വിരല്‍ത്തുമ്പുവിട്ടു പോകുന്നു

കൂടെ വന്നിട്ടുണ്ടാവില്ല
വഞ്ചിയില്‍
കൈപിടിച്ചു കയറ്റിയിട്ടില്ല
നടക്കുമ്പോള്‍ വഴിയിലെ
ചുമരെഴുത്തുകള്‍ വായിച്ചു കാണില്ല
ഇന്നലെ ചോദിച്ചപ്പോള്‍
ഞാനെങ്ങുമില്ലെന്ന് പറഞ്ഞതാണവള്‍

ഏതു ക്ലാസ്സില്‍ പഠിക്കുന്നു?
മൂന്നു പൂരങ്ങള്‍കൂടി കഴിഞ്ഞാല്‍
പ്രായമാവും, വേവലാതിയാരോ
ഊതിപ്പെരുക്കിയോ
കള്ള് കളിയാടും മുന്‍പേ
പിടിച്ചിറക്കിപ്പോന്നുവോ
ദൂരെ എഴുന്നെള്ളിപ്പിന്‍
ആദ്യകതിന മുഴങ്ങുമ്പോള്‍
വിരല്‍ കയറ്റി ചെവിയടച്ചുവോ
കൂടെയുണ്ടായിരുന്നുവോ?

ഉച്ചവെയിലില്‍
ഇരമ്പുന്നു പഞ്ചാരിക്കടല്‍
തിളങ്ങും ചമയങ്ങളില്‍
ചെവിയാട്ടം മറന്നു നില്പൂ
കാടു മറന്ന കൊമ്പന്മാര്‍
എനിയ്ക്കും ബലൂണ്‍ വേണം
പലനിറങ്ങളില്‍ പൂത്ത മരം
കൈ ചൂണ്ടി മോഹിച്ചുവോ
തിരക്കില്‍
ഞാന്‍ കേള്‍ക്കാതെയാവുമോ
കൈവിട്ടു പോയതാണോ
ഏയ്... ഞാന്‍ വന്നതൊറ്റയ്ക്കാണ്
വീട്ടില്‍, തുറന്ന പുസ്തകത്തിലവള്‍
ഉറങ്ങുകയാവും

കടും ചുവപ്പു റിബ്ബണ്‍ വാങ്ങാം
നീളന്‍ മുടി പകുത്തുകെട്ടി
ശലഭമാവട്ടെ
കുപ്പിവളകള്‍ പാകം തിരയുമ്പോള്‍
വിരല്‍ത്തുമ്പില്‍ ഉള്ളങ്കൈച്ചോപ്പ്!

ആവില്ല... അവളിപ്പോള്‍
ഇറയത്തെന്നെ കാത്തിരിപ്പുണ്ടാവും
ഞാന്‍ വന്നതൊറ്റയ്ക്കാണ്!

അയല്‍മരം

പുതിയ താമസസ്ഥലത്തിനടുത്ത്
ഒരു മുരിങ്ങമരമുണ്ട്
നിറയേ പൂത്ത്,
ഗോള്‍ഡ് സൂഖിനടുത്ത്
പുല്‍ത്തകിടിയില്‍
കടല്‍ക്കാക്കകളിറങ്ങിയതിന്റെ
ദൂരക്കാഴ്ച പോലെ

കീഴെ, പ്ലാസ്റ്റിക് കസേരകളില്‍
കാല്‍ മടക്കിവെച്ച്
വര്‍ത്തമാനം പറയുന്ന പാക്കിസ്ഥാനികള്‍
പെഷവാറിലോ കറാച്ചിയിലോ
ഉള്‍നാടുകളിലെ മരച്ചുവടുകളില്‍
അവര്‍ ബസ്സ് കാത്തിരിക്കുകയാണെന്ന് തോന്നും

