വീണതൂവല്‍

വഴിയില്‍ വീണുകിടക്കുകയായിരുന്നു
കാക്കയുടെയോ കുയിലിന്റെയോ
വിരുന്നു വന്ന
പരദേശിക്കിളിയുടെയോ
എന്നറിയില്ല
എങ്ങനെയാണ്
ഊരിവീണതെന്നും

എഴുത്തു കമ്മിയാണെങ്കിലും
മഷിക്കുപ്പിയില്‍
അന്തസ്സിനു വെയ്ക്കാമായിരുന്നു
ഒരു തൂവലിക!

എടുത്ത്
തുമ്പൊഴികെ
അഴിച്ചു കളഞ്ഞ്
ചൊറിയും ചെവിയില്‍
തിരുകിത്തിരിച്ചു ഞാന്‍

ഹൌ!!!

നമുക്കറിയാത്ത ചിലത്

രാജാവിന് പ്രണയിനിയുടെ
ഓര്‍മ്മപ്പുരയുണ്ടാക്കുന്ന
പണിക്കാരെന്നു തോന്നും
ചുമ്മാടും ചോറ്റുപാത്രവുമായി
തലേരാത്രിയെപ്പറ്റി നിശ്ശബ്ദം പറഞ്ഞ്
വരിമുറിയാതെ അച്ചടക്കത്തോടെ
പോകുന്ന ഉറുമ്പുകള്‍

അവയുടെ കരിമരുന്നിന്‍ചാലിനു കുറുകെ
അമര്‍ത്തി ഒന്നു വരയ്ക്കുക
ആശയവിനിമയത്തിന്റെ
ജലഗന്ധം നഷ്ടമായി
രണ്ടു ദേശങ്ങളിലേയ്ക്ക് വിഭജിക്കപ്പെട്ട്
അവര്‍ ചരിത്രമാകും

വിഭജിക്കപ്പെട്ടാലും അവര്‍
സ്വന്തം നിലപാടുതറകള്‍ പണിയാതെ
മുന്നില്‍ നടന്നവന്റെ വിയര്‍പ്പ്
തെരഞ്ഞു കണ്ടെത്തും
എങ്ങോട്ടു ചിതറപ്പെട്ടാലും
കരുതി വയ്ക്കുവാനുള്ള ഇടം
ഒന്നു മാത്രമാണെന്ന് അവര്‍ക്കറിയാം
വരച്ച് വഴിമുറിക്കുന്ന വിരലുകള്‍
ഇനിയുമുണ്ടെന്നും

അവര്‍ക്ക് മറ്റു ചിലതുമറിയാം

മുളകള്‍ ഒരിക്കല്‍ മാത്രമാണ് പൂക്കുകയെന്ന്
കതിരുകളില്‍ പാലുറച്ചു ധാന്യമാകുന്ന സമയം
മേഘങ്ങള്‍ ഉലയിലെ ലോഹനിറം വിട്ട്
ശ്യാമമാകുന്ന കാലം

ധാന്യമൊളിപ്പിച്ച അറകളിലേയ്ക്ക്
രഹസ്യ വഴികളുണ്ടെന്നും
ഒരുമിച്ചു കടിച്ചാല്‍ പിന്മാറാത്ത
കാലുകളില്ലെന്നും അവര്‍ക്കറിയാം

സര്‍പ്പശാപം





തായമ്പക പഠിപ്പിക്കുന്നത് കാണാന്‍
ശേഖരേട്ടന്റെ വീട്ടില്‍ പോകുമ്പോഴാണ്
കണ്ടത്
വൈകുന്നേരത്തിന്റെ വെളിച്ചത്തില്‍
കശുമാവിന്‍വേരുകളെന്നു തോന്നി

കാവിനരികിലെ ഇടവഴിയില്‍
വളര്‍ന്ന പൂവാംകുരുന്നിലയ്ക്കും
കുറുന്തോട്ടിപ്പടര്‍പ്പിനുമിടയില്‍
പാതിയുടല്‍ പിരിഞ്ഞ
ഇണസര്‍പ്പങ്ങള്‍

കൈകളില്ലാതെ പുണരുക എങ്ങനെയെന്ന്
അവ കാണിച്ചു തന്നു

ഉരഗംപോല്‍ ഉടല്‍ വഴക്കമുള്ള പെണ്ണുങ്ങള്‍
പിന്നീട് ആ ഓര്‍മ്മ കൊണ്ടുവന്നിട്ടുണ്ട്
അരയില്‍ നിന്ന് ഊരിയെടുക്കുമ്പോള്‍
ബെല്‍റ്റ് ഇണയെത്തിരയുന്നുവെന്ന്
തോന്നിയിട്ടുണ്ട്

