ഒപ്പമുണ്ടെപ്പോഴുമെന്നു മുറുകി ഒരു ചെറുലഹളയില്‍ പോലും അഴിഞ്ഞോടുന്ന ചെരിപ്പേ നിനക്കൊരു പഴയ ചങ്ങാതിച്ഛായ!

ഒരു പുല്‍മേടു കണ്ടാല്‍ ഇഴയാന്‍ തുടങ്ങും
താഹര്‍ എല്‍ ഹാദിയുടെ തോല്‍ച്ചെരിപ്പ്
ഓഫീസിലെ അലമാരകള്‍ക്കിടയില്‍നിന്ന്
ചുണ്ടെലിയൊന്നെത്തി നോക്കിയപ്പോള്‍
ചെരുപ്പുകളിലൊന്ന്
ചെറുതായൊന്നു കുതിക്കുന്നത്
ഞാന്‍ കണ്ടതാണ്.

പണിത്തിരക്കുകള്‍ക്കിടയിലും
മേശച്ചുവട്ടിലേയ്ക്കിടയ്ക്കിടയ്ക്കു
പാളി നോക്കാന്‍ തോന്നും,
എല്‍ ഹാദിയുടെ കാലുകള്‍
പരസ്പരമുരുമ്മുമ്പോള്‍
സീല്‍ക്കാരമെങ്ങാനും കേള്‍ക്കുന്നുണ്ടോ?
കടഞ്ഞ എബണിമരം പോലുള്ള
അയാളുടെ കാലുകളില്‍
അവ ചുറ്റിക്കയറുന്നുണ്ടാകുമോ?
എന്നു ഭയക്കും

ഒരേ പാമ്പിന്റെ തുകലിലാവുമോ
രണ്ടു ചെരിപ്പും പണിതതെന്നു
ചോദിച്ചപ്പോള്‍
നിറവ്യത്യാസമുണ്ടല്ലോ,
ഇണപ്പാമ്പുകളുടേതാകും,
ഇടതു ചെരിപ്പിനു വലതിനേക്കാള്‍
കൂടുതല്‍ സുഖമുണ്ടെന്നു ചിരിച്ചു

സീനാ ആബിദ് മൂത്രപ്പുരയിലേയ്ക്കു
പോകുന്നതു കാണുമ്പോള്‍
ഇതുപോലൊരു ചിരി
അയാളുടെ മുഖത്തു വരാറുണ്ട്

ചെരിപ്പുകളിലൊന്നിനെ കാണാനില്ലെന്ന്
ഒരുനാളയാള്‍
വില്ലയായ വില്ല മുഴുവന്‍ തെരഞ്ഞു
വല്ല പുല്‍ക്കാട്ടിലും ഇരവിഴുങ്ങി
മയങ്ങുകയാണോ!
പൊത്തുകള്‍ തേടിയിഴയുകയാണോ!

ഇടതുകാല്‍ മുറിഞ്ഞുപോയൊരാള്‍
എരുക്കിന്‍ കാടുകളില്‍
എന്തോ തെരഞ്ഞുകൊണ്ടിരിക്കുന്നത്
ആ രാത്രി സ്വപ്നം കണ്ടുണര്‍ന്നു

വിഷം തീണ്ടിയ മുഖവുമായ്
ഇന്നയാളെക്കണ്ടപ്പോള്‍
നീരു വച്ച എബണിക്കാലില്‍
ഒച്ചയുണ്ടാക്കാതെ പതുങ്ങിക്കിടപ്പുണ്ട്
പച്ചവാറുള്ള രണ്ടു റബ്ബര്‍ ചെരിപ്പുകള്‍