ഉച്ചനേരങ്ങൾ

ആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ
ഇലനിഴലിലൊളിച്ചു കളിക്കുന്നത്
നോക്കി നിൽക്കുമ്പോൾ
കൈകെട്ടിനിന്ന ചെടികളെല്ലാം
കൈ ഉയർത്തിയെന്തോ പറയാൻ നോക്കി.

കുട്ടികൾ മുറ്റത്തു കുന്നാരം കൂട്ടി
പൂഴിമണ്ണിൽ കുത്തിയ
തെങ്ങിൻപൂക്കുലകൾ
ദേഷ്യത്തോടെ തട്ടിയിട്ടു കാറ്റ്

മഴമണം വിട്ടിട്ടില്ലാത്ത മതിലിനപ്പുറം
പല്ലൊഴിവുകളുള്ളൊരു കുഞ്ഞിച്ചിരി
വിരിഞ്ഞു
വിടർന്നു ചാഞ്ഞ മല്ലിപ്പൂങ്കുലയിറുത്ത്
മതിലിനു മുകളിൽ മാഞ്ഞു


സ്കൂൾ മൈതാനത്തിൽ,
ലീലടീച്ചറുടെ
“അറ്റൻഷൻ” കേൾക്കുന്ന
കുട്ടികളെന്നപോലെ
ചെടികൾ വീണ്ടും നിശ്ശബ്ദരായ്,
അടുത്ത കാറ്റിനു വേണ്ടി
വരി തെറ്റാതെ നിൽക്കുമ്പോൾ
ഹൈവേയിലൂടെ പായുന്ന
ഒരാംബുലൻസിന്റെ ഒച്ചയിൽ
നട്ടുച്ച പൊട്ടിത്തകർന്നു

കോഴിവാലൻ ചെടിക്കും
കുറ്റിമുല്ലയ്ക്കുമിടയിലുള്ള
നനവു മാറാത്ത തടത്തിൽ
ഇളം ചില്ലകളുടെയും
ഇലകളുടേയുമൊരൊഴിവുണ്ട്!
ഇന്നലെവരെ
ഞാനിവിടെയുണ്ടായിരുന്നെന്ന്
പൊട്ടിയ ചില വേരുകളുമുണ്ട്!

ഒന്നു തൊട്ടു നോക്കണമെന്നുണ്ട്
കുഞ്ഞുങ്ങളുടെ നിറമുള്ള
വേരുകളിലൂടെ
ഒഴുകിക്കയറിയ
പ്രാണജലത്തിന്റെ നനവിൽ
ഒന്നു തൊട്ടു നോക്കണമെന്നുണ്ട്!

ഇതിങ്ങനെ പറയരുത്
ഇതു പറയേണ്ടതിങ്ങനെയല്ലെന്ന്
ഒച്ചയുണ്ടാക്കുവാൻ
കാറ്റിനെ കാത്തു നിൽക്കുകയാണ്
ചെടികളൊക്കെയുമെന്നു തോന്നി

മാനത്തുനിന്നപ്പോൾ,
കാരുണ്യം ഭാവിച്ച്
അകന്നുപോയ മഴ,
ആയുധമെടുത്തു വരുന്നതിന്റെ
ആരവം കേട്ടു.