകപോലുമില്ല

2

ഷേവിംഗ്‌സോപ്പിന്റെ മണം
മുഖത്തേക്കു വെള്ളം പീച്ചുന്ന കുപ്പി
മഴ നനഞ്ഞു നില്‍ക്കുന്ന ഭാനുപ്രിയയുടെ
കലണ്ടര്‍
ബാര്‍ബര്‍ ബാലേട്ടന്റെ വായ്‌നാറ്റം
സ്വപ്നത്തിലിവ പൊറുതി കെടുത്തുമ്പോള്‍
വളര്‍ന്ന താടിയും മുടിയും ചൊറിഞ്ഞു ചൊറിഞ്ഞ്‌
കാടാറുമാസം കഴിഞ്ഞെന്ന്‌ അവനു തോന്നും
ഏനക്കേടു മാറാന്‍ തുടങ്ങും

പുഴയില്‍ വെയിലു മുങ്ങുന്ന നേരം
ഇളംചൂടുവെള്ളമവനെ
വാത്സല്യത്തോടെ പുണരും
മീനുകള്‍, തലോടുന്ന വിരലുകളായ്‌ മാറും
ചെളിയടിഞ്ഞ ശരീരത്തിലെ
ആറുമാസങ്ങള്‍ കഴുകിക്കളഞ്ഞ്‌
വേറൊരു നാഥന്‍ കരകയറും
അന്നാക്കടവില്‍ മറ്റാരുമിറങ്ങില്ല

ആറുമാസത്തെ അബോധം മാറിയവന്‍
നാടിന്റെ ധമനിയിലേക്കിറങ്ങി നീന്തുമ്പോള്‍
ഭയന്നു മാറി നടന്ന കുട്ടികള്‍
ഇടവഴികളില്‍ ആഹ്ളാദത്തോടെ കാത്തു നില്‍ക്കും

പറമ്പു കിളയ്ക്കുന്നവനാണ്‌
മഴയിലുറച്ച മണ്ണ്‌
പേരു ചൊല്ലി വിളിക്കും
മരം കയറുന്നവനാണ്‌
തെങ്ങായ തെങ്ങൊക്കെ മാവായ മാവൊക്കെ
പേരു ചൊല്ലി വിളിക്കും
പുര മേയുന്നവനാണ്‌
മെടഞ്ഞുണക്കി അട്ടിയിട്ട മേച്ചിലോലകള്‍
പേരു ചൊല്ലി വിളിക്കും
കറവക്കാരനാണ്‌
തൊഴുത്തുകളവനെക്കണ്ടാല്‍
നാഥാ എന്നു പേരു ചൊല്ലി വിളിക്കും

ഞാന്‍ വന്നല്ലോ എന്ന്‌,
ആറുമാസം ഒളിച്ചു താമസിച്ച ശബ്ദം
ഉത്സാഹത്തോടെ സ്നേഹത്തോടെ
സന്തോഷത്തോടെ അപ്പോള്‍ പുറത്തുവരും

എട്ടുകാലന്‍

കുളിമുറി വെള്ളയടിച്ചപ്പോള്‍
ചുമരില്‍നിന്ന്
വലിയൊരെട്ടുകാലി തെളിഞ്ഞു വന്നു
കാലുകളില്‍
പുതുചായം പുരണ്ടിട്ടുണ്ട്

തെങ്ങിന്‍ചോട്ടിലെ വളച്ചുകെട്ടിയില്‍,
കുളിക്കാന്‍ നില്ക്കുമ്പോള്‍
ട്രപ്പീസുകളിക്കാരനെപ്പോലെ
തെങ്ങോലയില്‍നിന്നിറങ്ങി വരാറുള്ളവന്‍
ഇവന്‍ തന്നെയാണ്!

എന്തിനു കൊള്ളും
വിറകുകൊള്ളിപോലുള്ള നിന്നെയെന്ന്
പരിഹാസത്തോടെ
നോക്കി നോക്കിനിന്ന്
ആത്മവിശ്വാസമില്ലാതാക്കിയവന്‍

വളച്ചു കെട്ടിയുടെ കുറ്റിയില്‍
വലക്കണ്ണിയുറപ്പിച്ച്
നുണക്കഥകഥകളോരോന്നു പറഞ്ഞു
എന്നും സമയം തെറ്റിച്ചവന്‍

ഒരിടത്ത്...
എട്ടു വഴിവെട്ടുകാര്‍
എട്ടു കൊയ്ത്തുകാര്‍
എട്ടു മുക്കുവര്‍
എട്ടു കടത്തുകാര്‍
എട്ടു ആശാരിമാര്‍
എട്ടു കരുവാന്മാര്‍
എട്ടു കുശവര്‍
എട്ടു ചുമട്ടുകാര്‍

