ഉറുമ്പുകള്‍ എവിടെനിന്നോ
എഴുതിത്തുടങ്ങിയിട്ടുണ്ട്
അവയുടെ കരിയക്ഷരങ്ങള്‍
ആരെങ്കിലും
വായിച്ചെടുത്താല്‍ മതിയായിരുന്നു
മധുരം+ഉറുമ്പ് മധുരം+ഉറുമ്പ്
എന്നത്
അത്രയേറെ ലളിതപാഠമാകയാല്‍
ഏതെങ്കിലും പ്രമേഹരോഗി
വെപ്രാളപ്പെട്ട് കയ്യിട്ട
പലഹാരപ്പാത്രം
അടച്ചുവയ്ക്കാന്‍ മറന്നതാണെന്ന്
വിചാരിക്കാനും മതി
തെങ്ങിന്‍ കുരലിലെ കൂടുകളില്‍
കാക്കകള്‍ ഉണര്‍ന്നു തുടങ്ങിയാവോ!
കൂട്ടംകൂടി വന്നവ
ആര്‍ത്തുകൊത്തിയിരുന്നെങ്കില്‍
ആരെങ്കിലും സംശയിച്ചു നോക്കിയേനെ
കൂടുവിട്ട കുഞ്ഞിനെ
തിരികെക്കയറ്റാന്‍
അടിയന്തിരയോഗം ചേരുകയോ
അതിര്‍ത്തി കടന്നെത്തിയ മൂങ്ങയെ
പഞ്ചതന്ത്രം കഥയുടെ ബലത്തില്‍
കൊത്തിയോടിക്കുകയോ ചെയ്യുകയാണവ
എന്നു തോന്നിയാല്‍ എന്തു ചെയ്യും?
രണ്ടു ദിവസമെങ്കിലും കിടക്കണം
വെട്ടുകൊണ്ടു പിളര്‍ന്ന ഇറച്ചിയില്‍
പുഴുക്കള്‍ കുടിയേറണം
അപ്പോള്‍,
കാറ്റെങ്കിലും ചെന്നു പറയാതിരിക്കില്ല
ഇന്നലെ രാത്രി
ബള്‍ബു വങ്ങാനെന്നു പറഞ്ഞ്
വീട്ടില്‍നിന്നിറങ്ങിയ സിദ്ധാര്‍ത്ഥന്‍
കപിലവസ്തുവില്‍തന്നെ ഉണ്ടെന്ന്!