അച്ഛന്‍

പെണ്ണു പിന്നെയും പെറ്റു
പെണ്ണിനെത്തന്നെ
ബേന്‍ ചൂത്ത്‌!
എന്തുചെയ്യുമതിനെ
അഞ്ചാമതും പിറന്നത്‌
പിശാചിന്റെ സന്തതി
വെടിവച്ചു കൊല്ലണം

വീട്ടിലിരിപ്പുണ്ട്‌
പൂര്‍വികര്‍ കൈമാറിയ
നായാട്ടുതോക്കുകള്‍
ആര്‍ക്കു കൊടുക്കുമവയിനി
മയിലാഞ്ചിയിട്ട്‌ മക്കനയിട്ട്‌
തിന്നുമുടിക്കാനുണ്ടായ
അഞ്ചുപേര്‍ക്കു പകരം
തന്നില്ലല്ലോ ഒന്നിനെ
പെഷവാര്‍ മലകളില്‍
‍നായാട്ടിനു പോകാന്‍
‍തുണയായൊരാണ്‍കുട്ടിയെ

പുകയിലക്കുഴമ്പിനൊപ്പ-
മവജ്ഞയും രോഷവും തുപ്പി
പെഷവാറുകാരന്‍
ടാക്സിഡ്രൈവര്‍
മുഷിഞ്ഞ പൈജാമ
മുട്ടനാടിന്‍ മണം പെറ്റു
വനയാത്രയ്ക്കിടെ
പെട്ടെന്നു മുന്നിലെത്തിയ
കൂര്‍ത്ത കൊമ്പുകള്‍ കണ്ട്‌
ഭയന്നു ഞാന്‍

ഭൂമിയിലെ ഭംഗികളെയൊക്കെയും
ശപിക്കുന്നയാളസ്വസ്ഥനായ്‌
വളവിന്‍ ചാരുതയിലൂടെ
പാഞ്ഞുപോകുന്നു വാഹനം

അഞ്ചു പെണ്‍കുട്ടികള്‍
പഞ്ചനദികള്‍പോലെ
സ്നേഹത്തിന്റെ പ്രതിമ
പണിയാനുരുക്കിയ
പഞ്ചലോഹങ്ങള്‍പോലെ

എന്റെ ദൈവമേ!

പുറത്ത്‌ മൂര്‍ച്ചകൂട്ടും
വെയിലിന്‍ മുന തട്ടിയെന്റെ
കണ്ണുകള്‍ നനഞ്ഞു
തൊണ്ടയില്‍
ചുടുമണല്‍ നിറഞ്ഞു

ചങ്ങാതിയുടെ മകള്‍ക്ക്‌
പിറന്നാള്‍ സമ്മാനമായ്‌വാങ്ങിയ
പാവയുടെവയറില്‍
വിരലമര്‍ന്നപ്പോള്‍
അത്‌,
ഉറക്കത്തില്‍നിന്നുണര്‍ന്നപോല്‍
കരഞ്ഞു

മഷിയുണക്കുന്ന വെയില്‍

(ലതീഷ്‌ മോഹനുവേണ്ടി മാത്രം. വേണമെങ്കില്‍ എനിക്കു കാണാനാവാതെ തൃശൂരും തിരുവനന്തപുരത്തും വന്നു പോകുന്ന ചലച്ചിത്രോല്‍സവങ്ങള്‍ക്കും.)

ബലാല്‍സംഗം ചെയ്യപ്പെട്ട പെണ്ണ്
ടെലിവിഷന്‌
അഭിമുഖത്തിനായിരിക്കുമ്പോള്‍
അവളുടെ മുലയിലായിരുന്നു
എന്റെ കണ്ണ്
എന്ന് പറയുന്നതിനു പകരം,
ചലച്ചിത്രോല്‍സവത്തിന്റെ
ഉത്സാഹികള്‍ക്കിടയില്‍നിന്ന്,
വെയില്‍തിന്ന പക്ഷി,
"കാറപകടത്തില്‍പെട്ടു മരിച്ച വഴിയാത്രക്കാരന്റെ
ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നില്‍ക്കെ
മരിച്ചവന്റെ പോക്കറ്റില്‍നിന്നും പറന്ന
അഞ്ചുരൂപാ നോട്ടിലായിരുന്നു എന്റെ കണ്ണ്" ***
എന്ന് പറയുന്നതു കണ്ടു.

കവിതയിലെ പുതിയ ദാലിയാകട്ടെ
അണ്ണാ, ഇതെന്തോന്ന് കമ്യൂണിസ്റ്റ്‌ പച്ച
പുഴ, ചുവപ്പ്‌, മുദ്രാവാക്യം
നിങ്ങളെന്തിന്‌ നിങ്ങളെത്തന്നെ അനുകരിക്കുന്നു
നിങ്ങളോര്‍ക്കുക..
എന്ന് ഒരുമാതിരി
കടമ്മനിട്ട വഴിയില്‍ എന്നോട്‌ ചോദിക്കുന്നു

ഞാനെന്തുചെയ്യാന്‍!
ചുള്ളിക്കാട്‌ തലയില്‍ നെരിപ്പോടുമേന്തി
നടന്ന കാലത്ത്‌
കുട്ടിക്കാലം കഴിഞ്ഞുപോയിട്ടില്ലാത്തവരുടെ
പില്‍ക്കാലത്തെ കാവ്യവിഷമങ്ങള്‍ ആരറിയാന്‍

‍എഴുതുവാന്‍ കരുതിവച്ച വരികളില്‍‍
ആദ്യത്തെ ചിലത്‌
ഷേവു ചെയ്യാന്‍ ചെന്നപ്പോള്‍
മുടിവെട്ടുകാരന്‍ ഉറക്കെച്ചൊല്ലി
വെളുക്കാന്‍ തുടങ്ങിയ ആദ്യത്തെ തലമുടി
പഴയ ബ്ലാക്ക്‌ ആന്റ്‌ വൈറ്റ്‌ സിനിമയിലെ
ജയഭാരതിയും വിന്‍സെന്റുമായി
ആ വരികളിലുണ്ടായിരുന്നു
എത്ര വെട്ടിയാലും വളരുമെന്ന
കരുത്തോടെ
സ്നേഹത്തിന്റെ വള്ളിച്ചെടികളും

പെറ്റയുടനെ മക്കളെ തിന്നുന്ന
തള്ളമുയലുകളില്‍
ഒരാര്‍പ്പോടെ വന്ന്
കതിരെല്ലാം തിന്നുന്ന വെട്ടുക്കിളികളില്‍‍
‍പൂമരക്കൊമ്പുകളെപ്പുണര്‍ന്ന്
സിന്ദൂരം തൊട്ട പൂക്കളുമായ്‌ നില്‍ക്കുന്ന
ഇത്തിക്കണ്ണികളില്‍
‍വിറ്റുതീരാത്ത മീനും
ഉരുകിത്തീര്‍ന്ന ഐസും
എന്നെ പറ്റിച്ചെന്ന
മീന്‍കാരന്റെ നിലവിളിയില്‍പ്പോലുമുണ്ട്‌
അതിന്റെ ബാക്കി വരികളെന്ന്
എനിയ്ക്കു മാത്രമല്ലേ അറിയൂ

എന്തിനധികം
മഞ്ഞുകാലമെന്നു പറയപ്പെടുന്ന
ഈ വേനലില്‍
‍എന്റെ മഷിയുണങ്ങിയെന്ന് പറഞ്ഞാല്‍ മതിയല്ലോ!

*** എ.അയ്യപ്പന്‍