ബാംഗ്ലൂർ

തെരുവിൽ

പാൻ കടയ്ക്കുമുന്നിൽ
സൂര്യനമസ്കാരം ചെയ്യുന്ന തെരുവുനായ
മേദസ്സിലേയ്ക്കൊരു നോട്ടമെറിഞ്ഞ്
വാലാട്ടാതെ നടന്നുപോയി

നഗരം പറഞ്ഞു:
നീന്താനറിയുമെങ്കിൽ ഞാൻ മഹാനദി
അല്ലെങ്കിലൊരു നീർച്ചാൽ

പ്രഭാതങ്ങൾക്ക് ഫ്രീസറിൽനിന്നെടുത്ത
ഇറച്ചിത്തണുപ്പുണ്ട്
ഉച്ചനേരങ്ങൾക്ക്
പുണർന്നുമ്മവയ്ക്കുന്ന പെണ്ണിന്റെ ചൂടും
രാവിനു വേണ്ടതെന്തെന്നു നിന്റെയിഷ്ടം

ദീപക്കിന്റെ വീട്

നിറഞ്ഞ പുല്ലിനിടയിലെ നന്ത്യാർവട്ടച്ചിരി
ഒളിഞ്ഞു നോക്കുന്ന വള്ളിച്ചെടികൾ
ചുമരിനരികിലൂടെ ഇഴയുന്ന
കറുത്ത ഉടുപ്പിട്ട ചൊറിയൻപുഴു

ഒറ്റയ്ക്കു താമസിക്കുന്ന ഒരാളുടെ
വീടുപോലെ
ഒറ്റയ്ക്കു താമസിക്കുന്നു അവന്റെ വീട്
അവിടെ ഒറ്റയ്ക്കു താമസിക്കുന്ന
അവനും

പീക്കോസ്

പിരിയൻ കോണി കയറി
ചില്ലുപാത്രങ്ങളിലെ
കടൽത്തിരകളിൽ നനഞ്ഞു

ജീവിതമിപ്പോൾ തീരുമെന്നു
ധൃതിപ്പെട്ടു വിഴുങ്ങിയ
ഓരോ കയ്പ്പൻ തിരയിൽനിന്നും
ആഴക്കടലിലേയ്ക്കു വഞ്ചി തുഴയുന്ന
മീൻപിടുത്തക്കാർ തൊണ്ടയിൽ തടഞ്ഞു

തെരുവ് - കറുത്തുമിടയ്ക്കു തെളിഞ്ഞും

മഴയില്ലാ വൈകുന്നേരം
മതിൽമറയിൽ പൂത്തുനിന്ന
ആൺപെൺ പൂവുകളുള്ള മനുഷ്യനോട്
വിലയെത്രയെന്നു ചോദിക്കുമ്പോൾ
നുരഞ്ഞ ഭാവത്തിന്റെ പേരെന്ത്?

ഇരുട്ട് ഒറ്റ തണുപ്പ് ലഹരിയെന്നിങ്ങനെ
ഒറ്റവാക്കുകൾകൊണ്ട്
പഞ്ചാരി കൊട്ടുന്ന
നിന്റെ പുരുഷോത്സവങ്ങൾക്ക്
എന്റെ ആൺപൂവുത്തരമെന്നോ
മിന്നല്പോലുള്ള നിന്റെ ചിരി?

ദീപക്കിന്റെ വീട് - കുഞ്ഞു ചിത്രശാല

രാവിലെ വന്നപ്പോൾ
ഞങ്ങളെക്കണ്ടില്ലേയെന്ന്
ചുമരിലിരുന്ന് ദക്ഷയുടെ ചിത്രങ്ങൾ ചിരിച്ചു
കൌതുകത്തിന്റെ നിറങ്ങൾക്ക്
എന്തൊരു നിറം!

എനിയ്ക്കുറക്കം വരുന്നില്ലെന്നു പറഞ്ഞ്
ദേവദാസുറങ്ങി, ഞാനും!
അടുത്തു കിടന്നുറങ്ങുന്ന അവൻ
പോസ്റ്റ്മോർട്ടം ചെയ്യപ്പെട്ടതിന്റെ
അടയാളങ്ങളോടെ സ്വപ്നത്തിൽ വന്നു

പീക്കോസ് - പെയ്തുമിടയ്ക്കു തെളിഞ്ഞും

വെളുത്തുള്ളിയിലും പച്ചമുളകിലും പാകപ്പെട്ട
വിശുദ്ധബീഫിനു
നിയമലംഘനത്തിന്റെ രുചി

നഗരച്ചുമരിൽ
ഒറ്റ റീൽ ഫിലിം കൊണ്ട്
ഒരു മുഴുനീള പ്രണയസിനിമ കാണിക്കുന്ന
പ്രൊജക്റ്റർ ഓപ്പറേറ്ററായി മഴ!

വെറുതെയിങ്ങനെ ചിരിക്കുന്നതെന്തിനെന്ന്
ദേവദാസിനോടും പ്രിയയോടും ചോദിച്ചു
അവർക്കു മാത്രം പെയ്യുന്ന മഴയിൽ
ഞങ്ങളും നനയുന്നല്ലോ എന്നു
കുറുമ്പു പറഞ്ഞു

മടക്കം

മൂന്നു ദിനങ്ങൾകൊണ്ടു ശമിച്ച വനജീവിയെ
ഇരുമ്പുകൂട്ടിലടച്ചു തിരിച്ചയക്കുമ്പോൾ
കന്യാകുമാരി എക്സ്പ്രസ്സിന്റെ കൂക്കുവിളിയിൽ
ചങ്ങാതിമാർ മുങ്ങിച്ചത്തു

റെയിൽപാളങ്ങൾ ചൂണ്ടിക്കാണിച്ച്
നഗരം യാത്ര പറഞ്ഞു:
പോയി വാ ദു:സ്വപ്നസഞ്ചാരീ
നിനക്കു തിരിച്ചിറങ്ങാനുള്ള
ഇരുമ്പുകോണിയാണ് ഈ പാളങ്ങൾ!