കുയിലോളം കറുത്തവള്‍
ചുട്ടണ്ടിയെന്ന് വിളിപ്പേര്
ഉപമയില്‍ പുരണ്ട കരിയിലും
വെളുത്ത ചിരി
അതികാലത്ത്
തെക്കേ ബസ് സ്റ്റോപ്പ് മുതല്‍
വടക്കോട്ട് അടിച്ചുവാരും
ചൂല് നാഗക്കളമെഴുതുമ്പോള്‍
അഴിഞ്ഞ മുടി വിടര്‍ന്നാടും
മിഠായിക്കടലാസ്, നോട്ടീസുകള്‍
വള്ളിപൊട്ടിയ ചെരിപ്പ്
എണ്ണമില്ലാക്കാല്‍പ്പാടുകള്‍
അടിച്ചുകൂട്ടുമ്പോള്‍
ചായയടിക്കുന്ന പെട്ടിക്കടയും
ചായകുടിക്കുന്ന മരബെഞ്ചുകളും
ചന്തങ്ങള്‍ ഒളിഞ്ഞു നോക്കും
ചന്തയ്ക്കകം അടിച്ചു വാരുമ്പോള്‍
പാട്ടുകാരന്‍ പോര്‍ട്ടര്‍ ചന്ദ്രനെ
അവള്‍ക്കോര്‍മ്മ വരും
തലയില്‍ ചുവന്ന കെട്ടും കെട്ടി
കല്ലും സിമന്റും അരിച്ചാക്കും
പുല്ലെന്ന് ചുമന്നിറക്കുന്ന
പിടയ്ക്കുന്ന പേശികളെ ഓര്‍ക്കും
ചന്തയ്ക്കു പിന്നില്‍ ആര്‍ത്തു വളര്‍ന്ന
മുള്ളഞ്ചീരപോലെ കുത്തുന്ന
മീശരോമങ്ങളെ ഓര്‍ക്കും
അവന്റെ മുദ്രാവാക്യം വിളിയിലും
തെറിവിളിയില്‍പ്പോലും
സംഗീതമുണ്ടായിരുന്നു
അവളുടെ യേശുദാസും ഹരിഹരനും
ജാസിഗിഫ്റ്റും
പോര്‍ട്ടര്‍ ചന്ദ്രനായിരുന്നു
അരയിലൊളിപ്പിച്ച കത്തി കണ്ട്
ഒരിക്കല്‍ അവളവനെ
എന്റെ ആറാം തമ്പുരാനേ എന്ന്
അതിപ്രേമത്തോടെ വിളിച്ചിട്ടുണ്ട്
മദിരാശിമരത്തിന്‍ ചുവട്ടിലാണ്
ചുവന്ന ചായം തേച്ച മണ്ഡപം
കാക്കക്കാട്ടവും ബീഡിക്കുറ്റികളും
പെറുക്കിക്കളഞ്ഞ്
വെള്ളമൊഴിച്ച് തുടച്ച്
മടിക്കുത്തില്‍ കൊണ്ടുവന്ന പൂക്കള്‍
മണ്ഡപത്തില്‍ വെയ്ക്കുമ്പോള്‍
അവളിപ്പോഴും
ഒരു പാട്ട് കേള്‍ക്കുന്നുണ്ടാവണം