കാലനക്കം കേട്ടാവണം
രതിയുടെ പകുതിയില്‍
ഇഴപിരിയും ഊഞ്ഞാല്‍ പോലെ
ഇണപിരിഞ്ഞ്
അവ രണ്ടു വഴിയ്ക്ക് ഇഴഞ്ഞുപോയി
വലത്തോട്ട് പോയത് പെണ്‍സര്‍പ്പമായിരുന്നോ?
ഒന്നു തിരിഞ്ഞു നിന്നതെന്തിന്?

പത്തി വിടര്‍ത്തി രോഷത്തോടെ ചീറ്റി
മഞ്ഞളും പൂവുമണിഞ്ഞ
ചിത്രകൂടക്കല്ലുകള്‍‍ക്കിടയില്‍
അത് മറഞ്ഞു

ഇണയുടെ ഉടലിന്റെ ചൂടറിയും മുന്‍പ്
എപ്പോഴും നീ ചുറ്റഴിഞ്ഞെറിയപ്പെടട്ടേയെന്ന്
പ്രാകുകയായിരുന്നോ?


(പെയിന്റിംഗ് : ഷംസുദ്ദീന്‍ മൂസ)

കുഞ്ഞുബൈദാപ്ല

തെക്കേപ്പറമ്പില്‍
അതിരുകെട്ടുന്നു
കുഞ്ഞുബൈദാപ്ല
പട്ടാളത്തിലായിരുന്നിട്ടും
ചെത്തിക്കൂര്‍പ്പിച്ച
മീശപോലുമില്ല

വേലികെട്ടുമോ ഭടന്‍
വെടിവെയ്ക്കുമോ
സന്ദേഹിക്കു നേരെ
നിറയൊഴിയുന്നു പൊട്ടിച്ചിരി

യുദ്ധമുന്നണിയില്‍ തകര്‍ന്നതോ
മുന്‍വരിയിലെ പല്ലുകള്‍
മണ്ണിടിഞ്ഞിരിക്കുന്നോ
കണ്ണിന്‍ ഒളിയിടങ്ങളില്‍?

കന്നിമാസത്തില്‍
ഇണനായ്ക്കള്‍ നുഴയും
വഴിയടയ്ക്കുന്നു
ചിങ്ങം നിറം കുടയും
ചെടികള്‍ നടുന്നു

ഒന്നു ചെറുതാവാന്‍,
കിലുക്ക തൂങ്ങിയാടും
കടലാവണക്കിന്‍ പശ
പോളയായ് ഊതുവാന്‍
എന്തുവഴി?

സര്‍ക്കീട്ട് പോയില്ലേ
കൈയ്യിലെക്കാശ് തീര്‍ന്നോ
വേലിയില്‍ ഓട്ടയുണ്ടാക്കി
ഇരിയ്ക്കുമോരോരുത്തര്‍
കെണിയില്‍ കണ്ണെത്തില്ല
നൂണിറങ്ങുമ്പോള്‍
ഊരാന്‍ കൂട്ട്യാക്കൂടില്ല!

ഉണ്ടയില്ലാച്ചിരിക്കിടയില്‍
ട്രഞ്ചില്‍നിന്നെത്തി നോക്കി
വേലി കെട്ടാതെ
തുറന്നു കിടന്ന ജീവിതം

മേഞ്ഞു നടന്നു
നാല്‍ക്കാലികള്‍ പകല്‍
തേങ്ങയുമിളനീരും യാത്രപോയ്
രാത്രിവഴികളില്‍
വാതിലിന്‍ പിച്ചളക്കെട്ടും
അകത്തെക്കോളാമ്പിയും
കോളാമ്പിയില്‍ മൂത്രമൊഴിച്ച
പെണ്ണും കവര്‍ന്നുപോയ്
അറിഞ്ഞതേയില്ല
ആരാന്റെ വേലികെട്ടി
അലഞ്ഞു നടക്കുമ്പോള്‍

വെയിലിന്‍ വീരശൃംഖല
തിളങ്ങുമുടല്‍ കുനിച്ച്
കുഴിമാന്തുകയാണ്
കുഞ്ഞുബൈദാപ്ല
അതിരു കാക്കുമ്പോള്‍
ആശിച്ചിരുന്നാവോ
വേലിയില്ലാക്കാലം!