എട്ടുപേര്‍ ചേര്‍ന്നു വെട്ടിയ
വഴിയുടെ വളവുകളില്‍
പേടികള്‍ പതിയിരുന്നു

എട്ടു പേര്‍ കൊയ്തെടുത്ത
വിളവിന്റെ മുറിവില്‍നിന്ന്
ചോരയൊഴുകി

കൊടുങ്കാറ്റില്‍
പൊളിഞ്ഞ കപ്പലുകള്‍
എട്ടുമുക്കുവരുടെ വലകളില്‍
കുടുങ്ങി

കുഞ്ഞുങ്ങളെ കയറ്റിയ
വഞ്ചിയുമായ്, കടത്തുകാര്‍
പുഴയുടെ നടുവില്‍ നഷ്ടപ്പെട്ടു

ആശാരിമാര്‍ കൊത്തിയെടുത്ത
പ്രതിമകള്‍
ഉലയിലൂട്ടിയ ആയുധങ്ങളെടുത്ത്
തേര്‍വാഴ്ചക്കിറങ്ങി

കുശവര്‍ മെനഞ്ഞ മണ്‍കലങ്ങള്‍
ഓട്ടക്കണ്ണും ചുണ്ണാമ്പു മീശയും
ലാത്തിയുമായ്
കവാത്തു നടത്തി

ചുമട്ടുകാരുടെ ചുമലുകളില്‍
പലദിവസം പഴകിയ
അനാഥശവങ്ങള്‍ മണത്തു

സുരക്ഷാ ഭടന്‍
കയറിലൂടെയിറങ്ങുന്നതുപോലെ
ഷവറിനുമുകളില്‍നിന്നവന്‍ നൂണ്ടിറങ്ങി
എന്തിനു കൊള്ളും
കൊഴുപ്പു തൂങ്ങിയ നിന്നെയെന്ന്
പരിഹാസത്തോടെ ചിരിച്ചു
പുതിയ കഥകള്‍ പറയാന്‍ തുടങ്ങി

കാക്കനക്കന കൂക്കുനൂ...

അതിരിലെ മുളങ്കൂട്ടത്തില്‍
കിളി പറന്നിരുന്ന്
കൊക്കു പിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...

പണിക്കു പോരുന്നോ?
എന്റെ കൂടെ
പണിക്കു പോരുന്നോ?
എന്നാരോ ചോദിക്കുന്നെന്നു കരുതി
പണിയായുധങ്ങളെടുത്തു

പൈപ്പില്‍ വെള്ളം വന്നേ
പൈപ്പില്‍ വെള്ളം വന്നേ
എന്ന് കമലേച്ചി വിളിക്കുകയാണെന്ന്
അടുക്കളയില്‍ പെണ്ണു തിടുക്കപ്പെട്ടു

മുറ്റത്തു കളിച്ചിരുന്ന മകള്‍
വിളിച്ചു പറഞ്ഞു
തലേല് തീയ്ള്ള ഒരു കിളി
ദേ മൊളേമ്മല് ഇരിക്ക്ണ്!
എന്തൂട്ടാച്ഛാ അത് പറേണത്?

അതിനെ പിടിക്ക്യോ എന്ന്
അവളിപ്പോള്‍ ചോദിക്കും

ലാന്തിലാന്തി
മുളങ്കൂട്ടത്തിനടുത്തെത്തിയ
മകന്‍ പറഞ്ഞു
ദേ നോക്ക്യേ
ഒരു പാമ്പിന്റെ കുപ്പായം!

പാമ്പിന്റെ കുപ്പായത്തിന്
കീശയുണ്ടാകുമോ എന്ന്
അവനിപ്പോള്‍ ചോദിക്കും!

ഉടന്‍ എന്തെങ്കിലും സംഭവിക്കുമെന്ന്
കിളി പെട്ടെന്ന് നിശ്ശബ്ദമായി

മുളങ്കൂട്ടത്തില്‍നിന്ന്
പച്ച നിറത്തില്‍
നേര്‍ത്തൊരു ജലധാര ഉയരുംപോലെ
ഒരു മുളങ്കൂമ്പ്
പോളകളടര്‍ന്നടര്‍ന്ന്
ഉയരം വെയ്ക്കാന്‍ തുടങ്ങി

മാനത്തോളം വളരുമോ
മുളങ്കൂമ്പിന്റെ മുന തട്ടി
മേഘത്തിന് വേദനിക്കുമോ?
മഴപെയ്യുമോ?
എന്നൊക്കെ
അവരിപ്പോള്‍ ചോദിക്കും

കാറ്റില്‍
മുളകള്‍
ഉടലുകള്‍ പരസ്പരമുരച്ച്
തീകടഞ്ഞു കൊണ്ടിരുന്നത്
കത്തുന്ന ഒരോര്‍മ്മയെ കൊണ്ടുവന്നു
ദാഹം ദാഹമെന്ന്
തൊണ്ട വാവിടാന്‍ തുടങ്ങി

ഉള്ളിലെ കിളി കൊക്കുപിളര്‍ന്നു
കാക്കനക്കന കൂക്കുനൂ...
കാക്കനക്കന കൂക്കുനൂ...