എട്ടുകാലന്‍

കുളിമുറി വെള്ളയടിച്ചപ്പോള്‍
ചുമരില്‍നിന്ന്
വലിയൊരെട്ടുകാലി തെളിഞ്ഞു വന്നു
കാലുകളില്‍
പുതുചായം പുരണ്ടിട്ടുണ്ട്

തെങ്ങിന്‍ചോട്ടിലെ വളച്ചുകെട്ടിയില്‍,
കുളിക്കാന്‍ നില്ക്കുമ്പോള്‍
ട്രപ്പീസുകളിക്കാരനെപ്പോലെ
തെങ്ങോലയില്‍നിന്നിറങ്ങി വരാറുള്ളവന്‍
ഇവന്‍ തന്നെയാണ്!

എന്തിനു കൊള്ളും
വിറകുകൊള്ളിപോലുള്ള നിന്നെയെന്ന്
പരിഹാസത്തോടെ
നോക്കി നോക്കിനിന്ന്
ആത്മവിശ്വാസമില്ലാതാക്കിയവന്‍

വളച്ചു കെട്ടിയുടെ കുറ്റിയില്‍
വലക്കണ്ണിയുറപ്പിച്ച്
നുണക്കഥകഥകളോരോന്നു പറഞ്ഞു
എന്നും സമയം തെറ്റിച്ചവന്‍

ഒരിടത്ത്...
എട്ടു വഴിവെട്ടുകാര്‍
എട്ടു കൊയ്ത്തുകാര്‍
എട്ടു മുക്കുവര്‍
എട്ടു കടത്തുകാര്‍
എട്ടു ആശാരിമാര്‍
എട്ടു കരുവാന്മാര്‍
എട്ടു കുശവര്‍
എട്ടു ചുമട്ടുകാര്‍

എട്ടുപേര്‍ ചേര്‍ന്നു വെട്ടിയ
വഴിയുടെ വളവുകളില്‍
പേടികള്‍ പതിയിരുന്നു

എട്ടു പേര്‍ കൊയ്തെടുത്ത
വിളവിന്റെ മുറിവില്‍നിന്ന്
ചോരയൊഴുകി

കൊടുങ്കാറ്റില്‍
പൊളിഞ്ഞ കപ്പലുകള്‍
എട്ടുമുക്കുവരുടെ വലകളില്‍
കുടുങ്ങി

കുഞ്ഞുങ്ങളെ കയറ്റിയ
വഞ്ചിയുമായ്, കടത്തുകാര്‍
പുഴയുടെ നടുവില്‍ നഷ്ടപ്പെട്ടു

ആശാരിമാര്‍ കൊത്തിയെടുത്ത
പ്രതിമകള്‍
ഉലയിലൂട്ടിയ ആയുധങ്ങളെടുത്ത്
തേര്‍വാഴ്ചക്കിറങ്ങി

കുശവര്‍ മെനഞ്ഞ മണ്‍കലങ്ങള്‍
ഓട്ടക്കണ്ണും ചുണ്ണാമ്പു മീശയും
ലാത്തിയുമായ്
കവാത്തു നടത്തി

ചുമട്ടുകാരുടെ ചുമലുകളില്‍
പലദിവസം പഴകിയ
അനാഥശവങ്ങള്‍ മണത്തു

സുരക്ഷാ ഭടന്‍
കയറിലൂടെയിറങ്ങുന്നതുപോലെ
ഷവറിനുമുകളില്‍നിന്നവന്‍ നൂണ്ടിറങ്ങി
എന്തിനു കൊള്ളും
കൊഴുപ്പു തൂങ്ങിയ നിന്നെയെന്ന്
പരിഹാസത്തോടെ ചിരിച്ചു
പുതിയ കഥകള്‍ പറയാന്‍ തുടങ്ങി