പീടികകളില്‍ വന്നു പോകുന്ന സ്ത്രീകളെ
പച്ച നിറമുള്ള പുകയിലക്കുഴമ്പിന്റെ
ലഹരിയില്‍
പുഷ്തുവിലും ഉറുദുവിലും
തുറിച്ചു നോക്കും
ചിലര്‍ നീണ്ട ഒരു തരം കമ്പുകൊണ്ട്
പല്ലുകള്‍ വെടിപ്പാക്കും
മടക്കിയ കാല്‍ ഇടയ്ക്കിടെ നിവര്‍ത്തി
ഒരു യുദ്ധത്തിലും നഷ്ടപ്പെട്ടിട്ടില്ലെന്ന്
ഉറപ്പു വരുത്തും
ഓര്‍ക്കാപ്പുറത്തു പെയ്ത മഴയില്‍
കുതിര്‍ന്നു പോയ
പരുത്തികൃഷിയെപ്പറ്റിയാവും
അവര്‍ പറയുന്നത്

എത്ര പെട്ടെന്നാണവര്‍
പറഞ്ഞു പറഞ്ഞ് അടിപിടി കൂടുന്നത്
അതേ വേഗത്തില്‍
ഒരാള്‍ മറ്റൊരാള്‍ക്ക്
റസാക്കിന്റെ കഫ്റ്റേരിയയില്‍നിന്ന്
ചായ വാങ്ങിക്കൊടുക്കും
വീട്ടുമുറ്റത്ത് ഇല വന്നു വീണതിന്
ഉണ്ടായ വഴക്കിനിടയില്‍
മഴുത്തായകൊണ്ട് അടിയേറ്റു ചത്ത
പരമേശ്വരനെ ഓര്‍മ്മവരും

വേണ്ട വേണ്ട എന്നെത്ര വിചാരിച്ചാലും
മുരിങ്ങമരം എന്നെ
വീട്ടുമുറ്റത്തേയ്ക്കുതന്നെയാണല്ലോ
എത്തിക്കുന്നത്!

ചാഞ്ഞ ചില മരങ്ങള്‍

ധ്യാനം എന്നത്
ഇരയിലേയ്ക്ക് കുതിക്കും മുന്‍പ്
പുലി
പിന്‍കാലുകളില്‍ അമരുന്നതാണ്
നഖങ്ങള്‍ ഉള്ളിലേയ്ക്കു വലിച്ച്
പതുങ്ങിയെത്തുന്ന പൂച്ചയെ
എലി തിരിച്ചറിയുന്നതും

ചിലര്‍ ധ്യാനിക്കാറില്ല
മനസ്സ് ഏകാഗ്രമാക്കുമ്പോള്‍
അവര്‍,
തുണിയലക്കുന്ന പെണ്ണിന്റെ
തുടയില്‍ ആനക്കൊമ്പു കാണും
ജനല്‍ തുളച്ചെത്തുന്ന
ഉള്ളിയും കടുകും കാച്ചിയ ഗന്ധം
മൂക്കു വിടര്‍ത്തിയെടുക്കും
ചുമരിനപ്പുറം പുളയ്ക്കുന്ന
രതിയിലേയ്ക്ക് ചെവി ചേര്‍ക്കും

അവര്‍ ചാടി വീഴുംമുന്‍പ്
ഇരകള്‍ രക്ഷപ്പെടും
സ്വപ്നം വിഴുങ്ങി മയങ്ങുമ്പോള്‍
അവരെ,
താഴ്ന്നു പറക്കുന്ന നഖങ്ങള്‍
കോര്‍ത്തെടുക്കും

കൊടുങ്കാറ്റിന്റെ ശ്രുതിയ്ക്കൊത്ത്
കമ്പി മുറുകുന്നതും
മുറുകിയ കമ്പികള്‍
കൊടുങ്കാറ്റ് വിരിയിക്കുന്നതും
ധ്യാനത്തിലൂടെയാണ്

വീണ മീട്ടാത്തവരുമുണ്ട്
നാടു കത്തുമ്പോള്‍ അവര്‍
ചിരട്ടയെങ്കില്‍ ചിരട്ടയെന്ന്
ജലമന്വേഷിക്കും
അവരെ വിഡ്ഡികളെന്നു വിളിക്കും
അവര്‍ നനയുന്ന മഴയില്‍
ലവണമുണ്ടാകും
കാറ്റില്‍ നിശ്ശബ്ദ നിലവിളികളും