ആളപായം

സിഗ്നലിന്‍ ചുവപ്പു കടന്ന്
അലമുറയിടും ആംബുലന്‍സ്
മസാല തേയ്ക്കാതെ
വേനലില്‍ വെന്ത ദേഹം
നെഞ്ചിലപ്പൊഴും
പൂര്‍ത്തിയാകാത്ത വീടിന്‍
ഇഷ്ടികക്കൂട്ടം
അകമൊരുക്കുവാന്‍ കണ്ടുവെച്ച
ഇറാനിമാര്‍ക്കറ്റിലെ പരവതാനി
ഇരുട്ടിന്‍ ഗലിയില്‍ പതുങ്ങി
ചൈനാക്കാരി വില്‍ക്കും ലോഹമണി
വീട്ടുപകരണങ്ങള്‍ പ്രതിമകള്‍

മഴ തുടങ്ങി
നമ്മുടെ ഇഷ്ടികക്കൂട്ടം പച്ചപുതച്ചു
ബാബുവും ഗീതയും
അവിടെയാണെപ്പൊഴും കളി
പൊത്തിലെങ്ങാനും
വിഷജാതികളെന്തെങ്കിലും...
കുറിക്കാരന്‍ തമിഴന്റെ ചിരി
നാള്‍ക്കുനാള്‍ വഷളാകുന്നു

പരദേശവാസം
വിയര്‍പ്പ് ഭസ്മമാടിയ ദേഹം
തിരണ്ടിവാല്‍ വീശി
കാറ്റ് തൊലിയിളക്കുമ്പോള്‍
മനസ്സില്‍ മഴയൊഴിയും പാടം
വരമ്പില്‍ ഒറ്റക്കാലില്‍ ഏകാഗ്രമായ്
വെള്ളക്കൊടിക്കൂറ
പുതുവെള്ളത്തില്‍
എണ്ണ തേച്ചു വെയില്‍ കായും വരാലുകള്‍
വെള്ളി പൂശിയ സുന്ദരിപ്പരലുകള്‍

അത്താഴവും കഴിഞ്ഞ്
ഉള്‍വാതിലുകള്‍ തുറന്നുറങ്ങും
അര്‍ദ്ധരാത്രികള്‍
സ്വപ്നം തീരും മുന്‍പേ
തോണ്ടിയുണര്‍ത്തും
വാഹനത്തിന്‍ വിളികള്‍
എത്ര ക്രൌര്യത്തോടെ നിന്നെ
ചുറ്റിവരിഞ്ഞു കാലം

തളര്‍ച്ചയാല്‍ കാല്‍മുട്ടുകള്‍
ഉലഞ്ഞതോ
ഉണര്‍ച്ചയുടെ പരുക്കന്‍ പിടി
അയഞ്ഞതോ
ഒരിടര്‍ച്ചയില്‍ നീ...

ഇടത്തോട്ടെഴുതുന്നത്

ജനലില്‍
കാറ്റുപതിച്ച മണലില്‍
മഴ
ഇടത്തോട്ടെഴുതുന്നു

അകം
പെരുമഴയില്‍ കുതിരുമ്പോള്‍
നിറയും കണ്ണുകളില്‍
പ്രണയം മാന്‍കൂട്ടമായ് വന്ന്
കണ്ണാടി നോക്കുന്നു

ഒരിയ്ക്കലെങ്കിലും തൊടുമെന്ന്
വിരലുകള്‍
കെട്ടുപൊട്ടുവാന്‍ കുതറുന്നു
ഉമ്മവെയ്ക്കില്ലൊരിക്കലും
നിന്നെ ഞാനെന്ന്
ചിരിച്ച്
തോരും മഴയ്ക്കൊപ്പം
പുറത്തു പോകുന്നു

പരിഭാഷ

പണ്ടെന്നോ മറന്ന ഒരു ചെടി
ഇന്നു ഞാന്‍ കണ്ടു
പരിചയം തോന്നിയിട്ടാവും
കൊത്തുപണികളുള്ള
കള്ളിച്ചെടികള്‍ക്കിടയില്‍നിന്ന്
വിസയില്ലാത്ത പണിക്കാരനെപ്പോലെ
പരിഭ്രമത്തോടെ തലനീട്ടി
എന്തോ പറയുവാനാഞ്ഞു

അതിന്റെ നിറം പോയ പൂക്കളില്‍
കറുത്ത ചിറകുള്ള ഒരോണത്തുമ്പിയെ
സങ്കല്‍പ്പിക്കുവാന്‍ തോന്നി
ഒരു സാധാരണ ചെടി അത്രയകലേയ്ക്ക്
നമ്മെ കൊണ്ടുപോകുന്നത്
നാട്ടുനടപ്പാണോ?

നാലു പതിറ്റാണ്ടായ്
മരുഭൂമിക്കും ഒട്ടകങ്ങള്‍ക്കുമൊപ്പം
നാടേത് വീടേതെന്നറിയില്ല
എന്ന് ചിരിക്കുന്ന
പാക്കിസ്ഥാനി വൃദ്ധനോ
പുഴുത്ത കാലുമായ്
മുടന്തിപ്പോകുന്ന
തെലുങ്കന്‍ തൊഴിലാളിയോ
ഇതുപോലെ എങ്ങോട്ടെങ്കിലും
നിന്നെ കൊണ്ടുപോകുന്നുണ്ടോ
എന്നു ചോദിച്ചാല്‍ എന്തു പറയും?

ഞാനതിനെ മൈന്റു ചെയ്തില്ല

പറമ്പുനിറയെ പൂക്കുന്ന
കൂട്ടുകാരെക്കുറിച്ചു ചോദിച്ചാലോ?
കൊങ്ങിണി മുക്കുറ്റി തൊട്ടാവാടി
വേട്ടാളന്‍ പച്ചത്തുള്ളന്‍ തുമ്പികള്‍...
അവരെക്കുറിച്ചൊക്കെ എന്തു പറയും?
അവരെയൊക്കെ ഞാന്‍ മറന്നു പോയല്ലോ

മഴയില്‍ തരിച്ച മണ്ണില്‍
പുലര്‍കാലത്ത്
ചെരിപ്പിടാതെ ചവിട്ടുംപോലെ
എന്റെ ഉടലൊന്നു കുളിര്‍ന്നു

നിലംതല്ലി വന്ന കാറ്റില്‍
തലയൊന്നു കുടഞ്ഞ്
തന്റെ ഉണക്കപ്പൂക്കളില്‍നിന്ന്
അത് കറുത്ത വിത്തുകള്‍ തെറിപ്പിച്ചു
വിത്തുകള്‍ പെറുക്കുമ്പോള്‍
എനിയ്ക്കു മനസ്സിലായി
എന്താണ് ആ ചെടിയ്ക്കു
പറയുവാനുണ്ടായിരുന്നതെന്ന്!